വിയർത്ത്, ചോരയിൽ കുളിച്ച്, മണിക്കൂറുകൾ കഷ്ടപ്പെട്ട് കിടാവിനെ പുറത്തെടുത്തു: വെറ്ററിനറി ഡോക്ടറുടെ കുറിപ്പ്

HIGHLIGHTS
  • വളർത്തുമൃഗങ്ങളെ രോഗാവസ്ഥയിൽ മനുഷ്യരോളം പരിപാലിക്കുമോ?
  • ഒന്നിനു പിറകേ മറ്റൊന്നായി അസുഖങ്ങൾ
cow
SHARE

വളർത്തുമൃഗങ്ങളെ രോഗാവസ്ഥയിൽ മനുഷ്യരോളം പരിപാലിക്കുമോ? വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ചികിത്സിക്കാൻപോലും തുനിയാതെ അവയെ ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. എന്നാൽ, തങ്ങളുടെ ജീവിതമാർഗമായ പശുവിന് തുടരെത്തുടരെ അസുഖങ്ങൾ വന്നപ്പോഴും പാൽ ഇല്ലാത്ത അവസ്ഥ വന്നപ്പോഴും അതിനെ കൈവിടാതെ സംരക്ഷിക്കാൻ ശ്രമിച്ച ഒരു അമ്മയുടെയും മകന്റെയും പ്രയത്നങ്ങൾക്ക് താങ്ങാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഡോ. ജി.എസ്. അരുൺ കുമാർ. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

പശു പരിപാലനം ഉപജീവനമാർഗമായി സ്വീകരിച്ച് വളരെ വർഷങ്ങളായി ജീവിച്ചു വരുന്ന ആളാണ്  ഇന്ദിരാമ്മ. ആ അമ്മയെയും അമ്മയുടെ മകനെയും ഞാൻ പരിചയപ്പെട്ടിട്ടും ആ വീട്ടിൽ ചികിത്സയ്ക്ക് പോകാൻ തുടങ്ങിയിട്ടും വർഷങ്ങളുടെ പഴക്കം. ഇരുവരെയും കുറിച്ച് എനിക്ക് പറയാൻ ഒരുപാടുണ്ട്. തൽക്കാലം പഴയ കാര്യങ്ങൾ പറയാതെ അടുത്തിടെ അവരുടെ ഒരു പശുവിനു സംഭവിച്ച ഒരു അസുഖാവസ്ഥയെക്കുറിച്ചും അതിനെ പരിപാലിക്കാർ ആ അമ്മയും മകനും കാണിച്ച ആർജവത്തെപറ്റി മാത്രം പറയാം.

ഈ അടുത്തിടെ അമ്മയുടെ ആറു മാസം ഗർഭിണിയായ സുന്ദരി ഹോൾസ്റ്റീൻ പശു കിടപ്പായിപ്പോയി. ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ടും മൂന്നു ദിവസം ശ്രമിച്ചിട്ടും പശു എണീറ്റില്ല.

സാധ്യമായ എല്ലാ കാര്യങ്ങളും സാർ ചെയ്യണമെന്ന അമ്മയുടെയും മകന്റെയും ഒരേ സ്വരത്തിലുള്ള ആവശ്യപ്രകാരം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നും Cow lifting Device എടുക്കാൻ തീരുമാനിച്ചു. അതിനായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പ്രേം ജയിൻ സാറുമായി ഫോണിൽ സംസാരിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ജില്ലയിൽ ഒരു മൃഗാശുപത്രിയുടെ കീഴിൽ ഇരുന്ന ഉപകരണം ഉപയോഗശേഷം എത്തിച്ചു തരികയും ചെയ്തു.

പശുവിനെ പൂർണമായും ഈ ഉപകരണത്തിനുള്ളിലാക്കി ഉയർത്തി നിർത്തി ഇൻജക്ഷനും ഡ്രിപ്പുമെല്ലാം നൽകി എന്നിട്ടും പശു ചവിട്ടി നിൽക്കുന്നുണ്ടായിരുന്നില്ല. അതിനുള്ളിൽ പാടെ തൂങ്ങിയായിരുന്നു കിടപ്പ്.

എന്റെ നിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് മണൽ കിഴികെട്ടി സന്ധികളിലെല്ലാം ചൂടുനൽകുന്നതും തൈലം പുരട്ടുനതുമെല്ലാം വളരെ സന്തോഷത്തോടെ അമ്മയും മകനും ചെയ്തു കൊണ്ടേയിരുന്നു. പതിയെ പതിയെ പശു കാലുകൾ നിലത്ത് ഉറപ്പിച്ചു. ആഹാരരീതി സാധാരണ ഗതിയിലായി. ഉപകരണം തിരികെ നൽകേണ്ട സമയുവുമായി. പശു പ്രസവിക്കാൻ ഇനിയും സമയമുണ്ട്. അതിൽനിന്നു പുറത്താക്കുമ്പോൾ വീണ്ടും കിടന്നുപോകുമോ എന്ന ഭയാശങ്ക എല്ലാവടെയും മനസിൽ ഒരു കനലായി ഉണ്ട്. എങ്കിലും പശു സാധാരണ ഗതിയിൽ ആയതിനാൽ അടുത്ത അടിയന്തിര പ്രാധാന്യമുള്ള സ്ഥലത്തേക്ക് ഉപകരണം ഇളക്കി മാറ്റുന്ന സമയത്ത് ആ അമ്മയുടെയും മകന്റെയും എന്റെയും സുന്ദരി പശുവിന്റെയും മനസിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടീമിനോടുള്ള നന്ദി പ്രകാശനം വാക്കുകളിലൂടെ അല്ലെങ്കിലും പ്രകടമായിരുന്നു.

ഒരാഴ്ച കഴിഞ്ഞയുടെനെ പശുവീണ്ടും കിടപ്പായി. ഗർഭിണി ആയതിനാൽ നല്ല വയറും ഉണ്ടായിരുന്നു. ഒറ്റ ദിവസം കൊണ്ട് തൊഴുത്തിനകത്ത് കിടന്ന് സ്വയം എണീക്കാനുള്ള എല്ലാ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ ഫലമായി ശരീരമാസകലം മുറിവുകളുമായി.

മരുന്നുകളൊക്കെ കൊടുത്തിട്ടും പശു എണീക്കാൻ സാധിക്കാതെ ബുദ്ധിമുട്ട് കൂടി വരുന്നതായാണ് കണ്ടത്. ആഹാരം കൂടി കഴിക്കുമ്പോൾ വയർ വല്ലാണ്ട് വീർത്ത് മലർന്നായി കിടപ്പ്. വീണ്ടും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ലിഫ്റ്റിംഗ് ഡിവൈസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മറ്റൊരു മൃഗാശുപത്രിയുടെ കീഴിൽ ഒരു പശുവിന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഏറ്റവും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും ക്ഷമിക്കേണ്ട സാഹചര്യം.

ആ അമ്മയ്ക്ക് വിങ്ങലും മകൻ ഉള്ളിൽ തേങ്ങുന്നെങ്കിലും മുഖത്ത് പുഞ്ചിരിയുമായി നമുക്ക് ഏതറ്റം വരെപ്പോയാലും ഈ പശുവിനെ നമുക്ക് രക്ഷപ്പെടുത്തണം സാറെ എന്നും പറഞ്ഞ് എന്നോടൊപ്പം കൂടി. ഞാനും ആകെ വിഷമത്തിലായി.

cow-2
പ്രത്യേകം തയാറാക്കിയ ഉപകരണത്തിന്റെ സഹായത്തോടെ പശുവിനെ എഴുന്നേൽപ്പിച്ചു നിർത്തിയിരിക്കുന്നു

പശുവിന് ആറു മാസം ഗർഭാവസ്ഥ ആയതിനാൽ ഇനിയും പല പ്രാവശ്യം ലിഫ്റ്റിംഗ് ഡിവൈസിന്റെ ആവശ്യം വേണ്ടിവരുമെന്നുള്ള ചിന്ത വന്നതിനാലും ഒരെണ്ണം താൽകാലികമായി നിർമിച്ചെടുക്കാൻ ആ അമ്മയുടെ മകനായ ബിജുവും ഞാനും കൂടി അങ്ങ് തീരുമാനിച്ചു. എനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖല. എങ്കിലും ചെലവു കുറഞ്ഞ രീതിയിൽ പശുവിനെ നിർത്താനായി എന്റെ നിർദേശങ്ങളും പൈപ്പും നട്ടും ബോൾട്ടും ഒരു വെൽഡിംഗ് യൂണിറ്റുമൊക്കെ സംഘടിപ്പിച്ച് ഒരെണ്ണം രണ്ടു പേരും കൂടി തട്ടികൂട്ടി. പശുവിനെ തൊഴുത്തിൽനിന്ന് പുറത്തിറക്കി രാത്രിക്കു രാത്രി ഇതിനുള്ളിലാക്കി ഉയർത്തിക്കെട്ടി. ആദ്യ ദിവസം കഷ്ടപ്പെട് ഇടയ്ക്കിടക്ക് ചവിട്ടി നിന്നെങ്കിലും രണ്ടാം ദിവസം അവൾ ഒന്നു നന്നായി നിന്നു കണ്ടപ്പോഴാണ് മനസിന് സമാധാനമായത്. ഞാൻ പക്ഷേ ആ സന്തോഷം പുറത്ത് കാണിച്ചില്ല എന്നേയുള്ളൂ.

ഒരു മിണ്ടാപ്രാണിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിഞ്ഞാൽ, അതുമൂലം ഒരു കുടുംബത്തിന് താങ്ങായാൽ അതല്ലേ ഭാഗ്യം. അവർക്ക് സംസാരിക്കാൻ കഴിയുന്നില്ലന്നേ ഉള്ളൂ എല്ലാം മനസിലാകുന്നുണ്ടാവും അല്ലേ? ഇന്ദിരാമ്മക്കും മകനും കോടി പുണ്യം കിട്ടട്ടെ.

ഗർഭകാലം പൂർണമാകുന്നവരെ വീണ്ടും പല പ്രാവശ്യം പശു എണീക്കാൻ ബുദ്ധിമുട്ട് കാണിച്ചപ്പോഴൊക്കെ ഇതിനുള്ളിലാക്കി അവർ തന്നെ അതിനെ പരിപാലിച്ചു പോന്നു.

പ്രസവ സമയത്തോട് അടുത്തപ്പോഴേക്കും അമ്മപ്പശു വല്ലാതെ ബുദ്ധിമുട്ട് കാണിക്കാൻ തുടങ്ങിയപ്പോഴേക്കും അവർ ഈ ഡിവൈസിൽനിന്നു പശുവിനെ പുറത്താക്കി. ആഴ്ചകൾക്ക് മുന്നെ പുലർച്ചെ എന്റെ ഫോൺ ശബ്ദിച്ചു പശു കിടപ്പാണ, പ്രസവിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ കിടപ്പിലാണ്. കഴിയുന്നത്രയും വേഗത്തിൽ ഞാൻ അവിടെ എത്തി പരിശോധന നടത്തിയപ്പോഴാണ് കിടാവ് പുറം തിരിഞ്ഞും കാലുകൾ മടങ്ങിയും ആണ് കിടക്കുന്നതെന്ന് മനസിലായത്. തറയിൽ കിടന്ന് വിയർത്ത് ചോരയിൽ കുളിച്ച് മണിക്കൂറുകൾ കഷ്ടപ്പെട്ട് ഞങ്ങളെല്ലാവരും കൂടി കിടാവിനെ പുറത്തെടുത്തു. കിടാവ് പൂർണ ആരോഗ്യവതിയായിരുന്നു അതും ഭാഗ്യം. ഡ്രിപ്പും ഇൻജക്ഷനുമൊക്കെ കൊടുത്ത് കുറെ കഴിഞ്ഞ് ക്ഷീണം മാറിയ പശു എണീറ്റു. അതും മനസിന് കുളിർമയായി.

അന്നേ ദിവസം തന്നെ വളരെ വൈകിയിട്ടും മറുപിള്ള വീണില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷീണിതാവസ്ഥയിലായിരുന്നെങ്കിലും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ അവിടുന്ന് തിരികെ വന്ന് ആ പ്രശ്നതിന് താൽക്കാലിക വിരാമമിട്ടു.

cow-1
പശുവിന്റെ ഉടമകൾക്കൊപ്പം ഡോ. ജി.എസ്. അരുൺകുമാർ (ഇടത്തേയറ്റം)

ഒരാഴ്ച കഴിഞ്ഞതും പാലുൽപാദനം നല്ല രീതിയിലായി തുടങ്ങിയതും അകിടുവീക്കം (acute mastitis). ഒരു തുള്ളി പാലില്ല. ആഹാരം കഴിക്കുന്നില്ല. അകിട് മുഴുവൻ വീർത്ത് ചുമന്ന് തടിച്ച് നാലു കാമ്പുകളിൽ (Teat)നിന്നും വെറും നീര് മാത്രം. വീണ്ടും ശക്തമായ ഇടപെടലുകൾ വേണ്ട സാഹചര്യം. ഇൻജക്ഷനും മരുന്നുകളുമൊക്കെ കൊടുത്തിട്ടും പശു ആഹാരം കഴിച്ചു തുടങ്ങിയത് തന്നെ മൂന്ന് ദിവസം കഴിഞ്ഞ ശേഷം. പാലുൽപാദനം തീരെ കുറഞ്ഞു. എന്തായാലും പാൽ തെളിഞ്ഞു വരാൻ അഞ്ചു ദിവസത്തെ ചികിത്സ വേണ്ടി വന്നു. പാൽ പതിയെ പതിയെ അളവ് കൂടിക്കൊണ്ടിരുന്നു.

എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചു വന്നപ്പോഴാണ് പശുവീണ്ടും ആഹാരം കഴിക്കാതെ കീറ്റോസിസ് എന്ന അസുഖം ബാധിച്ച് ഭ്രാന്തമായ അവസ്ഥയിലേക്ക് എല്ലാവരെയും ഒന്നു കൂടി കൂട്ടികൊണ്ടു പോയി. അതും ചികിത്സിച്ച് ഭേദമാക്കി ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നു കരുതിപ്പോരുന്നു, വന്നാലും കൈവിടില്ല.

കഴിഞ്ഞ ആറു മാസം തിരക്കുള്ള മാറനല്ലൂർ മൃഗാശുപത്രി കൂടാതെ ബാലരാമപുരം ആശുപത്രിയുടെ കൂടെ ചാർജ് എനിക്ക് വഹിക്കേണ്ടി വന്നിരുന്നു. രണ്ട് ആശുപത്രിയുടെയും ജനകീയാസൂത്രണ പദ്ധതി, വകുപ്പ് തലപദ്ധതികൾ എല്ലാം തീർത്തു. കൊറോണ കാലമായിട്ടും ലീവെടുക്കാനാകാതെ, വിശ്രമമില്ലാതെ മഴയെന്നോ, വെയിലെന്നോ, പകലെന്നോ രാത്രിയെന്നോ നോക്കാതെ ജോലി നോക്കേണ്ടി വന്നു എങ്കിലും എന്റെ ആശുപത്രി ജീവനക്കാരായ സാംരാജ് എഎഫ്ഒ, മാത്യൂ മറ്റു ജീവനക്കാരുടെയും, മെറ്റേണിറ്റി ലീവിലായിരുന്നെങ്കിലും ഓൺലൈൻ ഫയൽ വർക്കുകളിൽ സഹായിച്ചിരുന്ന ബാലരാമപുരം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ആശാ വിജയനും മറ്റു സഹപ്രവർത്തകർക്കും ഈ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നേരിട്ടല്ലെങ്കിലും പങ്കുചേരാൻ സാധിച്ചു അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം പങ്കു വയ്ക്കുന്നു .

സുന്ദരിപശുവിനെ അവർക്ക് തിരിച്ചു കൊടുക്കാൻ സാധിച്ചതിനാലും , ഒരു ജീവൻ പിടിച്ചു നിർത്താനായി എന്നതിലും ഉപരി ഒരു കുടുംബത്തിന്റെ വരുമാനമാർഗവും നഷ്ടപ്പെടാതെ നോക്കാനായതിലും ഞാനും ഒരു പാട് സന്തോഷവാനാണ് ഇത്രയും കടമ്പകൾ കടന്നു വന്നെങ്കിലും ഇപ്പോൾ അവൾ ദിവസേന 15 ലീറ്ററോളം പാൽ നൽകി ആ അമ്മയുടെയും മകന്റെയും ദുഃഖങ്ങളെല്ലാം മായ്ച്ചു കളഞ്ഞു.

ഒരു പാട് കഷ്ടപാടുണ്ടെങ്കിലും പ്രൊഫഷനോട് ഇഷ്ടം സ്നേഹം...

English summary: Service Story of a Veterinary Doctor

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA