ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും  ലംപി സ്‌കിൻ ഡിസീസ് (Lumpy skin disease/LSD)  അഥവാ സാംക്രമിക ചർമ മുഴ രോഗം വ്യാപിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മധ്യകേരളത്തിലാണ് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ  ഇപ്പോൾ ആലപ്പുഴ, കൊല്ലം  ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. മാത്രമല്ല മഴ ശക്തമായതോടെ മലബാർ മേഖല ഉൾപ്പടെ സംസ്‌ഥാനത്തിന്റെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട രൂപത്തിൽ ലംപി സ്‌കിൻ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനു കാരണമാവുന്ന ലംപി സ്‌കിൻ രോഗം ക്ഷീരമേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല, കർഷകർക്ക് ഉണ്ടാവുന്ന തൊഴിൽനഷ്ടവും സാമ്പത്തിക നഷ്ടവും ഏറെ. ലംപി സ്‌കിൻ  രോഗത്തെ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനും ക്ഷീരകർഷകർ ചില കാര്യങ്ങൾ മനസിലോർക്കേണ്ടതുണ്ട്.

ലംപി സ്‌കിൻ രോഗവ്യാപനം എങ്ങനെ?

ലംപി സ്‌കിൻ  രോഗത്തിനു കാരണം കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ  എല്‍എസ്ഡി (Lumpy Skin disease (LSD) virus)  വൈറസുകളാണ്.  ഈ വൈറസുകളെ  കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടർന്ന് വീഴുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റ് ശരീര സ്രവങ്ങളിലുമെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. അണുവിമുക്തമാക്കാത്ത കുത്തിവയ്‌പ് സൂചികൾ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചക്ക് ഇടയാക്കും. രോഗം ബാധിച്ച പശുവിന്റെ ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയും മറ്റ് പശുക്കളിലേക്ക് വൈറസ് വ്യാപനം നടക്കും. വായുവിലൂടെ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രോഗത്തിന്റെ  പകര്‍ച്ചാനിരക്ക്  കേവലം 20 ശതമാനവും മരണനിരക്ക് 5  ശതമാനത്തില്‍ താഴെയും മാത്രമാണ്. മാത്രമല്ല, പശുക്കള്‍ക്കും എരുമകള്‍ക്കും  മാത്രമാണ് ചര്‍മ മുഴ രോഗ സാധ്യതയുള്ളത്. നാടൻ പശുക്കളെ അപേക്ഷിച്ച് വളരെ നേർത്ത ചർമ്മമുള്ള   എച്ച്എഫ് അടക്കമുള്ള സങ്കരയിനം പശുക്കളെ രോഗം പെട്ടെന്ന് ബാധിക്കും. ഗര്‍ഭവതികളായ  പശുക്കളിലും കറവപ്പശുക്കളിലും കിടാക്കളിലും  രോഗസാധ്യത ഉയര്‍ന്നതാണ്. ഈ രോഗം കന്നുകാലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്നതിനാൽ അനാവശ്യ ആശങ്കകൾ വേണ്ട.

lumpy-skin-3

ലംപി സ്‌കിൻ രോഗലക്ഷണങ്ങൾ എന്തെല്ലാം?

പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസനവ്യൂഹത്തെയുമാണ് ലംപി സ്‌കിൻ  വൈറസുകൾ പ്രധാനമായും ബാധിക്കുക. രോഗാണുബാധയേറ്റ 4 മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ഉയര്‍ന്ന  പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി  2 മുതല്‍ 5 സെന്‍റിമീറ്റര്‍  വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്‍റെ കീഴ്ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്. രോഗത്തിന് സാംക്രമിക ചര്‍മമുഴ രോഗം എന്ന് പേര് വന്നതിന്  കാരണവും ഇത് തന്നെയാണ്. ചെറിയ മുഴകള്‍ ക്രമേണ ശമിക്കുമെങ്കിലും വലിയ മുഴകള്‍  പൊട്ടി രക്തസ്രാവത്തിനും വ്രണങ്ങളായി തീരാനും സാധ്യതയുണ്ട്. ഇത്തരം മുഴകള്‍ വായിലും  അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ഇത് പലപ്പോഴും ശ്വസനതടസം, ന്യൂമോണിയ, തീറ്റ കഴിയ്ക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. കീഴ്ത്താടി, ശരീരത്തിന്‍റെ കീഴ്ഭാഗം, കൈകാലുകള്‍  തുടങ്ങിയ ശരീരഭാഗങ്ങളോട് ചേര്‍ന്നുള്ള  നീര്‍ക്കെട്ടും ചര്‍മമുഴ രോഗബാധയില്‍ കണ്ടുവരുന്നു. ഗര്‍ഭിണിപശുക്കളുടെ ഗര്‍ഭമലസാനും പശു മദി കാണിക്കാതിരിക്കാനും പ്രത്യുല്‍പ്പാദനചക്രം താളം തെറ്റാനും ചിലപ്പോള്‍  ചര്‍മമുഴ രോഗം  കാരണമായേക്കാം.

ലംപി സ്‌കിൻ രോഗത്തെ എങ്ങനെ തടയാം 

വൈറസിനെ പ്രതിരോധിക്കുന്നതിൽ  സമ്പർക്കം ഉണ്ടാവാത്തവിധം പ്രത്യേകം മാറ്റി പാർപ്പിക്കൽ അഥവാ ഐസൊലേഷനുള്ള പ്രാധാന്യം ഈ  കോവിഡ്  കാലത്ത് നമുക്ക്  വ്യക്തമായി അറിയാം. ഇതേ രീതിയിലുള്ള ഐസൊലേഷൻ തന്നെയാണ് ലംപി സ്‌കിൻ രോഗവ്യാപനം തടയാനുമുള്ള വഴി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ രോഗബാധ സംശയിക്കുകയോ ചെയ്ത കന്നുകാലികളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് ചികിത്സയും പരിചരണവും  നല്‍കണം. രോഗബാധയേറ്റ പശുക്കളുമായി മറ്റു മൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം.  രോഗം ബാധിച്ച പശുക്കളുടെ പാല്‍ പശു കിടാക്കള്‍ കുടിക്കുന്നില്ലെന്ന കാര്യവും ഉറപ്പാക്കണം. 

ചര്‍മമുഴ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. പൊതുവെ മരണനിരക്ക് കുറഞ്ഞ അസുഖമാണെങ്കിലും പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ, കുരലടപ്പന്‍, അകിട് വീക്കം  തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകം എ ,ഡി, ഇ, കെ , സെലേനിയം ,കോപ്പർ, സിങ്ക്, അയേൺ  എന്നിവയെല്ലാം  അടങ്ങിയ ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം.

മുഴകള്‍ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാന്‍ ദിവസങ്ങളോളം സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്.  ഈച്ചകളെ അകറ്റാനും മുറിവുണക്കത്തിനുള്ളതുമായ ലോറേക്സെയ്ന്‍ ( Lorexane ointment), ഹൈമാക്സ് (Himax ), ഡി.മാഗ് (D. mag ), ടോപ്പിക്യൂയർ പ്ലസ്  (Topicure plus), സ്കാവോണ്‍ (Scavon Vet Cream), ചാർമിൽ (Charmil), ഫ്ലെമാറ്റിക്  ( Flematic WS spray), എക്‌സോഹീൽ, വെറ്റ് -ഒ- മാക്സ്, വോക്‌സിറ്റോ (Voxeto) തുടങ്ങിയ  ലേപനങ്ങളിൽ ഏതെങ്കിലും വ്രണങ്ങളില്‍ പ്രയോഗിക്കണം. മഞ്ഞൾ വേപ്പിലയിൽ അരച്ച് വ്രണങ്ങളിൽ പ്രയോഗിക്കുന്നതും ഫലപ്രദമാണ്‌. പുഴുക്കളും പഴുപ്പും നിറഞ്ഞ   വ്രണങ്ങൾ   പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ആഴമുള്ള വ്രണങ്ങൾ ആണെങ്കിൽ അണുവിമുക്തമാക്കിയ ശേഷം  മഗ്നീഷ്യം സള്‍ഫേറ്റും (ഭേദിഉപ്പ്) കർപ്പൂരവും ചേര്‍ത്ത മിശ്രിതം നിറച്ച് പൊതിഞ്ഞാല്‍ മുറിവുണക്കം വേഗത്തിലാവും. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നീര്‍ക്കെട്ടൊഴിവാക്കുന്നതിനായ് ചികിത്സകള്‍ക്കൊപ്പം ചൂടുകിഴി പ്രയോഗവും നടത്താവുന്നതാണ്.

lumpy-skin-2

രോഗം ബാധിച്ച പശുക്കളുടെ ത്വക്കിലെ മുഴകളില്‍ നിന്നും അടര്‍ന്നുവീഴുന്ന പൊറ്റകളിലും വ്രണഭാഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഉയര്‍ന്നതായിരിക്കും. തൊഴുത്തില്‍ നിന്നും ചാണകവും മറ്റ് അവശിഷ്ടങ്ങളും നീക്കിയശേഷം തറയും, തീറ്റതൊട്ടിയും, മറ്റുപകരണങ്ങളും ഒരു ശതമാനം ഫോര്‍മാലിന്‍ ലായനിയോ 2 ശതമാനം വീര്യമുള്ള ഫിനോള്‍ ലായനിയോ, 4% വീര്യമുള്ള അലക്കുകാര (സോഡിയം കാര്‍ബണേറ്റ്) ലായനിയോ ബ്ലീച്ചിംഗ് പൗഡര്‍ ലായനിയോ ഉപയോഗിച്ച് കഴുകി സൂര്യപ്രകാശമേല്‍പ്പിക്കണം. വിപണിയില്‍ ലഭ്യമായ ഗ്ലൂട്ടറാല്‍ഡിഹൈഡ് രാസസംയുക്തങ്ങള്‍ അടങ്ങിയ ബയോക്ലീന്‍, കൊര്‍സോലിന്‍ തുടങ്ങിയ ലായനികളും തൊഴുത്തും പരിസരവും ശുചിയാക്കാന്‍ ഉപയോഗിക്കാം. ക്വാര്‍ട്ടനറി അമോണിയം അടങ്ങിയ മറ്റ് ലായനികളും മികച്ച അണുനാശിനികളാണ്.

രോഗാണുവിന്‍റെ വാഹകരായ ബാഹ്യപരാദങ്ങളെ തടയുന്നതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.  കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. ഡെൽറ്റാമെത്രിൻ, ഫ്ലുമെത്രിൻ, സൈപെർമെത്രിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സിന്തറ്റിക് പൈറേന്ത്രോയിഡ് മരുന്നുകളാണ് ഇതിന് അനിയോജ്യം. വിപണിയിൽ ലഭ്യമായ   ഡെൽറ്റാമെത്രിൻ അടങ്ങിയ ലൈസിടിക്ക്  ( Lysetik), റ്റിനിക്സ് (Tinix vet), സൈപെർമെത്രിൻ അടങ്ങിയ  ക്ലിനാർ  (CLINAR Liquid), ഫ്ലുമെത്രിൻ അടങ്ങിയ ഫ്ലുമിന്റാസ്  (Flumitas liquid), നാഷ് ( NAASH) തുടങ്ങിയ  ലേപനങ്ങൾ ഉദാഹരണങ്ങളാണ്. വേപ്പെണ്ണ പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങളും പരാദങ്ങളെ അകറ്റാൻ ഫലപ്രദമാണ്.

ബാഹ്യപരാദലേപനങ്ങള്‍ ചേര്‍ത്ത് തൊഴുത്തിന്‍റെ ചുമര് വെള്ളപൂശാം. വളക്കുഴിയില്‍ ആഴ്ചയില്‍ രണ്ട് തവണ ഒരു കിലോ കുമ്മായം 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡറില്‍ ചേര്‍ത്ത് വിതറണം. കൊതുകുനിയന്ത്രണവും പരിസരശുചിത്വവും രോഗനിയന്ത്രണത്തില്‍ പ്രധാനമാണ്. രോഗം ബാധിച്ച ഉരുക്കളെ പാര്‍പ്പിച്ച തൊഴുത്തിന്  ചുറ്റും കൊതുകുകളെയും, ഈച്ചകളെയും തടയുന്ന  വലകള്‍ കെട്ടുന്നതും അവയെ തടയുന്ന ലേപനങ്ങള്‍ തളിക്കുന്നതും കര്‍പ്പൂരവും മറ്റും പുകയ്ക്കുന്നതും രോഗസംക്രമണം നിയന്ത്രിക്കാന്‍ ഉപകരിക്കും.

അനുകൂല സാഹചര്യങ്ങളില്‍ മുഴകളിലെ പഴുത്ത് പൊട്ടിയ വ്രണങ്ങളിലും  ഉണങ്ങിയ  പൊറ്റകളിലും 35 ദിവസത്തോളം നിലനില്‍ക്കാന്‍ വൈറസുകള്‍ക്ക്  ശേഷിയുണ്ട്. അനുകൂല കാലാവസ്ഥയില്‍ തൊഴുത്തിലും, പരിസരത്തും നീണ്ടകാലം നിലനില്‍ക്കുവാനും വൈറസിന് സാധിക്കും. അതുകൊണ്ട് പശുക്കളില്‍  രോഗശമനം വന്നാലും തുടര്‍ന്നും ഒരു മാസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കാനും തൊഴുത്തും പരിസരവും മേല്‍പറഞ്ഞ അണുനാശിനികള്‍ ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാനും ശ്രദ്ധപുലര്‍ത്തണം.

രോഗ വ്യാപനമുള്ള മേഖലകളിൽ നിന്നും പുതുതായി പശുക്കളെ വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക്  പുതിയ പശുക്കളെ കൊണ്ട് വരുമ്പോള്‍  അവയെ മൂന്നാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റെന്‍) പരിചരിക്കണം.

ലംപി സ്‌കിൻ രോഗം തടയാൻ  പ്രതിരോധ കുത്തിവയ്പുണ്ടോ?

ലംപി സ്‌കിൻ രോഗം വ്യാപകമായി കണ്ടുവരുന്ന ആഫ്രിക്കൻ രാജ്യങ്ങളില്‍ വൈറസിനെതിരെയുള്ള കൃത്യമായ  പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രചാരത്തിലുണ്ട്.  രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ  ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ  ലംപി സ്‌കിൻ പ്രതിരോധ കുത്തിവയ്പ്പിനായി  ഇന്ത്യയില്‍  നിലവിൽ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ ജില്ലകളിൽ  മൂന്ന് മാസങ്ങൾക്ക് മുൻപ്  രോഗം പടർന്നു പിടിച്ചപ്പോൾ മൃഗസംരക്ഷണവകുപ്പ് ഗോട്ട് പോക്സ്  വാക്‌സിൻ ഉപയോഗിച്ച് നടത്തിയ പ്രതിരോധ കുത്തിവയ്‌പ് ഏറെ ഫലപ്രദമായിരുന്നു. ഒഡിഷ, തെലുങ്കാന, കർണാടക, ആന്ധ്രാപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളിൽ മുൻപ് രോഗവ്യാപനം  ഉണ്ടായപ്പോൾ ഉപയോഗിച്ചതും ഗോട്ട് പോക്സ് വാക്‌സിൻ തന്നെയായിരുന്നു. രോഗം കണ്ടെത്തിയ പ്രദേശത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മുഴുവൻ കന്നുകാലികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാം. ലംപി സ്‌കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ അതിന്റെ ജീവിത കാലം മുഴുവൻ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധ ശേഷി ആർജിക്കും. കന്നിപ്പാൽ വഴി ഈ പ്രതിരോധഗുണം കിടാക്കളിലേക്ക് പകരുകയും ചെയ്യും.

English Summary: Lumpy Skin Disease Symptoms are Seen in Southern Districts of Kerala, Lumpy Skin Disease, LSD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com