ADVERTISEMENT

മഴക്കാലം മുയൽ കർഷകരെ സംബന്ധിച്ചിടത്തോളം അൽപം ബുദ്ധിമുട്ടേറിയ കാലമാണ്. മഴ കൂടുന്നതും കൂട്ടിൽ ഈർപ്പം വർധിക്കുന്നതും നനഞ്ഞ പുല്ല് നൽകുന്നതുമെല്ലാം എളുപ്പത്തിൽ മുയൽക്കൂടുകളിലേക്ക് രോഗങ്ങൾ ക്ഷണിച്ചുവരുത്തും. ചെറിയ രോഗത്തിൽനിന്ന് മരണത്തിലേക്ക് കടക്കാൻ അധിക സമയമൊന്നും വേണ്ട മുയലുകൾക്ക്. കുട്ടികളിലും ഇക്കാലത്ത് മരണനിരക്ക് കൂടുതലായിരിക്കും. മഴക്കാലത്ത് മുയലുകൾക്ക് ശ്രദ്ധയും കരുതലും ആവശ്യമാണ്. കുറച്ചു കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ അസുഖങ്ങളെ മുയലുകളുടെ അടുത്തുനിന്ന് അകറ്റിനിർത്താൻ നമുക്കാകും.

1. കൂട്

മഴയോ കാറ്റോ നേരിട്ട് പതിക്കാത്ത സ്ഥലത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. ഷെഡ്ഡിൽ വളർത്തുന്നവർ ഉള്ളിലേക്ക് വെള്ളം ക‌ടക്കാത്ത വിധത്തിൽ സംവിധാനം ചെയ്തിരിക്കണം.

ശരീരം നനഞ്ഞാൽ വളരെ പെട്ടെന്നുതന്നെ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചുമാറ്റണം. തണുത്ത വെള്ളം മുയലുകളുടെ ശരീരോഷ്മാവ് കുറയ്ക്കും. ഇത് തീറ്റയെടുക്കാതിരിക്കാനും മരണത്തിനും കാരണമാകും. മുയലുകളെ കുളിപ്പിക്കരുതെന്നു പറയുന്നതിന്റെ കാരണവും ഇതാണ്.

മുയലുകളുടെ കൂടിനുൾവശം എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം. ഈർപ്പം കൂടുതലുള്ളത് രോഗങ്ങളെ ക്ഷണിച്ചുവരുത്തും. വൃത്തിയില്ലാത്ത കൂടുകളിൽ കഴിയുന്ന മുയലുകളിൽ ഫംഗസ് ബാധ, പാദവൃണം തുടങ്ങിയ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു.

കൂട് ഇടുങ്ങിയതാവാൻ പാടില്ല. കുറഞ്ഞത് 2 അടി നീളവും വീതിയും ഒന്നരയടി ഉയരവുമുള്ള കള്ളിയാണ് ഒരു മുയലിന് നൽകേണ്ടത്

2. വായൂസഞ്ചാരം

നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന രീതിയിലായിരിക്കരുത് മുയലുകളുടെ കൂടുകൾ സ്ഥാപിക്കുന്നത്. അതേസമയം, നല്ല വായൂസഞ്ചാരം ഉറപ്പാക്കുകയും വേണം. എന്നാൽ, അൽപം വെയിൽ ലഭിക്കുന്നത് കൂട്ടിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും.

3. ഭക്ഷണം

മഴക്കാലത്ത് വയർസ്തംഭനം, വയറിളക്കം തുടങ്ങിയ ശാരീരികപ്രശ്നങ്ങൾ മുയലുകളിൽ കാണപ്പെടാറുണ്ട്. നനഞ്ഞ പുല്ല് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലതന്നെ കൈത്തീറ്റയിൽ പൂപ്പലില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. ഇവ വയറിളക്കത്തിനും വയർ സ്തംഭനത്തിനും കാരണമാകും. വയറിളക്കം മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാം. അതുകൊണ്ട് നനഞ്ഞ പുല്ല് വെള്ളം വാർന്നുപോയതിനുശേഷം മാത്രം കഴിക്കാൻ നൽകുക.

4. കുടിവെള്ളം

മുയലുകൾ പൊതുവേ കുടിക്കുന്ന വെള്ളത്തിന്റെ അളവ് മഴക്കാലത്ത് കുറയ്ക്കും. ശരീരത്ത് നിർജലീകരണം ഉണ്ടാവാതിരിക്കാൻ ആവശ്യമായ വെള്ളം മാത്രമേ കുടിക്കൂ. എങ്കിലും നൽകുന്ന വെള്ളം പാത്രത്തിൽത്തന്നെ ശേഷിക്കുന്നുവെങ്കിലും ദിവസവും വെള്ളം മാറി ശുദ്ധജലം നൽകാൻ മറക്കരുത്. ദിവസേന രാവിലെയും വൈകുന്നേരവും വെള്ളപ്പാത്രങ്ങൾ പരിശോധിച്ച് വെള്ളം ശുദ്ധമായിരിക്കുന്നുവെന്ന് ഉറപ്പാക്കണം.

5. വിറ്റാമിനുകൾ

ജീവകം ബി, ജീവകം എ എന്നിവയുടെ കുറവ് മഴക്കാലത്ത് ഉണ്ടാകുമെന്നതിനാൽ ജീവകങ്ങൾ അടങ്ങിയ സപ്ലിമെന്റുകൾ നൽകാൻ ശ്രദ്ധിക്കണം.

6. പ്രകാശം

മുയലുകൾക്ക് 17 മണിക്കൂറെങ്കിലും പ്രകാശം ലഭിക്കുന്നത് നല്ലതാണ്. അതിനാൽ പ്രകാശം കുറവുള്ള സമയങ്ങളിൽ ലൈറ്റ് ഇട്ട് കൊടുക്കുന്നത് നല്ലതാണ്.

7. രോഗലക്ഷണങ്ങൾ തിരിച്ചറയണം

മുയലുകൾ എന്തെങ്കിലും അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ചാൽ അത് തിരിച്ചറിയാൻ കഴിയണം.

  • തളർച്ചയോടെ കൂനിക്കൂടിയിരിക്കുക, ക്ഷീണം.
  • വിശപ്പില്ലായ്മ, തീറ്റയെടുക്കാൻ മടി.
  • രോമത്തിന്റെ ആകർഷണീയത നഷ്ടപ്പെടുക, രോമം പൊഴിയുക.
  • കട്ടിയുള്ള മൂത്രം.
  • കണ്ണുകൾക്ക് തിളക്കമില്ലായ്മ.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എന്തെങ്കിലും രോഗത്തിന്റെ ആരംഭമാണെന്ന് മനസിലാക്കാം. എത്രയും പെട്ടെന്ന് ചികിത്സ തേടണം.

8. സമ്മർദം കുറയ്ക്കുക

അതിവേഗം സമ്മർദത്തിലാകുന്ന ജീവിയാണ് മുയൽ. അതുകൊണ്ടുതന്നെ ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം ഇവയ്ക്ക് കൂടൊരുക്കേണ്ടത്. വലിയ ശബ്ദങ്ങളും, മറ്റു ജീവികളുടെ ശല്യങ്ങളുമില്ലാത്ത സ്ഥലത്തായാൽ നന്ന്. പൂച്ച, നായ എന്നിവയുടെ സമീപ്യമില്ലാത്തിടത്തായിരിക്കണം കൂടുകൾ. ഭയന്നാൽ മറ്റസുഖങ്ങൾ മുയലുകളിൽ ശക്തിയാർജിക്കും.

മഴക്കാലത്ത് മുയൽക്കുഞ്ഞുങ്ങളിൽ മരണനിരക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ സമ്മർദമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കിയാൽ ഈ മരണനിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും.

9. കൃത്യമായ പരിശോധന

ഭക്ഷണം നൽകാൻ മാത്രമല്ല മുയലുകളുടെ അടുക്കൽ പോകേണ്ടത്. ക്ഷേമാന്വേഷണത്തിനും അവയുടെ അടുക്കലെത്തണം. ദിവസേനയുള്ള പരിശോധനകളിലൂടെ മുയലുകളുടെ ആരോഗ്യം തിരിച്ചറിയാൻ കഴിയുമെന്നു മാത്രമല്ല അവയ്ക്ക് ഉടമയോടുള്ള അടുപ്പം വർധിക്കുന്നതിനും ഇടവരുത്തും. ഫംഗസ് പോലുള്ള രോഗങ്ങൾ പ്രാരംഭദശയിൽത്തന്നെ കണ്ടെത്തുന്നതിനും ഈ പരിശോധന സഹായിക്കും. ചെവികൾ, കണ്ണുകൾക്കു ചുറ്റും, മൂക്ക്, കാൽ വിരലുകൾ എന്നിവ ഉറപ്പായും പരിശോധിച്ചിരിക്കണം. ഇവിടെയാണ് ഫംഗസ് രോഗം സാധാരണ പിടിപെടാറുള്ളത്.

10. നല്ല ആരോഗ്യത്തിന് വൃത്തി മുഖ്യം

കൂടും പരിസരവും വൃത്തിയാണെങ്കിൽ മുയലുകളേത്തേടി രോഗങ്ങൾ എത്തില്ല. വൃത്തിയില്ലാത്ത അന്തരീക്ഷമാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ്.

English summary: How to Care for a Rabbit in the Rainy Season

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com