ADVERTISEMENT

തുള്ളിക്കൊരു കുടം കണക്കെ പെരുമഴ പെയ്യുമ്പോള്‍ നമ്മുടെ വളർത്തു കോഴികളുടെ ആരോഗ്യപരിപാലനത്തിലും അൽപം  ശ്രദ്ധ വേണ്ടതുണ്ട്. മഴക്കാലത്ത് കോഴിവളർത്തുമ്പോൾ  പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വെള്ളം വെള്ളം സർവത്ര

മഴക്കാലത്ത് വെള്ളം സര്‍വത്രയെങ്കിലും കോഴികള്‍ക്ക്  ശുദ്ധമായ കുടിവെള്ളം നല്‍കുന്ന കാര്യത്തില്‍ ഒരു വീഴ്ചയുമരുത്. മലിനജലം അകത്തെത്തിയാല്‍ കോളിബാസില്ലോസിസ്, സാല്‍മണെല്ലോസിസ്, കോക്സിഡിയോസിസ്  അടക്കമുള്ള രോഗങ്ങള്‍ കോഴികളെ ബാധിക്കും. ആയിരം ലീറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ (35 ശതമാനം ക്ലോറിൻ അടങ്ങിയത് ) ചേര്‍ത്ത് വെള്ളം ശുദ്ധീകരിക്കാം. ഇത് രണ്ടു മണിക്കൂറിന് ശേഷം കോഴികള്‍ക്ക് കുടിക്കാനായ് നല്‍കാം. കർഷകർക്ക് സ്വീകരിക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ ജലശുദ്ധീകരണ മാർഗവും ഇതുതന്നെ. ക്വാര്‍ട്ടര്‍നറി അമോണിയ അടങ്ങിയ സൊക്രീന (Virbac Liquid Sokrena-Ws), സൈസെപ്റ്റ്, സൂപെറോക്‌സ്  (SUPEROX) പോലുള്ള പൗൾട്രി ഫാമിൽ ഉപയോഗിക്കാവുന്ന   റെഡിമെയ്ഡ് ജലശുദ്ധീകരണലായനികളും ഇന്ന്  വിപണിയില്‍ ലഭ്യമാണ്. സൊക്രീന ജലശുദ്ധീകരണ ലായനി 1 മില്ലി വീതം 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. അര ലീറ്റർ, അഞ്ചു ലീറ്റർ പാക്കുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.

തീറ്റയിൽ വേണം ശ്രദ്ധ

തീറ്റയിലെ പൂപ്പല്‍ വിഷബാധ കോഴികള്‍ക്കും മാരകമാണ്. പൂപ്പലുകൾ പുറന്തള്ളുന്ന അഫ്ലാടോക്സിൻ എന്ന വിഷം മുട്ടയുൽപാദനവും  തീറ്റപരിവർത്തനശേഷിയും വളർച്ചാനിരക്കും കുറയുന്നതിന് കാരണമാവും. മാത്രമല്ല കരളിൽ മുഴകൾ രൂപം കൊള്ളുന്നതടക്കമുള്ള പ്രശ്നങ്ങൾക്കും തീവ്രവിഷബാധയിൽ  കോഴികളുടെ അകാലമരണത്തിനും പൂപ്പൽ വിഷം  വഴിയൊരുക്കും. ഈര്‍പ്പമേറിയ സാഹചര്യത്തില്‍ തീറ്റയില്‍ പൂപ്പൽ  ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍നിന്ന് ഒന്നരയടി അകലത്തിലും  മാറി മരപലകയുടെയോ ഇരുമ്പ് പലകയുടെയോ  മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈ കൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ച് സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍നിന്നും നിത്യവും നേരിട്ട് എടുക്കുന്നതിന് പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റ മാത്രം  എടുത്തുപയോഗിക്കാം. ഇതുവഴി വലിയ തീറ്റച്ചാക്കില്‍ പൂപ്പല്‍ബാധ തടയാം. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും കോഴികള്‍ക്ക്  നല്‍കാന്‍ പാടില്ല. വെയിലിലുണക്കിയോ വേവിച്ചോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളുന്ന വിഷാംശം പൂർണമായും നിര്‍വീര്യമാവില്ല എന്ന  വസ്തുത മനസിലാക്കണം .

തീറ്റപ്പാത്രങ്ങൾ, കുടിവെള്ള പാത്രങ്ങൾ, കേജ്‌ രീതിയിൽ ആണെങ്കിൽ കാഷ്ഠം  ശേഖരിക്കുന്ന ട്രേ എന്നിവ നിത്യേനെ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000), ബ്ലീച്ചിംങ് പൗഡർ,  വിപണിയിൽ ലഭ്യമായ ഗ്ലൂട്ടറാൽഡിഹൈഡ് അടങ്ങിയ  കൊർസോലിൽ ( KOHRSOLIN) പോലുള്ള ലായകങ്ങൾ  തുടങ്ങിയ ഏതെങ്കിലും  അണുനാശിനികൾ ഉപയോഗിച്ച്  കഴുകി വൃത്തിയാക്കണം. മഴ നനഞ്ഞ് ഈച്ചകളും കൊതുകുകളും പെരുകാത്ത വിധത്തിൽ ജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ കൂട്ടിൽ നിന്നും നീക്കം ചെയ്യണം. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ കൂടിനടിയിൽ  കുമ്മായവും  ബ്ലീച്ചിംങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.

വിരിപ്പ് രീതിയിലാണ് കോഴികളെ വളർത്തുന്നതെങ്കിൽ

വിരിപ്പ് / ഡീപ്പ് ലിറ്റർ  രീതിയിലാണ് കോഴികളെ വളര്‍ത്തുന്നതെങ്കില്‍ തറവിരിപ്പില്‍ ഈര്‍പ്പമുയരാതെയും വിരിപ്പ്  കട്ടകെട്ടാതെയും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈര്‍പ്പത്തിന്‍റെ തോത് 30 ശതമാനത്തിലുമുയര്‍ന്നാല്‍ തറവിരിപ്പ് /ലിറ്റർ കട്ടപിടിക്കാന്‍ തുടങ്ങും. കോഴികളുടെ   കാഷ്​ഠം  ദഹിപ്പിച്ച് തറവിരിപ്പിനെ ഉത്തമമായും  റൈബോഫ്‌ളാവിൻ അടക്കമുള്ള ബി ജീവകങ്ങൾ ഉൽപാദിപിപ്പിച്ച് ലിറ്ററിനെ പോഷകസമൃദ്ധമായും നിലനിർത്തുന്ന മിത്രാണുക്കളായ ബാക്ടീരിയകളുടെ പ്രവർത്തനവും ഈർപ്പം ഉയർന്നാൽ അവതാളത്തിലാവും.  ഒപ്പം കോഴികള്‍ക്ക് ദോഷകരമായ അമോണിയ വാതകം പുറന്തള്ളുന്നതിനും ഇത്  കാരണമാവും. അമോണിയ വാതകം കോഴികളുടെ ഉൽപാദനത്തെയും വളർച്ചയെയും ബാധിക്കും. മാത്രമല്ല, കോക്സീഡിയ അടക്കമുള്ള  പരാദങ്ങള്‍, ഇ കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയല്‍ രോഗാണുക്കള്‍ എന്നിവയെല്ലാം നനഞ്ഞതും കട്ടകെട്ടിയതുമായ ലിറ്ററില്‍ സജീവമാകും. കോഴിക്കുഞ്ഞുങ്ങളില്‍ ബ്രൂഡര്‍ ന്യൂമോണിയയ്ക്കും (ആസ്പെർജില്ലോസിസ്) നനഞ്ഞ തറ വിരിപ്പ് കാരണമാവും. ഒരു കൈപ്പിടി ലിറ്റർ എടുത്തു ഉള്ളംകൈയ്യിലിട്ട് അമർത്തി തിരുമ്മുമ്പോൾ കട്ടകെട്ടുന്നുണ്ടെങ്കിൽ അത് അധിക ഈർപ്പം ഉള്ളതിന്റെ തെളിവാണ്. കോഴികളുടെ കാൽപാദങ്ങൾക്ക് അടിയിലും കാൽ വിരലുകൾക്ക് അറ്റത്തും ഉരുള രൂപത്തിൽ  പറ്റിപ്പിടിച്ച് നിൽക്കുന്ന ലിറ്റർ അവശിഷ്ടങ്ങൾ ലിറ്ററിൽ ഈർപ്പം ഉയർന്നതിന്റെ സൂചനയാണ്.

ഏറ്റവും നന്നായി ജലാംശം വലിച്ചെടുക്കുന്നതും ഈർപ്പം ബാഷ്പീകരിക്കാൻ കഴിവുള്ളതുമായ ചിന്തേര് പോലുള്ള  ലിറ്റർ വസ്തുക്കൾ ഉപയോഗിച്ച് തറ വിരിപ്പ്  ഒരുക്കുന്നതാണ് മഴക്കാലത്ത് ഉത്തമം. ആദ്യ ദിവസം 5 സെന്റീമീറ്റർ  കനത്തിൽ  ലിറ്റർ പരത്തി ഘട്ടം ഘട്ടമായി പുതിയ ലിറ്റർ വിരിച്ച്  ലിറ്ററിന്റെ അകെ  കനം 12-15 സെന്റീമീറ്റർ വരെ ഉയർത്തുന്നത് മഴക്കാലത്ത് ഉചിതമാണ്. ആഴ്ചയിൽ 2 സെന്റീമീറ്റർ  ഉയരം എന്ന കണക്കിൽ പുതിയ ലിറ്റർ വിരിക്കാം. ഗുണനിലവാരം കുറഞ്ഞ ലിറ്റർ പദാർഥം, കുറഞ്ഞ സ്ഥലത്ത് കൂടുതൽ കോഴികളെ പാർപ്പിക്കൽ, ഷെഡിനുള്ളിലെ വായുസഞ്ചാരക്കുറവ്, കൂട്ടിൽ തങ്ങി നിൽക്കുന്ന ഉയർന്ന ഈർപ്പം, വെള്ളപ്പാത്രങ്ങളുടെ ചോർച്ച, കോഴികളിലെ വയറിളക്കം എന്നിവയെല്ലാം മഴക്കാലത്ത് വളരെ പെട്ടെന്ന്  ലിറ്റർ മോശമാവാനും രോഗങ്ങൾക്കും കാരണമാവും.  ഇത്തരം സാഹചര്യങ്ങൾ തടഞ്ഞ് ലിറ്റർ ആരോഗ്യകരമായി സൂക്ഷിക്കാൻ പ്രത്യേകം ജാഗ്രത വേണം. ലിറ്റർ എപ്പോഴും ഉണക്കമുള്ളതാക്കി സൂക്ഷിക്കണം. കൂട്ടിൽ വെള്ളപ്പാത്രങ്ങൾവച്ച സ്ഥലത്തെ നനവ് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളപ്പാത്രങ്ങൾ തുളുമ്പാത്ത വിധം മുക്കാൽ ഭാഗം മാത്രം നിറച്ചുവെക്കാൻ ശ്രദ്ധിക്കണം. തറവിരിപ്പിന്‍റെ ഒരുഭാഗം മാത്രമാണ് നനഞ്ഞോ കട്ടപിടിച്ചോ ഇരിക്കുന്നതെങ്കിൽ ആ ഭാഗം ഉടന്‍ കോരി മാറ്റി അവിടെ പുതിയ ലിറ്റര്‍ വിരിക്കണം. ഒരു കാരണവശാലും നനഞ്ഞ ലിറ്ററിന് മുകളിൽ ഉണങ്ങിയ ലിറ്റർ നിരത്തരുത്. കർട്ടൻ, ചിലന്തിവലകൾ, കമ്പി അഴികളിൽ തങ്ങി നിൽക്കുന്ന തൂവൽ അടക്കമുള്ള  തടസങ്ങൾ മാറ്റി കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.  മഴവെള്ളം കൂട്ടിലേക്ക് ചോർന്നൊലിക്കും വിധം മേൽക്കൂരയിൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ മതിയായ അറ്റകുറ്റപണികൾ നടത്തണം. മഴചാറ്റല്‍ കൂട്ടില്‍ വീഴുന്നതൊഴിവാക്കാന്‍ മേല്‍ക്കൂരയുടെ ചായ്പ്  ഭിത്തിയില്‍ നിന്നും 1 മീറ്റർ  പുറത്തേക്കു നീട്ടി നല്‍കണം. 

തങ്ങിനിൽക്കുന്ന ഈര്‍പ്പം ഒഴിവാക്കാന്‍ ആഴ്ചയില്‍ രണ്ടു തവണ വിരിപ്പ് നന്നായി ഇളക്കി നല്‍കണം. നല്ല വെയിലും വായുസഞ്ചാരവുമുള്ള സമയത്താണിത് വിരിപ്പ് ഇളക്കി നൽകേണ്ടത്. വിരിപ്പിൽ  4 ചതുരശ്രമീറ്റര്‍ തറവിരിപ്പിന് 250 ഗ്രാം എന്ന നിരക്കില്‍ കുമ്മായം ചേര്‍ത്തിളക്കുന്നത്  ഈര്‍പ്പം കുറയ്ക്കാൻ  സഹായിക്കും. എങ്കിലും ക്ഷാരനില ഉയരാനും കൂടിയ അളവിൽ അമോണിയ പുറന്തള്ളാനും ഇടയാക്കാൻ സാധ്യത ഉള്ളതിനാൽ വിരിപ്പിൽ അധിക അളവിൽ കുമ്മായം ചേർക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം. ലിറ്റർ ഇളക്കുന്നതിനു മുൻപായി മരക്കരിയും (Wood ash) സൂപ്പർഫോസ്‌ഫേറ്റും  ( Fertilizer grade ) 4:1 എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം 10 ചതുരശ്രമീറ്ററിനു 5 കിലോഗ്രാം എന്ന അളവിൽ ലിറ്ററിൽ വിതറുന്നത് അധിക അമോണിയ പുറന്തള്ളുന്നത് തടയാൻ സഹായിക്കും. 

കോഴികുഞ്ഞിന് കൃത്രിമ ചൂട് നൽകുമ്പോൾ 

വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിംഗ് ഒരുക്കി കൃത്രിമചൂട് നല്‍കുന്നത് സാധാരണ മൂന്ന് ആഴ്ച വരെയാണ്. മഴക്കാലത്ത്  ബ്രൂഡിംഗ് പരിചരണം  അഞ്ച് - ആറ്  ആഴ്ച വരെ നീട്ടി നല്‍കാം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ തണുപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ കൃത്രിമചൂട് നല്‍കേണ്ടതാവശ്യമാണ്. ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കില്‍  പ്രത്യേകം തയ്യാറാക്കിയ  കാര്‍ഡ്ബോര്‍ഡ്/തകര ഹോവറുകളില്‍ ഇന്‍കാന്‍റസെന്‍റ് ബള്‍ബുകള്‍ ക്രമീകരിക്കാം. 250 കോഴിക്കുഞ്ഞുങ്ങളടങ്ങിയ  ഒരു ബ്രൂഡര്‍ യൂണിറ്റിന് കുറഞ്ഞത് ഒരു മീറ്റര്‍ വ്യാസമുള്ള ഹോവറുകള്‍ വേണം. കൂടിയ വാട്ട് ഉള്ള ഒരു ബൾബ് ഉപയോഗിക്കുന്നതിന് പകരം കുറഞ്ഞ വാട്ട് ഉള്ള കൂടുതൽ എണ്ണം ബൾബുകൾ ബ്രൂഡിങ്ങിന് ഉപയോഗിക്കുന്നതാണ് നല്ലത്. ഇൻഫ്രാറെഡ് ബൾബുകളാണ്  ബ്രൂഡിംഗ് യൂണിറ്റിൽ ഉപയോഗിക്കുന്നതെങ്കിൽ പ്രത്യേകം ഹോവറുകൾ ആവശ്യമില്ല. ഒരു കോഴിക്കുഞ്ഞിന് ഒരു  വാട്ട് എന്ന കണക്കില്‍ ഇൻഫ്രാറെഡ് ബള്‍ബുകള്‍ ക്രമീകരിക്കാം. 150-250 കോഴികൾക്ക്  250 വാട്ടിന്റെ ഒരു ഇൻഫ്രാറെഡ്  ബൾബ് മതിയാവും. ലിറ്റർ നനവില്ലാതെ എപ്പോഴും  ഉണങ്ങിയിരിക്കും എന്ന നേട്ടവും  ഇൻഫ്രാറെഡ്  ബൾബുകൾ ഉപയോഗിച്ചാൽ ഉണ്ട് , ഇത് കുഞ്ഞുങ്ങളിലെ ബ്രൂഡർ ന്യുമോണിയ തടയാൻ സഹായിക്കും. ഏത് തരം ബൾബുകൾ ആയാലും ലിറ്റർ നിരപ്പിൽ നിന്നും 50 സെന്റീമീറ്റർ ഉയരത്തിലാണ് ആദ്യഘട്ടത്തിൽ ക്രമീകരിക്കേണ്ടത്.

താപനില കൃത്യമാണെങ്കിൽ കുഞ്ഞുങ്ങൾ ഊർജസ്വലതയോടെ  എപ്പോഴും തീറ്റയും കുടിവെള്ളവും എടുക്കുന്നത്  കാണാം. താപനില കുറവാണെങ്കിൽ കോഴികുഞ്ഞുങ്ങൾ ബൾബുകൾക്ക് ചുവടെ കൂട്ടമായി ഒന്നിന് മീതെ ഒന്നായി തങ്ങി നിൽക്കുന്നത് കാണാം. വിരിപ്പിൽ ഹോവറിന് ചുറ്റും 30 -60 സെന്റീമീറ്റർ അകലത്തിൽ  കാർഡ്ബോർഡ്, ജിഐ ഷീറ്റ്, വയർ മെഷ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഒരടി ഉയരത്തിൽ ചിക്ക് ഗാർഡ്  വെക്കുന്നത് ചൂട് പുറത്തേക്ക്  നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. കൃത്രിമചൂട് നല്‍കുമ്പോള്‍ താപം പുറത്തേക്ക് നഷ്ടപ്പെടാതിരിക്കാന്‍ കൂടിന്‍റെ തുറന്നഭാഗങ്ങള്‍ കര്‍ട്ടനുപയോഗിച്ച് മറയ്ക്കുകയും ചെയ്യാം. എന്നാൽ പകൽ സമയങ്ങളിൽ ഇത്തരം കർട്ടനുകൾ  നീക്കി വായുസഞ്ചാരം ഉറപ്പാക്കണം.  ശുദ്ധവായുവിന്റെ അഭാവം കുഞ്ഞുങ്ങളിൽ ബ്രൂഡർ ന്യുമോണിയ അടക്കമുള്ള ശ്വാസകോശരോഗങ്ങൾക്ക് വഴിവയ്ക്കും.

വേണം പ്രകാശം പരക്കുന്ന മുട്ടക്കോഴിക്കൂട്

മുട്ടയുല്‍പ്പാദന കാലയളവിലുള്ള കോഴികള്‍ക്ക് ഉല്‍പ്പാദനമികവിന് നല്ല മേന്മയുള്ള തീറ്റ മാത്രം പോര. പകല്‍വെളിച്ചവും കൃത്രിമവെളിച്ചവും ഉള്‍പ്പെടെ ദിനേനെ 16 മണിക്കൂര്‍ പ്രകാശം ഉറപ്പുവരുത്താനും ശ്രദ്ധവേണം. എങ്കിൽ മാത്രമേ ശരീരത്തിൽ ഹോർമോൺ പ്രവർത്തങ്ങൾ കൃത്യമായി നടന്ന് മുട്ടയുൽപാദനം കാര്യക്ഷമമായി നടക്കുകയുള്ളൂ. മുട്ടയുൽപാദനം ആറു മാസത്തിന് മുകളിലാണെങ്കില്‍ ദിവസം 17 മണിക്കൂര്‍ വെളിച്ചം ലഭിക്കണം. ഫോട്ടോ പിരിയഡ് എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. മഴക്കാലത്ത് പകല്‍വെളിച്ചം കുറയാനിടയുള്ളതിനാല്‍ ബള്‍ബുകള്‍ ഒരുക്കി കൃത്രിമവെളിച്ചം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ വെളിച്ചം ഈ പരിധിയിലുമേറിയാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് മറക്കരുത്. മാത്രമല്ല മുട്ടയിട്ട് തുടങ്ങിയിട്ടില്ലാത്ത കോഴികള്‍ക്ക് ഈ രീതിയില്‍ അധികവെളിച്ചം നല്‍കാന്‍  പാടില്ല. ഇന്‍കാന്റസെന്റ് ബള്‍ബുകളെക്കാള്‍ ചുവന്ന ഫ്ളൂറസെന്റ്  ബള്‍ബുകളാണ്  വെളിച്ചമൊരുക്കുന്നതിന് ഉത്തമം.

മഴക്കാലത്തെ കോഴി രോഗങ്ങൾ തടയാൻ 

കോഴിവസന്ത, ഐബിഡി (Infectious bursal disease (IBD) അഥവാ ഗുംബാറോ രോഗം, കോഴി വസൂരി ഫൗൾ പോക്സ്, കോക്സീഡിയൽ രക്താതിസാരം, സാൽമൊണെല്ലോസിസ്, കോളിബാസിലോസിസ് എന്നിവയെല്ലാമാണ് മഴക്കാലത്ത് കോഴികളെ ബാധിക്കാൻ ഇടയുള്ള പ്രധാന രോഗങ്ങൾ. കോഴിവസന്ത അഥവാ ന്യൂ കാസിൽ രോഗം, ഐബിഡി/ സാംക്രമിക ബർസെൽ രോഗം എന്നിവ തടയാനുള്ള പ്രതിരോധ വാക്സിനുകൾ കോഴികൾക്ക് കൃത്യമായി നൽകണം.

വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 5-7 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആർ ഡിഎഫ് (RDF) വാക്സിന്‍ ഒരു തുള്ളി കണ്ണിലോ മൂക്കിലോ നല്‍കണം. തുടര്‍ന്ന് 3-4 ആഴ്ച പ്രായമെത്തുമ്പോള്‍  കോഴി വസന്തക്കെതിരെയുള്ള ബൂസ്റ്റര്‍ വാക്സിനായ ലസോട്ട വാക്സിൻ കുടിവെള്ളത്തിൽ ലയിപ്പിച്ച് നല്‍കണം. വാക്സിൻ നൽകുന്നതിന് മുൻപായി രണ്ട് മണിക്കൂറും കുട്ടിൽനിന്നും കുടിവെള്ളം മാറ്റിവയ്ക്കണം. ഇത് കോഴികളുടെ ദാഹം വർധിപ്പിക്കുന്നതിനും ആവശ്യമായ അളവിൽ വാക്സിൻ വേഗത്തിൽ ശരീരത്തിലെത്തുന്നതിനും സഹായിക്കും. ശേഷം കോഴികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ വാക്സിന്‍ അണുനാശിനികളൊന്നും കലരാത്ത കുടിവെള്ളത്തില്‍ ലയിപ്പിച്ച് കൂട്ടില്‍ ഒരുക്കാം. കുടിവെള്ളത്തില്‍ വാക്സിൻ ലയിപ്പിക്കുന്നതിന് മുൻപായി ഒരു ലീറ്ററിന് 5 ഗ്രാം എന്ന കണക്കില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും ഐസ് കഷ്ണങ്ങള്‍ പൊടിച്ചിടുന്നതും കോഴിവസന്ത വാക്സിന്‍റെ ഫലപ്രാപ്തി കൂട്ടും. രണ്ട് മണിക്കൂറിനുള്ളില്‍ കോഴികള്‍ കുടിച്ച് തീര്‍ക്കുന്ന അളവ് മാത്രം വെള്ളമെടുത്ത് അതിൽ വേണം വാക്സിന്‍ കലക്കി കൂട്ടില്‍ ഒരുക്കേണ്ടത്. മുട്ടക്കോഴികള്‍ക്ക് 56 ദിവസം/ 8 ആഴ്ചയും 16-18 ആഴ്ചയും ( മുട്ടയുൽപാദനം ആരംഭിക്കുന്നതിന് മുൻപ്) പ്രായമെത്തുമ്പോൾ കോഴിവസന്ത തടയാനുള്ള അടുത്ത പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഇതിന് ആര്‍ഡികെ (RDK), ആര്‍ 2 ബി. (R2B) തുടങ്ങിയ വാക്സിനുകൾ ഉപയോഗിക്കാം. വാക്സിന് ഒപ്പം ലഭിയ്ക്കുന്ന ലായകം (Diluent) ചേർത്ത് നേര്‍പ്പിച്ച വാക്സിന്‍ ഓരോ കോഴിക്കും അര മില്ലിലീറ്റര്‍ വീതം ചിറകിലെയോ കഴുത്തിലെയോ ത്വക്കിനടിയില്‍ കുത്തിവയ്പായി നൽകണം. വാക്സിൻ 100, 400, 1000, 2500 തുടങ്ങിയ വിവിധ മാത്രകളിൽ വിപണിയിൽ ലഭ്യമാണ്. വാക്സിൻ മൃഗാശുപത്രികൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട് . രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ആറു മാസം കൂടുമ്പോള്‍ ഈ കുത്തിവയ്പ് ആവര്‍ത്തിക്കാവുന്നതാണ്.

മഴക്കാലത്ത്  കോഴിക്കുഞ്ഞുങ്ങളുടെ അകാലമരണത്തിന് കാരണമാവുന്ന സാംക്രമികരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഗുംബോറോ രോഗം എന്ന പേരിൽ അറിയപ്പെടുന്ന ഇൻഫക്ഷ്യസ് ബർസൽ രോഗം ( ഐബിഡി). ബുർണാവൈറസുകളിൽ ഉൾപ്പെട്ട ഐബിഡി വൈറസുകളാണ് ഈ രോഗത്തിന് കാരണം. മൂന്ന് മുതൽ ആറ് ആഴ്ച പ്രായത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് ഈ വൈറസ് രോഗം ബാധിക്കുക. ബ്രോയിലർ  കോഴിക്കുഞ്ഞുങ്ങളെയും മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഈ രോഗം ബാധിക്കുമെങ്കിലും  ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളിലാണ് കൂടുതൽ രോഗ സാധ്യത. കോഴിക്കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി നൽകുന്ന ക്ലൊയാക്കൽ ബർസ എന്ന അവയവത്തെയും പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളെയുമാണ് ഐബിഡി വൈറസുകൾ ആക്രമിച്ച് നശിപ്പിക്കുക. വൈറസുകൾ ശരീരത്തിലെത്തി രണ്ട് മൂന്ന് ദിവസങ്ങൾക്കകം കോഴിക്കുഞ്ഞുങ്ങൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. കൂടിന്‍റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, തീറ്റയെടുക്കാൻ മടി, വെള്ള കലര്‍ന്ന വയറിളക്കം, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച തുടങ്ങിയവയാണ് ഐബിഡി രോഗത്തിന്റെ ലക്ഷണങ്ങള്‍. ഏതെങ്കിലും ഒരു കോഴികുഞ്ഞിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ മറ്റ് കുഞ്ഞുങ്ങളിലേക്കും രോഗം പെട്ടന്ന് നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കത്തിലൂടെ പകരും. 

രോഗം മൂർച്ഛിക്കുന്നതോടെ ശരീരത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ അവയവങ്ങളും രക്തകോശങ്ങളും പൂർണമായും നശിക്കും. ഇതോടെ കുഞ്ഞുങ്ങളുടെ ആരോഗ്യം പൂർണമായും ക്ഷയിക്കും. ശരീരത്തിലെ പ്രതിരോധ സംവിധാനം തകരുന്നതോടെ സാൽമോണല്ല, കോളിഫോം തുടങ്ങി പല വിധത്തിലുമുള്ള പാർശ്വാണുബാധകൾ കോഴികളെ ബാധിക്കുകയും ചെയ്യും. പലപ്പോഴും ഗുംബാറോ രോഗത്തെ കോഴിവസന്തയാണന്ന് കർഷകർ തെറ്റിദ്ധരിക്കാറുണ്ട്. അതിതീവ്ര രോഗബാധയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് 2-3 ദിവസത്തിനകം കോഴി കുഞ്ഞുങ്ങൾ മരണപ്പെടും. ഐബിഡി രോഗ ബാധയേറ്റാൽ കോഴികുഞ്ഞുങ്ങളിൽ മരണനിരക്ക് 50% വരെയാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ച പ്രായമെത്തുമ്പോള്‍ ഐബിഡി തടയാനുള്ള വാക്സിന്‍ (ഐബിഡി ജോർജിയ ഇന്റർമീഡിയേറ്റ് സ്ട്രയിൻ വാക്സിൻ) കുടിവെള്ളത്തിൽ ലയിപ്പിച്ച് നല്‍കണം. പിന്നീട്  രണ്ടാഴ്ചയ്ക്ക് ശേഷം / ഇരുപത്തിയെട്ടാം ദിവസം ബൂസ്റ്റർ ( ഐബിഡി ഇന്റർമീഡിയേറ്റ് സ്ട്രയിൻ ) വാക്സിൻ ഇതേ രീതിയിൽ കുടിവെള്ളത്തിൽ ലയിപ്പിച്ച് നൽകണം. വാക്സിൻ 100, 200, 500, 1000 ,2500 തുടങ്ങിയ വിവിധ മാത്രകളിൽ വിപണിയിൽ ലഭ്യമാണ് . കുടിവെള്ളത്തിൽ ലയിപ്പിച്ച് നൽകുന്നതിന് പകരം സൗകര്യപ്രദമെങ്കിൽ വാക്സിൻ കണ്ണിൽ നൽകുന്ന രീതിയും സ്വീകരിക്കാവുന്നതാണ്. ഒപ്പമുള്ള ലായകവുമായി ലയിപ്പിച്ച വാക്സിൻ ഓരോ കോഴിക്കും ഒരു തുള്ളിവീതം കണ്ണിൽ നൽകാം.

ഒരു തരം  കൊഴുത്ത ദ്രാവകം നിറഞ്ഞ് കോഴികളുടെ കൊക്കിനു മുകളിലും, പൂവിലും  കണ്ണിനു ചുറ്റും കാലുകളിലും കാണപ്പെടുന്ന കുമിളകൾ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് പോക്‌സ് അല്ലെങ്കിൽ  കോഴികളിലെ വസൂരി രോഗം. വൈറസുകൾ തന്നെയാണ് രോഗഹേതു . തൊലിപ്പുറത്തു കാണപ്പെടുന്ന കോഴി വസൂരി രോഗം ( Cutaneous form of pox) അത്ര മാരകമല്ലെങ്കിലും, ശരീരത്തിനറെ ഉള്ളിൽ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷ ഗന്ധത്തോടു കൂടി വായിലും  ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകൾ കാരണം തീറ്റ എടുക്കാൻ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു. സമ്പർക്കത്തിലൂടെയും കൊതുക്, കടിയീച്ച  പോലുള്ള പരാദങ്ങളിലൂടെയുമാണ് വൈറസ് വ്യാപിക്കുന്നത്. പൗൾട്രി ഷെഡുകളിലെ കൊതുക് നിയന്ത്രണം ഇത്തരം പരാദ ജന്യ സാംക്രമിക  രോഗങ്ങൾ തടയാൻ പ്രധാനമാണ്. കൂടിനു ചുറ്റും വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകാൻ ഇടവരരുത്. കോഴി വസൂരി രോഗം തടയാൻ ഫലപ്രദമായ വാക്സിൻ ഇന്ന് ലഭ്യമാണ് .

കോക്സീഡിയ എന്ന പരാദങ്ങള്‍ കാരണമായുണ്ടാവുന്ന രക്താതിസാരം, സാല്‍മോണെല്ല, കോളിഫോം ബാക്ടീരിയ അണുബാധകള്‍ എന്നിവയെല്ലാമാണ് മഴക്കാലത്തെ മറ്റ്  മുഖ്യ ആരോഗ്യ പ്രശ്നങ്ങള്‍. ശുദ്ധജലം ഉറപ്പാക്കിയും , തറവിരിപ്പിന്‍റെയും കൂടിന്‍റെയും ശുചിത്വവും ശാസ്ത്രീയപരിപാലനവും ഉറപ്പുവരുത്തിയും ഈ രോഗങ്ങള്‍ ഒരു പരിധിവരെ തടയാം. കോഴികളുടെ ശരീരസമ്മര്‍ദ്ദം ഏറിയാല്‍ അത് രോഗങ്ങള്‍ക്ക് വഴിവെക്കും. കൂടുകളില്‍ കോഴികളെ തിങ്ങിപ്പാര്‍പ്പിക്കാതെ മതിയായ സ്ഥലം ഒരുക്കി നല്‍കണം. മൂന്ന് മുതൽ അഞ്ചു വരെ എണ്ണം കോഴികൾക്ക് കൂട്ടിൽ ഒരു ചതുരശ്ര മീറ്റർ സ്ഥലം നൽകണം. വെള്ളകലര്‍ന്ന വയറിളക്കം,കാഷ്ടത്തിൽ രക്താംശം ,  കൂട്ടമായി കൂടിന്‍റെ ഒരു മൂലയില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കല്‍, തീറ്റമടുപ്പ്,ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് , ശ്വാസമെടുക്കുമ്പോൾ കുറുകൽ ശബ്ദം,കൂട്ടമായി വളർത്തുന്ന കോഴികളിൽ ഏതാനും  കോഴികളുടെ പെട്ടെന്നുള്ള മരണം    തുടങ്ങിയ  രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സയും വിദഗ്ധോപദേശവും  തേടണം. നല്ല വയറിളക്കം കാണിക്കുന്ന കോഴികൾക്ക് നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി 5-10 മില്ലി വീതം ദിവസവും നൽകുന്നത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ആന്റിബയോട്ടിക് ചികിത്സകൾ വേണ്ടി വരും. കോഴികളുടെ  സ്വാഭാവിക പ്രതിരോധശക്തി  വർധിപ്പിക്കാന്‍ തീറ്റയോടൊപ്പം ലിവര്‍ ടോണിക്കുകള്‍, മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍,  മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍  എന്നിവ നിത്യവും നൽകുന്നത് അഭികാമ്യമാണ്‌ .

മഴ ശക്തമാവുന്നതിനു മുൻപായി 7 ആഴ്ച പ്രായമെത്തിയതോ അതിനു മുകളിലോ പ്രായമുള്ള  എല്ലാ കോഴികൾക്കും ആന്തര പരാദങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള വിരമരുന്നുകൾ നൽകണം . ആൽബെൻഡസോൾ, ഫെൻബെൻഡസോൾ, മേബൻഡസോൾ, മോറാന്റെൽ, പൈപ്പറാസീൻ  തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവ് കണക്കാക്കി കോഴികൾക്ക് നൽകാം. വിരമരുന്നുകൾ  നേരിട്ടോ കുടിവെള്ളത്തിലോ നൽകാം. കുടിവെള്ളത്തിലാണ് വിരമരുന്ന് നൽകുന്നതെങ്കിൽ  കോഴികളുടെ എണ്ണം, തൂക്കം എന്നിവയുടെ അടിസ്ഥാനത്തിൽ  ആവശ്യമായ അളവ് മരുന്ന് കലക്കിയ വെള്ളം കൂട്ടിൽ വയ്ക്കാം. 2 മണിക്കൂർ  സമയം കൊണ്ട് കോഴികൾ കുടിച്ച് തീരുന്ന കുറഞ്ഞ  അളവ് വെള്ളത്തിൽ വേണം വിരമരുന്നുകൾ ചേർത്ത് വെക്കേണ്ടത്. കോഴികളുടെ ശരീരത്തിലും കൂട്ടിലും  ഈച്ച, പേൻ, ചെള്ള് തുടങ്ങിയ ബാഹ്യപരാദങ്ങളുടെ ശല്യം കൂടുതലാണെങ്കിൽ ബാഹ്യപരാദനാശിനികൾ ചേർത്ത വെള്ളം തളിച്ച് നൽകാം.  സൈപെർമെത്രിൻ, ഫ്ളുമെത്രിൻ , ഡെൽറ്റമെത്രിൻ, ഫൈപ്രൊനിൽ  തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ബാഹ്യപരാദനാശിനികൾ ഉപയോഗിക്കാം. കോഴികളുടെ മേനിയിൽ  പ്രയോഗിച്ചതിന്റെ ഇരട്ടി ഗാഢതയിലുള്ള ലായനി വേണം കൂട്ടിൽ തളിക്കേണ്ടത്. കോഴികളുടെ മേനിയിൽ നിന്നും പരാദങ്ങളെ അകറ്റുന്നതിനായി പരാദനാശിനി ചേർത്ത വെള്ളത്തിൽ കോഴികളെ തലമുങ്ങാതെ മുക്കിയെടുക്കുന്ന ഡിപ്പിംഗ് രീതി മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം.

English summary: care of poultry during rainy season, Poultry Farmin, Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com