പാലിന് ഒരു ബദൽ, പശുക്കിടാവിന്‌ നൽകാം മിൽക്ക് റീപ്ലെയ്‌സർ

HIGHLIGHTS
  • മിൽക്ക് റീപ്ലെയ്‌സർ നൽകേണ്ടത് എങ്ങനെ ?
  • മിൽക്ക് റീപ്ലെയ്‌സറിന് ഒപ്പം നൽകാം
calf
SHARE

മൂന്നു മാസം പ്രായമെത്തുന്നതു വരെ പാൽ തന്നെയാണ് പശുക്കിടാക്കളുടെ പ്രധാന ആഹാരം എന്നറിയാമല്ലോ. ഒരു ക്ഷീരസംരംഭകനെ സംബന്ധിച്ച് കിടാവിനെ പാൽ കുടിപ്പിച്ച് വളർത്തുന്നതിനേക്കാൾ ലാഭകരമാണ് കിടാവിന്‌ പാലിനു പകരം മിൽക്ക് റീപ്ലെയ്‌സർ നൽകി വളർത്തുന്നത്. ഇത് കേൾക്കുമ്പോൾ  എന്താണ് മിൽക്ക് റീപ്ലെയ്‌സർ എന്നൊരു സംശയമുണ്ടാവും. കിടാവിന്  നറും പാലിനു പകരം  നൽകാവുന്നതും  പാലിന്റെ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതുമായ കൃത്രിമപാലാണ് മിൽക്ക് റീപ്ലെയ്‌സർ.   22-25 ശതമാനം വരെ മാംസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പാലിലൂടെ കിടാവിന്‌ ലഭിക്കേണ്ട  പോഷകങ്ങൾ എല്ലാം തന്നെ ബദൽ പാലായ മിൽക്ക് റീപ്ലെയ്‌സറിലും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് നീക്കിയ പാൽപ്പൊടി അഥവാ സ്‌കിമ്മ്ഡ് മിൽക്ക് പൗഡർ ആണ് മിൽക്ക് റീപ്ലെയ്‌സറിലെ പ്രധാന ഘടകം. ഒപ്പം സസ്യ- ജന്തുജന്യ ഭക്ഷ്യ എണ്ണകൾ, ബട്ടർ മിൽക്ക് പൗഡർ, വേ പൗഡർ,  ഗ്ലുക്കോസ്, സോയാബീൻ അടക്കമുള്ള ധാന്യപ്പൊടികൾ, ധാതുലവണങ്ങൾ, എ, ഇ, ബി 12 അടക്കമുള്ള  ജീവകങ്ങൾ, പ്രിസർവേറ്റീവുകൾ തുടങ്ങിയ  പോഷകഘടകങ്ങളും മിൽക്ക് റീപ്ലെയ്‌സറിൽ അടങ്ങിയിട്ടുണ്ട്.

പാലിനു പകരം മിൽക്ക് റീപ്ലെയ്‌സർ നൽകുമ്പോൾ പശുവിന്റെ പാൽ പൂർണമായും കറന്നെടുത്ത് വിപണിയിൽ എത്തിക്കാം എന്ന സാമ്പത്തിക നേട്ടം സംരംഭകനുണ്ട്. കിടാവിന്‌ മതിയായ അളവിൽ പാൽ ലഭ്യമല്ലാത്ത സാഹചര്യത്തിലും മിൽക്ക് റീപ്ലെയ്‌സറിനെ ആശ്രയിക്കാം. പാലിൽനിന്ന് ലഭിക്കുന്ന ആദായത്തെ വച്ച് നോക്കുമ്പോൾ  മിൽക്ക് റീപ്ലെയ്‌സറിനു വേണ്ടി ചെലവഴിക്കേണ്ട തുക തീരെ തുച്ഛമാണ്. ഉത്തരേന്ത്യയിൽ  കർഷകർക്കിടയിൽ മിൽക്ക് റീപ്ലെയ്‌സർ ഏറെ പ്രചാരം നേടിയ പരിപാലന രീതിയാണ്.  എന്നാൽ, പലകാരണങ്ങളാൽ  കേരളത്തിലെ ക്ഷീരകർഷകർക്കിടയിൽ പൊതുവെ പ്രചാരത്തിലാവാത്തതും സ്വീകരിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു പരിപാലന മുറയാണ് മിൽക്ക് റീപ്ലെയ്‌സർ ഫീഡിങ് എന്നതാണ് വസ്തുത.

മിൽക്ക് റീപ്ലെയ്‌സർ നൽകേണ്ടത് എങ്ങനെ ?

ഒരാഴ്ച പ്രായമെത്തിയതു മുതൽ കിടാക്കൾക്ക് മിൽക്ക് റീപ്ലെയ്‌സർ നൽകിത്തുടങ്ങാം. പൊടി രൂപത്തിലാണ് മിൽക്ക് റീപ്ലെയ്‌സർ വിപണിയിൽ ലഭ്യം. ഇത് നിർദേശിക്കപ്പെട്ട അളവിൽ ഇളം ചൂടുള്ള വെള്ളത്തിൽ കലക്കി  മിൽക്ക് റീപ്ലെയ്‌സർ ലായനി തയാറാക്കി പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും നൽകാം. മിൽക്ക് റീപ്ലെയ്‌സർ പൗഡർ നിർദേശിക്കപ്പെട്ട കൃത്യമായ അനുപാതത്തിൽ ഇളം ചൂടുള്ള വെള്ളത്തിൽ (37 ഡിഗ്രി സെൽഷ്യസ് )  ലയിപ്പിച്ച് ലായനി തയ്യാറാക്കേണ്ടത്  പ്രധാനമാണ്, അല്ലാത്തപക്ഷം കിടാവിന്‌ ദഹന  പ്രശ്നങ്ങൾക്കു വഴിവയ്ക്കും. ആദ്യ ഒരാഴ്ച പാലും മിൽക്ക് റീപ്ലെയ്‌സർ ലായനിയും ചേർത്ത് നൽകുന്നതാണ് ഉചിതം. പിന്നീട്  പൂർണമായും മിൽക്ക് റീപ്ലെയ്‌സറിലേക്ക് മാറാം. ശരീര തൂക്കത്തിന്റെ അടിസ്ഥാനത്തിൽ പാൽ നൽകേണ്ട അതെ അളവിൽ തന്നെയാണ് വെള്ളത്തിൽ കലക്കിയെടുത്ത മിൽക്ക് റീപ്ലെയ്‌സറും നൽകേണ്ടത്. ആദ്യ ഒരു മാസം കിടാവിന്റെ തൂക്കത്തിന്റെ 1/10 ( 10 ശതമാനം ) എന്ന അളവിൽ മിൽക്ക് റീപ്ലെയ്‌സർ ദിവസവും നൽകണം. രണ്ട് മാസം പ്രായമെത്തുമ്പോൾ ശരീരതൂക്കത്തിന്റെ 1/15 (6.66  ശതമാനം ) എന്ന അളവിലും മൂന്നാം മാസം പ്രായമെത്തുമ്പോൾ ശരീരതൂക്കത്തിന്റെ 1/20  ( 5 ശതമാനം ) എന്ന അളവിലും  മിൽക്ക് റീപ്ലെയ്‌സർ കിടാവിന്‌ ദിവസവും നൽകണം. പാലിനെ അപേക്ഷിച്ച്  ദഹനം സാവധാനമായതിനാൽ  മിൽക്ക് റീപ്ലെയ്‌സർ ലായനി നൽകുന്ന ഇടവേള കൂട്ടുകയും തവണകൾ കുറയ്ക്കുകയും വേണം. സാധാരണ ഗതിയിൽ ദിവസം രണ്ട് തവണ  മിൽക്ക് റീപ്ലെയ്‌സർ നൽകാം. ഓരോ തവണ നൽകുമ്പോഴും പുതിയ ലായനി തയാറാക്കാൻ ശ്രദ്ധിക്കണം.

മിൽക്ക് റീപ്ലെയ്‌സർ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. മിൽക്ക് ഫീഡിങ് ബക്കറ്റിൽ  മിൽക്ക് റീപ്ലെയ്‌സർ  നൽകുമ്പോൾ അകിടിൽ നിന്ന് പാൽ നുണയുന്ന അതെ മാതൃകയിൽ  കിടാവിന് ചെറുതായി ചവച്ച്   വലിച്ച് കുടിക്കാവുന്ന (Sucking ) രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത് . അതോടൊപ്പം കഴുത്ത് ഒരല്പം ചരിച്ച്   പൊക്കി പിടിച്ച് വലിച്ച് കുടിക്കാവുന്ന പാകത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം തൊഴുത്തിൽമിൽക്ക് ഫീഡിങ്  ബക്കറ്റുകൾ   ക്രമീകരിക്കേണ്ടത്. എങ്കിൽ  മാത്രമേ കിടാവ്  കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും  ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട്  എത്തിച്ചേരുകയുള്ളൂ . അതല്ലെങ്കിൽ കിടാക്കളിൽ പൂർണമായും വികസിക്കാത്ത റുമെൻ എന്ന ആമാശയ അറയിലേക്ക്  പാൽ വഴിമാറി  ഒഴുകിയെത്തുകയും കെട്ടികിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഫീഡിംഗ് ബക്കറ്റുകളിൽ  പാൽ നൽകുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. ഇക്കാരണം കൊണ്ട് തന്നെ തറയിൽ വച്ച പരന്ന പാത്രങ്ങളിൽ പാലും  മിൽക്ക് റീപ്ലെയ്‌സറും  നിറച്ച് വച്ച് കിടാക്കൾക്ക് നൽകുന്നത് (Pale feeding) ഒഴിവാക്കുന്നതാണ് ഉത്തമം.  ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.

അമൂൽ ജീവൻ പൗഡർ (Amul Jeevan whey protein based calf milk replacer), ഹിപ്‌റോ മിൽക്ക് റീപ്ലെയ്‌സർ   ( Hi-pro Calf Milk Replace) എന്നിവയെല്ലാം  വിപണിയിൽ ലഭ്യമായ മിൽക്ക് റീപ്ലെയ്‌സറിന്  ഉദാഹരണങ്ങളാണ്. അമൂൽ ജീവൻ മിൽക്ക് റീപ്ലെയ്‌സർ പൗഡർ 1 കിലോഗ്രാം, 5 കിലോഗ്രാം പായ്ക്കുകളിൽ ലഭ്യമാണ്. ഇത്  100 ഗ്രാം പൊടി വീതം ഒരു ലീറ്റർ ഇളം ചൂടുവെളളത്തിൽ ചേർത്ത് ഒരു ലീറ്റർ  കൃത്രിമ പാൽ തയാറാക്കി പശുക്കിടാക്കൾക്ക് നൽകാം. എരുമക്കിടാക്കൾക്കാണെങ്കിൽ 120 ഗ്രാം വീതം മിൽക്ക് റീപ്ലെയ്‌സർ  പൊടി  ഒരു ലീറ്റർ ഇളം ചൂടുവെളളത്തിൽ ചേർത്ത് ഒരു ലീറ്റർ  കൃത്രിമ പാൽ തയാറാക്കാം.  ഈ രീതിയിൽ  ഒരു കിലോഗ്രാം പൊടിയിൽ നിന്നും 10 ലീറ്റർ വരെ കൃത്രിമ പാൽ തയാറാക്കാം. പാലിനു പകരം മിൽക്ക് റീപ്ലെയ്‌സർ നൽകുന്നത് കിടാവിന്റെ വളർച്ച വേഗത്തിലാക്കുമെന്നും മരണനിരക്ക് കുറയ്ക്കുമെന്നും നേരത്തെ മദിയിൽ  എത്തുമെന്നും  ആദ്യ പ്രസവത്തിൽ കൂടുതൽ പാൽ ലഭിക്കുമെന്നും അമുൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

മിൽക്ക് റീപ്ലെയ്‌സറിന് ഒപ്പം നൽകാം 

കിടാവിന്‌  നൽകുന്ന മിൽക്ക് റീപ്ലെയ്‌സറിന്റെ അളവ് ശരീരതൂക്കത്തിന്റെ അനുപാതത്തിൽ ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവ് കൂട്ടി നൽകണം. നാരിന്റെ അളവ് കുറഞ്ഞതും മൊത്ത ദഹ്യ പോഷകങ്ങളുടെയും മാംസ്യത്തിന്റെയും അളവുയർന്നതുമായ  സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും ചെറുതായി അരിഞ്ഞ മൃദുവായ  തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകാം. കോംഗോ സിഗ്‌നൽ,  ഗിനി പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കൾക്ക് ഏറ്റവും അനിയോജ്യം. നാലാം ആഴ്ച മുതൽ 50-100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതൽ നൂറ്റിയൻപത് ഗ്രാം വരെ വർധിപ്പിച്ച് ആറാം മാസത്തോട് കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറ് മാസമെത്തുമ്പോൾ 5 - 6 കിലോഗ്രാം വരെ നൽകാം. ഈ രീതിയിൽ ഘട്ടം ഘട്ടമായി പുല്ലും സാന്ദ്രീകൃതാഹാരവും കിടാവിന്റെ തീറ്റയിൽ ഉൾപ്പെടുത്തുന്നത് പ്രധാന ആമാശയ അറയായ റൂമന്റെ വളർച്ച ത്വരിതപ്പെടുത്തും. യീസ്റ്റ് ( സക്കാരോ മൈസസ് സെർവീസിയെ ) ലാക്ടോബാസിലസ് തുടങ്ങിയ മിത്രാണുക്കൾ അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകുന്നതും ഗുണകരമാണ്. കറവപ്പശുക്കളുടെ തീറ്റ കിടാക്കൾക്ക് നൽകരുത്.

English summary: Milk Replacer for Calves

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA