ADVERTISEMENT

ആടുവളർത്തൽ സംരംഭങ്ങളുടെ മുതൽക്കൂട്ടാണ് മികച്ച മുട്ടനാടുകൾ. സ്വന്തം ഫാമിലെ ബ്രീഡിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ പുറമെ നിന്നുള്ള ബ്രീഡിങ് സേവനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.  ബ്രീഡിങ് ആവശ്യങ്ങൾ കഴിഞ്ഞാൽ മാംസവിപണിയിലെത്തിച്ച് ആദായമുണ്ടാക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ മുട്ടനാടുകളുടെ ആരോഗ്യപാലനത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. പ്രജനനത്തിനുപയോഗിക്കുന്ന മുട്ടനാടുകളിൽ സാധാരണയായി കണ്ടുവരുന്ന ഉപാപചയ രോഗങ്ങളിൽ  പ്രധാനമാണ് യൂറോലിത്തിയാസിസ് അഥവാ മൂത്രാശയകല്ല്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കൾ ചെറുപരലുകളായി മൂത്രാശയത്തിൽ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന കല്ലുകളാണ് രോഗത്തിന് കാരണം. മുട്ടനാടിന്റെ അഗ്രം നീണ്ടതും ദ്വാരം വളരെ ചെറുതുമായ  മൂത്രനാളിയുടെ അറ്റത്ത്  ഈ കല്ലുകൾ അടിഞ്ഞുകൂടിയാണ്  സാധാരണ തടസമുണ്ടാകുക.

എങ്ങനെ തിരിച്ചറിയാം

ഫോസ്ഫറസ്‌ അധിക അളവിൽ അടങ്ങിയ ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങൾ നിത്യവും ധാരാളമായി നൽകൽ, തീറ്റയിൽ പുല്ലും വൃക്ഷയിലകളും അടക്കമുള്ള പരുഷാഹാരങ്ങളുടെ കുറവ്, മതിയായ അളവിൽ വെള്ളം നൽകാതിരിക്കൽ എന്നിവയെല്ലാം ഈ രോഗത്തിന് വഴിയൊരുക്കും. പ്രായം കൂടിയ മുട്ടനാടുകളിലാണ് കൂടുതൽ രോഗസാധ്യത. മൂത്രം തുള്ളി തുള്ളികളായി മൂത്രം ഇറ്റിറ്റു വീഴൽ, മൂത്രത്തോടൊപ്പം രക്തത്തുള്ളികൾ, മൂത്രമൊഴിക്കാൻ കഠിനമായ പ്രയാസം, മൂത്രമൊഴിക്കുമ്പോൾ  ശരീരം വില്ലുപോലെ വളച്ചു പിടിക്കൽ,  മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദനയോടെയുള്ള കരച്ചിൽ, കാലുകൊണ്ട് വയറ്റിൽ തൊഴിക്കൽ, മൂത്രാശയവും മൂത്രനാളിയും വീർക്കൽ, വയറിന്റെ അടിഭാഗത്ത് നീർക്കെട്ട്   എന്നിവയെല്ലാം മൂത്രാശയകല്ലിന്റെ ലക്ഷണങ്ങളാണ്. രോഗം തീവ്രമാവും തോറും അത്  മുട്ടനാടുകളുടെ പ്രജനനപ്രവർത്തനങ്ങളെയും  ബാധിക്കും. മൂത്രം പുറന്തള്ളാൻ കഴിയാതെ ഗുരുതരമാവുന്ന സാഹചര്യത്തിൽ മൂത്രാശയവും മൂത്രനാളിയും പൊട്ടി ആട് മരണപ്പെടാൻ പോലും സാധ്യതയുണ്ട്.

രോഗം എങ്ങനെ തടയാം? പരിഹാരം എന്ത്?

ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് രോഗം തടയാനുള്ള പ്രധാന മാർഗം. ഉയർന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉൾപ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നൽകേണ്ടത്. മുതിർന്ന ഒരു മലബാറി മുട്ടനാടിന് പച്ചപ്പുല്ലും പച്ചിലകളും അടക്കമുള്ള പരുഷാഹാരങ്ങൾ ദിവസം 4 -5  കിലോഗ്രാം എങ്കിലും ആവശ്യമാണ്. ആടുകൾ നാരടങ്ങിയ തീറ്റകൾ നന്നായി ചവച്ചരക്കുമ്പോൾ  കൂടുതൽ ഉമിനീർ ഉൽപാദിപ്പിക്കപ്പെടുകയും ഈ ഉമിനീർ വഴി കൂടുതൽ  ധാതുക്കൾ ഉത്സർജിക്കുകയും കാഷ്ഠത്തിലൂടെ പുറന്തള്ളുകയും  ചെയ്യുമെന്നതിനാൽ   മൂത്രാശയകല്ലിനുള്ള സാധ്യത കുറയും.  ചവച്ചരയ്ക്കലും ഉമിനീർ ഉൽപാദനത്തിന്റെ തോതും കുറയ്ക്കുന്ന ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങൾ അധിക അളവിൽ നിത്യവും ആടുകൾക്ക് നൽകുന്നത് ഒഴിവാക്കണം. 

മുട്ടനാടുകളുടെ കൂട്ടിൽ എപ്പോഴും വൃത്തിയുള്ള  കുടിവെള്ളം ലഭ്യമാക്കണം. മൂത്രത്തിന്റെ അമ്ലനില ഉയർത്താൻ സഹായിക്കുന്ന  അമോണിയം ക്ലോറൈഡ് പൗഡർ ഒരു കിലോഗ്രാം ശരീരതൂക്കത്തിന് 300 മില്ലി ഗ്രാം എന്ന അളവിൽ തീറ്റയിൽ നൽകുന്നത് കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ചെറുപരലുകളായി അടിഞ്ഞുകൂടി മൂത്രാശയകല്ല് ഉണ്ടാവുന്നത് തടയാൻ ഉത്തമമാണ്. ഡോക്ടറുടെ നിർദേശ പ്രകാരം മൂത്രാശയ കല്ലിനെ അലിയിപ്പിച്ച് കളയാൻ സഹായിക്കുന്ന സിസ്റ്റോൺ വെറ്റ് പോലുള്ള മരുന്നുകളും രോഗനിവാരണത്തിനായി നൽകാം. എന്നിട്ടും രോഗശമനമായില്ലെങ്കിൽ മൂത്രനാളിയുടെ നേർത്ത അറ്റം മുറിച്ച് കളയുന്ന  ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ. മൂത്രനാളിയുടെ അഗ്രം മുറിച്ചുമാറ്റിയാലും അത് പിന്നീടുള്ള മുട്ടനാടിന്റെ പ്രജനന പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. മുട്ടനാടുകളിൽ യൂറോലിത്തിയാസിസ് തടയാനുള്ള ഒരു മുൻകരുതൽ എന്നനിലയിലും മൂത്രനാളിയുടെ അഗ്രം വിദഗ്‌ധ സഹായത്തോടെ നേരത്തെ  മുറിച്ചുമാറ്റാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com