ADVERTISEMENT

ആട്ടിൻകുട്ടിക്ക് ചികിത്സ വൈകി ജീവൻ നഷ്ടപ്പെട്ടതിൽ അവധിയിലായിരുന്ന വനിതാ ഡോക്ടറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വെറ്ററിനറി ഡോക്ടർമാർ പ്രതിഷേധത്തിൽ. ഞങ്ങൾ അമാനുഷികരല്ല, ഞങ്ങൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞു. വനിതാ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് ജില്ലയിൽ കേരള വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ കരിദിനം ആചരിക്കുകയാണ്. 

തെരുവുനായ കടിച്ചു കുടൽമാല പുറത്തുചാടിയ ആട്ടിൻകുട്ടിക്കാണ് ചികിത്സ വൈകി ജീവഹാനി സംഭവിച്ചത്. ഇതേത്തുടർന്ന് താമരശേരി മൃഗാശുപത്രിയിലെ ഡോ. കെ.വി. ജയശ്രീയെ സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർ ഡോ. സി. മധു സസ്പെൻഡ് ചെയ്യുകയായിരുന്നു. ഡോ. അവധിയെടുത്തപ്പോൾ ജില്ലാ ഓഫീസറെയും തൊട്ടടുത്ത മൃഗാശുപത്രി ഡോക്ടറെയും വിവരം അറിയിക്കുന്നതിൽ വീഴ്ച വരുത്തി, അനധികൃതമായി ഡ്യൂട്ടിയിൽനിന്നു വിട്ടുനിന്ന് വകുപ്പിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കി എന്നിവയാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്ന കാരണങ്ങൾ. 

ആരോഗ്യപ്രശ്നത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു മുതൽ ഡോ. ജയശ്രീ വയനാട്ടിലെ മീനങ്ങാടിയിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കു ശേഷം ലീവ് കഴിഞ്ഞ് ഇന്നലെ ജോലിയിൽ തിരികെ പ്രവേശിച്ചപ്പോഴാണ് സസ്പെൻഷൻ ഉത്തരവ് ലഭിച്ചത്. 

അവധിക്കാര്യം പഞ്ചായത്തിലും ജില്ലാ മൃഗസംരക്ഷണ ഓഫീസിലും അടുത്തുള്ള വെറ്ററിനറി ഡോക്ടറെയും അറിയിച്ചതാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. ഡോക്ടർ അവധിയിലാണെങ്കിൽ ബദൽ മാർഗങ്ങൾ ഉറപ്പുവരുത്തേണ്ടത് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവിയുടെ ചുമതലയാണ്. 

അതേസമയം, കുടൽമാല മൂന്നായി മുറിഞ്ഞ അവസ്ഥയിലായിരുന്നു ആടിനെ ആശുപത്രിയിൽ എത്തിച്ചതെന്നും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നെന്നും ആട്ടിൻകുട്ടിയെ ചികിത്സിച്ച ഡോ. സി.ജെ. നിധിൻ പറയുന്നു. രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും മണ്ണുത്തി, പൂക്കോട് പോലുള്ള സ്ഥലങ്ങളിലാണ് ഇത്തരം ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English summary: Veterinary Doctor Suspended for Denying Treatment in Kozhinkode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com