അരുമമൃഗങ്ങളെ ചികിത്സിക്കാൻ ‘ശ്രദ്ധ’ വീട്ടിലെത്തും, ഇതാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി

HIGHLIGHTS
  • എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയേറ്റർ
  • ഒരു കുടുംബശ്രീ സംരംഭം
pet-hospital
ശ്രദ്ധയുടെ പ്രവർത്തകർ
SHARE

പശുവിനോ നായയ്ക്കോ രോഗം വന്നാൽ അവയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനാവും ഉടമസ്ഥർ ഏറ്റവുമധികം പ്രയാസപ്പെടുക.  ഉടമസ്ഥർ ഉദ്യോഗസ്ഥരോ മുതിർന്ന പൗരന്മാരോ ആണെങ്കിൽ വിശേഷിച്ചും. വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ള പണച്ചെലവിനെക്കാൾ, മൃഗങ്ങളെ വാഹനത്തിലാക്കി കൊണ്ടുപോകുന്ന കാര്യമാണ് പലരെയും വിഷമിപ്പിക്കുന്നത്.

എന്നാൽ, നിങ്ങളുടെ അരുമമൃഗത്തെ തേടി മൃഗാശുപത്രി തന്നെ വീട്ടിലേക്കു വന്നാലോ? വെറ്ററിനറി ഡോക്ടർമാരും കുത്തിവയ്പുകാരുമൊക്കെ കർഷകരുടെ വീട്ടിലെത്തുന്നത് പുതിയ കാര്യമല്ല. എന്നാൽ എല്ലാ ചികിത്സാസൗകര്യങ്ങളുമുള്ള വെറ്ററിനറി ആശുപത്രി തന്നെ ഒരു വാഹനത്തിൽ സജ്ജമാക്കിയിരിക്കുകയാണ് എറണാകുളം പറവൂരിനു സമീപം  ആലങ്ങാട് പഞ്ചായത്തിലെ പ്രിയ പ്രകാശൻ. ഈ  കുടുംബശ്രീ സംരംഭത്തിനു ശ്രദ്ധ എന്നാണ് പേര്.  

എയർകണ്ടീഷൻഡ് ഓപ്പറേഷൻ തിയേറ്ററും പെറ്റ് ഗ്രൂമിങ് സൗകര്യവുമൊക്കെയുള്ള  അസൽ മൃഗാശുപത്രി തന്നെ! രോഗനിർണയം, ശസ്ത്രക്രിയ, സ്കാനിങ് ഉൾപ്പെടെയുള്ള  ലബോറട്ടറി പരിശോധനകൾ, ഗർഭപരിശോധന എന്നിവയൊക്കെ ഇതിനുള്ളിൽ നടത്താം. വിവിധ മൃഗങ്ങൾക്കുള്ള കൃത്രിമ ബീജാധാനമാണ് സഞ്ചരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സേവനങ്ങളിലൊന്ന്. അരുമകളുടെ സൗന്ദര്യസംരക്ഷണത്തിനും സൗകര്യമുണ്ട്. തുടക്കത്തിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ‘ശ്രദ്ധ’ എത്തുന്നത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിക്ക് ഈ സൗകര്യം വളരെയധികം പ്രയോജനപ്പെടുന്നുണ്ടെന്നു പ്രിയ ചൂണ്ടിക്കാട്ടി. വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് പഞ്ചായത്തിന്റെ മുക്കിലും മൂലയിലുമുള്ളവർക്കുപോലും മൃഗപരിപാലനം ആയാസരഹിതമാക്കാൻ ശ്രദ്ധ സഹായിക്കുന്നു. 

കേരള കാർഷിക സർവകലാശാലയിൽ നബാർഡിന്റെയും ഹൈദരാബാദിലെ മാനേജി(നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്)ന്റെയും സഹായത്തോടെ നടക്കുന്ന സംരംഭകത്വ വികസന പരിശീലനം (അഗ്രിബിസിനസ് ആൻഡ് അഗ്രിക്ലിനിക്–എസിഎബിസി) നേടിയ ശേഷമാണ് പുതുമയുള്ള ഈ സംരംഭത്തിനു പ്രിയ തുടക്കം കുറിക്കുന്നത്. രണ്ടു വർഷത്തിലേറെയായി നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സംരംഭകത്വ വികസന പരിശീലനത്തെ തുടർന്നാണ് വന്ധ്യംകരണ പ്രവർത്തനങ്ങൾ  സമ്പൂർണ വെറ്ററിനറി സേവനമായി വികസിപ്പിക്കാൻ ആത്മവിശ്വാസമുണ്ടായത്‌. വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പഠിച്ചിട്ടുള്ള പ്രിയ വേൾഡ് വൈഡ് വെറ്ററിനറി സർവീസ് എന്ന രാജ്യാന്തര സംഘടനയിൽനിന്നു നായ്ക്കളുടെ വന്ധ്യംകരണത്തിലും  തൃശൂർ  വെറ്ററിനറി കോളജ് ക്ലിനിക്കിൽനിന്നു വെറ്ററിനറി നഴ്സിങ്ങിലും പരിശീലനം നേടിയിട്ടുണ്ട്. രണ്ട് ഡോക്ടർമാരടക്കം പത്തു പേരാണ് മൊബൈൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നത്.  

ഫോൺ: 9605255057

English summary: Mobile Veterinary Hospital

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA