ഡോക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന അപേക്ഷയുമായി കർഷകർ

HIGHLIGHTS
  • മന്ത്രിക്ക് കത്തുകൾ അയച്ച് കർഷകർ
dr-jayasree
ഡോ. കെ.വി. ജയശ്രീ
SHARE

ചികിത്സ വൈകിയതിനെത്തുടർന്ന് ആട്ടിൻകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായ വനിതാ ഡോക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കർഷകർ രംഗത്ത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് താമരശേരി മൃഗാശുപത്രിയിലെ ഡോ. കെ.വി. ജയശ്രീയെയാണ് അന്വേഷണവിധേയമായി തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്.

അതേസമയം, നായ കടിച്ച് കുടൽമാല മൂന്നായി മുറിഞ്ഞ അവസ്ഥയിലായിരുന്ന ആട്ടിൻക്കുട്ടിയെ രക്ഷപ്പെടുത്തൽ അത്ര എളുപ്പമല്ലെന്ന് വെറ്ററിനറി മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ, അവധിയിലായിരുന്ന ഡോ. ജയശ്രീയെ സസ്പെൻഡ് ചെയ്തതിൽ വെറ്ററിനറി ഡോക്ടർമാരുടെ ഭാഗത്തുന്നിന് പ്രതിഷേധങ്ങൾക്ക് കാരണമായി.

സംഭവം വിവാദമായതിനെത്തുടർന്ന് ഡോ. ജയശ്രീയെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി താമരശേരിയിലെ കർഷകരും രംഗത്തെത്തി. ഈ മാസം ഏഴിനു നടന്ന സംഭത്തിൽ തനിക്ക് പരാതിയില്ലെന്നും ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആട്ടിൻകുട്ടിയുടെ ഉടമ മൂന്നാംതോട് മുട്ടുകടവ് ജാനകി മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ അവധിയിലാണെന്നും ആശുപത്രിയിൽനിന്നു നൽകിയ നമ്പറിൽ ബന്ധപ്പെട്ട് അടുത്തുള്ള ഡോക്ടറെ വിളിച്ച് ചികിത്സ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഡോ. ജയശ്രീയെ സംബന്ധിച്ച് പഞ്ചായത്തിലെ താനടക്കമുള്ള കർഷകർക്ക് നല്ല അനുഭവമാണുള്ളതെന്നും ജാനകി കത്തിൽ പറയുന്നു. 

letter-1
ആട്ടിൻകുട്ടിയുടെ ഉടമ ജാനകിയുടെ കത്ത്

കർഷകർ ആവശ്യപ്പെട്ടാൽ ഡ്യൂട്ടി സമയം പോലും നോക്കാതെ ചികിത്സ നടത്തുന്നതിൽ ഡോ. ജയശ്രീ വീഴ്ച വരുത്തിയിട്ടില്ലെന്ന് താമരശേരി ടൗൺ ക്ഷീരോൽപാദക സഹകരണ സംഘം മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡോക്ടറെ തിരിച്ചെടുക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്.

letter

ഡോ. ജയശ്രീ മുൻപ് ജോലി ചെയ്തിരുന്ന മൈക്കാവിലെ ക്ഷീരോൽപാദക സഹകരണ സംഘവും മന്ത്രി കെ. രാജുവിന് കത്തയച്ചവരിൽ ഉൾപ്പെടും. സസ്പെൻഷൻ പിൻവലിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. മൈക്കാവ് വെറ്ററിനറി ആശുപത്രിയിൽ 9 വർഷം ഡോ. ജയശ്രീ ജോലി ചെയ്തിട്ടുണ്ടെന്നും ആ സമയത്ത് ക്ഷീരകർഷകർക്കുവേണ്ടി ഒട്ടേറെ പദ്ധതികൾ ഡോക്ടർ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കൂടാതെ ഡ്യൂട്ടി സമയം നോക്കാതെ കർഷകർക്കുവേണ്ടി നിലകൊണ്ട വ്യക്തിയാണ്, മികച്ച ക്ഷീരകർഷകരെ വാർത്തെടുക്കാൻ ഡോക്ടർക്ക് സാധിച്ചിട്ടുണ്ട്, മൈക്കാവ് മൃഗാശുപത്രി കെട്ടിടം നിർമിച്ചത് ഡോ. ജയശ്രീയുടെ കാലത്താണ് തുടങ്ങിയ വിവരങ്ങളും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കർഷകർക്കുവേണ്ടി നിലകൊള്ളുന്ന ഡോക്ടർക്കെതിരേ നടപടി എടുത്തതിൽ കർഷകർക്ക് പ്രതിഷേധമുള്ള കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 

letter-3

English summary: Veterinary Doctor Suspended for Denying Treatment in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.