ADVERTISEMENT

കേരളത്തിൽ അടിക്കടി വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിനെതിരേ സർക്കാരിന് നിവേദനം സമർപ്പിച്ച് കർഷകർ. കൃഷിയിടത്തിലെ വന്യജീവി ആക്രമണം തടയുന്നതിന് 10 നിർദേശങ്ങളും നിവേദനത്തിൽ കർഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങൾക്കൊണ്ട് പൊറുതിമുട്ടിയ കർഷകർ രൂപീകരിച്ച കേരളത്തിലെ കർഷകരും വന്യമൃഗ ശല്യവും എന്ന ഫെയ്‌സ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കർഷകർ തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, കൃഷി മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന നിവേദനത്തിന്റെ പൂർണരൂപം ചുവടെ,

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും, വനംവകുപ്പ് മന്ത്രിക്കും, കൃഷി മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലെ ഗതികെട്ട കർഷകർ സമർപ്പിക്കുന്ന നിവേദനം

കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ആറു മാസം കൃഷി ചെയ്തതൊക്കെ ഏതാണ്ട് മുഴുവനായും പന്നിയും, ആനയും, കുരങ്ങും മറ്റു സുഭിക്ഷമായി കഴിച്ചു കൊണ്ടിരിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കൃഷിയിടങ്ങളിൽനിന്നും കാണുന്നത്.

പണ്ടൊക്കെ വനാതിർത്തിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വന്യമൃഗ ആക്രമണം വനാതിർത്തിയിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിൽ വരെ എത്തിനിൽക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ മരണങ്ങളും ഓരോ വർഷവുംകുതിച്ചുയരുന്നു. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിലപ്പെട്ട 996 മനുഷ്യ ജീവനുകളാണ്.

ഈയവസരത്തിൽ, വന്യജീവി ശല്യത്തിൽനിന്നും കരഷകരെ രക്ഷിക്കാൻ 10 നിർദേശങ്ങൾ കേരളത്തിലെ കർഷകർ സർക്കാരിന്റെ മുൻപിൽ വയ്ക്കുകയാണ്.

1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമായ, ജീവനും സ്വത്തിനുമുള്ള അവകാശം കേരളത്തിലെ കർഷകർക്ക് ഉറപ്പു വരുത്തുക.

2. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11/1b വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക.

3. വന്യമൃഗങ്ങൾ വരുത്തുന്ന കൃഷിനാശത്തിനു ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനത്തിനു പകരം മാന്യമായ നഷ്ടപരിഹാരം കൃത്യ സമയത്തു നൽകുക.

4. വനവും കൃഷിയിടവും കൃത്യമായ ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുക.

5. വനാതിർത്തിയിൽ ഫലപ്രദമായ വേലിയോ, മതിലുകളോ നിർമിച്ച് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുക.

6. നികുതിയടച്ചു കൈവശം വച്ചു കൃഷി ചെയ്യുന്ന കൃഷിയിടത്തിൽ ഇറങ്ങുന്ന ഏതു വന്യമൃഗത്തെയും ഏത് മാർഗം ഉപയോഗിച്ചും കൊല്ലാനുള്ള പരിപൂർണമായ അധികാരം കർഷകർക്ക് നൽകുക.

7. എല്ലാ രേഖകളോടും കൂടി കൃഷി ചെയ്യുന്ന കൃഷി ഭൂമിയിൽ കയറി ജെണ്ട കെട്ടുന്ന നിയമവിരുദ്ധ പ്രവൃത്തി വനം വകുപ്പ് അവസാനിപ്പിക്കുക

8. വന വിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.

9. വെറും കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടു വനത്തിനുള്ളിൽ നട്ടു വളർത്തുന്ന തേക്കും, യൂക്കാലിയും പോലുള്ള ഏകവിളത്തോട്ടങ്ങൾ മുറിച്ചുമാറ്റി അവിടെ സ്വാഭാവിക വനവും അടിക്കാടുകളും വളരാൻ അനുവദിക്കുക.

10. വന്യജീവി ശല്യം നേരിടാൻ ആവശ്യമായ തോക്ക് ലൈസൻസുകൾ ഉടനടി അനുവദിക്കുകയും , ഇപ്പോൾ പോലീസ് സ്റ്റേഷനുകളിൽ ഏൽപിച്ചിരിക്കുന്നു കർഷകരുടെ തോക്കുകൾ ഉടനടി മടക്കി നൽകുകയും ചെയ്യുക.

കേരളത്തിലെ കർഷകരും വന്യമൃഗ ശല്യവും ഫേസ്ബുക് കൂട്ടായ്മ

English summary: A Letter to State Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com