പാലക്കാട് നായ്ക്കളുടെ കൂട്ടമരണം, കാരണം ഇതാണ്

HIGHLIGHTS
  • പ്രതിരോധമാർഗം കുത്തിവയ്പ്
  • ഏറെ ബാധിക്കുന്നത് കുഞ്ഞുങ്ങളെ
stray-dog
SHARE

കോവിഡ് വ്യാപനഭീതി നിലനിൽക്കെ പാലക്കാട് ജില്ലയിൽ നായ്ക്കൾ ചത്തൊടുങ്ങുന്നതും  ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നുവെന്ന വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. നായ്ക്കളിലെ സാംക്രമിക വൈറസ് രോഗങ്ങളിലൊന്നായ പാർവോ വൈറൽ ഹെമറേജിക് എന്ററൈറ്റിസ് രോഗമാണ് ഇതിന് കാരണം എന്നാണ്  മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. ജില്ലയിൽ ഇതുവരെ  അഞ്ഞൂറിലേറെ നായ്ക്കൾക്ക് പാർവോ രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗബാധയേറ്റവയിൽ മരണനിരക്കും കൂടുതലാണ്. തെരുവ് നായ്ക്കളിലും രോഗം പടരുന്നുണ്ട്.  പാര്‍വോരോഗം നായ്ക്കളില്‍നിന്നും മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലെന്നതിനാൽ ആശങ്കകൾ അസ്ഥാനത്താണ്.

നായ്ക്കൾക്കിടയിൽ, പ്രത്യേകിച്ച് മഴകാലത്ത് പടർന്നു പിടിക്കുന്ന ഈ സാംക്രമിക രോഗത്തിനു കാരണം കനൈന്‍ പാര്‍വോ വൈറസുകളാണ്. രോഗബാധയേറ്റ നായ്ക്കളുമായോ അവയുടെ വിസര്‍ജ്യം കലര്‍ന്ന് രോഗാണുമലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതേയോ ഉള്ള സമ്പര്‍ക്കത്തിലൂടെയോ മറ്റു നായ്ക്കളിലേക്ക് രോഗം പകരും. രോഗബാധയേറ്റ നായ്ക്കള്‍, അവയുടെ വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തികള്‍, അവരുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം രോഗാണുസംക്രമണത്തിന് വഴിയൊരുക്കും. രോഗാണുമലിനമായ തീറ്റ, ജലം, നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍, ആശുപത്രി സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം രോഗാണുസംക്രമണത്തിന്‍റെ സ്രോതസുകളാണ്. കണ്‍മുന്നില്‍പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും. 

ആറാഴ്ച മുതല്‍ ആറു മാസംവരെ പ്രായമുള്ള നായകുഞ്ഞുങ്ങളാണ് പാര്‍വോ രോഗാണുവിന്‍റെ പ്രധാന ഇരകള്‍. എങ്കിലും പ്രതിരോധശേഷി കുറഞ്ഞ ഏതു പ്രായത്തിലുള്ള നായ്ക്കളെയും ബാധിക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. റോട്ട്‌വെയ്‌ലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രീവര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്. വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചക്കകം നായ്ക്കൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, പനി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന്  കറുത്ത നിറത്തിൽ ദുര്‍ഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നു രണ്ട് ദിവസത്തിനകം പ്രകടമാവും. 

രോഗം ബാധിച്ച നായ്ക്കളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിചരിക്കണം. പാര്‍വോ വൈറസിനെതിരെ പ്രയോഗിക്കാവുന്ന കൃത്യമായ മരുന്നുകള്‍ ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും  പാര്‍ശ്വാണുബാധകള്‍ തടയാനുമാണ് ചികിത്സ. നിർജലീകരണവും പോഷകങ്ങളുടെ നഷ്ടവും പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഫ്ളൂയിഡ് തെറാപ്പി, പാര്‍ശ്വാണുബാധകള്‍ തടയാന്‍ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകള്‍, വൈറസുകള്‍ കേടുപാടുകള്‍ തീര്‍ത്ത ദഹനവ്യൂഹത്തെ സംരക്ഷിക്കുന്നതിനായും, ഛര്‍ദ്ദിയും വയറിളക്കവും തടയുന്നതിനായുള്ള അനുബന്ധ മരുന്നുകളും ഉള്‍പ്പെടെ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചികിത്സ തന്നെ വൈറസുകളെ കീഴടക്കാന്‍ വേണ്ടി വരും. രോഗം ബാധിച്ച നായ്ക്കള്‍ക്ക് ഖരാഹാരങ്ങള്‍ നല്‍കുന്നത് പൂർണമായും ഒഴിവാക്കണം. തണുപ്പിച്ച പാല്‍, ഇളനീര്‍ വെള്ളം, ഒ.ആര്‍.എസ്. ലായനി, തേന്‍ എന്നിവയൊക്കെ അൽപാല്‍പ്പം ആഹാരമായി നല്‍കാം. രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം നിർജലീകരണവും, പാര്‍ശ്വാണുബാധകളും ചെറുകുടലിലെ രക്തസ്രാവവും മൂര്‍ച്ഛിച്ച് നായ്ക്കള്‍ രണ്ട്-മൂന്ന് ദിവസത്തിനകം മരണപ്പെടും. രോഗാരംഭത്തില്‍ തന്നെ വിദഗ്ധചികിത്സ ഉറപ്പുവരുത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം.

പാര്‍വോ രോഗം തടയാൻ

പാര്‍വോവൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം കൃത്യമായ പ്രതിരോധകുത്തിവയ്പുകൾ  തന്നെയാണ്. പാര്‍വോ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന നിരവധി വാക്സിനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.  പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത നായ്ക്കളാണെങ്കിൽ  മുലപ്പാലിലൂടെ ആദ്യ ആറാഴ്ച വരെ പ്രതിരോധ ഘടകങ്ങള്‍ അഥവാ ആന്റിബോഡികള്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവും. തുടര്‍ന്ന് നായ്ക്കുഞ്ഞിന് 6-8 ആഴ്ച (45-56 ദിവസം) പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗമുള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ( മള്‍ട്ടി കംപോണന്‍റ്  വാക്‌സിൻ ) ആദ്യ കുത്തിവയ്പ്  നല്‍കണം. തുടര്‍ന്ന് 10-12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യത്തേതിന്‍റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. പിന്നീട് 14-16 ആഴ്ച  പ്രായമെത്തുമ്പോള്‍ മള്‍ട്ടി കംപോണന്റ് വാക്സിനിന്‍റെ ഒരു കുത്തിവയ്പ്കൂടി നല്‍കിയാല്‍ പാര്‍വോ രോഗത്തിൽ നിന്ന് നമ്മുടെ അരുമകളെ പൂര്‍ണമായും സുരക്ഷിതമാക്കാം. പിന്നീട് ബൂസ്റ്റർ കുത്തിവയ്പ് ഒരു വര്‍ഷത്തിനു ശേഷം നല്‍കിയാല്‍ മതിയാവും. 

പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കാത്ത നായ്ക്കള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളാണെങ്കില്‍ 28-30 ദിവസം പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗം തടയാനുള്ള വാക്സിന്‍ പ്രത്യേകമായി നല്‍കണം. അമ്മയില്‍നിന്നും മതിയായ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവാത്ത സാഹചര്യത്തിലും, അമ്മയ്ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കിയതായി ഉറപ്പില്ലെങ്കിലും 30 ദിവസം പ്രായമെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കാം. തുടർന്ന് മേൽപറഞ്ഞ പ്രകാരം തന്നെ വാക്‌സിനുകൾ നൽകണം.

English summary: Heartbreaking Truth behind the Death of Stray Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA