ADVERTISEMENT

ഇന്ന് നഗര കേന്ദ്രീകൃതമായ വെറ്ററിനറി ആശുപത്രികളിൽ എത്തുന്ന പല തരം മൃഗങ്ങളുടെ കണക്കെടുത്താൽ ഒരു കാര്യം വ്യക്തമാണ്. കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിലെ വലുതും ചെറുതുമായ പട്ടണങ്ങളിൽ പൂച്ചയെ വളർത്തുന്നവരുടെയും അവയ്ക്ക് ചികിത്സ നേടുന്നവരുടെയും എണ്ണം അതിശയകരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.  ഒരുപക്ഷേ നഗരത്തിന്റെ സ്ഥലപരിമിതികളും ചെറിയ ഫ്ലാറ്റുകളിൽ പോലും വളർത്തുവാനുള്ള സൗകര്യവും നായയുമായി താരതമ്യം ചെയ്യുമ്പോൾ സാമാന്യം പക്വതയും  അധികം ബഹളം വയ്ക്കാത്ത പെരുമാറ്റരീതികളും ഒതുങ്ങിനിൽക്കുന്ന പ്രകൃതവുമായിരിക്കാം ഇവയെ നഗരജീവിതത്തിന് പ്രിയപ്പെട്ടവരാക്കുന്നത്.  ചില പ്രദേശങ്ങളിൽ മതപരവും സാംസ്കാരികവുമായ ശീലങ്ങൾ വലിയ പങ്ക് വഹിക്കുന്നു.  എന്തായാലും 2020ൽ എത്തിനിൽക്കുമ്പോൾ നമ്മുടെ പെറ്റ് ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പൂച്ചകളുടെ  പാക്കറ്റ് ഫുഡും ഷാംപൂവും ടോണിക്കുകളുമൊക്കെ ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട്.

2017 മുതൽ  അമേരിക്കൻ കുടുംബങ്ങളിൽ  നായയേക്കാൾ പ്രചാരം പൂച്ചകൾ നേടിക്കഴിഞ്ഞെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ഫെലൈൻ ക്ലബ്ബുകളുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും 71 വ്യത്യസ്ത തരം ബ്രീഡ് പൂച്ചകൾ ഉണ്ട്. പൂച്ചകൾ മനുഷ്യനുമായി സൗഹൃദം ആരംഭിച്ചിട്ട് പതിയായിരത്തോളം വർഷങ്ങളായിട്ടും പൂച്ച വർഗത്തിന്റെ (നമ്മുടെ  പുലിയും കടുവയുമൊക്കെ ഈ വർഗമാണേ) പല അസുഖങ്ങൾ മനസിലാക്കുന്നതിലും ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിലും  ആധുനിക വൈദ്യശാസ്ത്രം ഇന്നും വളരെ പ്രാരംഭ ദശയിലാണ്.

പൊതുവെ നമ്മുടെ  വീടിനകത്തും പുറത്തുമൊക്കെ ഇണങ്ങി ജീവിച്ചുപോരുന്ന നാടൻ പൂച്ചകൾ കഴിഞ്ഞാൽ ഇവിടെ നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരം ഏറെ മെയ്യഴകും കാന്തം പോലെ ആരെയും ആകർഷിക്കുന്ന കണ്ണുകളുമുള്ള  പേർഷ്യൻ സുന്ദരികൾക്കാണ്. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന ഹിമാലയൻ,  ബംഗാൾ,  സയാമീസ്,  ബ്രിട്ടീഷ് ഷോർട് ഹെയർ തുടങ്ങിയ ഇനങ്ങളും വിരളമല്ല.  അന്താരാഷ്ട്ര തലത്തിലുള്ള പല Cat Show മത്സരങ്ങൾ ഇവിടെ നമ്മുടെ കേരളത്തിൽ തുടക്കം കുറിച്ചുകഴിഞ്ഞു.  

cat-disease
രോഗം ബാധിച്ച പൂച്ച

പാൻലൂക്കോപീനിയ: സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ലോകവ്യാപകമായി പൂച്ചകളിൽ കണ്ടു വരുന്ന അതിതീക്ഷണമായ ഒരു സാംക്രമിക രോഗമാണ് ‘ഫെലൈൻ പാർവോ’ അഥവാ പാൻലൂക്കോപീനിയ. ഡിഎൻഎ വൈറസ് ആയ FPV എന്ന് വിളിപ്പേരുള്ള ഫിലൈൻ പാർവോ വൈറസ് ആണ് രോഗകാരണം. ഒരിക്കൽ വന്നാൽ രോഗമുണ്ടാക്കിയതിനു ശേഷവും  അന്തരീക്ഷത്തിൽ ഏറെ നാളുകൾ അതിജീവിച്ചു നിൽക്കാനുള്ള ശേഷിയാണ് എല്ലാ പാർവോ വൈറസുകളുടെയും പ്രത്യേകത.  അതിനാൽ തന്നെ  രണ്ടിലധികം പൂച്ചകളെ വളർത്തുന്നവരുടെ പേടിസ്വപ്നമാണ് ഈ രോഗം.

നമ്മുടെ നാട്ടിൽ വിശേഷിച്ചും മഴക്കാലത്ത് പൂച്ചകൾ തിങ്ങിപ്പാർക്കുന്ന  പല സ്ഥലങ്ങളിലും മാരകമായ ഈ അസുഖം പൊട്ടിപ്പുറപ്പെടാറുണ്ട്. പൂച്ചകളുടെ കുട്ടിക്കാലത്താണ് ഈ അസുഖം പൊതുവെ കൂടുതലെങ്കിലും എല്ലാ പ്രായത്തിലെ പൂച്ചകളെയും ഇത് ബാധിക്കാം. രൂക്ഷമായ വയറിളക്കവും ഛർദ്ദിയുമാണ്  പ്രധാന ലക്ഷണം. നേരിയ പനിയോട് കൂടി പൂച്ചകൾ  വെള്ളപ്പാത്രത്തിന്റെ മുന്നിൽ തലകുനിച്ചിരിക്കുന്ന അവസ്ഥയിലും ദുർഗന്ധത്തോടെയുള്ള വയറിളക്കത്തിന്റെ അവസ്ഥയിലുമൊക്കെയാണ് വീട്ടുകാർ സാധാരണ ഈ രോഗം ബാധിച്ചവരെ ആദ്യമായി ശ്രദ്ധിക്കാറ്.  

മാരകമായ വൈറസാണ് FPV. ചെറുകുടലിന്റെ എപ്പിത്തീലിയത്തെയാണ് ഈ വൈറസ് കൂടുതലായി നശിപ്പിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വയറിളക്കം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്നു. ഛർദ്ദിയിലൂടെയും വയറിളകിയും നഷ്ടപ്പെടുന്ന ദ്രാവകങ്ങളും ലവണങ്ങളും വിറ്റാമിനുകളും ശരീരത്തെ വല്ലാതെ തളർത്തുകയും അതോടുകൂടി ആദ്യ ദിനങ്ങളിൽ കാണപ്പെടുന്ന പനി മാറി ശരീരം തണുക്കുകയും ചെയ്യുന്നു. 

വൈറസ് സൃഷ്ടിക്കുന്ന  മറ്റൊരു ദുരന്തം എല്ലിന്റെ മജ്ജയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇമ്മ്യൂണിറ്റിക്ക് കാരണമായ ശ്വേതരക്താണുക്കളെ (White blood cell–WBC) നശിപ്പിക്കലാണ്. ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതോടു കൂടി ശരീരത്തിന്റെ അവശേഷിച്ച രോഗപ്രതിരോധശേഷി തകരാറിലാകുന്നു.  പ്രതിരോധശേഷി വളരെയധികം കുറഞ്ഞ ഈ  അവസ്ഥയിൽ കുടലിലുള്ള ബാക്ടീരിയകളും വിരകളും കൂടി ആക്രമിക്കുന്നതോടു കൂടി ചെറുകുടലിന്റെ എപ്പിത്തീലിയൽ കോശങ്ങളുടെ പുനർനിർമാണം തകരാറിലാകും. ഈ അവസ്ഥയിൽ വയറിളക്കം രക്തത്തോടു കൂടിയുള്ളതും കൂടുതൽ ഭീകരവുമാകുന്നു. 

കൂടാതെ നിർജലീകരണം അതിതീവ്രമാകുമ്പോൾ ത്വക്കിന്റെ ഇലാസ്തികതയിൽ മാറ്റം വരുന്നു.  ത്വക്ക് നുള്ളി വലിച്ചാൽ വൃദ്ധരുടെ ത്വക്ക് പോലെ അൽപനേരം ചുളുങ്ങി നിൽക്കുന്നു. ഇത്  കാണുകയാണെങ്കിൽ രോഗം വളരെയധികം മൂർദ്ധന്യാവസ്ഥയിൽ എത്തിക്കഴിഞ്ഞു എന്ന് മനസിലാക്കാം. കൂടാതെ മലത്തിലൂടെ നഷ്ട്ടപ്പെടുന്ന പൊട്ടാസ്യം രക്തത്തിൽ അവശേഷിക്കുന്ന പൊട്ടാസ്യത്തിന്റെ അളവിനെ ഗണ്യമായി കുറക്കുന്നതോടുകൂടി വയർ വീർക്കുകയും നട്ടെല്ലിനെ നിവർത്തി നിർത്തുന്ന പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കുമ്പോൾ പാൻലൂക്കോപീനിയ ഇൻഫെക്ഷൻ ബാധിക്കുകയും ചികിത്സയിലൂടെയോ അല്ലാതെയോ  അതിജീവിക്കുകയും ചെയ്ത അമ്മപൂച്ചകൾക്ക് ജനിക്കുന്ന കുട്ടികൾക്ക് മസ്തിഷ്ക രോഗങ്ങളും സുഷുമ്‌ന നാഡിയെ ബാധിക്കുന്ന രോഗങ്ങളും കുട്ടിക്കാലത്ത് പതിവാണ്.  നിവർന്നു നിൽക്കാനുള്ള ബുദ്ധിമുട്ടും  മാംസപേശികളുടെ കോച്ചിവലിവും സന്നിയും (Convulsions) മാത്രമായി  ലക്ഷണങ്ങൾ കാണിക്കുന്ന ഇക്കൂട്ടരുടെ രോഗനിർണയം  വിഷമകരമാണ്.

പ്രതിരോധം പ്രധാനം

ജനിച്ച് എട്ട് മുതൽ പത്ത് ആഴ്ചകൾ കഴിഞ്ഞാൽ വെറ്ററിനറി ഡോക്ടറെ സമീപിച്ച് പാൻലൂക്കോപീനിയക്കെതിരെയുള്ള വാക്‌സിനുകൾ ചെയ്യുകയാണ് പരമപ്രധാനം. മൂന്നോ നാലോ ആഴ്ചകൾക്കു ശേഷം രോഗ സാധ്യതയുള്ള പ്രദേശമാണെകിൽ ബൂസ്റ്റർ ഡോസും ചിലപ്പോൾ ഡോക്ടർ നിർദേശിച്ചേക്കും.

വാക്‌സിനേഷനു മുൻപേ  വിരമരുന്ന്  കൊടുത്ത് വയർ ശുദ്ധീകരിക്കുന്നതും മറ്റ് അസുഖങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതും വാക്‌സിൻ പൂർണമായും ഫലവത്താകാൻ നിർബന്ധമാണ്.  രോഗ ലക്ഷണങ്ങൾ കണ്ടാലുടനെ മറ്റുള്ള പൂച്ചകളിൽനിന്നും ഉടനടി രോഗം ബാധിച്ചവയെ മാറ്റേണ്ടതുണ്ട്. 6% സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കിൽ  ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് രോഗം ബാധിച്ച പൂച്ച ഇടപഴകിയ പരിസരം മുഴുവൻ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഒരു കാരണവശാലും മഴക്കാലത്ത് മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ പൂച്ചക്കുട്ടികളെ അനുവദിക്കരുത്. വയറിളക്കം, ഛർദി തുടങ്ങിയ  രോഗലക്ഷണം കണ്ടാൽ രോഗം മൂർച്ഛിച്ചു നിർജലീകരണത്തിന്റെ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ വേഗത്തിൽ വെറ്ററിനറി ആശുപത്രിയിൽ എത്തിക്കുക.       

വൈറസ് രോഗമായതിനാൽ നേരിട്ടുള്ള ചികിത്സയല്ല,  മറിച്ച് ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണ് സാധാരണ നൽകാറ്. നിർജലീകരണം,  ലവണങ്ങളുടെ അഭാവം, ശരീര താപനില,  ബി.പി, രക്താണുക്കളുടെ നിലവാരം എന്നിവ കണക്കിലെടുത്ത് വെറ്ററിനറി ഡോക്ടർ  നാലോ അഞ്ചോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫ്ലൂയിഡ് തെറാപ്പിയും അണുസംക്രമണത്തിനെതിരെയും  ഇൻജെക്ഷനായി മറ്റ്  മരുന്നുകളും  നൽകിയേക്കും.

കൃത്യമായ ജാഗ്രതയും ഈ രോഗത്തെപ്പറ്റിയുള്ള അടിസ്ഥാന  അറിവുമുണ്ടെങ്കിൽ പൂർണമായും പ്രതിരോധിക്കാവുന്ന അസുഖമാണ് പാൻലൂക്കോപീനിയ. 

English summary: Overview of Feline Panleukopenia, Cat, Cat Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com