ADVERTISEMENT

കോവിഡ്–19 കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് ബാധിതരെ ഐസൊലേഷനിലേക്കു മാറ്റുമ്പോൾ, അവർ മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിൽ പ്രതിസന്ധിയിലാകുന്നത് ആ അരുമമൃഗങ്ങളാണ്. കോവിഡ്–19നോടുള്ള ഭയം മൂലം അയൽക്കാർ പോലും ആ മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കാൻ മടിക്കും. ഇതേ അവസ്ഥ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തുണ്ടായി. കോവിഡ്–19 ബാധിച്ച കുടുംബത്തിലെ എല്ലാവരും ഐസൊലേഷനിലായപ്പോൾ അവിടുത്തെ ആടുകൾ പട്ടിണിയിലായി. ഉടമ അറിയിച്ചതിനെത്തുടർന്ന് ഡോ. കിരൺദേവ്, ഡോ. ശ്രീരാഗ്, നഗരസഭാ ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു എന്നിവർ പിപിഇ കിറ്റ് ധരിച്ച് ആടുകളെ അണുനശീകരണി ഉപയോഗിച്ച് കുളിപ്പിക്കുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തു. ഇത്രയും ചെയ്തപ്പോൾ ഒരു അയൽവാസി ആടുകളുടെ സംരക്ഷണം ഏറ്റെടുത്തു മുന്നോട്ടു വന്നെന്നും ഡോ. കിരൺദേവ് പറയുന്നു. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

കോവിഡ് കാലം ഒരു പാഠപുസ്തകമാണ്...

എന്തെല്ലാം പുതിയ പ്രശ്നങ്ങളാണ് ഓരോ ദിവസവും നാം അഭിമുഖീകരിക്കേണ്ടി വരുന്നത്. നമുക്ക് ചുറ്റുമുള്ള ബന്ധുക്കൾ, കൂട്ടുകാർ... അതിൽ പലരും കോവിഡിന് ശേഷം കൂടെ കാണണം എന്ന് ഇല്ല. മനുഷ്യന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ വളർത്തുമൃഗങ്ങളുടെ കാര്യം പറയണോ. ഉടമസ്ഥൻ ആശുപത്രിക്കിടക്കയിൽ ആകുന്നതോടെ ആരാലും തിരിഞ്ഞു പോലും നോക്കാനില്ലാത്തവരാവുന്നു അവർ. ഇനിയീ പ്രശ്നം രൂക്ഷമാവാൻ പോകുന്നതേയുള്ളൂ.

covid-goat-3
ആടിനെ അണുനശീകരണി ഉപയോഗിച്ച് കുളിപ്പിക്കുന്നു. ഡോ. കിരൺദേവും ‍ഡോ. ശ്രീരാഗും പിപിഇ കിറ്റ് ധരിക്കുന്നു.

തിരുവനന്തപുരം തിരുവല്ലത്തുനിന്ന് ഒരു കോവിഡ് പോസിറ്റീവ് കുടുംബം ക്വാറന്റൈനിൽ പോകേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റെ ഗർഭിണികളായ ആടുകൾക്ക് തീറ്റയും, പരിചരണവും നൽകാൻ ആരും ഇല്ലാത്ത അവസ്ഥ വന്നു. പോരാത്തതിന് രണ്ടിനും വയറിന് അസ്വസ്ഥതയും. വിഷയം പലരുടെയും ശ്രദ്ധയിൽ പെടുത്തി. ഈ മിണ്ടാപ്രാണികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും പേടി കാരണം പലരും മടിച്ചുനിന്നു. ഇത് ഈ കാലം മുന്നോട്ടു വയ്ക്കുന്ന പുതിയ സമസ്യയാണ്. അവസാനം ഒരു നിവർത്തിയും ഇല്ലാതെ ഹെൽത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിനെ വിളിച്ചു, ആരും തയാറായില്ല എന്ന വിവരം അറിഞ്ഞ ഉടനെ തന്നെ അദ്ദേഹം ഈ ഉദ്യമത്തിനു തയാറായി. അങ്ങനെ ഞങ്ങളോടൊപ്പം ചെയർമാൻ നേരിട്ടു വന്നു. അവിടെ എത്തിയപ്പോൾ മാത്രമാണ് ആ വീട്ടിൽ പ്രായാധിക്യമുള്ള ഒരു അമ്മൂമ്മ മാത്രമേ ഉള്ളൂ എന്നറിയുന്നത്. ആടുകളെ എന്തു ചെയ്യണമെന്നറിയാതെ അവർ കുഴങ്ങിയിരുന്നു. 

covid-goat-1
ഐ.പി. ബിനു പിപിഇ കിറ്റ് ധരിക്കുന്നു. ആടിനെ അണുനശീകരണി ഉപയോഗിച്ച് കുളിപ്പിക്കുന്നു.

കോവിഡ്–19 പ്രോട്ടോക്കോൾ എല്ലാം തന്നെ പാലിച്ചു വീട്ടിൽ കയറി ആടുകളെ അണുനശീകരണി ഉപയോഗിച്ച് കുളിപ്പിച്ചു. ഗർഭിണിയായ ആടിനുൾപ്പെടെ വേണ്ട മരുന്നുകളും നൽകി. അണുവിമുക്തമാക്കിയ ആടുകളെ ഇനിയുള്ള ദിവസങ്ങളിൽ നോക്കി വളർത്താൻ അയൽവാസിയായ ഒരാൾ മുന്നോട്ട് വന്നത് അപ്പോൾ മാത്രമാണ്. കോവിഡ് രോഗബാധിതനായ ആ മനുഷ്യൻ ആടുകളുടെ കാര്യത്തിൽ കാണിച്ച ഉൽകണ്ഠ മാത്രം മതിയായിരുന്നു ഞങ്ങളെ ഇതിന് തയാറെടുപ്പിക്കാൻ. നമുക്കെന്ത് ചെയ്യാൻ കഴിയും എന്ന് വേവലാതിപ്പെട്ട് മാറി നിൽക്കാതെ എന്തും വരട്ടെ നമുക്ക് ചെയ്യാനാവുന്നത് നമ്മൾ ചെയ്തിരിക്കും എന്ന് പറഞ്ഞു മുന്നിട്ടിറങ്ങാൻ നഗരസഭാ ആരോഗ്യ വിഭാഗം ചെയർമാൻ തന്നെ ഉള്ളപ്പോൾ എന്ത് ഭയം.

English summary: Veterinarians attending a case at the house of a farmer tested positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com