ADVERTISEMENT

പശുക്കളുടെ പാലുല്‍പ്പാദനക്ഷമതയുടെ അടിസ്ഥാനം അവയുടെ ജനിതകസ്വഭാവവും വര്‍ഗഗുണവും തന്നെയാണ്. ഉല്‍പ്പാദനശേഷിയുടെ കാര്യത്തില്‍ ജനിതകമേന്മയേറെയുള്ള സങ്കരയിനം പശുക്കളുടെ ഉല്‍പ്പാദനക്ഷമത പൂര്‍ണമായും ഫലപ്രദമായും പ്രയോജനപ്പെടുത്താന്‍ ശാസ്ത്രീയപരിപാലനവും സന്തുലിതാഹാരവും അനുയോജ്യമായ അന്തരീക്ഷവും ഒരുക്കി നൽകേണ്ടത് ഏറെ പ്രധാനമാണ്. പരിചരണത്തില്‍ പിഴച്ചാല്‍ പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനവുമെല്ലാം തകിടം മറിയും. ശാസ്ത്രീയമായ തീറ്റക്രമം, തൊഴുത്തുകള്‍, കറവരീതികള്‍ തുടങ്ങി കാലാവസ്ഥാപ്രതിരോധം വരെയുള്ള കാര്യങ്ങളില്‍ ക്ഷീരകര്‍ഷകര്‍ വ്യക്തമായ അവബോധം നേടേണ്ടത് പാലുല്‍പ്പാദനത്തില്‍ മികവുനേടാന്‍ അനിവാര്യമാണ്. 

ഉല്‍പ്പാദനമികവിനായൊരു തീറ്റക്രമം 

പത്തു മാസത്തോളം നീണ്ടുനിൽക്കുന്ന ജൈവപ്രക്രിയയാണ് പശുക്കളുടെ കറവക്കാലം. പ്രസവാനന്തരം ക്രമേണയുയരുന്ന പാലുല്‍പ്പാദനം 6-8 ആഴ്ചകള്‍ പിന്നിടുന്നതോടെ ഏറ്റവും ഉയര്‍ന്ന പരിധിയില്‍ എത്തിച്ചേരും. ചിലവ് കുറച്ച് മെച്ചപ്പെട്ട പാലുല്‍പ്പാദനം കൈവരിക്കാന്‍ ശാസ്ത്രീയ ആഹാരക്രമം അനുവര്‍ത്തിക്കേണ്ടതുണ്ട്. പാലുല്‍പ്പാദനം ക്രമമായി ഉയര്‍ന്ന് പരമാവധിയിലെത്തിച്ചേരുന്ന ആദ്യത്തെ രണ്ടു മാസക്കാലയളവില്‍ അധിക അളവില്‍ ഊര്‍ജവും മാംസ്യവും പശുക്കള്‍ക്കാവശ്യമുണ്ട്. എന്നാല്‍, ഏറെ നാളുകള്‍ നീണ്ടുനിന്ന ഗര്‍ഭാശയസമ്മര്‍ദ്ദം മൂലം ചുരുങ്ങിയിരിക്കുന്ന ആമാശയത്തിന് ഈ ഘട്ടത്തില്‍ അധിക അളവില്‍ തീറ്റയുള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് മാത്രമല്ല പശുവിന്റെ വിശപ്പും കുറവായിരിക്കും. പശു തീറ്റയെടുക്കുന്നതില്‍ ഈ സമയത്ത് 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാവും. തീറ്റക്കുറവ് മൂലം ഊര്‍ജ അപര്യാപ്തത സംഭവിക്കുന്നത് മറികടക്കാന്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ അടങ്ങിയ തീറ്റയാണ് ഈ ഘട്ടത്തില്‍ നല്‍കേണ്ടത്. ശാസ്ത്രീയമായ തീറ്റരീതി പാലിക്കുന്നതിനൊപ്പം ഓരോ രണ്ടര  ലീറ്റര്‍ പാലിനും ഒരു കിലോഗ്രാം വീതം അധിക കാലിത്തീറ്റ നല്‍കണം. 15 ലീറ്ററിലധികം പ്രതിദിന കറവയുള്ള അത്യുല്‍പ്പാദനശേഷിയുള്ളവയ്ക്ക് ബെപ്പാസ് കൊഴുപ്പുകളും ബൈപ്പാസ് മാംസ്യങ്ങളും ഈ വേളയില്‍ ലഭ്യമാക്കണം. 

കൂടുതല്‍ കാലിത്തീറ്റ ലഭിച്ചാല്‍ അത്‌ കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കാന്‍ പശുക്കള്‍ക്ക് പ്രേരണയാവും. ആയതിനാല്‍ ഉല്‍പ്പാദനം പരമാവധിയിലെത്തുന്ന ആദ്യ രണ്ട്-രണ്ടര മാസക്കാലയളവില്‍ ഓരോ നാലു ദിവസം കൂടും തോറും തീറ്റയുടെ അളവ് അര കിലോഗ്രാം വീതം വര്‍ധിപ്പിച്ച് നല്‍കുന്ന ലീഡ് അഥവാ ചാലഞ്ച് തീറ്റക്രമം പതിനഞ്ചു ലീറ്ററിലധികം കറവ പ്രതീക്ഷിക്കുന്നവയില്‍ പരീക്ഷിക്കാം. തീറ്റയളവ് കൂട്ടിയിട്ടും പാലുല്‍പ്പാദനം വ്യത്യാസപ്പെടാത്ത പരമാവധിയില്‍ എത്തുമ്പോള്‍ ലീഡ് ഫീഡിങ് രീതി അവസാനിപ്പിക്കാം. കാലിത്തീറ്റമിശ്രിതങ്ങള്‍ തവണകളായി നല്‍കാന്‍ പ്രത്യേകം ശ്രദ്ധവേണം. ഒറ്റയടിക്ക് ഒരു അധിക അളവിൽ  കാലിത്തീറ്റ നല്‍കിയാല്‍ ആമാശയ അമ്ലത ഉയര്‍ന്ന് ദഹനപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

പ്രസവം കഴിഞ്ഞ് രണ്ടര മാസം പിന്നിടുന്നതോടെ പശുവിന്‍റെ ദഹനവ്യൂഹം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാവുകയും കൂടുതല്‍ തീറ്റയെടുക്കുകയും ചെയ്യും. രണ്ടാം  മാസം കഴിയുന്നതോടെ പിന്നീടുള്ള ഓരോമാസവും ഉല്‍പ്പാദനത്തില്‍ 8 - 10 ശതമാനത്തിന്‍റെ കുറവുണ്ടാകും. പാലുല്‍പ്പാദനം മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ കൃത്യമായ അളവില്‍ സാന്ദ്രീകൃതാഹാരവും തീറ്റപ്പുല്ലും വൈക്കോലുമടക്കമുള്ള പരുഷാഹാരങ്ങളും ഈ ഘട്ടത്തില്‍ നല്‍കണം. ഉല്‍പ്പാദനമികവിനായി തീറ്റയില്‍ മതിയായ അളവില്‍ ധാതുലവണജീവക മിശ്രിതങ്ങളും  ഉള്‍പ്പെടുത്തണം. 

മികവിന് പുതു തീറ്റകൾ 

പുല്ലും വൈക്കോലും കാലിത്തീറ്റയും മാത്രം ഉള്‍പ്പെടുത്തിയ പരമ്പരാഗത തീറ്റക്രമത്തില്‍നിന്നും അല്‍പ്പം പുതുമയൊക്കെ ഇന്നാവാം. ഗവേഷണമികവും സാങ്കേതിക വിദ്യയും സമ്മേളിച്ചതോടെ ടിഎംആര്‍  (ടോട്ടൽ മിക്സഡ് റേഷൻ ) തീറ്റകള്‍, റൂമെനിലെ സൂക്ഷ്മാണുക്കളുടെ വിഘടനത്തെ അതിജീവിക്കുന്ന ബെപ്പാസ് മാംസ്യങ്ങള്‍, കൊഴുപ്പുകള്‍, മിത്രാണുക്കളാല്‍ സമൃദ്ധമായ പ്രോബയോട്ടിക്കുകള്‍, സമ്പുഷ്ടീകരിച്ച വൈക്കോല്‍ തുടങ്ങിയ പുതുമയാര്‍ന്ന സൂപ്പര്‍ ഫുഡുകള്‍ പശുക്കള്‍ക്കായി ഇന്ന് വിപണിയില്‍ ലഭ്യമാണ്. നവീന തീറ്റകള്‍ ഉപയോഗിക്കുന്നത് വഴി ഉല്‍പ്പാദനശേഷിയുയര്‍ത്താമെന്ന് മാത്രമല്ല കാലിത്തീറ്റയുപയോഗം കുറയ്ക്കുകയും ചെയ്യാം. 

പരുഷാഹാരവും സാന്ദ്രീകൃതാഹാരവും മറ്റു പോഷകങ്ങളുമെല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ച സമീകൃത തീറ്റയാണ് ടിഎംആര്‍ അഥവാ സമ്പൂര്‍ണ മിശ്രിത തീറ്റ. ടിഎംആര്‍ നല്‍കുന്നത് വഴി പശുക്കളുടെ ആരോഗ്യവും പാലിന്റെ അളവും ഗുണനിലവാരവുമെല്ലാം മെച്ചപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. തീറ്റയുടെ അരവും ദഹനവും കാര്യക്ഷമമാക്കുന്നതിനൊപ്പം സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയും ഉറപ്പുവരുത്തി ആമാശയത്തിന്‍റെ ആരോഗ്യം ടിഎംആര്‍ തീറ്റ നല്‍കുന്നത് വഴി സംരക്ഷിക്കപ്പെടുന്നു. അസിഡോസിസ്, കുളമ്പുവേദനക്കും മുടന്തിനും കാരണമാവുന്ന ലാമിനൈറ്റിസ്, വന്ധ്യത തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ടിഎംആര്‍ നല്‍കുന്നത് വഴി അതിജീവിക്കാം.  ഇതെല്ലാം പാലുല്‍പ്പാദനത്തെയും അനുകൂലമായി സ്വാധീനിക്കും. 

ആമാശയത്തിലെ നാലാം അറയായ അബോമാസത്തില്‍ വെച്ച് മാത്രം വിഘടിക്കപ്പെട്ട് ചെറുകുടലില്‍ വെച്ച് ആഗിരണം ചെയ്യപ്പെടുന്ന ബെപ്പാസ് കൊഴുപ്പുകളും മാംസ്യങ്ങളും ഊര്‍ജത്തിന്റെയും പോഷകങ്ങളുടെയും നിറഞ്ഞ സ്രോതസുകളാണ്. പ്രകൃതിദത്ത കൊഴുപ്പുകള്‍ ആറു ശതമാനത്തിലധികം തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ആമാശയത്തിലെ ആദ്യ അറയായ റൂമനിലെ സൂക്ഷ്മാണുക്കളുടെ കിണ്വന (Fermentation) പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തും. തീറ്റയിലെ നാരുകള്‍ക്ക് ചുറ്റും കൊഴുപ്പുകള്‍ ഒരു പാളി രൂപപ്പെടുത്തുകയും നാരുകളുടെ ദഹനം തടസ്സപ്പെടുത്തുകയും തുടര്‍ന്ന് പാലുല്‍പ്പാദനം കുറയുകയും ചെയ്യും. എന്നാല്‍ ബെപ്പാസ് കൊഴുപ്പുകള്‍ നല്‍കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാം. ആമാശയത്തിലെ ആദ്യ അറയില്‍വെച്ച് നടക്കുന്ന  സൂക്ഷ്മാണുക്കളുടെ വിഘടനത്തെ അതിജീവിക്കുന്ന ഈ സംരക്ഷിത തീറ്റകള്‍ നാലാം അറയില്‍വെച്ച് മാത്രമേ വിഘടിക്കുകയുള്ളൂ. പിന്നീട് നേരിട്ട് ആഗിരണം ചെയ്യപ്പെടും. പരുത്തിക്കുരു, സോയാപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക് തുടങ്ങിയവയില്‍ ഇത്തരം പ്രകൃതിദത്തമായ  ബൈപ്പാസ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ കൊഴുപ്പിനെ സാങ്കേതികവിദ്യ വഴി ബൈപ്പാസ്  രൂപത്തിലാക്കിയ മിശ്രിതങ്ങളും വിപണിയില്‍ ലഭ്യമാണ്.

പ്രകൃതിദത്ത കൊഴുപ്പിനെ കാത്സ്യവുമായി ചേര്‍ത്ത് നിര്‍മിച്ച ബെപ്പാസ് കൊഴുപ്പുകള്‍ വിഘടിക്കുമ്പോള്‍ കൊഴുപ്പിലടങ്ങിയ ഉയര്‍ന്ന ഊര്‍ജത്തിനൊപ്പം കാത്സ്യവും പശുവിനു ലഭ്യമാവും. ബെപ്പാസ് കൊഴുപ്പുകള്‍ പാലുല്‍പ്പാദനം 20 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. കാത്സ്യത്തോടൊപ്പം ജീവകം എ, ഡി, ഇ, നിയാസിന്‍ എന്നിവയെല്ലാം ചേര്‍ത്ത ബെപ്പാസ് കൊഴുപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രസവത്തിനു പത്തു ദിവസം മുമ്പ് മുതല്‍ പ്രസവശേഷം മൂന്നാം മാസം വരെ ബെപ്പാസ് കൊഴുപ്പുകള്‍  പശുക്കള്‍ക്ക് നല്‍കാം. ബൈപ്പാസ് കൊഴുപ്പ് മിശ്രിതങ്ങള്‍ അത്യുല്‍പാദനശേഷിയുള്ള പശുക്കള്‍ക്ക് ദിവസേന 150 മുതല്‍ 200 ഗ്രാം വരെ നല്‍കാം.  ആദ്യം ചെറിയ അളവില്‍ നല്‍കി ക്രമേണ ഒരാഴ്ചകൊണ്ട് പൂര്‍ണ തോതില്‍ ബൈപ്പാസ് തീറ്റകള്‍ നല്‍കാം.  ഇതുവഴി പാലുല്‍പ്പാദനവും, പാലുല്‍പ്പാദനം ഉയര്‍ന്ന തോതില്‍ നീണ്ടു നില്‍ക്കുന്ന കാലയളവും വര്‍ദ്ധിക്കുന്നതിനൊപ്പം ഊര്‍ജക്കമ്മിപോലുള്ള രോഗങ്ങള്‍ തടയുകയും ചെയ്യാം.  

സാധാരണഗതിയില്‍ തീറ്റയിലെ മാംസ്യങ്ങളെ റൂമനിലെ സൂക്ഷ്മജീവികള്‍ അമിനോ അമ്ലങ്ങളാക്കി വിഘടിപ്പിക്കുകയും അതുപയോഗിച്ച് സൂക്ഷ്മജീവികള്‍ തന്നെ നിര്‍മിക്കുന്ന മാംസ്യങ്ങള്‍ പശുക്കള്‍ക്ക് ലഭ്യമാവുകയുമാണ് പതിവ്. ഉയര്‍ന്ന ഗുണമേന്മയുള്ള പല മാംസ്യങ്ങളും പശുക്കള്‍ക്ക് ലഭിക്കാതെ പോവാന്‍ ഇതിടവരുത്തും. എന്നാല്‍ ബെപ്പാസ് സാങ്കേതിക വിദ്യ വഴി ഉയര്‍ന്ന മൂല്യമുള്ള മാംസ്യങ്ങള്‍ പശുക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നത് വഴി ഉല്‍പ്പാദനമേന്മ  കൈവരിക്കാന്‍ സാധിക്കും.

പശുക്കളുടെ ദഹനവ്യൂഹത്തില്‍ മിത്രാണുക്കളുടെ എണ്ണവും സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനും ദഹനശേഷി കാര്യക്ഷമമാക്കുന്നതിനും ഉത്തമമാണ് പ്രോബയോട്ടിക്കുകള്‍ എന്ന മിത്രാണു മിശ്രിതങ്ങൾ. ലാക്ടോബാസിലസ് അസിഡോഫിലസ്, ലാക്ടോബാസില്ലസ് ബിഫിഡസ്, യീസ്റ്റ് എന്നിവയെല്ലാം അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പ്രോബയോട്ടിക്കുകള്‍ നാരടങ്ങിയ തീറ്റകളുടെ മതിയായ ദഹനം ഉറപ്പാക്കുന്നതിനും തീറ്റപരിവര്‍ത്തനശേഷിയുയർത്തുന്നതിനും  സഹായിക്കും. പാലുൽപാദനത്തിന്റെ തോതും  കൊഴുപ്പും ഉയർത്താൻ പ്രോബയോട്ടിക് മിശ്രിതങ്ങൾ നൽകുന്നത് സഹായിക്കുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു .

കറവപ്പശുക്കള്‍ക്ക് വറ്റുകാലത്തിന്‍റെ പ്രാധാന്യമെന്ത്?

മികച്ച ഒരു കറവക്കാലം ഉറപ്പുവരുത്തുന്നതിനായി പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ രണ്ടുമാസം മുന്‍പായി കറവ ഘട്ടം  ഘട്ടമായി നിര്‍ത്തി കറവയിലുള്ള പശുക്കള്‍ക്ക് വറ്റുകാലം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. സാന്ദ്രീകൃത തീറ്റയുടെ അളവ് ക്രമമായി കുറച്ചും ദിവസക്കറവയുടെ തവണകൾ  കുറച്ചും തുടര്‍ന്ന് കറവ ഇടവിട്ട ദിവസങ്ങളിലാക്കിയും പിന്നീട് ആഴ്ചയില്‍ രണ്ടോ  മൂന്നോ തവണയായി ചുരുക്കിയും വറ്റുകാലത്തിലേക്ക് കടക്കാം. കറവ നിര്‍ത്തുന്നതിനൊപ്പം വറ്റുകാല ചികിത്സയും നല്‍കണം. വറ്റുകാലം നല്‍കുന്നത് വഴി പിന്നീടുള്ള കറവയില്‍ ഉൽപാദനം കൂടും എന്നു മാത്രമല്ല അകിടുവീക്കം അടക്കമുള്ള രോഗങ്ങളെ തടയാനും ഗര്‍ഭസ്ഥകിടാവിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.  പച്ചപ്പുല്ലും വൈക്കോലുമടങ്ങിയ ഗുണമേന്മയുള്ള പരുഷാഹാരങ്ങള്‍ പ്രധാനത്തീറ്റയായി വറ്റുകാലത്ത് നല്‍കാം. എന്നാല്‍ വറ്റുകാലത്ത് നിർദേശിക്കപ്പെട്ട  അളവിലുമധികം  കാലിത്തീറ്റ നല്‍കുന്നത് പശുക്കളുടെ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും  കരളിന്‍റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യുന്ന ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥക്ക് വഴിവയ്ക്കുകയും ചെയ്യും. ഇത് പ്രസവാനന്തരം കീറ്റോസിസ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും.

English summary: Total Mixed Rations for Dairy Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com