ADVERTISEMENT

നിങ്ങൾ ഗൗരവകരമായി മുയൽ വളർത്തുകയോ വളർത്താനാഗ്രഹിക്കുകയോ ചെയ്യുന്ന ആളാണോ? മികച്ച ജനിതക ശേഷിയുള്ള മുയൽ ശേഖരം ഫാമിലുണ്ടാകാൻ സവിശേഷ ഗുണങ്ങളെ അടിസ്ഥാനമാക്കി ഓരോ തലമുറയിലും മുയലുകളെ തിരഞ്ഞെടുക്കുകയും മോശമായവയെ ഒഴിവാക്കുകയും ചെയ്യണം. സാമ്പത്തിക ഗുണങ്ങൾ (economic traits) എന്നറിയപ്പെടുന്ന ജനിതക ഗുണങ്ങളിലെ പ്രകടനമായിരിക്കണം തിരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള മാനദണ്ഡം.

ന്യൂസിലാൻഡ് വൈറ്റ്, സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, വൈറ്റ് ജയന്റ് എന്നിവയാണ് കേരളത്തില്‍ ഇന്ന് പ്രധാനമായി ലഭ്യമാകുന്ന നാല് ഇറച്ചി മുയല്‍ ജനുസുകള്‍. പൂര്‍ണ വളര്‍ച്ചയെത്തുന്ന സമയത്ത് ഇവയ്ക്ക്  4-5 കിലോഗ്രാം ശരീരഭാരമുണ്ടാകും. വിപണി, ലഭ്യത ഇവയുടെ അടിസ്ഥാനത്തിൽ  ശുദ്ധ ജനുസുകളേയോ (ഒന്നോ അതിലധികമോ) സങ്കര മുയലുകളെയോ തിരഞ്ഞെടുക്കാം. മാംസ വിപണിയില്‍ എല്ലാ ഇനങ്ങളും സ്വീകാര്യമെങ്കിലും വെളുത്ത മുയലുകള്‍ക്ക്  ഓമനമൃഗങ്ങളെന്ന നിലയിലും വിപണി ലഭിക്കും. 

പൊതുവെ പറഞ്ഞാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രജനനത്തിനുപയോഗിക്കുന്ന മുയലുകൾ ശുദ്ധ ജനുസില്‍പ്പെട്ടതാകുന്നതാണ് നല്ലത്. മാംസാവശ്യത്തിനാണെങ്കിൽ ആണ്‍ മുയലുകള്‍ ഒരു ജനുസും പെണ്‍ മുയലുകള്‍ മറ്റൊരു ജനുസുമായാല്‍ നന്നായി. ഇവയെ ഇണ ചേര്‍ത്ത് സങ്കരയിനം മുയല്‍ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാം. ഇവയെ മാംസാവശ്യത്തിനു വേണ്ടി വളര്‍ത്താം. സങ്കരവീര്യം കൂടുതലുള്ളതിനാല്‍ ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷിയും, ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ഉണ്ടായിരിക്കും. ഇവയുടെ നിറവും സ്വഭാവങ്ങളും ശുദ്ധ ജനുസുകളില്‍നിന്നു വ്യത്യസ്തമായിരിക്കും. ഇത്തരം സങ്കര വര്‍ഗത്തില്‍പ്പെട്ട മുയല്‍ കുഞ്ഞുങ്ങളെ ഇണ ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാവില്ല. ഈ മുയലുകളെ സാധാരണ നിലയില്‍ മൂന്നു മാസം കാലം വളര്‍ത്തിയാല്‍ ഇവയ്ക്ക് ഏകദേശം 2 1/2 മുതല്‍ മൂന്ന് കിലോഗ്രാം ശരീരഭാരം ഉണ്ടാകും. ഈ സമയത്ത് ഇവയെ വിപണനം ചെയ്യുന്നതാണ് നല്ലത്.

rabbit1234

ഇനവും, എണ്ണവും തീരുമാനിച്ചാല്‍ വിശ്വസനീയമായ സ്രോതസുകളില്‍നിന്നും മുയലുകളെ വാങ്ങുക. വെറ്ററിനറി യൂണിവേഴ്‌സിറ്റി, മൃഗസംരക്ഷണ വകുപ്പ് ഫാമുകള്‍, കുടുംബശ്രീ മുയല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, സ്വകാര്യ മുയൽ ഫാമുകള്‍ എന്നിവയെയാണ് ആശ്രയിക്കാന്‍ കഴിയുക. ഓരോ സ്ഥലത്തുനിന്നും ലഭിക്കാന്‍ കഴിയുന്ന എണ്ണം, ലഭ്യമായ സമയം, വില എന്നിവ പരിഗണിക്കണം. മുയലുകളുടെ വില ശരീരഭാരം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. ന്യായമായ വിപണി വില അറിയാന്‍ ഗവണ്‍മെന്റ് ഫാമുകളിലെ വില്‍പന നിരക്ക് മനസിലാക്കാം. സാധാരണ പത്തു പെണ്‍ മുയലുകള്‍ക്ക് ഒരു ആണ്‍മുയല്‍ എന്ന അനുപാതം മതിയെങ്കിലും ഒരു ഫാം എന്ന രീതിയിൽ ചെയ്യുമ്പോൾ ഈ എണ്ണം നല്ലതല്ല. 10 പെൺമുയലുകൾക്ക് 3–4 ആൺമുയലുകളുണ്ടെങ്കിൽ ഫാം വിപുലീകരിക്കാനും കുഞ്ഞുങ്ങളെ വിൽക്കാനും സാധിക്കും. വരും തലമുറകളിൽ ഇൻബ്രീഡിങ് ഒഴിവാക്കാൻ ആൺമുയലുകൾ കൂടുതലുള്ളതാണ് നല്ലത്. മാത്രമല്ല പെൺമുയലുകളോ ആൺമുയലുകളോ ഒരു തരത്തിലുമുള്ള രക്തബന്ധം ഉള്ളതാവാനും പാടില്ല. പുതുതായി ഫാം തുടങ്ങുന്നവര്‍ക്ക് പുറമേനിന്ന് വാങ്ങുന്ന ആദ്യ സ്റ്റോക്കിനെ ഉപയോഗിച്ച്  ഫാം സ്റ്റോക്ക് വിപുലപ്പെടുത്താം.

ഗുണമേന്മയുള്ള മുയലുകളായിരിക്കണം ഫാം സ്റ്റോക്കായി വാങ്ങേണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഈ ഗുണമേന്മ എങ്ങനെ നിര്‍ണയിക്കുന്നു എന്നതിലാണ് പ്രധാനം. 

പ്രജനനത്തിനുപയോഗിക്കുന്ന മുയലുകൾക്ക് വേണ്ട ഗുണങ്ങൾ

ഇറച്ചി മുയല്‍ വളര്‍ത്തലില്‍ പ്രജനനത്തിനായി നിര്‍ത്തുന്ന മുയലുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുന്ന പ്രത്യേക സാമ്പത്തിക ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ഇത്തരം ഗുണങ്ങള്‍ പാരമ്പര്യ ഗുണങ്ങളായതിനാല്‍ ഇവയില്‍നിന്നും  ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗുണമേന്മയുണ്ടായിരിക്കും. പ്രജനനത്തിനുള്ള വിത്തുമുയലുകളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നു.

1. ഓരോ പ്രസവത്തിലേയും കുട്ടികളുടെ എണ്ണം എട്ടില്‍ കൂടുതലായിരിക്കണം.

2. ജനനസമയത്തെ ശരീരഭാരം - ഓരോ കുഞ്ഞിനും 40-50 ഗ്രാം ഭാരവും എല്ലാ കുഞ്ഞുങ്ങള്‍ക്കും കൂടി 300 ഗ്രാമില്‍ കൂടുതലും.

3. മൂന്നാം ആഴ്ച പ്രായത്തില്‍ ശരീരഭാരം (ഇത് പെണ്‍മുയലുകളുടെ മാതൃഗുണത്തെ കാണിക്കും) കുഞ്ഞുങ്ങള്‍ ഓരോന്നിനും 200 ഗ്രാം. മൊത്തം 1.2-1.5 കിലോഗ്രാം.

4. മൂന്നാമത്തെ ആഴ്ചയിലെ കുഞ്ഞുങ്ങളുടെ എണ്ണം 6ല്‍ കൂടുതല്‍ 

5. കുഞ്ഞുങ്ങളെ തള്ളയില്‍നിന്നും വേര്‍പിരിക്കുന്ന സമയത്തെ എണ്ണം ചുരുങ്ങിയത് 5.

6. പെണ്‍മുയലില്‍നിന്ന് ഓരോ വര്‍ഷവും ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 25-30.

8. തീറ്റ പരിവര്‍ത്തന ശേഷി - ഒരു കിലോഗ്രാം തൂക്കത്തിന് 3-4 കി. ഗ്രാം തീറ്റ.

9. ശരീരഭാരം, ഇറച്ചി ഉല്‍പാദനം ഇവയുടെ അനുപാതം 60-70%

10. രണ്ടു കിലോഗ്രാം ശരീരഭാരം (വിപണി ഭാരം) എത്താനെടുക്കുന്ന സമയം.

മേല്‍ പറഞ്ഞ ഗുണങ്ങളില്‍ മികവു പുലര്‍ത്തുന്ന മുയലുകളേയും അവയുടെ ബന്ധുക്കളേയോ ആണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍, കൃത്യമായ രേഖകള്‍ സൂചിപ്പിക്കുന്ന ഫാമുകളില്‍ നിന്നേ ഇത്തരം വിവരങ്ങള്‍ ലഭിക്കൂ. വംശാവലിയുടെ മേന്മ കൂടാതെ ശരീര പ്രകൃതി, ശരീരഭാരം എന്നിവ കൂടി പരിഗണിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ആണ്‍ പെണ്‍ മുയലുകള്‍ ഒരേ തള്ളയുടെ കുഞ്ഞുങ്ങളാകാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ട് മുതല്‍ മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കില്‍ ഇവയ്ക്ക് 1.5-2 കിലോഗ്രാം ശരീരഭാരമുണ്ടാവണം. അഞ്ചു മാസത്തിലാണ് വാങ്ങുന്നതെങ്കില്‍ 3-3.5 കിലോഗ്രാം ഭാരമുണ്ടാകണം. മിനുമിനുത്ത രോമങ്ങളുള്ള, തിളങ്ങുന്ന കണ്ണുകളുള്ള, ഇണക്കമുള്ള, ചര്‍മ്മരോഗങ്ങളില്ലാത്ത മുയലുകളെ തിരഞ്ഞെടുക്കുക. പെണ്‍ മുയലുകള്‍ക്ക് എട്ട് മുലക്കാമ്പുകളും ആണ്‍മുയലുകള്‍ക്ക് രണ്ട് വൃഷണങ്ങളുമുണ്ടായിരിക്കണം (പ്രായപൂർത്തിയിലേക്ക് കടക്കുമ്പോൾ മാത്രമേ വൃക്ഷണങ്ങൾ പുറത്തു കാണാൻ കഴിയൂ). കൊഴുപ്പടിഞ്ഞ് പൊണ്ണത്തടിയുള്ളവയെ ഒഴിവാക്കണം.

വാങ്ങിയ മുയലുകളെ ദ്വാരങ്ങളിട്ട കാര്‍ഡ് ബോര്‍ഡ് ബോക്‌സിലോ പ്രത്യേകം തയ്യാറാക്കിയ കമ്പിവല കൂടുകളിലോ കൊണ്ടു പോവുക. യാത്രയില്‍ വെള്ളവും പച്ചപ്പുല്ലും നല്‍കാം. രാവിലെയും, ഉച്ചതിരിഞ്ഞുമാണ് യാത്രയ്ക്ക് ഉത്തമം. വീട്ടില്‍ എത്തിയ ഉടന്‍ പാര്‍പ്പിടത്തിന്റെ സമീപം വച്ച് ഇവയുടെ പരിഭ്രമം മാറ്റണം. ആരോഗ്യ പരിശോധന നടത്തിക്കുക, വാങ്ങിയ സ്ഥലത്തുനിന്ന് ശേഖരിച്ച തീറ്റയോ, സമാനമായ തീറ്റയോ ആദ്യ ദിവസങ്ങളില്‍ നല്‍കുക. ഫാമില്‍ മറ്റു മുയലുകളുണ്ടെങ്കില്‍ പുതിയ മുയലുകളെ കുറച്ചു ദിവസം മാറ്റി പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക.

English summary: How to do Profitable Commercial Rabbit Farming in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com