നാട്ടിൽ സുലഭമായിരുന്ന നാടൻ നായ ഇനങ്ങളെയാണ് മുൻകാലങ്ങളിൽ നമ്മൾ വളർത്തിയിരുന്നതെങ്കിൽ ഇന്ന് ഒട്ടേറെ ഇനം നായ്ക്കൾ നമ്മുടെ വീടുകളിൽ ഇടം നേടിയിരിക്കുന്നു. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, പൊമറേനിയൻ, ഡോബർമാൻ, പഗ്, ഡാഷ് ഹണ്ട്, ഡാൽമേഷ്യൻ എന്നിവയെല്ലാം ഇവയിൽ പ്രധാനികളാണ്. നായയെ വളർത്തുക എന്നതിലുപരി നായ വളർത്തൽ ഒരു വരുമാനമാർഗമായും പലരും ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നു. നല്ല ജനുസിൽപ്പെട്ട നായ്‌ക്കളെ വളർത്തുകയും അവയുടെ പ്രജനനത്തിലൂടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുകയും ഈ നായ്‌ക്കുട്ടികളെ വിൽക്കുന്നതിലൂടെ വരുമാനം നേടുകയും ചെയ്യുന്ന ഒട്ടേറെ പേർ ഇന്നുണ്ട്.
പുതിയ നായ്ക്കുഞ്ഞുങ്ങളെ വാങ്ങുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയുടെ വംശശുദ്ധിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. മിക്കവാറും എല്ലാവരും നായ്ക്കുഞ്ഞുങ്ങളെ വാങ്ങുന്നത് വളരെ ചെറിയ പ്രായത്തിലാണ്. എന്നാൽ, ഈ സമയത്ത് ഇതിന്റെ വംശശുദ്ധിയോ സ്വഭാവഗുണങ്ങളോ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിക്കില്ല. കുട്ടികൾ വളർന്നു നാലഞ്ചു മാസം ആകുമ്പോഴാണ് പലരും തങ്ങൾക്ക് പിഴവ് പറ്റിയ വിവരം മനസിലാക്കുന്നത്. ഈ പ്രായം ആകുമ്പോൾ നായ്ക്കളിൽ വംശസ്വഭാവവ്യത്യാസങ്ങൾ പ്രകടമാകും. ഒരു പുതിയ നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിൽ ഒരു അവബോധം ആവശ്യമാണ്.
നാം ഒരു നായ്ക്കുട്ടിയെ വളർത്താൻ ആഗ്രഹിക്കുമ്പോൾത്തന്നെ നായയെ വളർത്താൻ ആവശ്യമായ ഭൗതികസാഹചര്യം നമുക്ക് ഉണ്ടോയെന്ന് വിലയിരുത്തണം. ഉദാഹരണത്തിന് വീട്ടിൽ മുറ്റമോ പുൽത്തകിടിയോ ചുറ്റുമതിലോ ഉണ്ടോ, ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നതെങ്കിൽ അവിടെ നായ വളർത്താൻ ആവശ്യമായ സൗകര്യം ഉണ്ടോ, അതുപോലെ അയൽക്കാർ എങ്ങനെ പ്രതികരിക്കും എന്നിവയൊക്കെ പരിഗണിക്കണം. തുടർന്ന് ഏതു വലുപ്പത്തിലുള്ള നായയെ വേണം - വലുപ്പം കൂടിയത്, ഇടത്തരം അല്ലെങ്കിൽ ചെറുത്, ആൺ നായ്ക്കുട്ടിയെയോ അതോ പെൺ നായ്ക്കുട്ടിയെയോ വേണ്ടത്, രോമമുള്ളത് വേണോ രോമം കുറഞ്ഞത് വേണോ എന്നിവയെല്ലാം വിലയിരുത്തണം. ശേഷം ഏത് ജനുസിൽപ്പെട്ട നായയാണ് നമുക്ക് വേണ്ടതെന്നു തീരുമാനിക്കണം.
ഇനം തീരുമാനിച്ചതിനു ശേഷം, ഒരു നല്ല നായ്ക്കുട്ടിയെ വാങ്ങുന്നതിനായി കെന്നൽ ക്ലബ്ബുകളുടെയോ, വെറ്ററിനറി ഡോക്ടർമാരുടെയോ സഹായം തേടാവുന്നതാണ്. അവർക്ക് നിങ്ങളെ നായ വളർത്തുകാരെ പരിചയപ്പെടുത്താനും കൂടെത്തന്നെ ജനുസിന്റെ എല്ലാ സവിശേഷതകളോടും കൂടിയ നായക്കുട്ടിയെ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുവാനും കഴിയും. 45 ദിവസം മുതൽ 65 വരെ ദിവസം പ്രായമുള്ളവയെ വാങ്ങുന്നതാണ് ഉത്തമം.

ഒരു ആരോഗ്യമുള്ള നായ്ക്കുട്ടി ഉത്സാഹിയും നല്ല ചുറുചുറുക്കും തിളക്കമുള്ള കണ്ണുകളോട് കൂടിയതും സൗന്ദര്യവും ഓമനത്തവും ഉള്ളതും ആയിരിക്കും. നാക്കും മോണയും പിങ്ക് നിറമുള്ളതായിരിക്കണം. വയറ് ചാടിയതായിരിക്കരുത്. അതുപോലെ പേടിച്ച് ഒളിച്ച് നിൽക്കുന്നതിനെയും പിന്നിൽ പതുങ്ങി നിൽക്കുന്നതിനെയും ഒഴിവാക്കുക. അയഞ്ഞുവഴക്കമുള്ള ചർമ്മവും തിളക്കമുള്ള രോമപാളിയും നല്ല നായകുട്ടിയുടെ ലക്ഷണമാണ്. മൂക്കിൽനിന്നും വായിൽനിന്നും സ്രവം ഒഴുകുന്നതിനെയും, ശരാശരി ശരീരഭാരത്തിനേക്കാൾ (ജനുസിനനുസരിച്ച്) ഭാരം കുറഞ്ഞതിനെ ഒഴിവാക്കണം.
ഒരു പ്രസവത്തിൽ ഉണ്ടായ കുട്ടികളുടെ എണ്ണം സാധാരണയേക്കാൾ കൂടുതൽ ആണെങ്കിൽ ചിലതിനു വലുപ്പക്കുറവ് ഉണ്ടായേക്കാം. അവർ വേഗം തന്നെ മെച്ചപ്പെട്ടോളും. കുഞ്ഞുങ്ങളെ വാങ്ങുന്നതിന് മുൻപ് അവയുടെ ബ്രീഡിങ് വിവരങ്ങൾ ചോദിച്ച് മനസിലാക്കണം. രക്തബന്ധമുള്ള നായ്ക്കൾ തമ്മിൽ ഇണ ചേർന്നുണ്ടാവുന്ന കുഞ്ഞുങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണിത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചയും രോഗപ്രതിരോധ ശേഷിയുമെല്ലാം കുറവായിരിക്കും എന്നുമാത്രമല്ല ജനിതകരോഗങ്ങൾക്കും സാധ്യത ഏറെയാണ്.
ഏതെങ്കിലും തരത്തിലുള്ള വൈകല്യമുള്ളവയെ ഒഴിവാക്കണം. കാരണം ശ്വാനപ്രദർശനങ്ങളിൽ അവ പിന്തള്ളപ്പെട്ടേക്കാം. ജനുസിന്റെ എല്ലാ സവിശേഷതകളും ഉണ്ടെന്നു ഉറപ്പുവരുത്തുക. പുറത്തോട്ടോ അകത്തോട്ടോ ഉന്തി നിൽക്കുന്ന താടിയെല്ലുകൾ, നിരതെറ്റിയ പല്ലുകൾ ഇവയൊക്കെ ഒഴിവാക്കണം. കണ്ണുകളും കൃഷ്ണമണിയും ഒരേ നിറവും ആകൃതിയും ഉള്ളതും, വാൽ മുറിച്ചതാണെങ്കിൽ (tail docking) മുറിവ് നന്നായി ഉണങ്ങിയതും കൈകാലുകളിൽ തുല്യയെണ്ണം വിരലുകൾ ഉള്ളവയും ആയിരിക്കണം. ചെവികൾ വൃത്തിയുള്ളതും ദ്രാവകങ്ങൾ ഒഴുകാത്തതും ആവണം. സാധിക്കുമെങ്കിൽ നായകുട്ടിയുടെ നെഞ്ചിന്റെ മീതെ ഒന്ന് കൈയ്യോടിക്കുക മാറെല്ലിനും വാരിയെല്ലും കൂടിച്ചേരുന്നിടത്ത് മുത്തുകൾ പോലെ അനുഭവപ്പെടുകയാണെങ്കിൽ ഒഴിവാക്കണം. കാരണം അത് റിക്കറ്റ്സ് രോഗത്തിന്റെ ലക്ഷണമാണ്.
വാക്സിനേഷൻ എല്ലാം കൃത്യമായി എടുത്തോ എന്നും വിരയിളക്കാനുള്ള മരുന്ന് കൊടുത്തോയെന്നും ചോദിച്ച് ഉറപ്പു വരുത്തുക. ശാന്തമായ അന്തരീക്ഷത്തിലാവണം നായ്ക്കുട്ടിയെ വീട്ടിലേക്കു കൊണ്ടുവരുവാൻ, രാവിലെയോ വൈകുന്നേരമോ ആയാൽ ഏറ്റവും ഉത്തമം. വീട്ടിൽ കൊണ്ടുവന്നാൽ അതിനെ ഒരു തടിയുടെ പെട്ടിയിലോ അല്ലെങ്കിൽ മുറിക്കുള്ളിൽ സ്വാതന്ത്രമായോ വിടുക. അവ കിടക്കുന്നയിടത്ത് ചൂടുവെള്ളം നിറച്ച ഒരു വാട്ടർബാഗ് ഒരു ടർക്കി ടവൽ കൊണ്ട് പൊതിഞ്ഞു വെക്കുക പ്രത്യേകിച്ച് അവർ ഉറങ്ങുന്ന സമയത്ത് അത് അവർക്ക് കൂടുതൽ സുഖകരമായിരിക്കും.

ഏതു തരത്തിലുള്ള ഭക്ഷണം എപ്പോയൊക്കെയാണ് കൊടുക്കുന്നത് എന്ന് ഉടമസ്ഥനോടു ചോദിച്ചു മനസിലാക്കിയിട്ടുവേണം നായക്കുട്ടിയെ കൊണ്ടുപോരുവാൻ. അവയ്ക്ക് കൃത്യസമയങ്ങളിൽ ഭക്ഷണം കൊടുക്കുക. വേഗം ദഹിക്കുന്നതും പ്രോട്ടീൻ സമൃദ്ധവും ആയിരിക്കണം ഇത്. അമിതമായി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കുക.
മുകളിൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ വിലയിരുത്തി ഒരു ലക്ഷണമൊത്ത, നിങ്ങളുടെ വീടിന്റെ അന്തരീക്ഷത്തിനും സാഹചര്യത്തിനും ഇണങ്ങുന്ന, നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു നായക്കുട്ടിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ നായ്ക്കുട്ടി മിടുക്കനായി വളർന്നു വരികയും നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ വീടിനു ഒരു കാവലാളായി മാറുകയും ചെയ്യും.
English summary: How to Select a Puppy That's Right for You