നായ്ക്കുട്ടികളുടെ വളർച്ച; അറിയണം നാലു ഘട്ടങ്ങൾ

HIGHLIGHTS
  • മനുഷ്യർ അവരെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത വേണം
dog
SHARE

നായ്ക്കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം നടക്കുന്ന ആദ്യ മാസങ്ങൾ അവരുടെ സ്വഭാവഘടനയെ ഏറെ സ്വാധീനിക്കുന്നവയാണ്. ഓരോ ബ്രീഡിനനുസരിച്ചു ഈ ഘട്ടങ്ങൾ വ്യത്യാസപ്പെടാമെങ്കിലും ഒരു പൊതു സ്വഭാവം എല്ലാ നായ്ക്കുട്ടികളും കാണിക്കും എന്നതാണ് വാസ്തവം. ഈ കാലയളവിൽ നമ്മൾ നായ്ക്കുട്ടികൾക്ക് നൽകുന്ന കരുതലും, സ്നേഹവും ഭക്ഷണക്രമവും അനുസരിച്ചാണ് അവരുടെ ഭാവി വളർച്ചയും വികാസവും...

1. നിയോനാറ്റൽ അഥവാ നവജാത ശിശു ഘട്ടം

പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ച വരെയുള്ള കാലം. സ്പർശനത്തിലൂടെയും ഗന്ധങ്ങളിലൂടെയും ലോകത്തെ അറിയുന്ന  ഈ ഘട്ടത്തിൽ അവരുടെ കണ്ണുകളും കാതുകളും അടഞ്ഞായിരിക്കും ഇരിക്കുക. അമ്മയിൽനിന്ന് നായ്ക്കുട്ടിക്ക് ഏറ്റവും കരുതൽ കിട്ടേണ്ട ഈ ഘട്ടത്തിൽ മനുഷ്യർ അവരെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം സൂക്ഷ്മത പാലിക്കണം. ഈ ഘട്ടത്തിൽ മികച്ച പരിചരണം ലഭിക്കുന്ന നായ്ക്കുട്ടികൾ സാമൂഹികമായി ജീവിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നവയാണ്.

2. ട്രാൻസീഷനൽ  അഥവാ പരിവർത്തന ഘട്ടം

രണ്ടും മൂന്നും ആഴ്‌ച്ച പ്രായത്തിനിടയിൽ വരുന്ന ഈ ഘട്ടത്തിലാണ് മിക്ക നായ്ക്കുട്ടികളിലും കണ്ണുകളും ചെവികളും പ്രവർത്തനക്ഷമമാകുന്നത്. അതോടൊപ്പം തന്നെ കൈകാലുകളുടെ പേശികളും പ്രവർത്തിച്ചു തുടങ്ങും. ചെറിയ കരച്ചിലുകളും കടികളുമൊക്കെയായി പുറംലോകത്തോട് നായ്ക്കുട്ടികൾ ഇണങ്ങുന്നതും ഈ ഘട്ടത്തിലാണ്. അമ്മയുടെ അടുത്തുനിന്ന് അൽപം മാറിത്തുടങ്ങുന്നതും മൂന്ന് ആഴ്ചയോടടുക്കുമ്പോഴാണ്.

3. സോഷ്യലൈസേഷൻ അഥവാ സാമൂഹ്യവൽകരണ ഘട്ടം

ഒരു സമൂഹത്തിൽ ജീവിക്കാനും സഹജീവികളോട് പ്രതികരിക്കാനും ഒരു നായ്ക്കുട്ടി പഠിക്കുന്നത് ഈ ഘട്ടത്തിലാണ്. മൂന്നാഴ്ച മുതൽ മൂന്നു മാസം വരെ നീണ്ടു നില്ക്കുന്ന ഈ കാലയളവിലാണ് നായ്ക്കുട്ടി തന്റെ ചുറ്റുപാടുകളോട് ഇണങ്ങിത്തുടങ്ങുന്നത്. മനുഷ്യരോട് ഇണക്കം ഉണ്ടാക്കാൻ പറ്റിയ സമയവും ഇതു തന്നെ. ഈ കാലഘട്ടത്തിൽ ആളുകളുമായി ഇടപഴകാത്ത നായ്ക്കുട്ടികൾക്ക് മനുഷ്യരോട് അകാരണമായ ഭയം ഉണ്ടാവാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഈ കാലയളവിലാണ് അമ്മയിൽനിന്നും സഹോദരങ്ങളിൽ നിന്നും നായ്ക്കുട്ടി പറിച്ചുമാറ്റപ്പെടുന്നതും. കഴിവതും ആറു മുതൽ എട്ട്  ആഴ്ച വരെ അമ്മയോടൊപ്പം ചെലവഴിക്കുന്ന നായ്ക്കുട്ടികളാകും സമൂഹ്യവൽകരണത്തിൽ മുൻപന്തിയിൽ എന്ന് പ്രത്യേകം ഓർക്കുമല്ലോ.

4. ജുവനൈൽ അഥവാ യൗവന ഘട്ടം

സമൂഹ്യവൽകരണ ഘട്ടം മുതൽ പ്രായപൂർത്തി ആവുന്നത് വരെയുള്ള കാലയളവാണ് യൗവന ഘട്ടം. ഏകദേശം ആറു മാസം വരെ നീണ്ടു നിൽക്കാമെങ്കിലും ഈ കാലഘട്ടം ഓരോ ബ്രീഡുകൾക്കും അനുസരിച്ചു വ്യത്യാസപ്പെടാം. ശാരീരകമായ വളർച്ചയും മാനസിക വികാസവും തമ്മിൽ ഒരുപക്ഷേ വലിയ അന്തരം ഉണ്ടായേക്കാം എന്നതും ശ്രദ്ധിക്കണം. ഈ കാലഘട്ടത്തിൽ  നായകളുടെ പെരുമാറ്റ രീതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇങ്ങനെ നായ്ക്കുട്ടികളുടെ വളർച്ചാ കാലയളവിനെ നാല് ഘട്ടങ്ങളായി തരം തിരിക്കാം. ഓരോ ഘട്ടത്തിലും വേണ്ട ശ്രദ്ധയും പരിചരണവും വ്യത്യസ്തമാണെന്ന് നിങ്ങൾക്ക് മനസിലായിരിക്കുമല്ലോ. അവയെക്കുറിച്ചു വിശദമായി തന്നെ അടുത്ത ലേഖനത്തിൽ പങ്കുവയ്ക്കാം.

English summary: How Puppies Grow up to Be Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA