ADVERTISEMENT

പശുക്കളുടെ ജനിതക വൈവിധ്യ ഭൂപടത്തിൽ കേരളത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തി നമുക്ക് അഭിമാനമായി മാറിയ പശുജനുസാണ് വെച്ചൂർ പശുക്കൾ. കേരളത്തിലെ ഏക അംഗീകൃത കന്നുകാലി ഇനമായ വെച്ചൂർ പശുക്കൾക്ക് 90 സെന്റി മീറ്ററിൽ താഴെ മാത്രം ഉയരവും പശുക്കൾക്ക് ശരാശരി 130 കിലോഗ്രാമും കാളകൾക്ക് ശരാശരി 170 കിലോഗ്രാമും ഭാരവുമേ ഉണ്ടാവൂ. പുള്ളികളോ വരകളോ ഇല്ലാത്ത വെള്ളയോ എണ്ണ കറുപ്പ് അല്ലെങ്കിൽ കടും തവിട്ടു നിറമോ ഉള്ള വർണലാവണ്യമാണ്‌ വെച്ചൂർ പശുക്കൾക്ക് ഉള്ളത്. അവയുടെ വാലുകൾ നിൽക്കുമ്പോൾ നിലത്തു സ്പർശിക്കുന്ന അത്ര നീളമുള്ളതാണ്. ഉയർന്ന പൂഞ്ഞിയും വളഞ്ഞ കൊമ്പുകളുമുള്ള വെച്ചൂർ പശുക്കൾ കാഴ്ചയ്ക്കു വളരെ സൗന്ദര്യമുള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ.

കോട്ടയം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമായ വെച്ചൂരിലാണ് ഈ ഇനം കൂടുതലായി കാണപ്പെട്ടത് അതിനാൽ വെച്ചൂർ പശു എന്ന പേരിൽ പിൽക്കാലത്തു അവ അറിയപ്പെട്ടു. കേരളത്തിലെ ചൂടും  ഈർപ്പമുള്ളതുമായ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുന്ന ഇവയ്ക്ക് മറ്റു സങ്കരയിനങ്ങളെ അപേക്ഷിച്ച് പ്രതിരോധശേഷി കൂടുതലാണ്.  വലുപ്പത്തിൽ കുറിയവരാണെകിലും അനേകം പ്രത്യേകതകളാൽ മറ്റേതു കന്നുകാലി ഇനങ്ങളെക്കാളും ഇവ മുന്നിൽ നിൽക്കുന്നു. വളരുന്നതിന് ആവശ്യമായ തീറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പശു ഇനങ്ങളെക്കാൾ കൂടുതൽ പാൽ ഇവ ഉൽപാദിപ്പിക്കുന്നു. പാലിന്റെ ഗുണത്തിന്റെ കാര്യത്തിലും വെച്ചൂർ പശുക്കൾ മുൻനിരയിലാണ്.

പഠനങ്ങൾ വെളിപ്പെടുത്തുന്നത് പ്രകാരം ചെറിയ കൊഴുപ്പ് കണികൾ (fat globules) അടങ്ങിയതിനാൽ വെച്ചൂർ പശുവിന്റെ പാൽ  കുട്ടികൾക്ക് ഏറ്റവും  ഉത്തമമാണ്. കൂടാതെ വെച്ചൂർ പശുവിന്റെ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോഫെറിൻ പ്രോട്ടീനുകൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങൾ മാത്രമല്ല, ആൻറിവൈറൽ, ആന്റിട്യൂമർ, ആൻറി-ഇൻഫ്ലമേറ്ററി, ഇമ്മ്യൂണോഡിഫെൻസ് ഗുണങ്ങളുമുണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെച്ചൂർ പശുവിന്റെ പാലിൽനിന്നുൽപാദിപ്പിക്കുന്ന വെണ്ണയും നെയ്യും ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദവും സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ പ്രാദേശിക പശുക്കളിൽ എക്സോട്ടിക് ജെം പ്ലാസം ഉപയോഗിച്ച് സംസ്ഥാനത്ത് പിന്തുടർന്ന  ക്രോസ് ബ്രീഡിങ് നയങ്ങൾ കാരണം ഈ ഇനം വംശനാശത്തിന്റെ വക്കിൽ എത്തിച്ചേർന്നു. സന്തോഷകരമെന്നു പറയട്ടെ മണ്ണുത്തി വെറ്ററിനറി കോളേജ് അനിമൽ ബ്രീഡിംഗ് ആന്റ് ജനിറ്റിക്സ് പ്രൊഫസറായ ഡോ. ശോശാമ്മ ഐപ്പും അവരുടെ വിദ്യാർഥികളുടെ സംഘവും നടത്തിയ ശ്രമങ്ങളുടെ ഫലമായി ഒരുപിടി വെച്ചൂർ പശുക്കളെ തിരിച്ചറിയുന്നതിനും വംശനാശത്തിന്റെ വക്കിൽനിന്ന് രക്ഷിക്കുന്നതിനും കഴിഞ്ഞു. ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജിൽ വിപുലമായ രീതിയിൽ വെച്ചൂർ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

മറ്റു സങ്കരയിനം പശുക്കളേക്കാൾ പാലുൽപാദനം കുറവാണെങ്കിലും ഒരു കുടുംബത്തിന് ആവശ്യമുള്ള ഗുണമേന്മയുള്ള പാൽ പ്രധാനം ചെയ്യാൻ ഇവയ്ക്കാവും. അളവിലല്ല ഗണത്തിലാണ് കാര്യമെന്നു നാം തിരിച്ചറിയണം.  ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ കന്നുകാലിയിനം കൂടിയാണ് വെച്ചൂർ പശുക്കൾ. എന്റെ പൊക്കകുറവാണ് എന്റെ പൊക്കം എന്ന് തലയുയർത്തിപിടിച്ച് ലോകത്തോട് വിളിച്ച് പറയുന്ന വെച്ചൂർ പശുക്കളെ കുറിച്ച് നമുക്ക് അഭിമാനിക്കാം.

English summary: Vechur Cow, Indigenous Cattle Variety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com