ADVERTISEMENT

മൃഗപരിപാലന രംഗത്ത് പലപ്പോഴും ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് ശുദ്ധ ജനുസും (Pure breed), സങ്കരയിനവും (Cross breed). ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പലപ്പോഴും കര്‍ഷകര്‍ക്ക് മുഴുവനായി  മനസിലാക്കാന്‍ സാധിക്കുന്നില്ല. ശുദ്ധജനുസ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അംഗീകരിക്കപ്പെട്ട ഒരു ജനുസിലെ (ബ്രീഡ്) അംഗമായ ഒരു മൃഗത്തെയാണ്. ഒരു ജനുസിന്റെ അംഗമാകണമെങ്കില്‍ ആ മൃഗത്തിന്റെ പൂര്‍വികര്‍ ആ ജനുസിലെ അംഗമാകണം. അതായത് ആ മൃഗത്തിന്റെ മാതാപിതാക്കള്‍ കൂടാതെ അവരുടെ പിതാമഹരും ആ ജനുസില്‍ത്തന്നെ അംഗങ്ങളായിരിക്കണം. അത്തരം മൃഗങ്ങള്‍ക്ക് മാത്രമേ ആ ജനുസിന്റെ എല്ലാ സ്വഭാവ സവിശേഷതകളും പൂര്‍ണമായും ഉണ്ടായിരിക്കുകയുള്ളൂ. 

സങ്കരവര്‍ഗം എന്ന പദത്തിന്റെ ശാസ്ത്രീയ നിര്‍വചനം രണ്ട് ജനുസുകള്‍ തമ്മില്‍  ഇണചേര്‍ന്നുണ്ടാകുന്ന മൃഗങ്ങളാണ്. എന്നാല്‍, ജനുസുകളില്‍ ഉള്‍പ്പെടാത്ത നാടന്‍ മൃഗങ്ങളും ശുദ്ധജനുസില്‍പ്പെട്ട മൃഗങ്ങളും തമ്മില്‍ ഇണചേര്‍ന്നുണ്ടാകുന്നവയെയും സങ്കര വര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വെച്ചൂര്‍ പശുവില്‍ ജഴ്‌സി ബീജം കുത്തിവച്ചുണ്ടാകുന്ന പശുക്കുട്ടി  വെച്ചൂര്‍-ജഴ്‌സി സങ്കരയിനമാണ്. നാടന്‍ പശുവില്‍ ജഴ്‌സി ബീജം കുത്തിവച്ചുണ്ടാകുന്ന പശുക്കുട്ടി  ജഴ്‌സി സങ്കരയിനമാണ്.  ഇത്തരത്തിലെ സങ്കരവര്‍ഗത്തില്‍പ്പെട്ടവക്ക് സങ്കരവീര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സങ്കരവീര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവയ്ക്ക് ഉയര്‍ന്ന വളര്‍ച്ചയും, ഉല്‍പ്പാദനവും, പ്രത്യുല്‍പ്പാദനക്ഷമതയും ഉണ്ടാകുന്നു എന്നതാണ്. ഇത്തരത്തിലുള്ള സങ്കരവീര്യം തുടര്‍ തലമുറകളില്‍ നിലനിര്‍ത്താന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും  സങ്കരവര്‍ഗത്തില്‍പ്പെട്ടവയുടെ സന്തതികള്‍ക്ക് അവയുടെ മാതാപിതാക്കളുടെ അത്രയും ഉല്‍പ്പാദനം ഇല്ലാത്തത്. ഇതിനെ മറികടക്കാന്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കേണ്ടിവരും. 

കേരളത്തിലെ സാഹചര്യത്തില്‍  നാടന്‍ പശുക്കള്‍ക്ക്  ഉൽപാദനം കുറവായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പശുക്കളെ വളര്‍ത്തുമ്പോള്‍ കൂടുതല്‍ ഉൽപാദനക്ഷമതയുള്ള പശുക്കള്‍  ആവശ്യമാണ്. ശുദ്ധജനുസില്‍പ്പെട്ട വിദേശ വർഗം പശുക്കള്‍ക്ക് കൂടുതല്‍  ഉൽപാദനമുണ്ടെങ്കിലും  ഇവിടത്തെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാന്‍ പ്രയാസമാണ്. താരതമ്യേന കൂടുതല്‍ ഉൽപാദനമുള്ള  ഇന്ത്യന്‍ ജനുസുകളായ സഹിവാള്‍, ഗിര്‍ എന്നിവയെയോ, വിദേശജനുസുകളുടെ സങ്കരവര്‍ഗങ്ങളേയോ പോറ്റുകയാണ് കര്‍ഷകര്‍ക്കുള്ള രണ്ടു വഴികള്‍. സങ്കരവര്‍ഗത്തില്‍പ്പെടുന്ന പശുക്കളെ കിട്ടാന്‍ താരതമ്യേന എളുപ്പമാണ് എന്നതും അവയ്ക്ക് ശുദ്ധ ഇന്ത്യന്‍  ജനുസുകളെക്കാള്‍ ഉൽപാദനമുണ്ട് എന്നതുകൊണ്ടും സങ്കരവര്‍ഗം പശുക്കളെ വളര്‍ത്തുന്നതാകും കേരളത്തിലെ വാണിജ്യാടിസ്ഥാനത്തിലുള്ള പശു വളര്‍ത്തലിന് കൂടുതല്‍ നല്ലത്. 

ആടുകളുടെ കാര്യത്തില്‍ ഇതു നേരെ മറിച്ചാണ് കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ സാന്ദ്രതയും, മഴയും കാരണം വിദേശ ജനുസുകളിലോ രണ്ടു ശുദ്ധ ഇന്ത്യന്‍ ജനുസുകളിലോ പെടുന്ന ആടുകളേക്കാള്‍ നല്ല ഉൽപാദനം നല്‍കുന്നത് തനതു ജനുസായ മലബാറിയാണ്. അതിനാല്‍ തന്നെ കേരളത്തിലെ ആടുവളര്‍ത്തലിന് ഏറ്റവും അനുയോജ്യം ശുദ്ധജനുസായ മലബാറിയാണ്. വരണ്ട കാലാവസ്ഥയുള്ള പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളില്‍ അട്ടപ്പാടി ബ്ലാക്ക് ആടുകളെയും വളര്‍ത്താം. 

മുയലുകളുടെ കാര്യത്തില്‍ ലഭ്യമായ മിക്ക ജനുസുകളും വിദേശികളാണ്. ഇവയിൽ ശുദ്ധജനുസുകളെ തമ്മില്‍ ഇണചേര്‍ത്ത് സങ്കരയിനമാക്കി വളര്‍ത്താം. സങ്കരവർഗം മുയലുകള്‍ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകും. അതിനാല്‍ത്തന്നെ ഇറച്ചിക്കായി വളർത്തുമ്പോൾ അവയെ വളര്‍ത്തുന്നതായിരിക്കും നല്ലത്. അതായത്, വിവിധ ശുദ്ധജനുസില്‍പ്പെടുന്ന മുയലുകളെ പ്രജനനത്തിനായി നിര്‍ത്തി ഇവ ഇണചേര്‍ന്നുണ്ടാകുന്ന സങ്കരവര്‍ഗങ്ങളെ മാംസാവശ്യത്തിന് ഉപയോഗിക്കുന്നതാകും അഭികാമ്യം. ചുരുക്കത്തിൽ പ്രജനനത്തിനായുള്ള മാതൃശേഖരം ശുദ്ധജനുസായിരിക്കണമെന്നു സാരം.

മാംസോല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന ജീവജാതികളില്‍ സങ്കരവീര്യം ഉണ്ടാകുന്നത് കൂടുതല്‍  വളര്‍ച്ചയ്ക്ക് കാരണമാകും. മുയലുകളിലും, കോഴികളിലും, പന്നികളിലും അതിനാല്‍ തന്നെ സങ്കരപ്രജനനത്തിന്  പ്രസക്തിയേറെയുണ്ട്.

അന്തഃപ്രജനനം  (Inbreeding)

അന്തഃപ്രജനനമെന്നത് രക്തബന്ധമുള്ള മൃഗങ്ങള്‍ തമ്മില്‍ ഇണ ചേര്‍ന്ന്  സന്തതികളെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൃഗങ്ങള്‍ക്ക് വളര്‍ച്ചാ മുരടിപ്പും,  ജനിതക രോഗങ്ങളും, കുറഞ്ഞ ഉല്‍പ്പാദനവും സംഭവിക്കാം. അതുകൊണ്ടാണ് രക്തബന്ധമുള്ള മൃഗങ്ങള്‍ തമ്മിലുള്ള ഇണചേരല്‍ നിരുത്സാഹപ്പെടുത്തുന്നത്. ശാസ്ത്രീയമായ കാരണങ്ങള്‍ക്കൊണ്ടാല്ലാതെ മൃഗങ്ങളുടെ പ്രജനനത്തിന് അന്തഃപ്രജനന രീതികള്‍ ഉപയോഗിക്കാറില്ല. 

നിരപ്രജനനം (Line breeding)

നിരപ്രജനനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു അത്യപൂര്‍വമായ പൂര്‍വികന്റെ സ്വഭാവസവിശേഷതകള്‍ ഒരു കൂട്ടം മൃഗങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമത്തെയാണ്. ആ പ്രത്യേക പൂർവികനുമായി രക്തബന്ധമുള്ള മൃഗങ്ങളെ മാത്രം ഉപയോഗപ്പെടുത്തി പ്രജനന പദ്ധതി തയാറാക്കി തലമുറതോറും പ്രജനനം നടത്തിയാല്‍ ഉണ്ടാകുന്ന സന്തതി പരമ്പരകള്‍ക്ക്  ആ ആത്യപൂർവ പൂർവികന്റെ സവിശേഷതകള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള പ്രജനനത്തെ അന്തഃപ്രജനനത്തിന്റെ ഒരു രീതിയായി കണക്കാക്കാം. സാധാരണയായി വാണിജ്യാടിസ്ഥാനത്തിലുള്ള മാംസമൃഗങ്ങളുടെ പ്രജനന നിരകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ രീതി ഉപയോഗിക്കാറുണ്ട്. തീവ്രമായ അന്തഃപ്രജനന മല്ലാത്തതിനാല്‍ നിരപ്രജനനം മൂലം അന്തഃപ്രജനനത്തിന്റെ ഭവിഷ്യത്തുകള്‍ മുഴുവന്‍ ഉണ്ടാകില്ല. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക്  ഇത്തരം നിരകള്‍ (Lines) ഉപയോഗിക്കാറുണ്ട്.

English summary: Which is better for the animals, Pure-breeding or Cross-breeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com