ADVERTISEMENT

എല്ലാ ജീവജാലങ്ങളെയും പോലെ തന്നെ നായകളിലും കുട്ടികൾക്ക് കൂടുതൽ കരുതൽ ആവശ്യമാണ്. കരുതൽ നൽകുന്നത് മനുഷ്യരോ അവരുടെ അമ്മയോ ആയിക്കൊള്ളട്ടെ, വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ആ സ്നേഹസ്പർശം അനിവാര്യമാണ്.

ആദ്യ രണ്ടാഴ്ചകളിൽ  തങ്ങളുടെ അമ്മയുടെയും സഹോദരങ്ങളുടെയും സാമീപ്യമാണ് നായ്ക്കുട്ടികൾ ഇഷ്ടപ്പെടുന്നത്. അമ്മയോട് ചേർന്ന് ആ ചൂടിൽ കിടക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. രണ്ടാഴ്ച്ച പ്രായം ആകുന്നതോടു കൂടി കണ്ണുകൾ തുറന്നു വരുമെങ്കിലും പൂർണ കാഴ്ചയാവാൻ വീണ്ടും സമയമെടുക്കും.

മൂന്നാമത്തെ ആഴ്ചയിൽ പല്ലുകൾ മുളച്ചു വരുന്നതോടൊപ്പം തന്നെ നടക്കാനും കുടിക്കാനും നായ്ക്കുട്ടികൾ  ശീലിച്ചു തുടങ്ങും. ഗന്ധങ്ങൾ തിരിച്ചറിയാനും ഈ പ്രായത്തിൽ സാധിക്കും. ഈ ഘട്ടം മുതൽ മനുഷ്യർക്ക് നായ്ക്കുട്ടികളെ ചെറിയ രീതിയിൽ താലോലിച്ചു തുടങ്ങാം. അത് ഭാവിയിൽ മനുഷ്യരോട് കൂടുതൽ ഇണങ്ങാൻ  സഹായിക്കും.

നാലു മുതൽ അഞ്ച് ആഴ്ച പ്രായം ആകുമ്പോഴേക്ക് ചെറിയ രീതിയിൽ കളിക്കാനും കുരയ്ക്കാനും തുടങ്ങും. കാഴ്ചശക്തിയും, കേൾവിശക്തിയും ഘ്രാണശക്തിയും ഈ കാലയളവിൽ വർധിച്ചു വരുന്നതായി കാണാം. ഖരാഹാരം കഴിച്ചു തുടങ്ങുന്നതും ടോയ്‌ലറ്റ് സ്വഭാവങ്ങൾ ശീലിക്കുന്നതും ഈ കാലയളവിലാണ്.

എട്ടാഴ്ചയോടു കൂടി നായ്ക്കുട്ടിയുടെ മുഖം, കണ്ണുകൾ, ചെവികൾ എന്നിവ കൂടുതൽ  ഭാവപ്രകടനങ്ങൾ നടത്തിതുടങ്ങും. കൂടുതൽ ജിജ്ഞാസയും ജാഗ്രതയും കാണിക്കുന്നതും ഈ കാലയളവിൽ തന്നെയാണ്. കൂടാതെ, നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ നായ്ക്കുട്ടി ഇണങ്ങി തുടങ്ങുന്നതും ഈ പ്രായത്തിലാണ്. അതിന് ശേഷം നിങ്ങൾക്ക് വേണ്ടതായ പരിചരണവും പരിശീലനവും നൽകിത്തുടങ്ങാം. തന്റെ അമ്മയിൽ നിന്ന് പിരിഞ്ഞു വരുന്ന കുട്ടിക്ക് ആവോളം ശ്രദ്ധ നൽകാൻ പ്രത്യേകം ഓർക്കുമല്ലോ.

അതോടൊപ്പം തന്നെ നമ്മുടെ നായ്ക്കുട്ടിയെ ഒരു വെറ്ററിനറി ഡോക്ടറുടെയടുക്കൽ ആദ്യമായി കൊണ്ടുപോകുന്നത് മൂന്ന് ആഴ്‌ച്ച മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന  സാമൂഹ്യവൽകരണ ഘട്ടത്തിലായിരിക്കും. ഈ സമയത്ത് നായ്ക്കുട്ടിക്ക് ലഭിക്കുന്ന പോസിറ്റീവ് അനുഭവങ്ങൾ തുടർന്നുള്ള സന്ദർശനങ്ങളിൽ ഡോക്ടറോട് സഹകരിക്കാൻ കൂടി സഹായിക്കും. അത്യുത്സാഹികളായ നായ്ക്കുട്ടികൾ ആശുപത്രിയിൽ കൊണ്ടുപോയാൽ അടങ്ങിയിരിക്കില്ല. അവിടെ അങ്ങോട്ടുമിങ്ങോട്ടും നിരന്തരം ഓടിക്കളിക്കും. നിങ്ങളുടെ നായ്ക്കുട്ടി സ്മാർട്ട് ആണ് എന്നതിന്റെ ഒരു തെളിവ് കൂടിയാണത്.

English summary: How to Take Care of a Puppy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com