ADVERTISEMENT

സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച ദിനങ്ങളിലെ ഒരു ഞായറാഴ്ചയിലാണ് എറണാകുളം നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ ടീച്ചറും ഭർത്താവും മൃഗാശുപത്രിയിലെത്തിയത്. ലോക് ഡൗൺ  ആദ്യമായി പ്രഖ്യാപിച്ച സമയമായതിനാൽ എമർജൻസി കേസുകൾ കഴിഞ്ഞപ്പോഴേക്കും ഒപി തിരക്കിനൊരൽപം ശാന്തത തോന്നി. അതുകൊണ്ട് ഈ കുടുംബവുമായി അൽപസമയം കൂടുതൽ ചെലവഴിക്കാനും സംസാരിക്കാനും അവസരം കിട്ടി. തങ്ങൾ വളർത്തുന്ന മൂന്ന് പൂച്ചകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കാനും രക്തം, മലം എന്നിവയുടെ പരിശോധനക്കുമായിട്ടാണ്  അവരെത്തിയത്. രക്തം പരിശോധിച്ച് കുത്തിവയ്പ്പുകൾ എടുത്ത് കാർഡിൽ ഒപ്പിട്ട് കൈമാറുന്നതിനിടയിൽ അവർ പറഞ്ഞു; ‘പൂച്ചകളെയെല്ലാം തൽകാലത്തേക്ക് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കാൻ  ഒരുങ്ങുകയാണ് ഡോക്ടർ, അതുകൊണ്ടാണ് ഈ ലോക്ക് ഡൗണിനിടയിൽ തന്നെ വന്ന് തിരക്കിട്ട് കുത്തിവയ്പ്പുകൾ എടുത്തത്!’

എന്റെ കണ്ണിലെ അത്ഭുതം കണ്ടിട്ടാവണം,  അവർ തുടർന്നു, ‘എനിക്ക് രണ്ടു തവണ അബോർഷൻ ആയിരുന്നു, കഴിഞ്ഞയാഴ്ച ഗൈനക്കോളജിസ്റ്റിനെ...’

 ഇത്രയും പറഞ്ഞു തീർത്തപ്പോൾ തന്നെ വില്ലന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.  ‘ടോക്സോപ്ലാസ്മ’

‘അതേ, അത് തന്നെ!’

പൂത്തു വിടർന്നു നിൽക്കുന്ന ഓർക്കിഡ് ചെടികൾ ടീച്ചർക്ക് വലിയ ഇഷ്ട്ടമാണ്. പലപ്പോഴും ഒഴിവ് ദിനങ്ങളിൽ മണിക്കൂറുകളോളം മണ്ണിൽ കൈകൾ കൊണ്ട്  കുഴിച്ചും ചെടിച്ചട്ടിയിൽ മണ്ണ് നിറച്ചുമൊക്കെ  അങ്ങനെ നിൽക്കും. പൂക്കളുടെയും ചെടികളുടെയും സാന്നിധ്യം ഇഷ്ട്ടപ്പെടുന്ന മറ്റൊരാൾ കൂടി  വീട്ടിലുണ്ടായിരുന്നു. വീട്ടിലെ പൂച്ച! അതിന് അസുഖം ബാധിച്ചപ്പോൾ  മിക്കവാറും ദിവസങ്ങളിലൊക്കെ ഈ ചെടികളുടെ ചുവട്ടിലാണ് മലവിസർജനം ചെയ്യുക. ഈ മണ്ണിൽനിന്നാണ്  ആദ്യമായി ടോക്സോപ്ലാസ്മ അണുക്കൾ ടീച്ചറുടെ കൈകളിൽ സ്പർശിക്കുന്നത്. 

മാസങ്ങൾക്ക് മുൻപ് പൂച്ചകൾ വില്ലനായ മറ്റൊരു സന്ദർഭം കൂടി ഓർക്കുന്നു.  ഇതിലെ കഥാപാത്രം കിഡ്നി ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞ ഒരു റിട്ടയേർഡ് പട്ടാളക്കാരനാണ്. ട്രാൻസ്‌പ്ലാന്റ് ചികിത്സയുടെ ഭാഗമായി വലിയ അളവിൽ ഗ്ലുക്കോകോർട്ടിക്കോയ്ഡ്  മരുന്നുകൾ കഴിക്കുമായിരുന്നു അദ്ദേഹം.  സ്റ്റിറോയ്ഡ് മരുന്നുകളുടെ ഫലമായി ഇമ്മ്യൂണിറ്റി തളർന്നിരുന്ന അദ്ദേഹത്തിന് ടോക്സോപ്ലാസ്മ പിടിപെടുന്നതും സമാനമായ സാഹചര്യങ്ങളിലൂടെയാണ്. 

എന്താണ്  ടോക്സോപ്ലാസ്മോസിസ് (Toxoplasmosis) രോഗം? 

ലോകത്തെമ്പാടുമുള്ള മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കാൻ ശേഷിയുള്ള പ്രോട്ടോസോവ ഇനത്തിൽ പെട്ട ഏകകോശ  പരാന്ന സൂക്ഷ്മജീവിയാണ് ടോക്സോപ്ലാസ്മ (Toxoplasma gondii). അതുണ്ടാക്കുന്ന രോഗത്തിന്റെ പേരാണ് ടോക്സോപ്ലാസ്മോസിസ്. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമായതിനാൽ ഇതിനെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരിൽ ഗർഭം അലസൽ, ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പേശീ വേദന, പനി എന്നീ ലക്ഷണങ്ങളാണ് കണ്ടു വരാറ്. 

ഈ ജീവിയുടെ വളർച്ചയുടെ ഘട്ടത്തിൽ മനുഷ്യനും മറ്റു മൃഗങ്ങളും  മുതൽ എലി വരെയുള്ള അനേകം  ജീവികളെ (intermediate host) ഉപയോഗിക്കാമെങ്കിലും ഇവയുടെ സ്ഥിരതാവളം (definitive host) പൂച്ചകളാണ്.  സാധാരണ ഗതിയിൽ ഈ അണുബാധ ചെറുക്കാനുള്ള പ്രതിരോധ ശേഷി ഭൂരിഭാഗം മനുഷ്യരുടെയും ശരീരത്തിനുണ്ട്. എന്നാൽ, ചില പ്രത്യേക ശാരീരികാവസ്ഥകളിൽ നാം ഇവരെ സൂക്ഷിക്കേണ്ടതാണ്. 

മൃഗങ്ങൾക്ക് രോഗം ബാധിക്കുന്നത് എങ്ങനെ? 

അണുബാധയുള്ള പൂച്ചയുടെ കാഷ്ഠത്തിൽ ടോക്സോപ്ലാസ്മാ  ഊസിസ്റ്റ് (oocyst) അടങ്ങിയിട്ടുണ്ടാകും.  ഇരുപത്തിനാലു മണിക്കൂർ വരെ ഊസിസ്റ്റുകൾക്ക് ഇൻഫെക്ഷൻ ഉണ്ടാക്കാനുള്ള കഴിവില്ല.  ഭൂരിപക്ഷം പൂച്ചകളും മലവിസർജനത്തിനു ശേഷം അത് മണ്ണിട്ട് മൂടുന്ന ശീലം പ്രകടിപ്പിക്കാറുണ്ട്. ഇനി പൂച്ചകൾ ജീവിക്കുന്ന പരിസരം ഫ്ലാറ്റ് ആണെങ്കിൽ  ഭൂരിപക്ഷം വീട്ടുകാരും പൂച്ചകൾ ഉപയോഗിക്കുന്ന  ‘ലിറ്റർ ട്രേ’ ദിവസേന മാറ്റാറുണ്ട്. 

ഇത്തരം അവസ്ഥകളിൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കുറവാണ്.  എന്നാൽ മണ്ണിട്ട് മൂടാത്ത അവസ്ഥയിൽ ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ ഊസിസ്റ്റ്കൾ അടങ്ങിയ പൂച്ചയുടെ മലം തുറസായ  വായുവുമായി പ്രവർത്തിക്കുമ്പോൾ  അത് സ്പോറുലേഷൻ (sporulation) എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നു.  അതോടു കൂടി ഇൻഫെക്ഷൻ ഉണ്ടാക്കാൻ ശേഷിയുള്ള  ടോക്സോപ്ലാസ്മ ജനിക്കുന്നു. ഈ ഘട്ടത്തിൽ  മണ്ണുമായി ഇടപെടുന്ന മനുഷ്യരുടെ തൊലിയിലെ ചെറിയ  മുറിവുകളിലൂടെയാണ്  അസുഖം കയറിപ്പറ്റുന്നത്.  

മറ്റൊരു പ്രധാന വഴി ടോക്സോപ്ലാസ്മാ അണുക്കൾ പറ്റിയ പുല്ല്,  ഇലകൾ എന്നിവ ആട്, എരുമ, പശു മുതലായ മൃഗങ്ങൾ ഭക്ഷിക്കുമ്പോഴാണ്. ഇത്തരത്തിലുള്ള മൃഗങ്ങളിൽ രോഗലക്ഷണം ഉണ്ടാകില്ലെങ്കിലും ഇവയുടെ മാംസത്തിൽ ബ്രാഡിസോവൈറ്റ്  (Bradyzoite) രൂപത്തിൽ ഈ അണുക്കൾ കുറേ നാളുകൾ  ജീവിക്കുന്നു. ഇവയുടെ മാംസം  പിന്നീട് പൂർണമായും വേവാത്ത അവസ്ഥയിൽ മനുഷ്യർ ഭക്ഷിച്ചാൽ അവർക്ക് അതിൽനിന്നും ഇൻഫെക്ഷൻ ലഭിക്കുന്നു.

മനുഷ്യർക്ക് അണുബാധയുണ്ടാകുന്ന വിധം? 

  1. ടോക്സോപ്ലാസ്മ  രോഗം ബാധിച്ച പൂച്ചകളുടെ കാഷ്ഠവുമായി സ്പർശിക്കുമ്പോൾ.
  2. ഈ രോഗമുള്ള  മൃഗങ്ങളുടെ മാംസം പൂർണമായും വേവാത്ത അവസ്ഥയിൽ  കഴിക്കുമ്പോൾ.
  3. രോഗം ബാധിച്ച പശുക്കളുടെ പാൽ തിളപ്പിക്കാതെ കുടിക്കുമ്പോൾ. 
  4. ഗർഭത്തിലൂടെ ശിശുവിന് ലഭിക്കുന്ന ഇൻഫെക്ഷൻ

സൂക്ഷിക്കേണ്ടവർ ആരൊക്കെ? 

ഗർഭിണികൾ, കാൻസറിന്‌ കീമോതെറാപ്പി ചെയ്യുന്നവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, എയ്ഡ്സ് രോഗികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ,  ഇമ്മ്യൂണിറ്റി തകരാറിലാക്കുന്ന തരത്തിലുള്ള  എന്തെങ്കിലും അസുഖം ബാധിച്ചവർ.

പൂച്ചകളിൽ കാണപ്പെടുന്ന രോഗ ലക്ഷണങ്ങൾ ഏതൊക്കെ?

വിശപ്പില്ലായ്മ,  തൂക്കക്കുറവ്,  ന്യൂമോണിയ,  ഇടയ്ക്കിടെ വരുന്ന പനി,  മഞ്ഞപ്പിത്തം,  വയറിളക്കം,  നേത്ര രോഗങ്ങൾ എന്നിവയാണ് മുതിർന്ന പൂച്ചകളിൽ കാണിക്കുന്ന ലക്ഷണം. എന്നാൽ കൂടുതൽ തീവ്രമായ ലക്ഷണം കാണിക്കുന്നത് പൂച്ചക്കുട്ടികളാണ്.  പലപ്പോഴും ഇവക്ക് ഇൻഫെക്ഷൻ ലഭിക്കുന്നത് അമ്മപ്പൂച്ചയുടെ പാലിൽ നിന്നോ ഗർഭാവസ്ഥയിൽ തന്നെയോ ആണ്.  പൂച്ചക്കുട്ടികൾ ഒന്നുകിൽ ജനനത്തോടെ മരിക്കുന്നു,  അല്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ മരണം സംഭവിക്കുന്നു.  എപ്പോഴും കരയുക, വളർച്ചയില്ലാതിരിക്കുക,  വയറ്റിൽ വെള്ളം കെട്ടി നിൽക്കുക, പക്ഷാഘാതം, നാഡീവ്യൂഹരോഗങ്ങൾ എന്നവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണം. മരിച്ച ശേഷം പോസ്റ്റ്മോർട്ടം  ചെയ്ത് കരൾ,  ശ്വാസകോശം,  നാഡീവ്യൂഹം എന്നിവ പരിശോധിച്ചാലേ രോഗം കൃത്യമായി  സ്ഥിരീകരിക്കാനാകൂ.   

രോഗം ബാധിച്ച പൂച്ചയെ സ്പർശിച്ചാൽ രോഗം വരുമോ?

ഇല്ല. 24 മണിക്കൂറിൽ കൂടുതൽ തുറസായി മണ്ണിൽ കിടക്കുന്ന പൂച്ചയുടെ കാഷ്ഠത്തിൽ സ്പർശിക്കുന്നത് മാത്രമാണ് അപകടം. പൂച്ചകൾ എപ്പോഴും സ്വയം നക്കി വൃത്തിയാക്കുന്ന ശീലക്കാരായതിനാൽ അതിന്റെ രോമത്തിൽ അണുക്കൾ ഒരിക്കലും നിലനിൽക്കില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

ഇൻഫെക്ഷൻ കിട്ടിക്കഴിഞ്ഞാൽ ആദ്യ രണ്ടാഴ്ച മാത്രമേ പൂച്ചകൾ ഊസിസ്റ്റ് പുറത്തു വിടുകയുള്ളു. അതിനാൽ തന്നെ രക്തത്തിൽ ടോക്സോപ്ലാസ്മ ആന്റിബോഡിയുടെ സാന്നിധ്യമുള്ള എല്ലാ പൂച്ചകളും അപകടകാരികളല്ല. എന്നാൽ പൂച്ചകളുടെ എയ്ഡ്സ് എന്നറിയപ്പെടുന്ന FIV രോഗം ബാധിച്ചാലോ ഏതെങ്കിലും ചികിത്സയുടെ ഭാഗമായി ദീർഘനാൾ ഇമ്മുണോസപ്പ്രസ്സീവ്  (immunosuppressive) മരുന്നുകൾ ഇത്തരം പൂച്ചകൾക്ക്  കൊടുത്താലോ ഊസിസ്റ്റ് വീണ്ടും പുറത്തു വിടാനുള്ള സാധ്യത കൂടുന്നു. 

പൂച്ചയെ വളർത്തുന്നതും ഓമനിക്കുന്നതും സുരക്ഷിതമാണ്,  എന്നാൽ ചില ശാരീരിക അവസ്ഥകളിൽ നാം ജന്തുജന്യ രോഗങ്ങളെ കരുതിയിരിക്കണം എന്നു മാത്രം. അകത്തു വളർത്തുന്ന പൂച്ചകളാണെങ്കിൽ ലിറ്റർ ബോക്സ് എല്ലാ ദിവസവും മാറ്റേണ്ടത് നിർബന്ധമാണ്. 

അതുപോലെ ഇറച്ചി പാകം ചെയ്യുമ്പോൾ ഗർഭിണികൾ കയ്യുറകൾ ധരിക്കുന്നതും ഈ ഇൻഫെക്ഷൻ ഒഴിവാക്കാൻ സഹായകരമാകും. കുടിവെള്ളത്തിന്റെ ടാങ്കിലോ മറ്റു ജലാശയങ്ങളിലോ പൂച്ചയുടെ മാലിന്യങ്ങൾ കലർന്നാൽ ആ വെള്ളത്തിലൂടെ ഇൻഫെക്ഷൻ വരാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.  എന്നാൽ വെള്ളം തിളപ്പിച്ചു കുടിച്ചാൽ ഈ സാധ്യതയെയും പൂർണമായും ഒഴിവാക്കാം.

English summary: Are Cats a Threat to Pregnancy?, Pregnancy and toxoplasmosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com