ADVERTISEMENT

നായ്ക്കള്‍ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞു വരികയും, തളര്‍ന്നുകിടക്കുന്നതുമൊക്കെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഒരുപക്ഷേ ഇത് ബബീസിയോസിസ് രോഗത്തിന്റെ ലക്ഷണങ്ങളാകാം. 

അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍  ഇന്ന് പ്രധാനമായും നേരിടുന്ന ഒരു വെല്ലുവിളിയാണ് ഈ രോഗം. തുടക്കത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളെ  ബാധിക്കുകയും മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുണ്ട്. 

ബബീസിയോസിസ് എന്നാല്‍ എന്ത്?

ഓമനമൃഗങ്ങളില്‍ മരണം വരെയുണ്ടാക്കാന്‍ കഴിവുള്ള രക്തപരാദങ്ങളാണ് ബബീസിയോസിസ്. ബബീസിയ കാനിസ്, ബബീസിയ ഗിബ്സോണി എന്നീ രോഗാണുക്കളാണ് നായ്ക്കളില്‍ ബബീസിയോസിസ് ഉണ്ടാക്കുന്നത്. 

രോഗവ്യാപനം  എങ്ങനെ?

രോഗാണുക്കള്‍ നായ്ക്കളുടെ ശരീരത്തിലേക്ക് എത്തുന്നത് പട്ടുണ്ണി/വട്ടന്‍ (Tick) എന്ന  ബാഹ്യപരാദങ്ങള്‍ വഴിയാണ്. ബബീസിയയുള്ള നായ്ക്കളില്‍നിന്ന് രക്തം  സ്വീകരിക്കുന്നതു വഴിയും രോഗം പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

പട്ടുണ്ണികള്‍ നായ്ക്കളുടെ ശരീരത്തിലെ രക്തമൂറ്റിക്കുടിക്കുമ്പോള്‍, അവയുടെ ഉമിനീര്‍ ഗ്രന്ഥിയിലുള്ള  രോഗാണു നായയുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഈ രോഗാണുക്കള്‍ ചുമന്ന രക്തകോശങ്ങളില്‍ പറ്റിപ്പിടിക്കുകയും  അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്  വിളര്‍ച്ചയിലേക്കു നയിക്കുന്നു. ഇവ ക്രമേണ കരള്‍, വൃക്ക, ശ്വാസകോശം, നാഡീവ്യൂഹം തുടങ്ങിയവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും, സങ്കീര്‍ണ ബബീസിയോസിസിലേക്ക് നയിക്കുയും ചെയ്യുന്നു. 

രോഗലക്ഷണങ്ങള്‍ എങ്ങനെ?

നായ്ക്കുട്ടികള്‍ മുതല്‍ മുതിര്‍ന്ന നായ്കളില്‍ വരെ രോഗമുണ്ടാകാം. രോഗാണുവാഹകരായ പട്ടുണ്ണിയുടെ  കടിയേറ്റാല്‍ 7-20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ഏത് തരം രോഗാണുവാണ് ബാധിച്ചത്, നായയുടെ രോഗപ്രതിരോധശേഷി, നായയുടെ പ്രായം, മറ്റ് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നീ കാര്യങ്ങളെ ആശ്രയിച്ചാവും രോഗത്തിന്‍റെ ദൈര്‍ഘ്യം. 

സങ്കീര്‍ണമല്ലാത്ത ബബീസിയോസിസില്‍ വിളര്‍ച്ച, കഴലവീക്കം, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. സങ്കീര്‍ണമായ ബബീസിയോസിസില്‍ മഞ്ഞപ്പിത്തം, കാപ്പിനിറത്തിലുള്ള  മൂത്രം, ശ്വാസതടസം, ചുമ, കാലിനും വൃഷണത്തിനുമുള്ള നീര്, ഗര്‍ഭമലസല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.  നാഡീവ്യൂഹത്തെ ബാധിക്കുമ്പോള്‍ കണ്ണുമിടിക്കുക, പിന്‍കാലുകളുടെ തളര്‍ച്ച, അബോധാവസ്ഥ തുടങ്ങിയവയും ഉണ്ടാകാം.

ചികിത്സയും പ്രതിരോധവും

പനി, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി  ഡോക്ടറുടെ സഹായം ഉടന്‍ തേടണം. സ്വയം ചികിത്സ ഒരിക്കലുമരുത്. ഇതേ ലക്ഷണങ്ങളുള്ള മറ്റു രോഗങ്ങളില്‍ നിന്ന് ബബീസിയോസിസിനെ തിരിച്ചറിയാന്‍ രക്തപരിശോധന ആവശ്യമായിവരാം. 

ആന്റിപ്രോട്ടോസോവന്‍ മരുന്നുകളാണ് ചികിത്സയ്ക്കു ഉപയോഗിക്കുന്നത്. നായയുടെ ആരോഗ്യസ്ഥിതിയ്ക്ക് അനുസൃതമായി ഇഞ്ചക്ഷനോ ഗുളിക രൂപത്തിലോ മരുന്ന് ഡോക്ടര്‍ നല്‍കും.  മറ്റ് അവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍  അതിനുള്ള  ചികിത്സ നല്‍കേണ്ടിവരും.  വിളര്‍ച്ച കൂടുതലാണെങ്കില്‍  ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കേണ്ടിവരും.

രോഗംവരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധമാർഗം. ബബീസിയോസിസ് രോഗത്തിന് എതിരായുള്ള പ്രതിരോധ വാക്സിനുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമല്ല.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പട്ടുണ്ണിയ്ക്ക്  എതിരായുള്ള കീടനാശിനികള്‍ ഉപയോഗിക്കണം. നായയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും  കീടനാശിനി തളിയ്ക്കുകയും ചെയ്യാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com