വളർത്തു മൃഗങ്ങളിലെ എലിപ്പനി; കരുതിയിരിക്കാം ഈ മഴക്കാലം

HIGHLIGHTS
  • മഴക്കാലം ജന്തുജന്യ-സാംക്രമിക രോഗങ്ങളുടെ കൊയ്ത്തുകാലമാണ്
  • എലിപ്പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണ്
dog-1
SHARE

മഴക്കാലം ജന്തുജന്യ-സാംക്രമിക രോഗങ്ങളുടെ കൊയ്ത്തുകാലമാണ്. മൃഗങ്ങളുടെ രോഗങ്ങളും മനുഷ്യന്റെ ആരോഗ്യവും എങ്ങനെയാണ് ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നമുക്കു മുന്നിൽ ഏറ്റവും വ്യക്തമാകുന്ന ഒരു കാലഘട്ടം  കൂടിയാണ് കടന്നുപോകുന്നത്.  ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിലെ ഗുരുതരമായ സാംക്രമിക രോഗങ്ങളുടെ കണക്കെടുത്താൽ  നായകളിൽ പാർവോ വൈറൽ രക്താതിസാരം കഴിഞ്ഞാൽ ഒരുപക്ഷേ രണ്ടാംസ്ഥാനം എലിപ്പനിക്കായിരിക്കും.

മഴക്കാലത്ത് വെള്ളക്കെട്ടുകൾ കൂടുമ്പോൾ കാനയുടെയോ മറ്റ്‌ ഡ്രൈനേജ്‌ സംവിധാനങ്ങളുടെയോ  പരിസരങ്ങളിലുള്ള എലിയുടെ മാളത്തിലേക്ക് മഴവെള്ളമിറങ്ങുകയും അവിടെ നിന്ന് എലിപ്പനിയുടെ അണുക്കൾ കലർന്ന എലിമൂത്രവും വിസർജ്യവും മഴവെള്ളവുമായി കൂടിക്കലരുകയും ചെയ്യുന്നു.

ഇതുമായി സമ്പർക്കം വരുന്ന മൃഗങ്ങൾക്കും മനുഷ്യർക്കുമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് പിടിപെടുന്നത്.  മഴയത്ത് നമ്മുടെ വീട്ടുമുറ്റത്തും  കെട്ടിക്കിടക്കുന്ന വെള്ളത്തിലുമൊക്കെ ആവേശത്തോടെ ചാടിക്കളിക്കുന്ന നായകുട്ടികൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണെങ്കിലും അത്തരക്കാർക്കാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ. വളർത്തു നായകളിൽനിന്നു മനുഷ്യരിലേക്ക് എലിപ്പനി പകർന്ന അനേകം സാഹചര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. പശുക്കളിൽനിന്നു ക്ഷീരകർഷകന് എലിപ്പനി ബാധിച്ച വാർത്തകളും കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടിട്ടുണ്ട്. 

ഇക്കാരണങ്ങൾകൊണ്ടുതന്നെ മഴക്കാലത്ത് വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത് 1886ൽ  അഡോൾഫ് വീൽ എന്ന ജർമൻ ഡോക്ടറാണ്. 1907ലാണ് ഈ രോഗം ബാധിച്ചു മരിച്ചയാളുടെ വൃക്കയിൽ നിന്നും സ്പ്രിങ്ങിന്റേതു പോലെ രൂപഘടനയുള്ള ഈ രോഗാണുക്കളെ വേർതിരിച്ചെടുത്തത്. എലികളും കരണ്ടു തിന്നുന്ന മറ്റു ചെറു ജീവികളുമാണ് പ്രകൃതിദത്തമായ രോഗവാഹകർ. രോഗബാധിതരായ എലികളുടെ ഒരു മില്ലിലീറ്റർ മൂത്രത്തിൽ തന്നെ കോടിക്കണക്കിന് രോഗാണുക്കൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ. നായകളുടെ ശരീരത്തിലെ മുറിവുകളിലോ, നനവ് തട്ടി മൃദുലമായ തൊലിയിലോ രോമകൂപങ്ങളിലോ   നേത്രപടലങ്ങളിലോ  നാവിന്റെ അഗ്രത്തിലുള്ള ചർമ്മത്തിലോ ഒക്കെ എലിമൂത്രം പുരണ്ടാൽ ഈ  രോഗാണുക്കൾ ശരീരത്തിനകത്ത് പ്രവേശിക്കുന്നു. എലിമൂത്രം കൊണ്ട് മലിനമായ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് മൂലം വായിലൂടെയും രോഗാണുക്കൾ കയറിപ്പറ്റാം. ക്ഷാരഗുണമുള്ള ജലത്തിലും മണ്ണിലും ലെപ്റ്റോസ്പൈറ അണുക്കൾക്ക് കൂടുതൽ കാലം ജീവിക്കാൻ കഴിയും.  ഉപ്പുരസമുള്ളതോ അമ്ലത്വമുള്ളതോ ക്ലോറിൻ അടങ്ങിയതോ ആയ വെള്ളത്തിൽ ഇവ നിലനിൽക്കില്ല.  എലിമൂത്രത്തിന് സാധാരണ ക്ഷാരഗുണമാണുള്ളത്, അതിനാൽ എലിയുടെ മൂത്രസഞ്ചിയിൽ അണുക്കൾക്ക് ജീവിക്കാനാകും.  

നായകളിൽ എലിപ്പനിയുടെ രോഗലക്ഷണങ്ങൾ എന്തൊക്കെ? 

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവ പെട്ടെന്ന് പെരുകി ഏഴു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷാംശമായ ലെപ്റ്റോസ്പൈറ  LPS (ലിപോ പൊളി സാക്കറൈഡ്) കാരണമാണ് രോഗം മൂർച്ഛിക്കുന്നത്.  ശക്തിയായ പനി,  മസിലുകളുടെ വേദന, കിടക്കുന്ന അവസ്ഥയിൽ നിന്നും എഴുന്നേറ്റ് നടക്കുവാനുള്ള മടി, വിറയൽ, ഛർദി, വയറിളക്കം,  മൂത്രത്തിൽ നിറവ്യത്യാസം,  നിർജലീകരണം എന്നിവയിൽ രോഗം ആരംഭിക്കുമെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷങ്ങൾക്ക് പുറമെ വൃക്കകൾ  തകരാറിലായതിന്റെ ലക്ഷണങ്ങളും മഞ്ഞപ്പിത്തവും പ്രകടമാകും. ഈ ഘട്ടത്തിലേക്കെത്തിയാൽ രോഗം ചികിൽസിച്ചു രക്ഷപ്പെടുത്താൻ ക്ലേശകരമാണ്.  

ലക്ഷണങ്ങൾ നോക്കിയാണ് ചികിത്സ ആരംഭിക്കുക എങ്കിലും ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. DFM, MAT, PCR എന്നീ ടെസ്റ്റുകൾക്ക് പുറമെ രക്ത പരിശോധനയിൽ ലൂക്കോസൈറ്റുകളുടെ അമിത വർധനയും പ്ലെറ്റ്‌ലെറ്റുകളുടെ കുറവും കിഡ്നിയുടെയും കരളിന്റെയും രോഗലക്ഷണങ്ങളും പ്രകടമാകും.  മൂത്രപരിശോധനയിൽ ആൽബുമിൻ,  WBC, RBC, ഹീമോഗ്ലോബിൻ  എന്നിവ കാണാൻ സാധിച്ചേക്കും. ചികിത്സിച്ചില്ലെങ്കിൽ ആദ്യ ദിവസങ്ങളിൽ തന്നെ വൃക്ക തകരാറും,  അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മഞ്ഞപ്പിത്തവും പത്തു മുതൽ പതിനാല്‌ ദിവസങ്ങൾക്കിലുള്ളിൽ  മരണവും സംഭവിക്കാം.    

പ്രതിരോധം/നിയന്ത്രണ മാർഗങ്ങൾ 

  1. രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള നയ്ക്കുട്ടികളിൽ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാണ്. ലെപ്റ്റോസ്പൈറ അണുക്കളിൽ തന്നെ പല സീറോടൈപ്പുകൾ ഉണ്ട്. കേരളത്തിൽ രോഗമുണ്ടാക്കുന്ന ലെപ്റ്റോസ്പൈറ സീറോടൈപ്പുകളെയാകെ ചെറുക്കാനുള്ള ശേഷി ഈ  പ്രതിരോധ കുത്തിവയ്പ്പുകൾക്കില്ല. ഒരു ലെപ്റ്റോസ്പൈറ സീറോ ടൈപ്പിനെതിരെയുള്ള വാക്‌സിനേഷൻ മറ്റു സീറോടൈപ്പുകൾക്കെതിരെ പ്രതിരോധശേഷി കൊടുക്കുന്നുമില്ല.
  2. എലികളുടെ വർധന തടയുകയും അവയെ നശിപ്പിക്കുകയുമാണ് ഏറ്റവും പ്രധാനം. 
  3. കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളത്തിൽ ഓമന മൃഗങ്ങളെ കളിക്കാൻ അനുവദികാത്തിരിക്കുക. 
  4. ഒഴിവാക്കാൻ പറ്റാത്ത വെള്ളക്കെട്ടാണെങ്കിൽ ക്ലോറിനേറ്റ് ചെയ്യുക. 
  5. വീടിനു പുറത്തു വളർത്തുന്ന നായകളാണെങ്കിൽ നിശ്ചിത സമയത്ത് ആഹാരം കൊടുക്കുകയും കഴിച്ചു കഴിഞ്ഞതിനു ശേഷം പാത്രം നീക്കം ചെയ്യുകയും വേണം. അവയെ  ഇട്ടിരിക്കുന്ന കൂടിൽ ആഹാര അവശിഷ്ട്ടങ്ങൾ നിലത്തു വീണ് എലികളെ ആകർഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. 
  6. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന നായ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട്ടിലെ ഏതെങ്കിലും അംഗത്തിന് പനി ബാധിച്ചാൽ ഉടനടി ഡോക്ടറെ കണ്ട് രക്തം പരിശോധിച്ച് ചികിത്സ നേടേണ്ടതാണ്.

English summary: Diagnosis and Treatment of Leptospirosis in Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA