ADVERTISEMENT

ഓമനകളായി പൂച്ചകളെ വളർത്തുന്ന പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹെയർ ബോൾ. പേര് സൂചിപ്പിക്കും പോലെ തന്നെ പൂച്ചയുടെ ഛർദിലിൽ രോമങ്ങൾ പന്ത് കണക്കെ ഉരുണ്ടുകൂടി വരുന്നതിനെയാണ് ഹെയർ ബോൾ എന്ന് പറയുന്നത്. ബോൾ എന്ന് പറയുമെങ്കിൽ തന്നെയും  പലപ്പോഴും കുഴൽ പോലെയാണ് അവ പുറത്തുവരാറുള്ളത്.

പൂച്ചകൾ സ്വതവേ ശരീരം നക്കി വൃത്തിയാക്കുന്ന കൂട്ടത്തിലാണെന്നു അറിയാമല്ലോ. സാധാരണ ഗതിയിൽ ഇങ്ങനെ നക്കുമ്പോൾ അകത്താകുന്ന രോമങ്ങൾ വിസർജ്യത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാൽ  ചിലപ്പോൾ അവ എളുപ്പത്തിൽ പുറത്തു പോകാതെ ഒരു പന്ത് പോലെ നനഞ്ഞൊട്ടി വയറിൽ കുമിഞ്ഞു കൂടും. ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായി വിസർജ്യത്തിലൂടെ പുറത്തു പോകാതെ വരികയും പൂച്ച ചുമച്ചു കൊണ്ട് അവ ഛർദിക്കുകയും ചെയ്യും. എന്നാൽ ഈ ചുമ പലപ്പോഴും ശ്വാസകോശ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ചില വിരബാധയുണ്ടാകുമ്പോളും ഈ രീതിയിൽ ചുമക്കുന്നതിനാൽ ഹെയർ ബോൾ മുൻകൂട്ടി പ്രവചിക്കുക പ്രയാസമാണ്. മാത്രമല്ല, ഛർദിക്കുമ്പോൾ എല്ലായ്‌പോഴും ചുമയ്ക്കണം എന്നുമില്ല. 

നീണ്ട രോമമുള്ള പൂച്ചക്കൾക്ക് ഹെയർ ബോൾ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പേർഷ്യൻ പൂച്ചകൾ ഹെയർ ബോൾ പ്രശ്നങ്ങൾക്ക് പേരു കേട്ടവരാണ്. അതോടൊപ്പം തന്നെ കുട്ടികളെ അപേക്ഷിച്ചു മുതിർന്ന പൂച്ചകൾ ശരീരം നക്കി വൃത്തിയാക്കാൻ കൂടുതൽ ശ്രദ്ധ കാണിക്കാറുണ്ട്. അത് കൊണ്ട് തന്നെ വളർച്ചക്കനുസരിച്ചു ഹെയർ ബോൾ പ്രശ്നം വരാനുള്ള സാദ്ധ്യതകൾ കൂടും.

ലക്ഷണങ്ങൾ 

ഹെയർ ബോൾ ഉണ്ടാകുന്ന പൂച്ചകൾ ചർദിൽ, ഓക്കാനം, ചുമ, ഭക്ഷണത്തോട് വിരക്തി, മലബന്ധം, വയറിളക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

എങ്ങനെ തടയാം?

സ്ഥിരമായി പൂച്ചയുടെ രോമം ചീകി മിനുക്കുക എന്നതാണ് ഹെയർ ബോൾ തടയാനായി ആദ്യം ചെയ്യേണ്ടത്. പഴക്കം ചെന്ന രോമങ്ങൾ എത്രത്തോളം ചീകി മാറ്റാനൊക്കുന്നുവോ അത്രയും നല്ലത് എന്ന് സാരം.  ചീകി മിനുക്കാൻ സമ്മതിക്കാത്ത വിരുതന്മാരുടെ രോമം വെട്ടി ചെറുതാക്കി സൂക്ഷിക്കുന്നതാണ് ഉചിതം. കൂടാതെ നക്കിയാൽ പ്രശ്നമില്ലാത്ത ലേപനങ്ങൾ പുരട്ടുന്നത് രോമം കൊഴിച്ചിൽ കുറയാൻ സഹായിക്കും.

ഹെയർ ബോൾ ഉണ്ടാവുന്നത് തടയാനുള്ള പാക്കറ്റ് ഫുഡുകളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഭക്ഷണത്തിൽ നാരുകളുടെ അളവ് കൂട്ടുന്നത് രോമം വിസർജ്യത്തിലൂടെ തന്നെ പുറന്തള്ളാൻ സഹായിക്കും. അതോടൊപ്പം ഒമേഗ 6 ഫാറ്റി ആസിഡ് സമ്പുഷ്ടമായ ഭക്ഷണം നൽകുന്നത് രോമം കൊഴിയുന്നത് തടയാനും തൊലിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപകരിക്കും.

English summary: How to Deal with Cat Hairballs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com