പൂച്ചകളുടെ മരണത്തിനുവരെ കാരണമാകുന്ന വിളർച്ച; എന്തൊക്കെ കരുതൽ വേണം?

HIGHLIGHTS
  • രോഗനിര്‍ണയം നടത്തുന്നത് രക്തപരിശോധനയിലൂടെ
cat
SHARE

ഫ്ലാറ്റുകളിലും ചെറിയ വീടുകളിലും യാതൊരു  ബുദ്ധിമുട്ടും കൂടാതെ വളര്‍ത്താം എന്നതുകൊണ്ട് നായയെക്കാളും പ്രിയപ്പെട്ടവരായി പൂച്ചകള്‍ മാറി. നാടന്‍ പൂച്ചകളോടൊപ്പം പേര്‍ഷ്യന്‍, സയാമീസ് തുടങ്ങിയ വിദേശ പൂച്ചകളും കുടുംബാംഗത്തെപ്പോലെയായിരിക്കുന്നു.  പൂച്ചകള്‍ക്കു വരുന്ന രോഗത്തില്‍ വളരെ സങ്കീര്‍ണമായ ഒരു രോഗമാണ് മൈകോപ്ലാസ്മോസിസ്. ഈ രോഗത്തെ സങ്കീര്‍ണമാക്കുന്ന പ്രധാന ഘടകങ്ങള്‍, 

  • ഇതൊരു  ദീര്‍ഘകാല രോഗമാണ് 
  • ഇവയുണ്ടാക്കുന്ന ഹീമോലിറ്റിക് അനീമിയ.
  • ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചികിത്സ.
  • രോഗം ആവര്‍ത്തിക്കാനുള്ള സാധ്യത.
  • ശരീരത്തിന്‍റെ പ്രതിരോധശേഷി  നശിപ്പിക്കുകയും സാധാരണ  പൂച്ചകള്‍ പോലും അതിജീവിക്കുന്ന രോഗങ്ങള്‍ മൈകോപ്ലാസ്മോസിസ് വന്ന പൂച്ചകളില്‍  മരണ കാരണമാവുകയും ചെയ്യുന്നു.

രോഗകാരി

പൂച്ചകളില്‍ മൈകോപ്ലാസ്മോസിസ് എന്ന രോഗമുണ്ടാക്കുന്നത് ബാക്ടീരിയ കുടുംബത്തില്‍പ്പെട്ട മൈകോപ്ലാസ്മയാണ്.

രോഗപ്പകര്‍ച്ച

ബാഹ്യപരാദങ്ങളായ ചെള്ള്, പേന്‍, പട്ടുണ്ണി, കൊതുക് എന്നിവയിലൂടെ പൂച്ചകളിലേക്ക് രോഗമെത്തുന്നു. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് രോഗപ്പകര്‍ച്ചയുണ്ടാക്കുന്ന വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയും രോഗം പകരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അണുവിമുക്തമാക്കാത്ത കുത്തിവയ്പ് സൂചികള്‍ വഴിയും, രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം.

പൂച്ചയുടെ ശരീരത്തിലെത്തുന്ന മൈകോപ്ലാസ്മ രക്താണുക്കളെ നശിപ്പിക്കുകയും, അത് പ്രതിരോധവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. 

രോഗലക്ഷണങ്ങള്‍

അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) ഹീമോലിറ്റിക് അനീമിയ(വിളര്‍ച്ച)യാണ് ഏറ്റവും പ്രധാന ലക്ഷണം. പനി, ക്ഷീണം, വിശപ്പില്ലായ്മ, വിഷാദം, ശരീരഭാരം കുറയുക, നിര്‍ജലീകരണം, പ്ലീഹവീക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരത്തിന്‍റെ നിറം വിളര്‍ച്ചയുടെ തോതനുസരിച്ച് ചെറിയ ചുവപ്പുമയമായോ വെളുത്തതായോ കാണാം.

രോഗനിര്‍ണയം

രോഗനിര്‍ണയം നടത്തുന്നത് രക്തപരിശോധനയിലൂടെയാണ്. രോഗാണുവിന്‍റെ സാന്നിധ്യവും രോഗതീവ്രതയും അളക്കാന്‍ ഇത് സഹായിക്കുന്നു. രക്തത്തില്‍നിന്ന് വേര്‍തിരിച്ച സ്രവം പോളിമറേസ് ചെയിന്‍  റിയാക്ഷന്‍ പഠനത്തിനു വിധേയമാക്കി രോഗം സ്ഥിതീകരിക്കാന്‍ കഴിയും.

ചികിത്സ

ടെട്രാസൈക്ലിന്‍, ഡോക്സിസൈക്ലിന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ശരീരത്തിന്‍റെ  രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടാവുന്നു. ഈ അസുഖങ്ങളുടെ ചികിത്സയും വളരെ പ്രധാനപ്പെട്ടതാണ്. വിളര്‍ച്ച കൂടുതലാണെങ്കില്‍ രക്തം നല്‍കേണ്ടിവരാം.

രോഗനിയന്ത്രണം

രോഗാണുവാഹകരായ ബാഹ്യപരാദങ്ങളുടെ നിയന്ത്രണമാണ് ഏറ്റവും  പ്രധാനം. ഇതിനായി ബാഹ്യപരാദങ്ങള്‍ക്ക് എതിരായ കീടനാശിനികള്‍ ഉപയോഗിക്കണം. കീടനാശിനികളില്‍ പലതും പൂച്ചയ്ക്കു വിഷമാണ്. ആയതിനാല്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ. 

പൂച്ചകളെ കൂട്ടത്തോടെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ ഒരു പൂച്ചയില്‍ രോഗം സ്ഥിരീകരിച്ചാല്‍, മറ്റുള്ളവയെയും സ്ക്രീന്‍ ചെയ്യുകയാണ് നല്ലത്. രോഗപ്രതിരോധ മരുന്നുകള്‍ ലഭ്യമല്ല.

English summary: Anaemia in Cats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA