പൂച്ചകൾ ആരോഗ്യത്തോടെയിരിക്കാൻ വേണം ഗർഭനിരോധന ശസ്ത്രക്രിയ

HIGHLIGHTS
  • ഓപ്പറേഷൻ ചെയ്യുമ്പോൾ പൂച്ചയെ മയക്കുമോ?
  • ആൺ പൂച്ചകളുടെ സ്വഭാവം ശാന്തമാക്കാം
cat-2
SHARE

എന്താണ് വന്ധ്യംകരണ ശസ്ത്രക്രിയ?

വളർത്തുമൃഗങ്ങൾ ഭാവിയിൽ പ്രത്യുൽപാദനം നടത്താതിരിക്കാൻ അവയിൽ ചെയ്യുന്ന ഓപ്പറേഷനാണ്  വന്ധ്യംകരണം. ഇവ രണ്ടുതരത്തിലുണ്ട്.  

പെൺവർഗത്തിൽ ചെയ്യുന്ന ശസ്ത്രക്രിയക്ക് സ്‌പേയിങ് (Spaying) എന്നും ആൺ വർഗത്തിൽ ചെയ്യുന്നതിന് കാസ്ട്രേഷൻ (castration) എന്നും ഇതിനെ  രണ്ടിനെയും പൊതുവായി ന്യൂട്ടറിങ് (Neutering) എന്നും വിളിക്കുന്നു. 

ഓപ്പറേഷൻ ചെയ്യുമ്പോൾ പൂച്ചയെ മയക്കുമോ?

തീർച്ചയായും.  ജനറൽ അനസ്തീഷ്യയിലാണ് ഓപ്പറേഷൻ ചെയ്യുക. ഗ്യാസ്-അനസ്തീഷ്യയോ ഇൻജെക്ഷൻ അനസ്തീഷ്യയോ ഉപയോഗിക്കാം. പൂച്ചയുടെ പ്രായം, രക്തപരിശോധനയിലൂടെ ശരീരത്തിന്റെ പൊതുവായ ആരോഗ്യം, കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും ഓപ്പറേഷൻ തീയതി നിശ്ചയിക്കുക. വയറിൽ ചെറിയ ഒരു മുറിവുണ്ടാക്കി അതിലൂടെ ഗർഭപാത്രവും ഓവറികളും നീക്കം ചെയ്യുന്ന രീതിയാണ് പെൺ പൂച്ചകളിൽ. വൃഷണസഞ്ചിയിൽനിന്നു വൃക്ഷണം നീക്കം ചെയ്യുന്ന രീതിയാണ് ആൺ പൂച്ചകളിൽ.

ഗർഭനിരോധന ശസ്ത്രക്രിയ: ഗുണങ്ങൾ

1) അനാവശ്യ പ്രസവവും അതുമൂലം ഉണ്ടാകുന്ന സങ്കീർണതകളും തടയാം

വളരെയധികം പ്രത്യുൽപാദനശേഷിയുള്ള ജീവിയാണ് പൂച്ച. അനുകൂല സാഹചര്യമുണ്ടെകിൽ ഒരു വർഷം മൂന്ന് പ്രസവവും ഓരോ പ്രസവത്തിൽ അഞ്ചു മുതൽ എട്ട് കുട്ടികൾ വരെയും ഒരു പെൺപൂച്ച പ്രസവിക്കാം.  അതായത് ഒരാളുടെ ആയുസിൽ 100 കുട്ടികൾ വരെയാകാം. ഈ കുട്ടികളിൽ പകുതി ആണും പകുതി പെണ്ണും എന്ന് കണക്കാക്കിയാൽ ഈ ജനിച്ച പെൺപൂച്ചകൾക്കൊക്കെ അഞ്ചു മാസം പ്രായമാകുമ്പോഴേ  പ്രായപൂർത്തിയാകും. ഇവരൊക്കെ അവരുടെ ഇണകളെ കണ്ടെത്തി ഏഴ് മാസമാകുമ്പോഴേക്കും ആദ്യത്തെ പ്രസവവും നടത്തും. ഇത്തരത്തിൽ  പൂർണമായും അനുകൂല സാഹചര്യമാണെങ്കിൽ പൂച്ചകളുടെ 'ജനസംഖ്യ'  ക്രമാതീതമായി പെരുകി കൊണ്ടിരിക്കും.  

2) മദി ലക്ഷണം (Heat signs/estrus signs) കൊണ്ടുണ്ടാകുന്ന  ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ 

ഹീറ്റ്  പ്രകടിപ്പിക്കുന്ന പെൺ പൂച്ചകളെ ‘എസ്‌കേപ്പ് ആർട്ടിസ്റ്റ്’ എന്നാണ് വിശേഷിപ്പിക്കാറ്.  അത്തരം  ദിവസങ്ങളിൽ വീട്ടുടമ പെൺപൂച്ചകൾ ഇണ ചേരാതിരിക്കാൻ വീട്ടിൽ എത്ര തന്നെ  പൂട്ടിയിട്ടാലും ഏതെങ്കിലും വിധേന ഈ തടവറ ഭേദിച്ച് അവർ പുറത്തു ചാടി ആൺപൂച്ചകളെ കണ്ടെത്തിയിരിക്കും.  രണ്ടോ മൂന്നോ  ദിവസങ്ങൾക്കു ശേഷം വീട്ടിൽ  തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗവും  ഗർഭിണികളായിരിക്കും. ഇണ ചേരൽ കൂടാതെ ഇത്തരത്തിൽ  പുറത്തു ചാടുന്നത് കൊണ്ടുള്ള അപകടങ്ങൾ മറുവശത്ത്. 

3) ആൺ പൂച്ചകളുടെ സ്വഭാവം ശാന്തമാക്കാൻ

സ്വഭാവലക്ഷണങ്ങൾ കൂടുതലും പാരമ്പര്യമാണെങ്കിലും ഒരു പരിധി വരെ ആൺപൂച്ചകളെ  സമാധാനപ്രിയരാക്കാൻ ഓപ്പറേഷൻ ഉപകരിക്കും. ആൺ പൂച്ചകളുടെ ഏറ്റവും അപകടകരമായ ശീലങ്ങളിലൊന്നാണ്  ടെറിട്ടോറിയൽ അഗ്ഗ്രഷൻ (Territorial aggression). ‘പൂച്ചലോകത്തെ’  സാങ്കൽപ്പിക അതിർത്തികൾ സംരക്ഷിക്കാനായി ആ പരിസരത്തുള്ള മറ്റ്‌ ആൺ പൂച്ചകളുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്നവരാണ് ഇവർ ഓരോരുത്തരും. കൂടാതെ പെൺപൂച്ചകളുമായി ഇണചേരാൻ  വേണ്ടിയുള്ള കടിപിടിയും  പൂച്ചലോകത്തിൽ സ്ഥിരസംഭവമാണ്. ഇങ്ങനെ അതിർത്തിക്ക് വേണ്ടിയും ഇണയ്ക്കു വേണ്ടിയും ഭക്ഷണത്തിനു വേണ്ടിയും കടിപിടി കൂടിയും മല്ലിട്ടുമൊക്കെയാണ് ഓരോ ആൺപൂച്ചയും അപകടങ്ങളിൽ പെടുന്നത്. 

നഗരകേന്ദ്രീകൃതമായ മൃഗാശുപത്രികളിൽ  ഏറ്റവും കൂടുതൽ വരുന്ന കേസുകളിലൊന്ന് ഇത്തരം മുറിവുകളാണ്.  മറ്റ് ആൺപൂച്ചകളോ നായയോ നന്നായി ‘പെരുമാറിയ’ അവസ്ഥയിൽ ആഴത്തിലുള്ള മുറിവുകളോടെയോ അല്ലെങ്കിൽ ചെറുകുടൽ തന്നെയും  പുറത്തുവന്ന അവസ്ഥയിലോ ഇവയെ കൊണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ആക്രമണസ്വഭാവങ്ങളിൽ അധികവും ടെസ്റ്റോസ്റ്റിറോൺ  എന്ന ഹോർമോണിന്റെ ആധിക്യം കൊണ്ടാണ്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ ആക്രമണ സ്വഭാവത്തിനും അലച്ചിലിനും ഗണ്യമായ കുറവുകൾ വരാറുണ്ടെന്ന് മാത്രമല്ല ഇത്തരം അപകടങ്ങളിൽ ചെന്ന് പെടാനുള്ള സാധ്യതയും ഇല്ലാതാകാറുണ്ട് . 

4) മാർക്കിങ് (marking) സ്വഭാവം കുറയുന്നു

അതിർത്തി അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ആൺ പൂച്ചകൾ  മൂത്രം സ്പ്രൈ ചെയ്യുന്നതിനെയാണ് മാർക്കിങ് എന്ന് പറയുന്നത്.  ഈ സ്വഭാവവും മൂത്രത്തിന്റെ തീവ്രഗന്ധവും ഓപ്പറേഷൻ കഴിയുന്നതോടുകൂടി കുറയാറുണ്ട് .  

5) പെൺപൂച്ചകളിൽ അർബുദ സാധ്യത കുറയുന്നു

പൂച്ചകളിലെ സ്തനാർബുദം 80 ശതമാനവും അപകടകരമായി പരക്കുന്ന മെറ്റസ്റ്റാറ്റിക് (metastatic) സാധ്യതയുള്ളവയാണ്.  ഒരു  വയസിനു മുൻപ് സ്‌പേയിങ് ചെയ്താൽ സ്തനാർബുദ സാധ്യത 86 ശതമാനം വരെ കുറയുന്നു. 

6) ആൺ പൂച്ചകളിലെ പ്രോസ്ട്രേറ്റ് കാൻസറിന്റെ സാധ്യത കുറയുന്നു

7) ഗർഭപാത്രത്തിൽ അടിഞ്ഞു കൂടുന്ന പഴുപ്പിന്റെയും (pyometra) അണുബാധയുടെയും സാധ്യത കുറയുന്നു. 

ദോഷങ്ങൾ

1)  അമിതവണ്ണത്തിനുള്ള സാധ്യത

ഓപ്പറേഷനു  ശേഷമുള്ള ജീവിതത്തിൽ ഭക്ഷണക്രമം മുൻകാലത്തിലേത് പോലെ  തുടർന്നാൽ 25 ശതമാനം വരെ പെട്ടെന്ന് തൂക്കം  കൂടാനുള്ള സാധ്യതയുണ്ട്. അതിനു കാരണം ഓട്ടവും ചാട്ടവും വീടിനു ചുറ്റുമുള്ള അലയലുമൊക്കെ ഗണ്യമായി  കുറയുന്നു എന്നത് കൊണ്ടാണ്.  ഇക്കാരണം കൊണ്ട് തന്നെ ഭക്ഷണത്തിൽ അടങ്ങിയ ഊർജം (കലോറി) 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. അത്  കൂടാതെ അലസരായിരിക്കുന്നത് തടയാൻ  കളിപ്പാട്ടങ്ങൾ (cat activity toys) കൊടുക്കാം.  

2) സർജറിക്ക് ശേഷമുള്ള ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ

സർജറിക്ക് ശേഷമുള്ള നാലോ അഞ്ചോ ദിവസമെങ്കിലും അവയെ പുറത്തു വിടാതെ സർജറി ചെയ്ത ഭാഗത്തെ സ്റ്റിച്ച് ശ്രദ്ധയോടെ പരിശോധിക്കണം. സ്വന്തമായി കടിച്ചുപൊട്ടിക്കലോ അവിടെ നഖം കൊണ്ട് മാന്തുന്ന ശീലമോ കണ്ടാൽ  ഒരു 'Spay dress' (പഴയ ബനിയനോ തുണിയോ വച്ച് ഇത് ഉണ്ടാക്കിയെടുക്കുന്ന വിധം യൂട്യൂബിൽ ലഭ്യമാണ്) അല്ലെങ്കിൽ ഇ-കോളർ ഉപയോഗിച്ചാൽ  മതിയാകും.

മൊത്തത്തിൽ പരിഗണിക്കുമ്പോൾ ദോഷത്തെക്കാളേറെ ഗുണങ്ങളാണ് ഈ ശസ്ത്രക്രിയ മുന്നോട്ട് വയ്ക്കുന്നത്. നമ്മുടെ പൂച്ചകൾ ആരോഗ്യത്തോടെ ജീവിക്കാൻ വന്ധ്യംകരണ ശസ്ത്രക്രിയയുടെ സാധ്യതകൾ കൂടുതൽ ജനകീയമാകേണ്ടതുണ്ട്.

English summary: Why Spay or Neuter Your Cat?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA