കന്നുകാലികളിലെ ക്ഷയരോഗം അപകടകാരി; മനുഷ്യർക്കും പകരാം

HIGHLIGHTS
  • ക്ഷയം നിശബ്ദ കൊലയാളി
cattle-TB
SHARE

ഒരു കാലത്ത് മാനവരാശിയെ അടിമുടി വിറപ്പിച്ച മഹാമാരിയായിരുന്നു ടൂബെർകുലോസിസ് അഥവാ ക്ഷയരോഗം. കന്നുകാലികളെയും ഇതര വളർത്തു മൃഗങ്ങളെയും ബാധിക്കുന്ന ഈ അസുഖത്തിന് കാരണമാകുന്നത് മൈക്കോബാക്ടീരിയം  ഇനത്തിൽ പെട്ട ബാക്ടീരിയകളാണ്. ക്ഷീണം, ശരീരം ശോഷിക്കൽ ,  തീറ്റയെടുക്കാനുള്ള വിമുഖത, ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗവ്യാപനം 

ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്ഷയരോഗം അസുഖബാധിതരായ മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ  രോഗാണുക്കളാൽ മലിനമായ ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നതിലൂടെയോ ഉണ്ടാകാം. അസുഖബാധിതരായ മൃഗങ്ങൾ ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന സ്രവം ശ്വസിക്കുന്നതിലൂടെ അതിവേഗം അസുഖം പടരുന്നു. മനുഷ്യർക്കും പകരാം എന്നുള്ളതാണ് കന്നുകാലികളിലെ ക്ഷയരോഗത്തെ അപകടകാരിയാക്കുന്നത്. 

രോഗിയായ പശുവിന്റെ പാൽ തിളപ്പിക്കാതെ കുടിക്കുന്നത് മനുഷ്യരിൽ ഈ രോഗം പിടിപെടാൻ കാരണമാകും. അറവുശാലകളിലും മറ്റും അസുഖബാധിതരായ മൃഗങ്ങളുടെ മാംസവും മറ്റും കൈകാര്യം ചെയ്യുമ്പോഴും അസുഖം വരാൻ സാധ്യതയുണ്ട്.

രോഗിയായ പശു ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ വർഷങ്ങളോളം വാഹകരായി നിലനിൽക്കാൻ സാധ്യതയുണ്ട്. ഇത് വഴി കൂടെയുള്ള  മറ്റു പശുക്കൾക്കും അസുഖം പകരുന്നു. ഇങ്ങനെയാണ് അക്ഷരാർഥത്തിൽ ഈ അസുഖം നിശബ്ദ കൊലയാളിയാകുന്നത്.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

മറ്റു അസുഖങ്ങളെപ്പോലെ ഒരു പ്രത്യേക ലക്ഷണം കാണിക്കാത്തതിനാൽ ക്ഷയരോഗം തുടക്കത്തിൽ തിരിച്ചറിയുക പ്രയാസമാണ്. പനി, ക്ഷീണം, തീറ്റയെടുക്കാൻ വിമുഖത, ചുമ, ചെറിയ തോതിലുള്ള ശ്വസന സംബന്ധിയായ കുഴപ്പങ്ങൾ എന്നിവയുണ്ടെങ്കിൽ ക്ഷയ രോഗത്തെ സംശയിക്കാം.  അതോടൊപ്പം തന്നെ കഴലകളുടെ വീക്കവും ദൃശ്യമാകാം.

രോഗനിർണയം

നേരത്തെ പറഞ്ഞതു പോലെ കൃത്യമായ  ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ നേരത്തെയുള്ള നിർണയം പ്രയാസകരമാണ്. ട്യൂബെർക്കുലിൻ സ്കിൻ ടെസ്റ്റ്  എന്ന തൊലിക്കടിയിൽ കുത്തിവയ്പ്പെടുക്കുന്ന പരിശോധനയിലൂടെ രോഗനിർണയം നടത്താവുന്നതാണ്. അതോടൊപ്പം ബാക്റ്റീരിയൽ കൾച്ചർ പോലെയുള്ള ഇതര രക്ത പരിശോധനകളിലൂടെയും അസുഖം കണ്ടെത്താം.

ക്ഷയം എന്ന ജന്തുജന്യ രോഗം മനുഷ്യരിലോട്ട് പകരുന്നത് എങ്ങനെ തടയാം?

പാസ്ച്വറൈസ് ചെയ്ത പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുക എന്നതാണ് പശുക്കളിൽ നിന്നുള്ള അസുഖബാധ തടയാൻ നാം ആദ്യം ചെയ്യേണ്ടത്. കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ ശ്വാസകോശം, പ്ലീഹ, കരൾ, കുടൽ മുതലായ ആന്തരികാവയവങ്ങൾ പരിശോധിക്കുന്നതും രോഗനിർണയത്തിന് ഉപകരിക്കും. മേൽപ്പറഞ്ഞ അവയവങ്ങളിൽ മുഴകളോ കുരുക്കളോ പ്രകടമാണെങ്കിൽ ക്ഷയരോഗത്തെ സംശയിക്കാം. പരിശോധിച്ച ശേഷം അത്തരം മാംസം പൂർണമായി നശിപ്പിക്കേണ്ടതാണ്. ക്ഷീരകർഷകർ, കശാപ്പുശാലകളിലെ ജീവനക്കാർ, വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയവർക്ക് ജന്തുജന്യമായി ക്ഷയരോഗം വരാനുള്ള സാധ്യതകൾ കൂടുതലാണ് എന്നതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

English summary: What is Bovine Tuberculosis

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA