വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അരുമകളെ കൊണ്ടുവരാം; നടപടിക്രമങ്ങൾ ഇവയാണ്

HIGHLIGHTS
 • രണ്ടു രീതിയിൽ അരുമകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാം
 • ബാഗേജിനൊപ്പം പെറ്റ്സിനെ കൊണ്ടുവരാം എന്നതാണ് ഒരു രീതി
pets
SHARE

പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പലപ്പോഴും മാനസിക വേദന നൽകുന്ന ഒന്നാണ് തങ്ങളുടെ അരുമകളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നുള്ളത്. എന്നാൽ, 2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവു പ്രകാരം രണ്ടു രീതിയിൽ അരുമകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ബാഗേജിനൊപ്പം പെറ്റ്സിനെ കൊണ്ടുവരാം എന്നതാണ് ഒരു രീതി. ഡിജിഎഫ്ടി (ഡയറ്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) ലൈസൻസ് എടുത്തു കൊണ്ടുവരുന്നതാണ് രണ്ടാമത്തെ രീതി. 

രണ്ടു രീതിയിലും ഇറക്കുമതി ചെയ്യാമെങ്കിലും ചില നടപടിക്രമങ്ങളുണ്ട്. 

പെറ്റ്സിനെ ബാഗേജിനൊപ്പം കൊണ്ടുവരാൻ എന്തു ചെയ്യണം?

പെറ്റ്സ് എന്ന ഗണത്തിൽ നായയെയും പൂച്ചയെയും മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു വ്യക്തിക്ക് രണ്ടു ജീവികളെ ഇത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും. അത് രണ്ട് നായ്ക്കളോ, രണ്ട് പൂച്ചകളോ അതോ ഓരോ പൂച്ചയും നായയും ആവാം. 

എല്ലാ വിമാനത്താവളങ്ങളിലും പറ്റില്ല

ഇങ്ങനെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ അരുകളെ കൊണ്ടുവരാൻ കഴിയൂ. ഇവിടെയാണ് എക്യുസിഎസ് (ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ്) സംവിധാനമുള്ളത്. ലൈവ് സ്റ്റോക്ക് ഇറക്കുമതിയുടെ നടപടിക്രമങ്ങൾ എക്യുസിഎസ് വഴിയാണ് നടക്കുക.

രേഖകൾ

 1. വിദേശത്ത് രണ്ടു വർഷം താമസിച്ചതിന്റെ രേഖ.
 2. ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നതിന്റെ രേഖ.

നായയ്ക്കും പൂച്ചയ്ക്കും

 1. ബാഗേജിനൊപ്പമാണെങ്കിൽ ഉടമയുടെ ടിക്കറ്റ്.
 2. ബാഗേജിനൊപ്പം അല്ലെങ്കിൽ ഉടമ ഇന്ത്യയിൽ തിരിച്ചെത്തി ഒരു മാസത്തിനുള്ളിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് കോപ്പി.
 3. ഉടമ എത്തിയതിന് ഒരു മാസത്തിനു ശേഷമോ എത്തുന്നതിനു മുമ്പോ അയയ്ക്കുകയാണെങ്കിൽ പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.

പൊതുവായി ശ്രദ്ധിക്കേണ്ടത്

 1. പൂച്ചയോ നായയോ ഉള്ള പ്രദേശത്തുനിന്ന്  പേ (റാബിസ്), കനൈൻ ഡിസ്റ്റെംപർ, പാർവോ വൈറസ് അണുബാധ, എലിപ്പനി, കരൾവീക്കം (കനൈൻ ഹെപ്പറ്റൈറ്റിസ്), ത്വക്ക് രോഗങ്ങൾ, ലെയ്ഷ്മാനിയാസിസ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്.
 2. നായ (മൂന്നു മാസം പ്രായത്തിനു മുകളിൽ), പൂച്ച എന്നിവയ്ക്ക് പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് കൊണ്ടുവരുന്നതിന് ഒരു മാസം മുമ്പെങ്കിലും എടുത്തിരിക്കണം. വാക്സിനേഷൻ വിവരങ്ങൾ അടങ്ങിയ രേഖകൾ ഹാജരാക്കണം. ആരോഗ്യ വിവരങ്ങൾ പരാമർശിക്കുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ മതി.
 3. ഹെൽത്ത് സർട്ടിഫിക്കറ്റിലുള്ള ഉടമയുടെ പേരുതന്നെയായിരിക്കണം ടിക്കറ്റിലും ഉണ്ടായിരിക്കേണ്ടത്.
 4. ഉടമയുടെ പേരും താമസിക്കുന്ന സ്ഥലത്തെ വിലാസവും കൊണ്ടുവരേണ്ട രാജ്യത്തെ (ഇറക്കുമതി) വിലാസവും ഹെൽത്ത് സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കണം.
 5. വാണിജ്യം, സമ്മാനം, പ്രജനനം എന്നിവയ്ക്കുവേണ്ടിയല്ല പൂച്ച/നായ എന്നിവയെ കൊണ്ടുവരുന്നത് എന്ന സാക്ഷ്യപത്രം.
 6. അധിക ഭക്ഷണം, കൂട് തുടങ്ങിയവ യാത്രയിൽ അനുവദിക്കില്ല.
 7. ടിക്കറ്റ്/അരുമയുടെ യാത്രാ വിവരങ്ങൾ (യാത്ര കാർഗോയിലാണെങ്കിൽ)
 8. ഉടമ നേരിട്ടല്ലെങ്കിൽ ഉടമയുടെ അനുമതിപത്രം.

ഡിജിഎഫ്ടി ലൈസൻസ് പ്രകാരം

വാണിജ്യം ലക്ഷ്യമിട്ട് പ്രജനനാവശ്യത്തിനായി നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അല്ലാത്തപക്ഷം, ബാഗേജ് റൂളിൽ ഉൾപ്പെടാത്തവയെ ഡിജിഎഫ്ടി ലൈസൻസ് വഴി ഇറക്കുമതി ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് dgft@nic.in, http://dgft.gov.in. ലൈസൻസിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയതിനുശേഷം എക്യുസിഎസ് (ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ്) എൻഒസിക്കുവേണ്ടി അപേക്ഷിക്കുക. 

ഉടമയ്ക്കൊപ്പം ഇന്ത്യയിൽ എത്തിയാൽ

 1. എല്ലാ ഒറിജിനൽ രേഖങ്ങളും എക്യുസിഎസിന്റെ മുന്നിൽ ഹാജരാക്കണം. ശാരീരിക പരിശോധനകൾക്കുശേഷം ക്ലിയറൻസ് ഇഷ്യു ചെയ്യും.
 2. അവസാന ക്ലിയറൻസ് ലഭിച്ച് 30 ദിവസം അരുമ ഹോം ക്വാറന്റൈനിൽ ആയിരിക്കണം.

എക്യുസിഎസിന്റെ അനുമതിപത്രം/എൻഒസി ഇല്ലാതെ ഒരു വിമാനക്കമ്പനിയും ജീവികളെ വിമാനത്തിൽ കയറ്റില്ല.

എക്യുസിഎസ്

മറ്റൊരു രാജ്യത്തുനിന്ന് മൃഗങ്ങളെയോ പക്ഷികളെയോ ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്കൊപ്പം രോഗങ്ങളും കടന്നുവരുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന സർക്കാർ ഏജൻസിയാണ് ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് (എക്യുസിഎസ്). വിദേശത്തുനിന്ന് ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്ക് രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ക്വാറന്റൈൻ ചെയ്ത് നിരീക്ഷിക്കുന്നത് എക്യുസിഎസ് ആണ്. രാജ്യത്ത് പ്രധാനമായും ആറ് ക്വാറന്റൈൻ സ്റ്റേഷനുകളാണ് എക്യുസിഎസിനുള്ളത്. മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള ക്വാറന്റൈൻ സ്റ്റേഷനുകൾ വഴി ജന്തുജന്യ രോഗങ്ങൾ രാജ്യത്തേക്ക് കടക്കാതെ എക്യുസിഎസ് ശ്രദ്ധിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്

എക്യുസിഎസ്, ചെന്നൈ, 044-22460659, 9748660436, ഇമെയിൽ– aqcssr.chennai@gov.in

English summary: Bringing Pets to India by Individuals

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA