ADVERTISEMENT

മുടന്തുപനി അഥവാ എഫിമെറൽ ഫീവർ, ക്ഷീരകർഷകരിൽ മിക്കവർക്കും ഈ രോഗത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. പശുക്കളിൽ വാതമെന്നും, കാലുവേദന എന്നുമൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മഴക്കാല വൈറസ് രോഗമാണിത്. പെട്ടെന്നുള്ള പനി, കൈകാലുകളിൽ മാറി മാറിയുള്ള മുടന്ത്, പാലുൽപാദനം ഗണ്യമായി കുറയുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൊതുകുകളാണ് ഈ രോഗത്തിന്റെ പ്രധാന വാഹകർ എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

രോഗകാരി

എഫിമെറോ വൈറസ് വിഭാഗത്തിൽപ്പെട്ട ബൊവൈൻ എഫിമെറൽ ഫീവർ വൈറസാണ് മുടന്തുപനിക്ക് ഹേതുവായ രോഗാണു. ക്യൂലികൊയ്‌ഡെസ് വിഭാഗത്തിൽപ്പെട്ട കൊതുക്, കടിയീച്ച എന്നിവ പരത്തുന്ന ഈ രോഗം മഴക്കാലത്താണ് പടർന്നു പിടിക്കാറുള്ളത്.

രോഗലക്ഷണങ്ങൾ

കഠിനമായ പനി (104 മുതൽ 107 ഡിഗ്രി ഫാരൻഹീറ്റ്), വിറയൽ, തീറ്റയെടുക്കാനുള്ള മടി, മൂക്കിൽനിന്നും വായിൽനിന്നുമുള്ള നീരൊലിക്കൽ, ശ്വസന സംബന്ധിയായ ബുദ്ധിമുട്ട് എന്നിവയോടൊപ്പം കൈകാൽ സന്ധികളിലുള്ള വേദന, മുടന്തൽ, പാലുൽപാദനത്തിലുള്ള ഗണ്യമായ കുറവ് എന്നിവയാണ് മുടന്തുപനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായ കന്നുകാലികൾക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അവ ദിവസങ്ങളോളം കിടപ്പിലാകാം. അതോടൊപ്പം തന്നെ ആ കറവയിലെ പാലുൽപാദനം പൂർണമായിത്തന്നെ ഇല്ലാതാകുകയും ചെയ്യാം.

രോഗനിർണയം

സാധാരണ ഗതിയിൽ രോഗലക്ഷണങ്ങളിൽനിന്ന് തന്നെയാണ് രോഗനിർണയം നടത്താറുള്ളത്. ചികിത്സയോടു പെട്ടെന്നു തന്നെ പ്രതികരിക്കും എന്നതിനാൽ പ്രായോഗിക തലത്തിൽ ഈ രീതിയാണ് ഒട്ടു മിക്ക ഡോക്ടർമാരും അവലംബിക്കാറുള്ളത്. രക്തപരിശോധനയിലൂടെയും പിസിആർ പോലെയുള്ള ടെസ്റ്റുകളിലൂടെയും അസുഖം നമുക്ക് ഉറപ്പിക്കാനാകും.

ചികിത്സാ രീതികൾ

വേദന സംഹാരികളും വൈറൽബാധ നിമിത്തമുണ്ടാകുന്ന പാർശ്വാണുബാധ തടയുന്നതിനായുള്ള ആന്റിബയോട്ടിക്കുകളുമാണ് പ്രധാന ചികിത്സ. രോഗ ബാധിതരായ മൃഗങ്ങൾക്ക് പൂർണ വിശ്രമം നൽകണം. തീറ്റയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇഞ്ചക്ഷൻ ആയി തന്നെ മരുന്ന് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിനായി വാക്‌സിൻ നിലവിലുണ്ടെങ്കിലും നമ്മുടെ നാട്ടിൽ വലിയ പ്രചാരത്തിലില്ല.

ഒരു ജന്തുജന്യ രോഗമല്ലാത്തതിനാൽ തന്നെ മുടന്തുപനി മനുഷ്യർക്ക് പകരുമെന്ന ആശങ്ക വേണ്ട. രോഗവാഹകരായ കൊതുകുകളുടെ നിയന്ത്രണമാണ് അസുഖം തടയാൻ നമുക്ക് ചെയ്യാവുന്ന പ്രധാന കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com