ADVERTISEMENT

ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി പാലുൽപാദനം തന്നെയാണ്. ഒരു കർഷകന് ക്ഷീരവൃത്തിയിലൂടെ ലാഭം നേടണമെങ്കിൽ കൃത്യമായ അളവിൽ പാലുൽപാദനം നടക്കുക തന്നെ വേണം. നിർഭാഗ്യമെന്ന് പറയട്ടെ, ഒട്ടുമിക്ക പശുക്കളിലും പാലുൽപാദനം ക്രമേണ കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണാറുള്ളത്. 

പ്രസവത്തോടനുബന്ധിച്ചു വരുന്ന, പാലുൽപാദനം ഗണ്യമായി കുറയ്ക്കുന്ന നാല് അസുഖങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം. ഈ അസുഖങ്ങളെ നേരത്തെ തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സ നൽകിയാൽ പാലുൽപാദനം നിലനിർത്താൻ നമുക്ക് സാധിക്കും.

അകിടുവീക്കം, കീറ്റോസിസ്, മെട്രൈറ്റിസ്, ക്ഷീരസന്നി എന്നിവയാണ് പ്രധാനപ്പെട്ട ആ നാലു രോഗങ്ങൾ. പ്രസവശേഷം ഏതു സമയത്തും ഈ അസുഖം ബാധിക്കാമെങ്കിലും ആദ്യത്തെ ഒരു മാസത്തിലാണ് അവയ്ക്കുള്ള സാധ്യത കൂടുതൽ.

അകിടുവീക്കം 

ഏറെ കേട്ടു തഴമ്പിച്ച അസുഖമാണല്ലോ അകിടുവീക്കം. വൃത്തിയുള്ള തൊഴുത്തും ശാസ്ത്രീയമായ കറവ രീതിയുമാണ് അകിടുവീക്കത്തെ ചെറുക്കാനുള്ള ഏക പോംവഴി. രോഗകാരികളായ സൂക്ഷ്മാണുക്കൾ  അകിടിനകത്തേക്കു പ്രവേശിക്കുന്നതാണ് അകിടുവീക്കത്തിന്റെ മൂലകാരണം. അകിടുവീക്കത്തെ രണ്ടായി തരം തിരിക്കാം. ക്ലിനിക്കൽ അഥവാ രോഗലക്ഷണങ്ങൾ പുറത്തോട്ട് കാണിക്കുന്ന തരവും സബ്‌ ക്ലിനിക്കൽ അഥവാ രോഗലക്ഷണങ്ങൾ പുറത്തോട്ട് കാണിക്കാത്ത തരവും. സബ്‌ ക്ലിനിക്കൽ അകിടുവീക്കത്തെ തിരിച്ചറിയാനായി പാൽ പരിശോധിക്കേണ്ടി വരും. കലിഫോർണിയ ടെസ്റ്റ് റിയേജന്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ അത് സാധ്യമാണ്. അകിടുവീക്കം ചികിത്സിക്കാനായി ആന്റിബയോട്ടിക്  ഇഞ്ചക്ഷനുകൾ വേണ്ടി വരും. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നൽകാത്ത പക്ഷം അകിടുവീക്കം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

കീറ്റോസിസ്

പ്രസവം കഴിഞ്ഞ ആദ്യ മാസങ്ങളിൽ ഉയർന്ന പാലുൽപാദന ശേഷിയുള്ള പശുക്കളിലെ പ്രധാന വില്ലനാണ് കീറ്റോസിസ്. തുടക്കത്തിൽ  തീറ്റയെടുക്കാനുള്ള വൈമുഖ്യമായാണ് കീറ്റോസിസ് രംഗപ്രവേശനം നടത്തുക. ആദ്യമാദ്യം കാലിത്തീറ്റയോടു തോന്നുന്ന വിരക്തി പിന്നീട് ഒന്നും കഴിക്കാത്ത അവസ്ഥയിൽ ചെന്നെത്തും. പശുവിന്റെ മൂത്രത്തിലെ കീറ്റോൺ ബോഡിയുടെ സാന്നിധ്യം പരിശോധിക്കുക വഴി പെട്ടെന്ന് തന്നെ രോഗനിർണയം നടത്താം. വീര്യം  കൂടിയ ഗ്ലൂക്കോസ് ഞരമ്പിലൂടെ നൽകുന്നതാണ് കീറ്റോസിസിന്റെ ചികിത്സ. അതോടൊപ്പം തന്നെ സ്റ്റിറോയ്ഡ് ഇഞ്ചക്ഷനുകളും വേണ്ടി വന്നേക്കാം.

മെട്രൈറ്റിസ്

പ്രസവശേഷം ഗർഭപാത്രത്തിൽ വരുന്ന അണുബാധയാണ് മെട്രൈറ്റിസ് ഉണ്ടാക്കുന്നത്. മിക്ക മൃഗങ്ങളിലും പ്രസവിച്ചു രണ്ടാഴ്ചയ്ക്കുള്ളിലായാണ് ഈ അസുഖം കാണാറുള്ളത്. ഇതു കൂടാതെ മറ്റു ചില അസുഖങ്ങളുടെ പരിണിത ഫലമായും മെട്രൈറ്റിസ് ഉണ്ടാകാറുണ്ട്. ആരോഗ്യമുള്ള ഒരു പശുവിന്റെ ഗർഭപാത്രം സാധാരണ ഗതിയിൽ അണുവിമുക്തമായിരിക്കും. ചെറിയ അണുബാധകളെ സ്വയം ചെറുക്കാനുള്ള കഴിവും ഗർഭപാത്രത്തിനുണ്ട്. ഗർഭപാത്രത്തിൽനിന്നു പഴുപ്പ് കലർന്ന ദ്രാവകം പുറത്തു വരുന്നതോടൊപ്പം കലശലായ പനിയും തീറ്റയെടുക്കാനുള്ള വൈമുഖ്യവും ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. ഒരു ഡോക്ടർക്ക് ഗർഭപാത്രം പരിശോധിക്കുന്നതിലൂടെ രോഗനിർണയം നടത്താനാകും. ആന്റിബയോട്ടിക് ചികിത്സയാണ് അസുഖത്തിനു നൽകേണ്ടത്. ഗർഭപാത്രത്തിൽ അണുബാധയുണ്ടാകുന്നത് പാലുൽപാദനം കുറയ്ക്കുമെന്ന് മാത്രമല്ല, അടുത്ത മദിലക്ഷണം കാണിക്കാനുള്ള സമയം ദീർഘിപ്പിക്കുകയും ചെയ്യും.

ക്ഷീരസന്നി

കർഷകർക്ക് ഏറെ പരിചിതമാണ് രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുന്ന ഈ അസുഖം. അത്യുൽപാദന ശേഷിയുള്ള പശുക്കളിൽ ആദ്യത്തെ കുറച്ചു പ്രസവങ്ങൾക്കു ശേഷം ക്ഷീരസന്നി വന്ന് കിടപ്പിലാകുക സാധാരണയാണ്. പ്രസവം നടക്കാനായി കാത്സ്യം അനിവാര്യമാണ്. രക്തത്തിലെ കാത്സ്യം പ്രസവത്തിനായി ഉപയോഗിക്കുമ്പോൾ പിന്നീട് പശുവിന് പാലുൽപാദനത്തിന് കാത്സ്യം ലഭ്യമാകാതെ വരും. കൃത്യസമയത്തു ഞരമ്പിലൂടെ കാത്സ്യം ഇഞ്ചക്ഷൻ നൽകുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഈ അസുഖം ഭേദമാവുകയും ചെയ്യും.

കോവിഡ് പശ്ചാത്തലത്തിൽ ധാരാളം പേർ ക്ഷീരവൃത്തിയിലേക്ക് കടന്നു വരുന്നുണ്ട്.  കൃത്യമായ ഗൃഹപാഠം ഈ മേഖലയിൽ ആവശ്യമുണ്ട്. പശുക്കളെ വളർത്തി ശീലമില്ലാത്തവരാകും ഭൂരിഭാഗം പേരും.വളർച്ചയുടെ  ഓരോ ഘട്ടങ്ങളിലും പശുക്കൾക്ക് വരുന്ന അസുഖങ്ങളെക്കുറിച്ചുള്ള അവബോധം ഈ മേഖലയിലെ തുടക്കക്കാർക്ക് സാമ്പത്തികനഷ്ടം ഒഴിവാക്കാൻ സഹായിക്കും.

English summary: Production Diseases in cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com