പശുക്കളുടെ തീറ്റ മാറ്റുന്നത് രോഗം വരുത്തിവയ്ക്കും

HIGHLIGHTS
  • വൈക്കോൽ, പച്ചപ്പുല്ല്, ഉണങ്ങിയ പുല്ല് എന്നിവ കൂടുതലായി നൽകണം
cow
SHARE

തീറ്റയിൽ വരുത്തുന്ന മാറ്റങ്ങൾ പശുക്കളിൽ പലതരം രോഗങ്ങൾക്ക്  കാരണമായേക്കാം.

ദഹനക്കേട്/ ലാക്റ്റിക് അസിഡോസിസ്  

പശുക്കളിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ലാക്റ്റിക് അസിഡോസിസ്. ആവശ്യത്തിൽ കൂടുതൽ അരിക്കഞ്ഞിയും അന്നജം കൂടിയ കാലിത്തീറ്റയും കൊടുക്കുന്നതുകൊണ്ട് ഈ രോഗം ഉണ്ടാകാം. പ്രത്യേകിച്ച്, അന്നജം കൂടിയ കഞ്ഞി, സദ്യ കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം, ബിരിയാണി എന്നിവ കൊടുത്താൽ ഈ അസുഖം വരാൻ സാധ്യത ഏറെയാണ്. രോഗം ബാധിച്ച പശുക്കൾ തീറ്റയെടുക്കാൻ വിസമ്മതിക്കുകയും, അയവിറക്കാതിരിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളിൽ മലബന്ധവും, പിന്നീട് രോഗം വഷളാവുമ്പോൾ വയറ്റിളക്കവുമുണ്ടാകാം. കൃത്യസമയത്തു വേണ്ട ചികിത്സ നൽകാതിരുന്നാൽ പശു എഴുന്നേൽക്കാനാവാതെ, മരണപ്പെട്ടു പോവുക വരെ ചെയ്തേക്കാം. 

ധാരാളം അന്നജം അടങ്ങിയതോ, പഴകിയതോ ആയ ഭക്ഷണം പശുവിനു കൊടുക്കരുത്. കാലിത്തീറ്റ കുറഞ്ഞ അളവിൽ ഇടയ്ക്കിടെ നൽകണം. വൈക്കോൽ, പച്ചപ്പുല്ല്, ഉണങ്ങിയ പുല്ല് എന്നിവ കൂടുതലായി നൽകണം. രോഗലക്ഷണങ്ങൾ കണ്ടയുടനെ ചികിത്സ ലഭ്യമാക്കണം.

വയറുപെരുപ്പം / ബ്ലോട്ട് (bloat) 

പശുക്കളിൽ സാധാരണയായി കണ്ടുവരുന്ന മറ്റൊരു രോഗമാണ് വയറുപെരുപ്പം അഥവാ ബ്ലോട്ട് (bloat). ഈ രോഗാവസ്ഥയിൽ പശുവിന്റെ ഇടതു ഭാഗത്തുള്ള, ആമാശയത്തിന്റെ മൂന്നാമത്തെ അറയായ റൂമൻ (rumen), വായു നിറഞ്ഞ് വളരെ വീർത്തിരിക്കുന്നതായി കാണാം. ഇത്, ധാരാളം ഇളം പുല്ല് തിന്നുന്നതു കാരണമോ, തീറ്റക്രമത്തിലെ വ്യത്യാസം മൂലമോ , അന്നനാളത്തിലെ തടസം മൂലമോ ആകാം സംഭവിക്കുന്നത്. വയറിൽ വായു കെട്ടിക്കിടക്കുന്നത് പുറത്തുവിടാൻ സാധിക്കാതെ വരുന്നതിനാൽ പശുവിനു കഠിനമായ വേദന അനുഭവപ്പെടുകയും, ശ്വാസതടസം സംഭവിക്കുകയും, സമയത്തു ചികിത്സിച്ചില്ലെങ്കിൽ, ചിലപ്പോൾ മരണപ്പെടുകയും ചെയ്യും. 

വയറുപെരുപ്പം ഒഴിവാക്കാൻ, നനവുള്ളതും ഇളംപുല്ലു തഴച്ചു വളരുന്നതുമായ മേച്ചിൽപ്പുറങ്ങളിൽ നിന്നും പശുവിനെ മാറ്റിക്കെട്ടാൻ ശ്രദ്ധിക്കണം. പച്ചപ്പുല്ല് കൂടിയ അളവിൽ ഒരുമിച്ചു നൽകരുത്. 2-3 മണിക്കൂർ നേരം പുല്ല് വെയിലത്ത് ഇട്ടു ഉണക്കി നൽകുന്നത് വയറുപെരുപ്പം വരുന്നത് കുറയ്ക്കും.

English summary: Common Digestive Disorder in Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA