മുയലുകൾ കൗതുകങ്ങളുടെ കലവറ; അറിയാം 15 മുയൽ കൗതുകങ്ങൾ

HIGHLIGHTS
  • കഥകളിലെ മുയലുകളാണ് ക്യാരറ്റ് പ്രേമികൾ
  • മുയലുകൾ മുലയൂട്ടുക 5 മിനിറ്റ് മാത്രം
rabbit-13
SHARE

ഓമനത്തമുള്ള, ശാന്തസ്വഭാവമുള്ള അരുമകളാണ് മുയലുകൾ. എന്നാൽ, അവരുടെ ഈ ശാന്തത കാഴ്ചയിൽ മാത്രമേയുള്ളൂവെന്ന് മുയലുകളെ അടുത്തറിയുന്നവർക്ക് മനസിലാകും. കാരണം, തന്റെ സങ്കേതത്തിലേക്ക് പുതുതായി കടന്നുവരുന്ന മുയലുകളെ അവ മാരകമാം രീതിയിൽ ആക്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ശാന്ത സ്വഭാവക്കാരാണ് മുയലുകളെന്നു പറയാൻ കഴിയില്ല. അതേസമയം, ശാന്തമായ അന്തരീക്ഷ ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ.

കൗതുകങ്ങളുടെ കലവറയാണ് മുയലുകൾ. മുയലുകളുമായി ബന്ധപ്പെട്ട ചില കൗതുക കാര്യങ്ങൾ പരിചയപ്പെടാം.

1. ക്യാരറ്റാണ് മുയലുകളുടെ ഭക്ഷണം

സത്യത്തിൽ ഇത് തെറ്റാണ്. കഥകളിലെ മുയലുകളാണ് ക്യാരറ്റ് പ്രേമികൾ. എന്നാൽ, യഥാർഥ മുയലുകൾ കിഴങ്ങുവർഗങ്ങളേക്കാൾ കൂടുതൽ പച്ചിലകളെ ഇഷ്ടപ്പെടുന്നവരാണ്. കളകളും പുല്ലുകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. എന്നുകരുതി ക്യാരറ്റ് കഴിക്കില്ല എന്നല്ല. ക്യാരറ്റ് പോലുള്ള കിഴങ്ങുവർഗങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തെ ബാധിക്കും. അപ്പോൾ മുയലുകൾക്ക് ക്യാരറ്റ് നൽകുന്നവർ അത് ഒഴിവാക്കുമല്ലോ?

2. നിത്യേന വളരുന്ന പല്ലുകൾ

മനുഷ്യരുടെ വിരലുകളിലെ നഖങ്ങൾ പോലെ നിത്യേന വളരുന്നവയാണ് മുയലുകളുടെ പല്ലുകൾ. പുല്ലുകളും മറ്റും കരണ്ട് ചവച്ചരച്ചു കഴിക്കാൻ ഈ പല്ലുകൾ മുയലുകളെ സഹായിക്കുന്നു. വർഷം അഞ്ച് ഇഞ്ച് വരെ വളരാറുണ്ടെന്നാണ് പറയപ്പെടുക. പല്ലുകളുടെ നിരയിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ പല്ലുകൾ വളർന്ന് അവയ്ക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കെത്തും.

3. മുയലുകൾക്ക് ഛർദ്ദിക്കാൻ കഴിയില്ല

ഭക്ഷണത്തിൽ ശരീരത്തിന് ഹാനികരമായ എന്തെങ്കിലും കടന്നുകൂടിയാൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് അവ വായിലൂടെ തന്നെ ഛർദ്ദിച്ച് പുറത്തേക്കു കളയാനുള്ള കഴിവുണ്ട്. എന്നാൽ, മുയലുകളുടെ ദഹനവ്യൂഹത്തിന് അതിനുള്ള കഴിവില്ല. പൂച്ചകൾ ശരീരം നക്കിത്തുടയ്ക്കുമ്പോൾ ഉള്ളിലേക്കു പോകുന്ന രോമങ്ങൾ പിന്നീട് ഹെയർ ബോൾ എന്ന രീതിയിൽ പുറത്തേക്ക് ഛർദ്ദിച്ചു കളയാറുണ്ട്. അതേസമയം, കൈകൾ നക്കിത്തുടയ്ക്കുമ്പോൾ ഉള്ളിലേക്കു പോകുന്ന രോമം പുറംതള്ളാൻ നാരു കൂടിയ പുല്ലുകൾ കഴിക്കുന്നത് മുയലുകളെ സഹായിക്കും.

4. മുയലുകൾ മുലയൂട്ടുക 5 മിനിറ്റ് മാത്രം

പലർക്കും അറിയില്ലാത്ത ഒന്നാണിത്. സാധാരണ ഒരു ദിവസം ഒരു നേരം മാത്രമാണ് മുയലുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പാലൂട്ടുക. അതും രാത്രിയിൽ മാത്രം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കാനോ പാലു കൊടുക്കാനോ പകൽ സമയങ്ങളിൽ മുയലുകൾ ശ്രമിക്കാറില്ല. ഇതു മൂലം മുയലുകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അബദ്ധങ്ങൾ കാണിക്കുന്നവർ ഒട്ടേറെയുണ്ട്. അത്തരം ആളുകൾ മുയലുകളെ പിടിച്ചു കിടത്തി കുഞ്ഞുങ്ങളെ മുലയിൽ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഈ രീതി മുയലുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുക. പിന്നീട് അവ കുട്ടികളെ തനിയെ പാലൂട്ടാതിരിക്കാനും ഇതു കാരണമാകും. ഗർഭകാലത്ത് മാനസിക ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം മുയലുകളെ പരിപാലിക്കുക. ഇണചേർത്ത് 25 ദിവസമാകുമ്പോൾ കൂട്ടിൽ പ്രസവപ്പെട്ടി വച്ചുകൊടുക്കുക. ഈ  പെട്ടിയിൽ പുല്ലും രോമവും അടുക്കി പ്രസവിക്കുന്ന മുയലുകൾ തന്റെ കുട്ടികളെ പാലൂട്ടാതിരിക്കില്ല. ഓർക്കുക മുയലുകൾ കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നത് ദിവസം ഒരു നേരം മാത്രം, അതും 5 മിനിറ്റ് നേരം മാത്രം.

5. മുയൽ കാഷ്ഠം മികച്ച ജൈവവളം

മുയലുകളുടെ കാഷ്ഠം കൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ജൈവവളം. കേരളത്തിലെ പല മുയൽ കർഷകരും തങ്ങളുടെ ഫാമിൽനിന്നുള്ള മുയൽ കാഷ്ഠം സംസ്കരിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്. മാളുകളിലും ഓൺലൈൻ മാർക്കറ്റുകളിലും മുയൽകാഷ്ഠം ലഭ്യമാണ്.

6. മുയലിറച്ചി ചുവപ്പല്ല വെള്ള

വൈറ്റ് മീറ്റ് ഗണത്തിൽ ഉൾപ്പെടുന്നതാണ് മുയലിറച്ചി. ഏതു പ്രായത്തിലുള്ളവർക്കും കഴിക്കാവുന്ന, പെട്ടെന്ന് ദഹിക്കുന്ന മാംസമാണ് മുയലുകളുടേത്. ഒട്ടേറെ പോഷകഗുണങ്ങളും മുയലിറച്ചിക്കു സ്വന്തം.

7. ചൂട് താങ്ങാൻ കഴിയില്ല

ചൂട് താങ്ങാൻ കഴിയാത്ത ജീവിയാണ് മുയൽ. അതുകൊണ്ടുതന്നെ ഇവയെ പാർപ്പിക്കുന്നത് തണലുള്ള സ്ഥലങ്ങളിലായിരിക്കണം. കേരളത്തിലെ കാലാവസ്ഥയിൽ ചൂടുകാലത്ത് പ്രത്യേക സംരക്ഷണവും നൽകണം.

8. ചുറ്റുപാടും മുഴുവൻ കാണാവുന്ന കണ്ണുകൾ

ചുറ്റുപാടും കാണാൻ കഴിയുന്ന കണ്ണുകളാണ് മുയലുകൾക്കുള്ളത്. അതുകൊണ്ടുതന്നെ തല തിരിക്കാതെതന്നെ പിന്നിലും മുന്നിലും മുകളിലുമുള്ള കാഴ്ചകൾ അവയ്ക്കു കാണാം. 

9. സ്വന്തം കാഷ്ഠം കഴിക്കുന്ന ജീവി

ഒരറയുള്ള ആമാശയമാണ് അവയ്ക്കുള്ളത്.  അതുകൊണ്ടുതന്നെ പാതി ദഹിച്ച ഭക്ഷണം പുറന്തള്ളിയശേഷം അത് വീണ്ടും ഭക്ഷിക്കുന്നു. ഇത് കാഷ്ഠം കഴിക്കുന്നു എന്ന രീതിയിൽ മാറ്റിനിർത്തേണ്ട ഒന്നല്ല. അവയുടെ ഭക്ഷണരീതിയിലെ അവിഭാജ്യ ഘടകമാണ്. പാതി ദഹിച്ച ഈ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഭക്ഷണത്തിലെ പോഷകങ്ങൾ പൂർണമായി ആഗിരണം ചെയ്യാൻ മുയലുകൾക്കു കഴിയൂ.

10. വൃത്തിയുള്ള ജീവി

വൃത്തിയിൽ മുന്നിലുള്ള ജീവിയാണ് മുയൽ. പൂച്ചകളേപ്പോലെ രോമങ്ങളും  കൈകളും നക്കിത്തുടയ്ക്കാൻ മുയലുകളും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റു ജീവികളെ കുളിപ്പിക്കുന്നതുപോലെ മുയലുകളെ കുളിപ്പിക്കാൻ ശ്രമിക്കരുത്. ശരീരം വൃത്തികേടായി കാണപ്പെടുന്നുവെങ്കിൽ ഉടമയുടെ അശ്രദ്ധയാണ് കാരണം. കൂട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

11. സന്തോഷംകൊണ്ട് തുള്ളിച്ചാട്ടം

സന്തോഷംകൊണ്ടെനിക്കിരിക്കാൻ വയ്യേ... ഞാനിപ്പം മാനത്തു വലിഞ്ഞു കേറും... എന്നൊരു പരസ്യത്തിൽ പാടുന്നതുപോലെ സന്തോഷം വന്നാൽ മുയലുകളും അങ്ങനെയാണ്. ചാടുന്നതിനൊപ്പം തിരിയുകയും ചെയ്താൽ മുയലുകൾ സന്തോഷത്തിലാണെന്ന് പറയാം.

12. വായ നിറയെ പല്ലുകൾ

കരണ്ടു തിന്നാൻ സഹായിക്കുന്ന മുന്നിലെ 2 ജോടി പല്ലുകൾ കൂടാതെ 24 പല്ലുകൾക്കൂടി മുയലുകൾക്കുണ്ട്. അതായത് ആകെ 28 പല്ലുകൾ.

13. ചെവികൾ 2 ഉപയോഗത്തിന്

മുയലുകളുടെ ചെവികൾ പ്രധാനമായും രണ്ടാവശ്യങ്ങളാണ് നിറവേറ്റുന്നത്. അതിൽ പ്രധാനപ്പെട്ടത് കേൾവിതന്നെ. മുയലുകൾക്ക് തങ്ങളുടെ ചെവി 270 ഡിഗ്രി വരെ തിരിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ശത്രുവിന്റെ സാന്നിധ്യം വളരെ ദൂരത്തുനിന്നുതന്നെ മനസിലാക്കാൻ മുയലുകൾക്കു കഴിയും. വലുപ്പമേറിയ ഈ ചെവികൾ ശരീരത്തിലെ ചൂട് പുറംതള്ളാനും മുയലുകളെ സഹായിക്കുന്നു. അതായത് പ്രതലവിസ്തീർണം കൂടുതലുള്ളതിനാൽ ശരീരത്തിലെ ചൂട് പെട്ടെന്ന് പുറത്തേക്കു പോകുന്നു.

14. പിടിക്കാൻ അൽപം ബുദ്ധിമുട്ടാ

വീട്ടിൽ കൂടുകളിൽ വളർത്തുന്ന മുയലുകൾ അഴിച്ചുവിട്ടാൽ തങ്ങളുടെ തനി സ്വഭാവം കാണിക്കും. ജന്മനാ ഉള്ള ഓട്ടക്കാരന്റെ പ്രകൃതം പുറത്തെടുക്കും. പിടിക്കാൻ ചെല്ലുമ്പോൾ വെട്ടിച്ചു കടന്നുകളയാനും വിരുതരാണ്. പ്രകൃതിയിൽ സിഗ്–സാഗ് രീതിയിലുള്ള ഓട്ടം ഇവരെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുന്നു. 

rabbit-2

15. ചെവി തൂക്കിപ്പിടിക്കാനുള്ളതല്ല

നീളമേറിയ ചെവികളായതിനാൽ മുയലുകളെ ചെവിയിൽ തൂക്കിയാണ് എടുക്കേണ്ടത് എന്നു കരുതുന്നവർ ഒട്ടേറെയുണ്ട്. എന്നാൽ, വളരെ കനം കുറഞ്ഞ അസ്ഥികളും നേർത്ത ഞരമ്പുകളുമുള്ള ചെവിയിൽ തൂക്കിയെടുത്താൽ മുയലുകൾക്ക് വേദനയുണ്ടാകും. ആ ചെവികൾക്ക് അവയുടെ ഭാരം താങ്ങാനുള്ള ശേഷി ഇല്ല. ചെവികളിൽ 3 കിലോയിൽ കൂടുതൽ ഭാരം താങ്ങേണ്ടിവരുമ്പോൾ ഉള്ളിലെ അസ്ഥികൾക്കും ഞരമ്പുകൾക്കും ക്ഷതം സംഭവിക്കാം. ചെവി താഴേക്ക് ഒടിഞ്ഞു തൂങ്ങാനോ ഉള്ളിൽ മുറിവുണ്ടാകാനോ സാധ്യതയുണ്ട്. ഒരു കൈകൊണ്ട് മുതുകിലെ അയഞ്ഞ തൊലിയിൽ പിടിച്ചുയർത്തി മറു കൈകൊണ്ട് പിൻഭാഗം താങ്ങിപ്പിടിക്കുന്നതാണ് യഥാർഥ രീതി.

English summary: Interesting Facts About Rabbits

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA