കൊറോണ വൈറസും കന്നുക്കുട്ടികളിൽ വയറിളക്കത്തിനു കാരണമാകും, ഉരുക്കൾക്കും വേണം കരുതൽ

HIGHLIGHTS
 • മഴക്കാലത്ത് ഈ രോഗബാധ ധാരാളമായി കണ്ടുവരുന്നു
cow
SHARE

‌പശുക്കളിലും കന്നുകുട്ടികളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് വയറിളക്കം. പഴകിയ ഭക്ഷണങ്ങൾ, ദഹിക്കാത്ത ഭക്ഷണങ്ങൾ, ബാക്റ്റീരിയൽ - വൈറൽ അണുബാധ, ആന്തരിക പരാദ ബാധ അല്ലെങ്കിൽ വിരബാധ എന്നിവ ഈ രോഗത്തിന് കാരണമാകും. മഴക്കാലത്ത് ഈ രോഗബാധ ധാരാളമായി കണ്ടുവരുന്നു.

അതിസാരം

കന്നുകുട്ടികളെ ബാധിക്കുന്ന ബാക്റ്റീരിയൽ രോഗമാണ് അതിസാരം. രണ്ടു ദിവസം മുതൽ പ്രായമായ ചെറിയ കിടാങ്ങളിലാണ് ഇതു കണ്ടുവരുന്നത്. അതിശക്തമായ വയറിളക്കം രോഗലക്ഷണമാണ്. ചാരനിറമുള്ള ചാണകം, ദുർഗന്ധം എന്നിവ രോഗലക്ഷണങ്ങളാണ്. കുഴിഞ്ഞ കണ്ണുകളും പരുപരുത്ത രോമങ്ങളും, ഒട്ടിയ വയറുകളും മറ്റു രോഗലക്ഷണങ്ങളാണ്. കന്നിപ്പാൽ ലഭ്യത ഉറപ്പാക്കിയാൽ ഒരു പരിധി വരെ അതിസാരം തടയാം.   

ബാക്ടീരിയയും വൈറസ് രോഗബാധയും

റോട്ട വൈറസ് എന്ന സാധാരണ വൈറസിന് പുറമെ കൊറോണ വൈറസും കന്നുക്കുട്ടികളിൽ വയറിളക്കത്തിനു കാരണമാകാറുണ്ട്. അതേ, കഴിഞ്ഞ 8 മാസമായി മനുഷ്യരാശിയെ ഒന്നായി കശക്കിയെറിഞ്ഞു സംഹാരതാണ്ഡവമാടുന്ന കൊറോണ വൈറസിന്റെ കുടുംബത്തിൽപ്പെട്ടതെങ്കിലും, പ്രഹരശേഷി താരതമ്യേനെ കുറഞ്ഞതും, കന്നുകുട്ടികളിൽനിന്ന് മനുഷ്യരിലേക്ക് പകരാത്തതുമായ തര൦ കൊറോണ വൈറസാണ്‌ കന്നുകുട്ടികളിൽ വയറ്റിളക്കം ഉണ്ടാക്കുന്നതെന്നതിനാൽ അതിന്റെ പേരിൽ പരിഭ്രാന്തി വേണ്ട. 

ബാക്റ്റീരിയകളായ ഇ–കോളൈ മൂലമുണ്ടാകുന്ന കോളിബാസില്ലോസിസ്, സാൽമൊണെല്ല ഉണ്ടാക്കുന്ന സാൽമൊണെല്ലോസിസ് തുടങ്ങിയവ വയറിളക്കത്തിന് കാരണമാകാറുണ്ട്. മതിയായ അളവിലും ഗുണത്തിലും കന്നിപ്പാൽ ലഭ്യമാകാത്തതു പോലെ, പാൽ അധികമായി കൊടുക്കുന്നതും വയറ്റിളക്കമുണ്ടാക്കുന്നു. തൊഴുത്തിലും പരിസരങ്ങളിലുമുള്ള വൃത്തിയില്ലാത്ത ചുറ്റുപാട്, മഴക്കാലം പോലത്തെ ഈർപ്പം നിറഞ്ഞ കാലാവസ്ഥ, കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം, തൊഴുത്തിൽ സ്ഥലസൗകര്യമില്ലാത്തതുകൊണ്ട് പശുക്കളെയും, കന്നുകുട്ടികളെയും അടുപ്പിച്ചടുപ്പിച്ചു നിർത്തുന്നത് എന്നിവ രോഗസാധ്യത വർധിപ്പിക്കുന്ന സാഹചര്യങ്ങളാണ് .

പത്ര വിരബാധ 

ആംഫിസ്റ്റോ൦, ഫേശ്യോള എന്നീ പത്ര വിരകളും വയറ്റിളക്കമുണ്ടാക്കുന്നു. പശുക്കളിൽ ആരംഭ ഘട്ടത്തിൽ മലബന്ധവും, പിന്നീട് വയറിളക്കവുമാണ് രോഗലക്ഷണം. ഈ വിരകൾ  പുല്ലിൽ കാണപ്പെടുന്ന ഒച്ചിന്റെ ശരീരത്തിൽ വസിക്കുന്നു. ഒച്ചിന്റെ ശരീരത്തിലാണ് വിര അതിന്റെ ജീവിത ‌ചക്രം  പൂർത്തിയാക്കുന്നത്. രോഗകാരിയായ ഒച്ചിനെ നശിപ്പിക്കുന്നതും രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിൽ പശുക്കളെയും കിടാങ്ങളെയും മേയ്ക്കാതിരിക്കുന്നതും അവിടുന്നുള്ള പുല്ലു കൊടുക്കാതിരിക്കുന്നതും വഴി ഈ രോഗം ഒരുപരിധിവരെ തടയാം.                                                                               

നാടവിരബാധ

നാടവിരയും പശുക്കളിൽ വളർച്ചയെയും ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. വയറിളക്കം കണ്ടുവരുന്നു. നാടവിരയുള്ള പശുക്കളിൽ പുറംതൊലി പരുപരുത്തതും വയർ വീർത്തതായും കാണപ്പെടുന്നു. നാടവിരയുടെ വിവിധ ഭാഗങ്ങൾ ചാണകത്തിലൂടെ ചിലപ്പോൾ പുറത്തുവരാറുണ്ട്.  രോഗം തടയാൻ പശുക്കൾക്ക് വിരമരുന്ന് നൽകണം.

ഉരുളൻ വിരബാധ 

ഉരുളൻ വിരകളും പശുക്കളിൽ വയറിളക്കത്തിനു കാരണമാകാറുണ്ട്. വിരബാധയുള്ള  പശുക്കളുടെ ശരീരഭാരം കുറയുകയും, വിളർച്ച കാണപ്പെടുകയും ചെയ്യും. ചാണകത്തിൽ കഫവും രക്തവും കാണാം. കൃത്യമായ ഇടവേളകളിൽ വിരമരുന്ന് നൽകിയാൽ വിരബാധ ഒഴിവാക്കാം.

രക്താതിസാരം 

പശുക്കളെയും കന്നുകുട്ടികളെയും ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് രക്താതിസാരം. ചെറു കുടലിൽ കാണപ്പെടുന്ന ഐമീറിയ ഇനത്തിൽപ്പെടുന്ന പ്രോട്ടോസോവകളാണ് രോഗകാരികൾ. കടുത്ത വയറിളക്കം, ചാണകത്തിൽ രക്താ൦ശവും കഫവും കാണപ്പെടുക എന്നിവ  രോഗലക്ഷണങ്ങളാണ്. തീറ്റയും വെള്ളവും മലിനപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ചാണക സാമ്പിൾ പരിശോധിച്ച ശേഷം സൾഫ അടങ്ങിയ മരുന്ന് വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം നൽകണം.

രോഗലക്ഷണങ്ങൾ 

 • ശക്തമായ വയറിളക്കം 
 • നിർജ്ജലീകരണം 
 • ഭാരം കുറയൽ
 • ക്ഷീണം 
 • വളർച്ചക്കുറവ്
 • പരുപരുത്ത രോമങ്ങൾ 
 • കന്നുകുട്ടികളുടെ മരണം 

ചികിത്സ 

 • നിർജലീകരണം തടയുക
 • ആന്റിബയോട്ടിക് മരുന്ന് നൽകേണ്ടതുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശാനുസാരണം നൽകുക
 • വിരമരുന്ന് നൽകുക 

English summary: Intestinal Diseases in Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA