സങ്കടത്തോടെയല്ലാതെ കുവിയെ നമുക്ക് ഓർക്കാൻ പറ്റില്ല: വേദനയോടെ ഡോക്ടറുടെ കുറിപ്പ്

HIGHLIGHTS
  • കുവിയുടെ സ്നേഹബന്ധം കണ്ണുനനയാതെ നമുക്ക് വായിക്കാനാവില്ല
kuvi
SHARE

കുവി എന്ന വളർത്തുനായയാണ് ഇപ്പോൾ ചർച്ചാവിഷയം. പെട്ടിമുടി ദുരന്തത്തിൽ എട്ടു ദിവസത്തിനുശേഷം തന്റെ കളിക്കൂട്ടുകാരിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയതോടെയാണ് കുവി എന്ന വളർത്തുനായ ലോകശ്രദ്ധ നേടിയത്. തന്നെ സംരക്ഷിച്ചവർ ഇനി ഇല്ല എന്ന കാര്യം കുവി മനസിലാക്കിയിരിക്കണം. അതുതന്നെയാണ് വിശപ്പും ദാഹവും ഇല്ലാതെ മരവിച്ച മനസുമായി ദുരന്ത ഭൂമിയിൽ ഒരിടത്ത് മാറിയിരുന്നത്. ഇന്ന് കുവി കേരള പോലീസിന്റെ ഭാഗമാണ്. കുവിയെക്കുറിച്ച് ഡോ. പ്രസാദ് പങ്കുവച്ച മനസിനെ പിടിച്ചുലയ്ക്കുന്ന കുറിപ്പ് വായിക്കാം.

സങ്കടത്തോടെയല്ലാതെ കുവിയെ നമുക്ക് ഓർക്കാൻ പറ്റില്ല. കുവിയെപ്പറ്റി ഇതിവിടെ എഴുതാതിരിക്കാൻ പറ്റില്ല. പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ തന്റെ കളിക്കൂട്ടുകാരി രണ്ടുവയസുകാരി ധനുഷ്കയെ തിരഞ്ഞു കുവി നടന്നത് 8 ദിവസമാണ്. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തിന്റെ ഈ സംഭവം കണ്ണുനനയാതെ നമുക്ക് വായിക്കാനാവില്ല. അത്രയും വൈകാരികമായ അന്തഃസംഘർഷവും കൊണ്ടാണ് കുവി തന്റെ കുഞ്ഞു കൂട്ടുകാരിയെ തിരഞ്ഞു ദുരന്തഭൂമിയിൽ 8 ദിവസം കണ്ണീരുമായി അലഞ്ഞത്. 

അവസാനം എട്ടാം നാൾ ഉച്ചയ്ക്ക് 11 മണിയോടുകൂടി കുവി തന്റെ കുഞ്ഞു കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കുത്തൊഴുക്കിലെ മരത്തടിയിൽ തടഞ്ഞിരിക്കുന്നതു കണ്ടു ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ടാണ് രക്ഷാപ്രവർത്തകരെ വിളിച്ചറിയിച്ചത്. പിന്നീടവൾ ജലപാനം പോലും കഴിക്കാതെ അവിടുന്ന് കുറച്ച് മാറി ഒരു ലയത്തിന്റ അവിടെ ക്ഷീണിച്ചു കരഞ്ഞുകലങ്ങിയ കണ്ണുമായി ദുഖത്താൽ മരവിച്ചമനസ്സുമായി കിടക്കുകയായിരുന്നു. അപ്പോഴാണ് അവളെ തിരഞ്ഞ് ജില്ലാ കെ9 ഡോഗ് സ്‌ക്വാഡിലെ ട്രെയ്നറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ വരുന്നതും ഭക്ഷണമുപേക്ഷിച്ചു ക്ഷീണിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായി കിടക്കുന്ന അവളെ വാരിയെടുത്ത് കൊണ്ട്‌ ശിശ്രുഷിച്ചു ഭക്ഷണം കൊടുത്തെങ്കിലും ആദ്യമൊക്കെ കുവി അത് നിഷേധിച്ചു. പിന്നീട് അജിത് മാധവൻ സാറിന്റെ സ്നേഹത്തിനു മുൻപിൽ അവൾ ഭക്ഷണം കഴിച്ചുതുടങ്ങി. തന്റെ പുതിയ യജമാനനുമായി സൗഹൃദത്തിലാവുകയും പിന്നീട് സംസ്ഥാന പോലീസിന്റെ കെ9 ഡോഗ് സ്‌ക്വാഡിലേക്കു കുവിയെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. 

കുവി എന്ന വളർത്തു നായയുടെ സ്നേഹം കണ്ട് ഇന്ന് കേരളക്കരയാകെ കുവിയുടെ ആരാധകരായിരിക്കുകയാണ്. മനുഷ്യനും വളർത്തു നായയും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു സംഭവം കൂടി... ഓർക്കുക വളർത്തുമൃഗങ്ങൾക്കും മനസും ഹൃദയവും വികാരങ്ങളും മനുഷ്യനേക്കാൾ കൂടുതലുണ്ട്. അവർക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ. കുഞ്ഞു ധനുവിന് കണ്ണീർപൂക്കൾ അർപ്പിക്കുന്നു. ഒപ്പം അവളുടെ കുവിക്കു ഒരായിരം സ്നേഹപ്പൂക്കൾ... കുവിയുടെ പുതിയ ദൗത്യം മഹത്വമുള്ളതായി തീരട്ടെ... Big salute to you KUVI @K9 squad....and Big salute to officer Ajith Madhavan for his special effort to protect KUVI..

English summary: Trainer Adopts Dog That Waited For Its Humans After Idukki Landslide

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA