ADVERTISEMENT

ഈഡിസ് ജനുസിലെ  ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് കാരണം മനുഷ്യരെ ബാധിക്കുന്ന   ഡെങ്കിപ്പനിയെക്കുറിച്ച് നമുക്കെല്ലാവർക്കുമറിയാം. എന്നാൽ പശുക്കളെ ഡെങ്കിപ്പനി ബാധിക്കുമോ?  മനുഷ്യരെ ബാധിക്കുന്ന ഡെങ്കി വൈറസുകൾ പശുക്കളിൽ രോഗമുണ്ടാക്കില്ലെങ്കിലും പശുക്കളിലെ ഡെങ്കിപ്പനി എന്ന പേരിൽ മൃഗവൈദ്യശാസ്ത്രം വിളിക്കുന്ന ഒരു രോഗമുണ്ട് അതാണ് മുടന്തൻ പനി അഥവാ എഫിമെറൽ ഫീവർ. നമ്മുടെ നാട്ടിൽ പശുക്കളിൽ സർവസാധാരണയായി കാണുന്നതും ക്ഷീരകർഷകർക്ക് ചെറുതല്ലാത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്നതുമായ ഒരു മഴക്കാല സാംക്രമിക വൈറസ് രോഗമാണ്  മുടന്തൻ പനി. പശുക്കളെ ബാധിക്കുന്ന ഇൻഫ്ലുവെൻസ എന്ന പേരിൽ അറിയപ്പെടുന്നതും ഈ രോഗം തന്നെ.  

കേരളത്തിൽ ഈ രോഗം വ്യാപകമായി കണ്ടുവരുന്നത്  മഴയോട് അനുബന്ധിച്ച് ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിലാണ്. പശുക്കളിൽ മുടന്തൻ പനി വ്യാപകമായി പടരുന്നതായുള്ള റിപ്പോർട്ടുകൾ പല ജില്ലകളിൽനിന്നും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരു ജന്തുജന്യരോഗമല്ലാത്തതിനാൽ  പശുക്കളിൽനിന്നു വൈറസുകൾ മനുഷ്യരിലേക്ക് പകരും എന്ന ആശങ്ക വേണ്ട.

തൊഴുത്തിൽ മൂളിയെത്തും കൊതുകുകളാണ് വില്ലന്മാർ

ആർബോവൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ബൊവൈൻ എഫിമെറൽ ഫീവർ വൈറസുകളാണ് മുടന്തൻ പനി രോഗത്തിന് കാരണമാവുന്നത്. ഈ വൈറസുകളെ പശുക്കളിലേക്ക് പ്രധാനമായും പരത്തുന്നത്  ക്യൂലക്സ്  (Culex), ഈഡിസ് (Aedes) അനോഫിലസ്  (Anopheles) ഇനത്തിൽപ്പെട്ട കൊതുകുകളും ക്യുലിക്കോയ്ഡസ് (Culicoides) ഇനത്തിൽ പെട്ട കടിയീച്ചകളുമാണ്. പശുക്കളിലെ ഡെങ്കിപ്പനിയെന്ന വിശേഷണം ഈ രോഗത്തിന് ലഭിച്ചതിന്റെ കാരണവും ഇതു തന്നെ. മണലീച്ചകൾ,  വേണ്ടരീതിയിൽ അണുവിമുക്തമാക്കാതെ പുനരുപയോഗം നടത്തുന്ന സൂചി, സിറിഞ്ച് എന്നിവ വഴിയും വൈറസ് വ്യാപനം നടക്കാം. പശുക്കൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പടരില്ല. 

ഏതിനത്തിൽപ്പെട്ട പശുക്കളിലും ഈ വൈറസ് രോഗമുണ്ടാക്കാമെങ്കിലും നാടൻ പശുക്കളെ അപേക്ഷിച്ച്  ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്‌സി, സങ്കരയിനം പശുക്കളിലാണ് കൂടുതൽ രോഗസാധ്യത. ഗർഭിണിപ്പശുക്കൾ, അത്യുൽപാദനത്തിലുള്ള കറവപ്പശുക്കൾ, വളരുന്ന കിടാരികൾ എന്നിവയിൽ രോഗനിരക്ക് പൊതുവെ കൂടുതലാണ്. പശുക്കളിൽ മാത്രമല്ല എരുമകളിലും രോഗസാധ്യതയുണ്ട്. ആറു മാസം വരെ പ്രായമുള്ള കിടാക്കൾ മുടന്തൻ പനിക്കെതിരെ പൊതുവെ പ്രതിരോധശേഷി പുലർത്തുന്നതായി കാണാം.

മുടന്തൻപനി എങ്ങനെ തിരിച്ചറിയാം?

പശുക്കളുടെ രക്തത്തിൽ കലരുന്ന വൈറസുകൾ വേഗത്തിൽ പെരുകുകയും ശരീരമാകെ വ്യാപിക്കുകയും ചെയ്യും. നട്ടെല്ലിന‌െയും നാഡീതന്തുക്കളെയും  പേശികളെയും സന്ധികളെയും ശ്വാസകോശത്തിലെ വായു അറകളെയുമാണ് പ്രധാനമായും വൈറസ് ബാധിക്കുക. വൈറസുകൾ ശരീരത്തിലെത്തി രണ്ടു മുതൽ പത്തു ദിവസത്തിനകം പശുക്കൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. പേര് സൂചിപ്പിക്കുന്നത് പോലെ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും ( 40 - 41  ഡിഗ്രി സെൽഷ്യസ്) സന്ധികളുടെയും പേശികളുടെയും വേദന കാരണം കൈകാലുകൾ മാറിമാറിയുള്ള മുടന്തുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കറവപ്പശുക്കളുടെ പാലുൽപാദനം ഒറ്റയടിക്ക് കുറയും. തീറ്റയോടുള്ള മടുപ്പ്, അയവെട്ടൽ നിലയ്ക്കൽ, നടുവും പിൻഭാഗവും  കുനിച്ച് തല താഴ്ത്തി നില്‍ക്കൽ, വായിൽനിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്, കഴലവീക്കം, പേശീവിറയൽ തുടങ്ങിയ ലക്ഷണങ്ങൾ ആദ്യ ദിവസം തന്നെ കാണാം. സന്ധികളിൽ വേദനയും നീർവീക്കവും കഠിനമായ പേശീവേദനയും കാരണം നടക്കാനും കിടക്കാനും കിടന്നിടത്തുനിന്ന് എഴുന്നേൽക്കാനുമുള്ള മടി, തല ഇടയ്ക്കിടെ ഇരുവശങ്ങളിലേക്കും വെട്ടിക്കൽ, കീഴ്ത്താടിയിൽ നീർവീക്കം തുടങ്ങിയ ലക്ഷണങ്ങളും പിന്നാലെ  പ്രകടമാവും. ശ്വാസകോശത്തെ ബാധിക്കുന്നതോടെ  ഉയർന്ന ശ്വാസോച്ഛാസനിരക്ക്, ശ്വാസമെടുക്കാനുള്ള പ്രയാസം  തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും.

വൈറസ് നട്ടെല്ലിനേയും നാഡീവ്യൂഹത്തെയും ബാധിക്കുന്നതിനാലും രോഗത്തെത്തുടർന്ന് പശുക്കളുടെ ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് കുറയാൻ ഇടയുള്ളതിനാലും ഉദരകമ്പനം, ഉദരസ്തംഭനം, ചാണകം പുറന്തള്ളാനുള്ള പ്രയാസം, തറയിൽ തളർന്ന് വീഴൽ, എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്  തുടങ്ങിയ ലക്ഷണങ്ങൾക്കും സാധ്യതയുണ്ട് . ചില പശുക്കളിൽ വയറിളക്കവും ഉണ്ടാവാറുണ്ട്.  ഉയർന്ന പനിയുണ്ടാവുന്നതിനാൽ ഗർഭിണിപ്പശുക്കളിൽ ഗർഭം അലസാൻ ഇടയുണ്ട്. പകർച്ചാനിരക്ക് 80 ശതമാനം വരെ ഉയർന്ന ഒരു രോഗമായതിനാൽ ഈ ഘട്ടത്തിൽ രോഗം ബാധിച്ച പശുക്കളിൽനിന്നും മറ്റ് പശുക്കളിലേക്ക് ഈച്ചകളും കൊതുകുകളും വഴി  രോഗം പകരാനുള്ള സാധ്യതയും ഉണ്ട്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തന്നെയാണ് മുടന്തൻപനി രോഗനിർണയത്തിനുള്ള പ്രധാന ഉപാധി. രോഗകാരിയായ വൈറസിനെതിരെ ഫലപ്രദമായ മരുന്നുകൾ ഒന്നും തന്നെയില്ല, മറിച്ച് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും പാർശ്വാണുബാധകൾ തടയാനുമാണ് ചികിത്സ. പനിയും പേശീവേദനയും കുറയാനുള്ള മരുന്നുകൾ രോഗാരംഭത്തിൽ തന്നെ നൽകണം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക് കുത്തിവെയ്പുകളും വേണ്ടി വരും.  രോഗാരംഭത്തിൽ തന്നെ ആവശ്യമായ ചികിത്സകളും മതിയായ വിശ്രമവും പരിചരണവും  ഉറപ്പാക്കിയാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പശുക്കൾ ക്ഷീണവും പനിയും പേശീവേദനയും വിട്ടുമാറി ആരോഗ്യം വീണ്ടെടുക്കും. കൈകാലുകളിലെ മുടന്തും സന്ധികളിലെ വേദനയും വിട്ടുമാറാൻ പിന്നെയും മൂന്നോ നാലോ ദിവസങ്ങളെടുക്കും .  

വൈറസ് നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുകയും തളർന്നുവീണ പശുക്കൾക്ക് പശുക്കൾക്ക്  പേശികൾക്ക് ക്ഷതമേൽക്കുകയും തക്കസമയത്ത്  ആവശ്യമായ  പരിചരണമോ ചികിത്സയോ ഉറപ്പുവരുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പശുക്കൾ സ്ഥിരമായി കിടപ്പിലാവും. മാത്രമല്ല  ന്യുമോണിയ പോലുള്ള സങ്കീർണതകൾക്കും പാർശ്വാണുബാധകൾ പിടിപെടാനും സാധ്യതയുണ്ട്. ഇത് ഒരുപക്ഷേ പശുക്കളുടെ അകാലമരണത്തിന് വരെ ഇടയാക്കിയേക്കാം.

മുടന്തൻ  പനി -  ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മുടന്തൻ പനി വൈറസുകൾ അന്നനാള പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുന്നതിനാൽ പശുക്കൾക്ക് തീറ്റയിറക്കാൻ വലിയ പ്രയാസമുണ്ടാവാറുണ്ട്. വായിൽനിന്ന് ഉമിനീർ പതഞ്ഞൊലിക്കുന്നതിന്റെ കാരണവും ഇതാണ്. അതിനാൽ ദ്രാവകരൂപത്തിലുള്ള മരുന്നുകളും മറ്റും രോഗബാധയേറ്റ പശുക്കളുടെ വായിൽ ഒഴിച്ചുനൽകുന്നത് ഒഴിവാക്കണം. മരുന്നുകൾ അന്നനാളത്തിലേക്ക് എത്തുന്നതിനു പകരം ശ്വാസകോശത്തിലേക്ക്  എത്തിയാൽ അത് ന്യൂമോണിയയ്ക്ക് വഴിയൊരുക്കും. രോഗം കാരണം ഏതെങ്കിലും ഒരു വശം ചരിഞ്ഞ്  കിടപ്പിലായ പശുക്കളെ സമയാസമയങ്ങളിൽ വശം തിരിച്ച് കിടത്താനും പേശികളിൽ  ചൂട് വെച്ച് നൽകാനും  ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചരിഞ്ഞുകിടക്കുന്ന വശത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും പേശീകോശങ്ങൾക്ക് നാശം സംഭവിക്കുകയും പിന്നീട് പശു എഴുന്നേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാലും  കറവപ്പശുക്കളിൽ പഴയ  പാലുൽപാദനക്ഷമത ആ ഉൽപാദനകാലയളവിൽ നഷ്ട്ടപെടുന്നതായാണ് കണ്ടുവരുന്നത്. രോഗത്തിൽ നിന്ന് രക്ഷപെടുന്ന പശുക്കൾക്ക് പിന്നീട് ദീർഘനാൾ  ഈ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന  പ്രതിരോധശേഷി ലഭിക്കും.

മുടന്തൻ  പനി പ്രതിരോധിക്കുന്നതിനായുള്ള പ്രധാനമാർഗം തൊഴുത്തിലും പരിസരങ്ങളിലും കൊതുകുകളുടെയും ഈച്ചകളുടെയും  നിയന്ത്രണം തന്നെയാണ്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാൻ തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ  ശ്രദ്ധിക്കണം. ജലസംഭരണികളിൽ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ 250 ഗ്രാം വീതം അര ലീറ്റർ വെള്ളത്തിൽ കലക്കി അര മണിക്കൂറിന് ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ളടാങ്കുകളിൽ ഒഴിക്കാം. ഈച്ചകളെയും കൊതുകുകളേയും  അകറ്റുന്ന   ബാഹ്യപരാദ ലേപനങ്ങൾ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും  പശുവിന്റെ മേനിയിലും തൊഴുത്തിലും തളിക്കണം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയവ തൊഴുത്തിലും പശുവിന്റെ ശരീരത്തിലും തളിക്കുന്നതും കടിയീച്ചകളേയും കൊതുകിനേയും അകറ്റും. ബാഹ്യ പരാദ നാശിനികളായ ലേപനങ്ങൾ ഉപയോഗിച്ച് തൊഴുത്ത് വെള്ള പൂശാം. ചാണകം വെള്ളം നനഞ്ഞ് കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. വളക്കുഴിയിൽ വെള്ളം വീഴാത്തവിധം മേൽക്കൂര ഒരുക്കേണ്ടതും വെള്ളം കുത്തിയൊലിച്ചിറങ്ങാത്തവിധം സംരക്ഷിക്കേണ്ടതും  പ്രധാനം . കടിയീച്ചകളുടെ പ്രജനനകേന്ദ്രമായ വളക്കുഴിയിൽ  ആഴ്ചയില്‍ രണ്ടു തവണ  കുമ്മായവും  ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.  രോഗവാഹകരായ കടിയീച്ചകളെയും കൊതുകുകളെയും  നിയന്ത്രിക്കുന്നതിനായി തൊഴുത്തിൽ രാത്രികാലങ്ങളിൽ പച്ചകർപ്പൂരം അല്ലെങ്കിൽ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ശീമക്കൊന്ന, ആര്യവേപ്പ്, തുമ്പ, പാണൽ തുടങ്ങിയ ഇലൾ  ഉപയോഗിച്ച് തൊഴുത്തിൽ പുകയിടുകയും ചെയ്യാം.

English summary: Bovine Ephemeral Fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com