എന്താണ് കെസിഐ സർട്ടിഫിക്കറ്റ്? നായ്ക്കളെ വളർത്തുമ്പോൾ എന്തു പ്രയോജനം?

HIGHLIGHTS
 • അമ്മ നായയുടെ ഉടമയ്ക്കാണ് റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്
 • മാതാപിതാക്കൾ രണ്ടു പേർക്കും സർട്ടിഫിക്കറ്റ് ഉണ്ടാകണം
st-bernad
ഫോട്ടോ: ‍ഡെന്നി ഡാനിയൽ
SHARE

എന്താണ് കെന്നൽ ക്ലബ് ഓഫ് ഇന്ത്യ (കെസിഐ) സർട്ടിഫിക്കറ്റ്? ഇത് ആരാണെന്ന് നൽകുന്നത്? എന്താണ് ഇതു കൊണ്ടുള്ള ഉപയോഗം? നായ വളർത്താൻ ഇത് ആവശ്യമുണ്ടോ? ഇതുകൊണ്ടുള്ള ഉപയോഗം എന്താണ്? ഇതിൽനിന്ന് എന്തൊക്കെ മനസിലാക്കാൻ സാധിക്കും? കെസിഐ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒട്ടേറെയാണ്. പലർക്കും ഇതിന്റെ പ്രാധാന്യം അറിയില്ലെന്നുള്ളത് വസ്തുത. 

വർഗശുദ്ധിയുള്ള നായ വർഗങ്ങളെ ഒരുമിപ്പിക്കുന്ന ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഒരു ക്ലബ്ബാണ് കെസിഐ. ഈ ക്ലബ് വർഗശുദ്ധിയുള്ള നായ ബന്ധങ്ങൾ അംഗീകരിച്ചു തരുന്ന ഒരു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് കെസിഐ സർട്ടിഫിക്കറ്റ്. ഇതിന്റെ കൂടെ 15 അക്കമുള്ള ഒരു മൈക്രോചിപ്പ് നമ്പറും  ചിപ്പും കൂടി ലഭിക്കും. നമ്മുടെ കയ്യിലുള്ള നായ അംഗീകരിക്കപ്പെട്ടിട്ടുള്ള, വർഗശുദ്ധിയുള്ള ഒരിനമാണെന്ന് തെളിയിക്കാനും, അവയെ പ്രജനനത്തിനായി ഉപയോഗിക്കാനും ശ്വാനപ്രദർശനങ്ങളിൽ പങ്കെടുപ്പിക്കാനും വേണ്ടിയുള്ള ഒന്നാണ് ഈ സർട്ടിഫിക്കറ്റ്. നായ വളർത്താൻ കെസിഐ സർട്ടിഫിക്കറ്റ് വേണോ എന്ന ചോദ്യത്തിന് മറുപടി ഇതാണ്.

സർട്ടിഫിക്കറ്റിൽ എന്തൊക്കെ

 • വർഗ്ഗത്തിന്റെ പേര് 
 • അവരുടെ അരുമ പേര് 
 • ലിംഗം
 • നിറം
 • ജനനതീയതി
 • 15 അക്കമുള്ള ഒരു മൈക്രോചിപ്പ് നമ്പർ
 • റജിസ്റ്റർ ചെയ്ത തീയതി 
 • മാതാപിതാക്കളുടെ പേരും നിറവും
 • മൂന്നു മുതൽ അഞ്ച് തലമുറ വരെയുള്ള പൂർവികരുടെ ചരിത്രം
 • പ്രജനനത്തിന്  ഉപയോഗിച്ചത്‌ ആര്
 • റജിസ്റ്റർ ചെയ്തിരിക്കുന്നത് ആര്
 • ഇപ്പോഴത്തെ ഉടമസ്ഥൻ ആര്
 • അത് ഇന്ത്യയിൽ ജനിച്ചതാണോ
 • വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതതാണോ
 • അതിന്റെ മാതാവിനെ ഗർഭാവസ്ഥയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണോ
 • പൂർവികർ ആരെല്ലാം ഉപയോഗിച്ചതാണ് 
 • അവർ ഏതെല്ലാം രാജ്യങ്ങളിൽ ഉണ്ടായിരുന്നു എന്തെല്ലാം വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്
 • ഇപ്പോഴത്തെ ഉടമസ്ഥൻ ആര്
 • എത്ര ഉടമസ്ഥർ ഉണ്ടായിരുന്നു 
 • അവയ്ക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ,  ചാമ്പ്യൻഷിപ്പ്
 • അത് ഏതെല്ലാം പ്രദർശനങ്ങളിൽനിന്നു കിട്ടിയതാണ്
 • അതു നൽകിയ വിധികർത്താക്കൾ ആരെല്ലാം

ജർമ്മൻ ഷെപ്പേർഡ് എന്ന വർഗത്തിന് ഇപ്പോൾ അഞ്ച് തലമുറ വിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റുകളാണ് ലഭിക്കുന്നത്. മറ്റുള്ള ഇനങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ അധിക ഫീസ് കൊടുക്കേണ്ടതുണ്ട്.

ഒരു കുഞ്ഞിന്റെ പേര് റജിസ്റ്റർ ചെയ്യാൻ ആ കുഞ്ഞിന്റെ അമ്മയുടെ ഉടമയ്ക്കു മാത്രമേ സാധിക്കൂ. അതിന് പപ്പി റജിസ്ട്രേഷൻ എന്ന് പറയാറുണ്ട്. അതിന് മാതാപിതാക്കൾ രണ്ടു പേർക്കും സർട്ടിഫിക്കറ്റ് ഉണ്ടാകണം.

അമ്മ നായയുടെ ഉടമയ്ക്കാണ് റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് ആൺ നായയുടെ ഉടമ ഒരു A ഫോറം കയ്യൊപ്പിട്ടു നൽകേണ്ടതുണ്ട്. ജനിച്ച ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ നമ്മുടെ അടുത്തുള്ള കെന്നൽ ക്ലബ്ബുമായി ബന്ധപ്പെടേണ്ടതാണ്. അവർ പപ്പി റജിസ്ട്രേഷനുവേണ്ടി നേരിൽ വന്നു കണ്ട് ആ നായ്ക്കുട്ടികൾ വർഗശുദ്ധി ഉള്ളതാണോ, അവയുടെ മാതാപിതാക്കൾ അങ്ങനെയുള്ളവരാണ്, അവരുടെ മൈക്രോചിപ്പ് നമ്പർ ശരിയാണോ, കുഞ്ഞുങ്ങൾക്ക് അംഗീകരിച്ചിട്ടുള്ള നിറങ്ങൾ തന്നെയാണോ, എത്ര കുഞ്ഞുങ്ങളുണ്ട്, ആൺ-പെൺ എത്ര തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തി കെസിഐ ആസ്ഥാനത്തേക്ക് അയയ്ക്കും.

കുഞ്ഞുങ്ങൾക്ക് രണ്ടു മാസം പ്രായം വരെ സാധാരണ ഫീസും അതിനു ശേഷം 4 മാസം വരെ അധിക ഫീസും നൽകി പപ്പി റജിസ്ട്രേഷൻ ചെയ്യാം. ആറു മാസത്തിനു ശേഷം മാതാപിതാക്കളുടെ പേരോടുകൂടി റജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. ആറു മാസം പ്രായത്തിനുശേഷം സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ നോൺ പെഡിഗ്രി സർട്ടിഫിക്കറ്റ് എടുക്കാം. 1 വയസു കഴിഞ്ഞതിനുശേഷമേ നോൺ പെഡിഗ്രീഡ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ കഴിയൂ. നോൺ പെടിഗ്രീഡ് സർട്ടിഫിക്കറ്റ് എടുക്കാനായി നിങ്ങളുടെ സമീപത്തുള്ള ക്ലബ്ബുമായി ബന്ധപ്പെട്ടാൽ മതിയാകും. ഇങ്ങനെ എടുക്കുന്ന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരുകൾ ഇല്ലെങ്കിൽ പോലും ഒരു റജിസ്ട്രേഡ് ഡോഗിന്റെ എല്ലാ ഗുണങ്ങളും ആ പേപ്പറിൽ ഉണ്ടാകും. അത് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്യാം.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള നായയ്ക്ക് ഇംപോർട്ടഡ് പെഡിഗ്രിയുമായി ബന്ധിപ്പിച്ച് അവരുടെ എല്ലാ രക്ഷിതാക്കളുടെയും പേരും ഉൾപ്പെടുത്തി പുതിയ പേരിലേക്ക് മാറ്റിയെടുക്കാം. അങ്ങനെയെങ്കിലും ബ്രീഡറുടെ പേരും മുമ്പ് അവർ നൽകിയിട്ടുള്ള റജിസ്ട്രേഡ് പേരും മാറ്റാൻ സാധിക്കില്ല. 2019 വരെ നമുക്ക് ആ സർട്ടിഫിക്കറ്റിന്റെ പേരിന്റെ കൂടെ നമ്മുടെ റജിസ്ട്രേഡ് കെന്നലിന്റെ പേരും കൂടെ ചേർക്കാമായിരുന്നു. ഇപ്പോൾ അതിന് സാധിക്കില്ല. 

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാലിക്കറ്റ്, മലബാർ എന്നീ 8 കെന്നൽ ക്ലബ്ബുകളാണുള്ളത്. എന്നാൽ, ക്ലബ്ബ് അംഗീകരിച്ചിട്ടുള്ള സർട്ടിഫിക്കറ്റുള്ള നായ വർഗങ്ങളെ മറ്റുള്ള ഷോകളിൽ പങ്കെടുപ്പിക്കാൻ അനുവാദമില്ല. ഒരു നോൺ റജിസ്റ്റേഡ് സർട്ടിഫിക്കേഷൻ ചെയ്യാൻ ഒരു ഒരു ഇന്റർനാഷണൽ ജഡ്ജിന് മാത്രമേ സാധിക്കൂ. ഇന്ത്യൻ നായ വർഗങ്ങൾക്ക് സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ചില ആനുകൂല്യങ്ങളുണ്ട്.

പപ്പി റെജിസ്ട്രേഷൻ  ചെയ്യുമ്പോൾ കുഞ്ഞുങ്ങൾക്ക് നമുക്ക് ഇഷ്ടമുള്ള പേരുകൾ നിർദ്ദേശിക്കാം. അതുപോലെ നമ്മുടേത് ഒരു റജിസ്ട്രേഡ് കെന്നൽ ആണെങ്കിൽ ആ പേര് കൂടെ ചേർത്ത് അപേക്ഷിക്കാം. എന്നാൽ, ആ പേര് മറ്റൊരാൾക്ക് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോൾ മാറ്റാൻ സാധിക്കില്ല. അത് ബ്രീഡറുടെ  മാത്രം അവകാശമാണ്. 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ലബ്ബുമായി ബന്ധപ്പെടണം.

English summary: Importance of Dog Registration

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA