ADVERTISEMENT

മറ്റു പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും, ഒപ്പം നമ്മുടെ കൊച്ചു കേരളത്തിലും ഓമനമൃഗങ്ങൾ വീട്ടുകാവലിനും വിനോദത്തിനുമപ്പുറം വളർന്നിരിക്കുന്നു. വീട്ടിലെ ഒരംഗത്തെപ്പോലെ സന്തത സഹചാരിയായും  കൂട്ടുകാരനായും അരുമകൾ വളര്‍ന്നതോടെ ഒപ്പം വളർന്നത് ശതകോടിയുടെ വിറ്റുവരവുള്ള പെറ്റ് വിപണിയായിരുന്നു. വീട്ടില്‍ മാത്രമല്ല യാത്രയിലും  വിനോദങ്ങളിലും  പോലും അരുമകളെ ഒപ്പം കൂട്ടുന്ന പതിവ് തുടങ്ങിയതോടെ ഈ മേഖലയുടെ വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിയിരുന്നു. ഓമന മൃഗങ്ങളുടെ ഉപയോഗത്തിനായി മാത്രം ആയിരക്കണക്കിന്  ഉല്‍പന്നങ്ങള്‍ വിലയിലും ഗുണത്തിലും വ്യത്യസ്ത പുലര്‍ത്തിക്കൊണ്ട് പെറ്റ്‌സ് വിപണി അടക്കി വാഴുന്ന സ്ഥിതിയുണ്ടായിരുന്നു. 

നായ്ക്കളും പൂച്ചകളും ഓമനപക്ഷികളും അടക്കി വാഴുന്ന പെറ്റ് ലോകത്തിനായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിങ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിങ്ങുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിരുന്നു. കേവലം പട്ടിവില്‍പ്പന നടത്തുന്ന കെന്നലുകള്‍ വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിച്ചിരുന്നു. നായ്ക്കള്‍ക്ക് ബ്രീഡിങ്ങ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ  സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും  ഹോം സ്റ്റേ ആയി പ്രവര്‍ത്തിക്കാനുമൊക്കെ അവ തയ്യാറായിരുന്നു.

യജമാനന്‍ ദൂരെയാകുന്ന അവസരങ്ങളില്‍പോലും കുടുംബത്തിന്റെ അന്തരീക്ഷം നല്‍കുന്നവയാണ് ഇത്തരം ഹോം സ്റ്റേ സൗകര്യങ്ങള്‍. ഡോഗ് റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍ തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെ  ഓമനമൃഗങ്ങള്‍ക്കും ലഭിച്ചു തുടങ്ങുന്നു. വിനോദയാത്രകളില്‍ ഒപ്പം കൂട്ടുന്നവിധം  കുടുംബാംഗത്തേപ്പോലെ വളര്‍ന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും യാത്രാ വാഹനങ്ങളിലും  വരെ ഇവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കുന്ന സൗകര്യവും വളർന്നിരുന്നു. ഇതിനെല്ലാം ഒപ്പം ഒരു വീട്ടില്‍ ഓമനമൃഗത്തിന് ഉപയോഗിക്കാവുന്ന അനുബന്ധ ഉപകരണങ്ങളുടേയും സൗകര്യങ്ങളുടേയും (Pet Accessories) ഒരു വലിയ വിപണി പെറ്റ് ഷോപ്പുകളില്‍ ഒരുങ്ങിയിരുന്നു. കോവിഡും ലോക്ഡൗണും തകിടം മറിച്ച പെറ്റ് വിപണി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ലോക് ഡൗണിന്റെ ഏകാന്തതയിൽ കൂട്ടിരുന്ന അരുമകൾക്ക് നൽകാൻ പെറ്റ് വിപണിയൊരുക്കുന്ന വൈവിധ്യമാർന്ന സൗകര്യങ്ങൾ കാണുക

dog-cage
റെ‍ഡിമെയ്ഡ് കൂട്

നായ്ക്കള്‍ക്കുള്ള കൂടിന്റെ സ്ഥാനം വീട്ടുമുറ്റത്തുനിന്ന് വീട്ടിനുള്ളിലേക്ക് മാറ്റപ്പെടുന്നതോടെ റെഡിമെയ്ഡ് കൂടുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ബീഗിള്‍, ഷിറ്റ്‌സൂ, മാള്‍ട്ടീസ് തുടങ്ങിയ ന്യൂജനറേഷന്‍  കുഞ്ഞന്‍ നായ്ക്കള്‍ ഫ്‌ളാറ്റുകളില്‍ സ്ഥാനം നേടിയതോടെ അവര്‍ക്കിണങ്ങുന്ന കൂടുകള്‍ തേടി  ഉടമകളെത്തുന്നു. 3 അടി മുതല്‍ 5 അടിവരെ ഇനത്തിനനുസരിച്ച് നീളമുള്ള കൂടുകളുടെ വില  രണ്ടായിരത്തില്‍ തുടങ്ങി ഗുണമേന്മയനുസരിച്ച് പതിനയ്യായിരം വരെ വരുന്നു.  യാത്രയില്‍ കൊണ്ടുപോകാന്‍ പറ്റുന്ന അഴിച്ചു മാറ്റുവാനും കൂട്ടിപ്പിടിപ്പിക്കുവാനും കഴിയുന്ന കൂടുകളുണ്ട്.  

കൂടാതെ വീടിനുള്ളിലും യാത്രയിലും കൊണ്ടുപോകാവുന്ന ഡോഗ് സിറ്ററുകള്‍, സീറ്റ് ബെല്‍റ്റുകള്‍, റെയിന്‍കോട്ടുകള്‍, പുതുതായി കൊണ്ടുവരുന്ന നായ്ക്കള്‍ക്ക് ക്വാറന്റൈൻ കെന്നലുകള്‍, യാത്രയ്ക്കായി വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ ഡോഗ് ഗ്രില്ലുകള്‍, ട്രാവലിങ് ബോക്‌സ്, കാരിയറുകള്‍, വാം കോട്ട് എന്നിവയും ലഭ്യമാണ്. സ്വന്തം സാധനങ്ങള്‍ പുറത്തു തൂക്കി നടക്കാന്‍ നായ്ക്കള്‍ക്ക് ബാക്ക് പാക്കുകളും, നീന്തല്‍ വിദഗ്ധരെങ്കിലും ലൈഫ് ജാക്കറ്റുകളും ഇന്ന് നായ്ക്കള്‍ക്ക് വിപണി നല്‍കുന്നു.  ലോഹനിര്‍മ്മിതമായ പെറ്റ് കരിയേഴ്‌സും, കെന്നലുകളും ഉടമയ്ക്കും ഓമന മൃഗത്തിനും സൗകര്യപ്രദമായിരിക്കണമെന്ന് കൊച്ചിന്‍ പെറ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സൂരജ് പറയുന്നു.  ഇഷ്ടമനുസരിച്ച് മടക്കാവുന്ന ഹോള്‍ഡബിള്‍  കൂടുകള്‍ കുഞ്ഞന്‍  ബ്രീഡുകള്‍ക്ക് ഇന്ന് ഏറെ ജനപ്രിയമായിരിക്കുന്നു.  യാത്രയുടെ സമയത്ത് പ്രത്യേകിച്ച് ആകാശയാത്രയുടെ സമയത്ത് ഫൈബര്‍ കൂടുകളാണ് നിര്‍ബന്ധം.

dog-bed
സുഖശയനത്തിന് ബെഡ്ഡ്

കിടക്കകളും പുതപ്പുകളുമാണ് നായ്ക്കള്‍ക്കായി പെറ്റ് വിപണി അടുത്തതായി  ഒരുക്കിയിരിക്കുന്നത്.   കൂടാതെ പ്രത്യേക ഫര്‍ണ്ണീച്ചറുകളും  ആവശ്യമെങ്കില്‍ ലഭ്യം. മൃദുവായ, ഭാരം കുറഞ്ഞ  ശരീരതാപം സൂക്ഷിക്കുന്ന, എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന,  കഴുകാവുന്ന കിടക്കകള്‍ക്കാണ്  പ്രിയം. കിടക്ക സ്വന്തമായി ലഭിക്കുന്നത് നായ്ക്കള്‍ക്ക്  ഏറെ സുരക്ഷിതബോധം നല്‍കുന്നു.  പരന്ന ആകൃതിയിലും, വട്ടത്തിലുമുള്ള കിടക്കകള്‍ക്കും, തലയിണകള്‍ക്കും 600 രൂപ മുതല്‍ 14,000 രൂപവരെ വിലയുണ്ട്. ഗുണവും വലുപ്പവും അനുസരിച്ച് വിലയിലും വ്യതിയാനങ്ങളുണ്ട്. വിരിപ്പ് ജനുസരിച്ചാണ്. പോക്കറ്റിന്റെ വലുപ്പമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന വൈവിധ്യമുണ്ട് വിപണിയില്‍.  

dog-plate
ഉയർത്തിവച്ചിരിക്കുന്ന വെള്ളപ്പാത്രവും തീറ്റപ്പാത്രവും

തീറ്റപ്പാത്രങ്ങളും, വെള്ളപ്പാത്രങ്ങളും പ്രത്യേകമായി തന്നെ ഷോപ്പുകളില്‍ ലഭ്യമാണ്. എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന നായ്ക്കള്‍ക്ക് കളിക്കാന്‍ ഉപയോഗിക്കാന്‍ പറ്റാത്ത തെന്നിപ്പോവാത്ത ഉറപ്പിച്ചുവയ്ക്കാവുന്ന ഇത്തരം പാത്രങ്ങള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, സെറാമിക് പ്ലാസ്റ്റിക് മെറ്റീരിയല്‍കൊണ്ട്  നിര്‍മ്മിച്ചവയാണ്. നായയുടെ സൗകര്യമനുസരിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റാന്റില്‍  ഉറപ്പിച്ച തീറ്റപ്പാത്രങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഓരോ നായയ്ക്കും സ്വന്തമായൊരു പാത്രം വേണമെന്ന് നിര്‍ബന്ധം. കുട്ടികള്‍ക്കായി പ്രത്യേക പാത്രങ്ങളുണ്ട്. ഫൈബര്‍, പ്ലാസ്റ്റിക്, സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍ വലുപ്പമനുസരിച്ച് പല വിലകളില്‍ ലഭ്യമാണ്. പ്രത്യേകമായി വെള്ളപ്പാത്രവുമുണ്ട്.  

വീട്ടിലും, വീടിനു പുറത്തും, പോകുന്ന സ്ഥലങ്ങളിലും പരിശീലന സമയത്തുമൊക്കെ നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളുടെ വലിയ വൈവിധ്യമാര്‍ന്ന ശേഖരണമാണ് വിപണിയിലുള്ളത്. കോളറുകള്‍, ലീഷുകള്‍, ചോക്ക് ചെയിനുകള്‍, ചോക്ക് കോളറുകള്‍, ഹാര്‍നസുകള്‍, ഹാള്‍ട്ടറുകള്‍, മസ്സിലുകള്‍ (Muzzles), ബോഡി ബെല്‍റ്റുകള്‍, തിരിച്ചറിയല്‍ ടാഗുകള്‍ തുടങ്ങി നിരവധി നിയന്ത്രണ ഉപാധികള്‍. കോപ്പര്‍, നൈലോണ്‍, സ്റ്റീല്‍ തുടങ്ങിയവകൊണ്ട് നിര്‍മ്മിച്ച ഇവയ്ക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ 45 രൂപ മുതല്‍ 1200 രൂപവരെ വിലയുണ്ട്. കോളറില്‍ തൂക്കുന്ന  ഐഡന്റിറ്റി ടാഗില്‍ ഉടമയുടെ പേരും ഫോണ്‍ നമ്പരും കുറിക്കാം. മുഖത്ത് കെട്ടുന്ന മാസ്ക് അനാവശ്യ സാധനങ്ങള്‍ തിന്നുന്നതും, കടിക്കുന്നതും ഒഴിവാക്കുകയും പരിശോധന സമയത്തു സഹായിക്കുകയും ചെയ്യും. തിരഞ്ഞെടുക്കുന്ന നിയന്ത്രണ ഉപാധി ഉടമയ്ക്കും, അരുമയ്ക്കും സന്ദര്‍ഭത്തിനും ചേര്‍ന്നതായിരിക്കണമെന്നുമാത്രം. 

dog-mask
കൈകാര്യം ചെയ്യാൻ എളുപ്പത്തിന് മുഖാവരണം

പരിശീലന സമയത്തുപയോഗിക്കുന്ന വാക്കിങ്ങ് സ്റ്റിക്കും വിപണിയിലുണ്ട്. നായ്ക്കളെ നിയന്ത്രിക്കാന്‍  ഉപയോഗിക്കുന്ന സാമഗ്രികള്‍ ശരിയായ വലുപ്പത്തിലുള്ളതും ഉചിതമായ മെറ്റീരിയല്‍കൊണ്ട് നിര്‍മ്മിച്ചതുമായിരിക്കണം. നായയുടെ ശരീരത്തിനും, നെഞ്ചിനും ചുറ്റുമായി  ഉപയോഗിക്കുന്ന ഹാര്‍നസ്സും മുഖത്ത് കീഴ്ത്താടിയില്‍ ചേര്‍ക്കുന്ന ഹാള്‍ട്ടറുകളും നായ്ക്കള്‍ക്ക് കോളറിന്റെ സമ്മര്‍ദ്ദം  ഒഴിവാക്കുന്നു. പരിശീലന സമയത്തും, പുറമേയുള്ള നടപ്പിന്റെ  സമയത്തും വെറ്ററിനറി ആശുപത്രി സന്ദര്‍ശനകാലത്തുമൊക്കെ ഇത്തരം സാമഗ്രികള്‍ ആവശ്യമാണ്. 

dog-toys
കളിച്ചുല്ലസിക്കാൻ കളിപ്പാട്ടങ്ങൾ

അരുമകൾക്കും  കളിപ്പാട്ടങ്ങൾ

പെറ്റ് ഷോപ്പുകളിലെ ഏറ്റവും ജനപ്രിയ സാമഗ്രികളിലൊന്നാണ്  ഓമന മൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍. ഇത് അവരുടെ കളി സമയം കൂടുതല്‍ സന്തോഷപ്രദമാക്കുന്നു. നായ്ക്കളെ ഉത്സാഹഭരിതരാക്കാനും, ഊര്‍ജ്ജ്വസ്വലരാക്കാനും കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. വ്യായാമത്തിനും, വിനോദത്തിനും  വ്യക്തി വികാസത്തിനുമൊക്കെ  സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ പലതും അവയുടെ സഹജ സ്വഭാവങ്ങള്‍  ഉണര്‍ത്താന്‍ സഹായിക്കുന്നു. നാടന്‍ മുതല്‍  ഇറക്കുമതി ചെയ്യപ്പെടുന്ന വിലയേറിയ കളിപ്പാട്ടങ്ങള്‍വരെ  വിപണിയിലുണ്ട്. 60 രൂപ മുതല്‍ 3000 രൂപവരെ വില വ്യതിയാനമുണ്ട്.  

പരിശീലനത്തിനുപയോഗിക്കുന്ന  കളിപ്പാട്ടങ്ങള്‍ കൂടാതെ വായക്കും, താടിയെല്ലിനും വ്യായാമം നല്‍കുകയും അവരെ മണിക്കൂറോളം ബിസിയായി നിര്‍ത്തുകയും ചെയ്യുന്നു. നായയ്ക്ക് ദോഷമുണ്ടാക്കുന്നതോ വിഴുങ്ങാന്‍ കഴിയുന്നതോ ആയവ ഉപയോഗിക്കരുത്. റബ്ബര്‍, കയര്‍, വിനൈല്‍, നൈലോണ്‍ കളിപ്പാട്ടങ്ങളുമുണ്ട്. ഇവയെല്ലാം രൂപത്തിലും  വലുപ്പത്തിലും ഉപയോഗത്തിലും  വ്യത്യാസപ്പെട്ടിരിക്കുന്നു. റബ്ബര്‍ പന്തുകള്‍, മ്യൂസിക് ബോളുകള്‍, Squeaky toy, ഹാര്‍ഡ് ടോയ്‌സ്, ക്ലിക്കര്‍ പരിശീലന ടോയ് ബോറ കളിപ്പാട്ടം, റോപ് കളിപ്പാട്ടം തുടങ്ങി ശബ്ദമുള്ളവ, ഇല്ലാത്തവ, നിറമുള്ളവ, പ്രകാശമുള്ളവ തുടങ്ങി നിരവധി രൂപഭാവങ്ങളില്‍ ഇവ ലഭ്യമാണ്. എല്ലാ നായ്ക്കളും കളിയും, ഗെയിമുകളും, വടംവലിയും, ചവക്കലും, നക്കലും ഒക്കെ ഇഷ്ടപ്പെടുന്നു. ഇവയൊക്കെ തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്ന  കളിപ്പാട്ടങ്ങളുണ്ട്. നായ്ക്കള്‍ക്കായുള്ള മാഗസിനുകളും, സിഡികളും പല ഷോപ്പുകളിലും ലഭ്യമാണ്.   

dog-grooming
സുന്ദരികളും സുന്ദരന്മാരുമാകാൻ ഒട്ടേറെ ഉപകരണങ്ങൾ

അരുമകൾക്ക്  അണിഞ്ഞൊരുങ്ങാൻ

അലങ്കാര വസ്ത്രങ്ങള്‍ T ഷര്‍ട്ടുകള്‍, കുട്ടിക്കുപ്പായങ്ങള്‍, സോക്‌സ്, ഷൂസുകള്‍ എന്നിവയുമുണ്ട്. പല വലുപ്പത്തിലും നിറത്തിലുമുള്ള ഇവ അണിഞ്ഞാണ് ഉടമയോടൊപ്പം പല നായ്ക്കളും പൊതുപരിപടിയില്‍ പങ്കെടുക്കാറുള്ളത്. ഒപ്പം സ്വന്തം ബര്‍ത്ത് ഡേ ആഘോഷിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നവരുമുണ്ട്.  നായ്ക്കളും, പൂച്ചകളും മഴ നനയാതിരിക്കാന്‍ പ്രത്യേക റെയിന്‍കോട്ടുകളുമുണ്ട്.  ഇതിന് രണ്ടായിരം രൂപവരെ വിലവരും.  

ഓരോ നായ ജനുസിന്റെയും രോമാവരണത്തിന്റെ പ്രത്യേകതയനുസരിച്ച്  അവര്‍ക്ക് കൃത്യമായി ഗ്രൂമിങ് നല്‍കേണ്ടി വരും. ഓരോ രോമാവരണത്തിനും അനുയോജ്യമായ ഗ്രൂമിങ്ങ് സംരക്ഷണം നല്‍കാനുള്ള ഗ്രൂമിങ്ങ് ഉപകരണങ്ങളുടെ  ശേഖരണമാണ് പെറ്റ് ഷോപ്പുകളിലെ വലിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നത്. നീളം കൂടിയ, നീളം കുറഞ്ഞ, തീരെ രോമം കുറഞ്ഞ ഇനങ്ങള്‍ക്കൊക്കെ പ്രത്യേക ബ്രഷുകളും, ചീപ്പുകളും ആവശ്യമാണ്.  70 രൂപ മുതല്‍  2500 രൂപവരെ വിലയുള്ളവയാണിവ. ഡബിള്‍ സൈഡഡ് ബ്രഷുകള്‍, സ്ലിക്കര്‍ ബ്രഷുകള്‍, ബ്രിസില്‍ ബ്രഷുകള്‍, ഫൈന്‍ ടൂത്ത്ഡ് ചിപ്പുകള്‍, പിന്‍ബ്രഷ്, കറി ബ്രഷ്, റബ്ബര്‍ ബ്രഷ്, വുഡ് ബ്രഷ് തുടങ്ങി നിരവധി ഇനം ബ്രഷുകള്‍. ഒപ്പം ചീപ്പുകള്‍  മാത്രം പതിനാറോളം ഇനത്തില്‍പ്പെട്ടവ. 

നീളമുള്ള രോമക്കാര്‍ സ്റ്റീല്‍ ബ്രഷുകളും, രോമം കുറഞ്ഞവയ്ക്ക് വുഡ് ബ്രഷുകളും. റബ്ബര്‍ ബ്രഷുകള്‍ മസാജിങ്ങിന് നല്ലത്. നായയുടെ  സൗന്ദര്യം  രോമത്തിലായതിനാല്‍ ഗ്രൂമിങ്ങ് ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.  കൂടാതെ നെയില്‍ കട്ടര്‍ പോലുള്ള ഉപകരണങ്ങളുമുണ്ട്.  

സൗന്ദര്യ വർധക വസ്തുക്കള്‍ ഷാംപു, സോപ്പ്, ബ്രഷ്, പേസ്റ്റ്, ബാത്ത് ടവ്വല്‍, ഡി ഓഡറന്റുകള്‍, പൗഡറുകള്‍, കാത്സ്യം, വിറ്റാമിന്‍ സപ്ലിമെന്റുകള്‍, കൂട് കഴുകുന്ന ലായനികള്‍, മണം മാറ്റാനുള്ള മരുന്നുകള്‍ തുടങ്ങി അഴകു കൂട്ടാനും ചര്‍മ്മരോമ ഭംഗി  കൂട്ടാനും, ആരോഗ്യ സംരക്ഷണ സപ്ലിമെന്റുകളും എണ്ണിയാലൊടുങ്ങാത്ത ഇനങ്ങളിലാണ് പെറ്റ് ഷോപ്പുകളില്‍ നാടനായും, വിദേശിയായും തിളങ്ങുന്നത്. 120 മുതല്‍ 1200 രൂപവരെ വിലവരുന്ന ഐറ്റങ്ങള്‍. വായ്‌നാറ്റം അകറ്റാന്‍ ഓറല്‍ കെയര്‍ ലിക്വിഡുകള്‍, മുഖവും കണ്ണും, ചെവിയും തുടയ്ക്കാന്‍ വൈപ്പുകള്‍, കറയും ദുര്‍ഗന്ധവും മാറ്റുന്ന മരുന്നുകള്‍, അനാവശ്യ ചവച്ചരയ്ക്കുന്ന സ്വഭാവം മാറ്റുന്ന മരുന്നുകള്‍ തുടങ്ങി നിരവധി പ്രത്യേക മരുന്നുകള്‍ അടങ്ങിയവയും  അല്ലാത്തതുമായ  ഷാംപു വിപണിയിലുണ്ട്.  താരന്‍, ചെള്ള്,  എന്നിവയകറ്റുന്നതും മരുന്നുകള്‍ ഇല്ലാത്ത സാധാരണ ഇനവുമുണ്ട്. വിറ്റമിന്‍, ലിവര്‍, ദഹനപ്രശ്‌നങ്ങള്‍ മുട്ടിന്റെ പ്രശ്‌നങ്ങള്‍, ചര്‍മ്മ രോമ ഭംഗി കൂട്ടുന്നവ തുടങ്ങി നിരവധി സൗന്ദര്യ ആരോഗ്യ വർധക വസ്തുക്കള്‍ പ്രത്യേകിച്ച് വിദേശ, സ്വദേശ ഇനങ്ങള്‍.

dog-food
പോഷകമേന്മയുള്ള ഭക്ഷണം

വിൽപനയിൽ മുൻപിൽ പെറ്റ്ഫുഡ്

പെറ്റ് ഷോപ്പുകളിലെ ജനപ്രിയ ഇനവും വില്‍പ്പനയില്‍ മുന്‍പില്‍ നില്‍ക്കുന്നതും ഓമന മൃഗങ്ങള്‍ക്കുള്ള റെഡിമെയ്ഡ് ഫുഡുകളാണ്. നിരവധി വരുന്ന നാടന്‍ വിദേശ കമ്പനികള്‍ ആകര്‍ഷകമായ പാക്കുകളിലും വൈവിധ്യത്തിലും ഇറക്കുന്നവ ഇവയെ ജലംശം കുറഞ്ഞ ഡ്രൈ ഫുഡ് ഇനത്തില്‍പ്പെടുത്താം. കൂടാതെ ഓരോ ജനുസ്സിനും പ്രായത്തിനും, ശാരീരികാവസ്ഥയ്ക്കും, രോഗാവസ്ഥയ്ക്കും ഇണങ്ങുന്നവ, ജൈവ പ്രകൃതി ഉല്‍പന്നങ്ങളെന്ന് അവകാശപ്പെടുന്നവ,  

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍, ഇനം, ജനുസ്സ്, പ്രയം, രോമാവരണത്തിന്റെ പ്രത്യേകത, രോഗാവസ്ഥ, ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍, കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഓരോ അവസ്ഥയ്ക്കും യോജിച്ച തീറ്റയിനങ്ങള്‍ വൃക്ക, ലിവര്‍, ഹാര്‍ട്ട്, ചര്‍മ്മം, അലര്‍ജി, പൊണ്ണത്തടി, ദഹന പ്രശ്‌നം, മുട്ടിന്റെ പ്രശ്‌നങ്ങള്‍ ഇവയക്കൊക്കെ യോജിച്ച തീറ്റകളുണ്ട്. ഗുണമേന്മയനുസരിച്ച് സൂപ്പര്‍ പ്രീമിയം, പ്രീമിയം, ഇക്കണോമി, റെഗുലര്‍ എന്നിങ്ങനെ ഇവയെ തരംതിരിക്കാം. സൂപ്പര്‍ പ്രീമിയം വില 500-700 രൂപവരെ  കിലോഗ്രാമിന് വരുമ്പോള്‍ റെഗുലറിന് 150-200 രൂപയാണ് വിപണി വില.  ചിക്കന്‍, മട്ടന്‍, ലാംബ്, വെജ്, നോണ്‍വെജ് തുടങ്ങിയ ഫ്‌ളേവറുകള്‍. 

പെറ്റ് സ്‌നാക്കുകളും, ട്രീറ്റുകളും ഓമനമൃഗ പരിപാലനത്തിലെ ഏറ്റവും പ്രധാന ഭാഗമാണ്.  യജമാനനില്‍ നിന്ന് പ്രതീക്ഷിക്കുന്ന 'Something Special' ആണിവ. പ്രത്യേകിച്ച്  കളിയുടേയും, പരിശീലനത്തിന്റേയും ഇടവേളകളില്‍. കളിസമയത്ത് നല്ല പെരുമാറ്റത്തിനും പരിശീലന സമയത്ത് നല്ല അനുസരണത്തിനുമുള്ള  പ്രത്യേക സമ്മാനങ്ങള്‍  ജന്തുജന്യ ഉപോല്‍പ്പന്നങ്ങളാണ് മിക്ക ട്രീറ്റുകളും, സ്‌നാക്കുകളും ഒപ്പം ബിസ്‌ക്കറ്റുകളും, ച്യൂ സ്റ്റിക്ക്, ച്യൂ ബോണ്‍, ലിവര്‍ സ്റ്റിക്, ഗ്രേവി ബോണ്‍ ഐറ്റംസ്, ഓറല്‍ സ്റ്റിക്ക്, ബീഫ്, ലാംബ്, ലിവര്‍, ചിക്കന്‍സ്ട്രിപ്‌സ് തുടങ്ങിയവ. നിരവധി രുചികളിലും, രൂപങ്ങളിലും ആകൃതിയിലും ഇവ ലഭിക്കുന്നു. ഡെന്റല്‍ ച്യൂ പോലുള്ളവ  മോണയുടെയും, വായുടെയും ആരോഗ്യം കാക്കുന്നു. ഓറല്‍ സ്റ്റിക്ക്‌സ് പല്ല് തേക്കാന്‍ മടിയന്‍മരുടെ പല്ല് വൃത്തിയാക്കുന്നു. മറ്റുള്ള സ്‌നാക്കുകള്‍ ഒഴിവു സമയ  വിരസത അകറ്റുകയും ചെയ്യുന്നു.  80 രൂപ മുതല്‍  600 രൂപവരെ  വില വ്യത്യാസം ഇനങ്ങള്‍ക്കുണ്ട്.

pets-acc
എല്ലാവർക്കും കളിപ്പാട്ടങ്ങൾ

പൂച്ചകളും അരുമപക്ഷികളും പിന്നിലല്ല

വിദേശ ഇനം പൂച്ചകളും, പക്ഷികളും കേരളത്തിലും എണ്ണത്തില്‍ കൂടിയതോടെ നായ്ക്കള്‍ക്കുള്ളപോലെ എല്ലാ സാമഗ്രികളും ഇവയ്ക്കും ലഭ്യമാണ്. തീറ്റ, കളിപ്പാട്ടം, സ്‌നാക്കുകള്‍, കാരിയറുകള്‍, കൂടുകള്‍, തീറ്റ വെള്ളപ്പാത്രങ്ങള്‍, കിടക്കകള്‍,  നെസ്റ്റ് ബോക്‌സുകള്‍, തുടങ്ങി നിരവധി വളര്‍ത്തു പക്ഷികള്‍ക്കുള്ള റെഡിമെയ്ഡ് തീറ്റകളുമുണ്ട്. പൂച്ചകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യത്തിനായി ലിറ്റര്‍ ട്രേകളുണ്ട്. കൂടാതെ നഖം ഉരസി വൃത്തിയാക്കാന്‍ സ്‌ക്രാച്ച് പോസ്റ്ററുകളും ലഭ്യമാണ്.  എന്തിനേറെ പറയണം പൂച്ചയ്ക്കു മണി കെട്ടാന്‍ കൊച്ചു മണികള്‍ പോലും ലഭ്യമാണ് ഇന്ന് വിപണിയില്‍.

English summary: Indian pet care industry analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com