ഡോക്ടർ, എന്റെ പശു കട്ടൻകാപ്പിയുടെ നിറത്തിൽ മൂത്രം ഒഴിക്കുന്നു

HIGHLIGHTS
  • പ്രോട്ടോസോവ ഗണത്തിൽപ്പെട്ട രോഗാണുക്കളാണ് ഈ അസുഖത്തിനു കാരണം
  • വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം
cow
SHARE

‘ഡോക്ടര്‍, എന്റെ പശു ഇന്ന് രാവിലെ മുതൽ കട്ടൻകാപ്പിയുടെ നിറത്തിൽ നല്ല പതഞ്ഞാണ് മൂത്രം ഒഴിക്കുന്നത്. നല്ല പനിയും ഉണ്ട്. എന്താണ് ഈ അസുഖം?’ - ക്ഷീരകര്‍ഷകര്‍ സാധാരണ ഉന്നയിക്കുന്ന സംശയങ്ങളിലൊന്നാണിത്. കട്ടൻകാപ്പിയുടെ നിറമുള്ള മൂത്രവും തുടർന്നുള്ള പനിയും പട്ടുണ്ണി പരാദങ്ങൾ വഴി പകരുന്ന ബബിസിയോസിസ് എന്ന അസുഖത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ്. സംസ്ഥാനത്ത് കന്നുകാലികളിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഈ രോഗം പട്ടുണ്ണിപ്പനി, ചുകപ്പുദീനം തുടങ്ങിയ പേരുകളിലാണ് ക്ഷീരകർഷകർക്കിടയിൽ പരിചിതം. കന്നുകാലികളെ ബാധിക്കുന്ന മഴക്കാലരോഗങ്ങളിൽ  ഒന്നുകൂടിയാണ് ബബീസിയ.

ബബീസിയ രോഗത്തെ അറിയാം

ബബീസിയ ബൈജെമിന, ബബീസിയ ഒവാറ്റ തുടങ്ങിയ പ്രോട്ടോസോവ ഗണത്തിൽപ്പെട്ട രോഗാണുക്കളാണ് ഈ അസുഖത്തിനു കാരണം. ഒരാഴ്ച മാത്രം പ്രായമായ കിടാക്കളെ മുതല്‍ ഏതു പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. പശുക്കളില്‍ മാത്രമല്ല, എരുമകളിലും ആടുകളിലും നായ്ക്കളിലുമെല്ലാം രോഗസാധ്യത ഉയര്‍ന്നതാണ്. നാടൻ പശുക്കളെ അപേക്ഷിച്ച് സങ്കരയിനം പശുക്കളിലാണ് ബബീസിയ രോഗത്തിന് ഉയർന്ന സാധ്യത. കേരളത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ നിന്നാണ് ബബീസിയ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ബാഹ്യപരാദങ്ങളായ പട്ടുണ്ണികളുടെ കടിയേൽക്കുന്നത് വഴിയാണ് രോഗാണുക്കൾ പശുക്കളിൽ എത്തുന്നത്. കന്നുകാലികളുടെ ചെവിയുടെ ഉൾവശം, കഴുത്ത്, തുടയുടെ ഉൾവശം, വാൽ, അകിട്, വയറിനടിവശം എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പട്ടുണ്ണികൾ പ്രധാനമായും രക്തം ഊറ്റിക്കുടിക്കുക. പശുക്കളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കൾ ത്വരിതഗതിയിൽ പെരുകി രക്തത്തിലെ ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കും. നശിപ്പിക്കപ്പെട്ട ചുവന്ന രക്തകോശങ്ങളിൽ അടങ്ങിയ ഹീമോഗ്ലോബിന്‍ വർണഘടകങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നതിനാലാണ് മൂത്രത്തിന്റെ നിറം കട്ടൻകാപ്പിയുടെതിന് സമാനമായ നിറത്തിൽ വ്യത്യാസപ്പെടുന്നത്. മൂത്രം സാധാരണയിലും അധികമായി പതയുന്നതായും കാണാം.

മൂത്രത്തിന്റെ നിറത്തിലുള്ള ഈ മാറ്റം കൂടാതെ ഉയര്‍ന്ന പനി, തീറ്റ മടുപ്പ്, പാൽ ഉൽപാദനം കുറയൽ, കണ്ണിലേയും മോണയിലേയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണം നഷ്ടപ്പെടല്‍, വിളര്‍ച്ച, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളും ക്രമേണ ബബീസിയ രോഗബാധയിൽ പ്രകടമാവും. ഗുരുതരമാവുന്ന പക്ഷം പശു കിടപ്പിലാവുന്നതിനും, മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരണത്തിനും കാരണമാവാം. രോഗബാധ ഗർഭിണി പശുക്കളിൽ ഗര്‍ഭമലസലിനു കാരണമാകാം. അമ്മയില്‍നിന്ന് ഗര്‍ഭസ്ഥ കിടാക്കളിലേക്ക് രോഗാണുക്കൾ പകരാനും സാധ്യതയുണ്ട്.

പട്ടുണ്ണികളുടെ സാന്ദ്രത ഏറെയുള്ള വനമേഖലയിൽ മേയാന്‍ വിടുന്ന പശുക്കളിൽ രോഗസാധ്യത ഏറെയാണ്.

ബബീസിയ രോഗത്തെ പ്രതിരോധിക്കാൻ

ബബീസിയ രോഗം സംശയിച്ചാല്‍ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. തൈലേറിയ രോഗം, അനാപ്ലാസ്മ രോഗം തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റു രോഗങ്ങളില്‍ നിന്നെല്ലാം ബബീസിയ രോഗാണുവിനെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.

രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിപ്രോട്ടോസോവല്‍ മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. അമ്മപ്പശുവിന്റെ രക്തം ശേഖരിച്ച് കിടാക്കളുടെ ഞരമ്പുകളില്‍ കുത്തിവെച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള കന്നുകുട്ടികളെ രക്ഷപ്പെടുത്താം. ശരീരത്തിന്‍റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും, പ്രോബയോട്ടിക്കുകളും, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയ ധാതുലവണമിശ്രിതവും ഡോക്ടറുടെ നിർദേശപ്രകാരം പശുക്കള്‍ക്ക് തുടർ ചികിത്സയായി നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്കു ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. 

പരാദനിയന്ത്രണം പരമപ്രധാനം

ബബീസിയ രോഗം തടയാനുള്ള ഏറ്റവും ഉത്തമ മാർഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. ഇതിനായി പട്ടുണ്ണിനാശിനികള്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, കൃത്യമായ ഇടവേളകളില്‍ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം. ഉദാഹരണത്തിന് 1% വീര്യമുള്ള ഫ്ലുമെത്രിൻ ലായനി പട്ടുണ്ണിനാശിനിയായി ഉപയോഗിക്കാം. Flupor, Bayticol pour-on തുടങ്ങിയ പേരുകളില്‍ 50 മില്ലി ലീറ്റർ. കുപ്പികളിലും ഈ മരുന്ന് വിപണിയിൽ ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. ഇത് കൂടാതെ സൈപ്പർമെത്രിൻ, അമിട്രാസ്, ഫിപ്രോനിൽ തുടങ്ങി ശരീരത്തിൽ തളിയ്ക്കാവുന്ന വിവിധ മരുന്നുകളും ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം അനിയോജ്യമായ ഒരു പട്ടുണ്ണിനാശിനി തിരഞ്ഞെടുത്ത് ഉപയോഗിക്കാം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ പശുവിന്റെ ശരീരത്തിലും തളിക്കുന്നതും പട്ടുണ്ണികളെ അകറ്റും. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. കാട്ടിൽ മേയാൻ വിടുന്നതിന് മുൻപ് പശുക്കളുടെ മേനിയിൽ പട്ടുണ്ണികളെ അകറ്റുന്ന ലേപനങ്ങൾ പ്രയോഗിക്കുന്നത് ഉചിതമാണ്.

തൊഴുത്തിന്റെ തറയുടെയും ഭിത്തിയുടെയും ചെറിയ സുഷിരങ്ങളിൽ പട്ടുണ്ണികൾ മുട്ടയിട്ട് പെരുകാൻ ഇടയുള്ളതിനാൽ ഇവിടെയെല്ലാം പട്ടുണ്ണിനാശിനികൾ തളിയ്ക്കാൻ വിട്ടുപോവരുത്. പട്ടുണ്ണിനാശിനികൾ ചേർത്ത് തൊഴുത്തിന്റെ ഭിത്തി വെള്ളപൂശുകയും ചെയ്യാം. ഒരേതരം പട്ടുണ്ണി നാശിനി തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇടയ്ക്ക് മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കണം. പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാര്‍ജ്ജിക്കുന്നത് തടയാനാണിത്.

ഫാമുകളിൽ വേണം രക്തപരിശോധന

രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില പശുക്കൾ ബബീസിയ രോഗാണുവിന്‍റെ വാഹകരാവാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഈ പശുക്കളിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. ബബീസിയ അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗ്ഗമാണ്. ആടുഫാമുകളിലും, എരുമഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം. രക്തപരിശോധ നടത്തുന്നതിനുള്ള സൗകര്യങ്ങൾ വെറ്ററിനറി ഹോസ്പിറ്റലുകളോട് അനുബന്ധമായി പ്രവർത്തിക്കുന്ന ലാബുകളിൽ ഉണ്ട്. തീർത്തും സൗജന്യമായാണ് ഈ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നത്.

ക്വാറന്റൈൻ പശുക്കൾക്കും

ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

അണുവിമുക്തമാക്കാത്ത സൂചിയും സിറിഞ്ചും അപകടകാരി

പട്ടുണ്ണികള്‍ വഴി മാത്രമല്ല, ഉപയോഗിച്ച കുത്തിവയ്പ്പ് സൂചികളും സിറിഞ്ചുകളും ശരിയായി അണുവിമുക്തമാക്കാതെ മറ്റു പശുക്കളില്‍ വീണ്ടും ഉപയോഗിക്കുന്നതു വഴിയും രക്തപരാദങ്ങള്‍ പടരാന്‍ ഇടയുണ്ട്. സൂചികളും സിറിഞ്ചും അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.  

English summary: Babesiosis: Blood Infection Spread by Ticks

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA