ADVERTISEMENT

കറവപശുക്കളെ പോലെ തന്നെ കറവയിലുള്ള ആടുകളെയും ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് അകിട് വീക്കം. തണുപ്പുള്ളതും നനവാർന്നതുമായ അന്തരീക്ഷം അകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കൾക്ക് പെരുകാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കും. മുലദ്വാരത്തിലൂടെയും അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയും ചില സാഹചര്യങ്ങളിൽ രക്തത്തിലൂടെയുമെല്ലാം   അകിടിനുള്ളിൽ കയറുന്ന രോഗാണുക്കൾ പാൽ ചുരത്തി നിറഞ്ഞുനിൽക്കുന്ന അകിടിൽ എളുപ്പത്തിൽ രോഗമുണ്ടാക്കും. പാല്‍ ഉൽപ്പാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി, സങ്കരയിനം   തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത.

പാലിൽ പെട്ടെന്നുണ്ടാവുന്ന കുറവ്, പാലിൽ കട്ടയോ തരിത്തരികളായോ കാണപ്പെടൽ, പാലിന് നിറം മാറ്റം,  പാലിൽ രക്താംശമോ പഴുപ്പോ കാണപ്പെടൽ, പാൽ വെള്ളം പോലെ നേർക്കൽ, പനി, തീറ്റയെടുക്കാൻ മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന് നിറവ്യത്യാസം, കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അകിടുവീക്കത്തിന്റെ ആരംഭമാണെന്ന്  മനസിലാക്കാം. രോഗാണുവിന്റെ സ്വഭാവവും രോഗതീവ്രതയും അനുസരിച്ച് ഈ രോഗലക്ഷണങ്ങളിലും തീവ്രതയിലും  വ്യത്യാസങ്ങൾ ഉണ്ടാവും. തീവ്രത കൂടിയ അണുബാധകളിൽ അകിടുവീക്കം മൂർച്ഛിച്ചാൽ രോഗാണുക്കള്‍ പുറംന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെ ആടുകളുടെ ജീവന്‍ തന്നെ അപകടത്തിലാവും. 

കൂടുതൽ സാധ്യത ഗാംഗ്രിനസ് മാസ്റ്റൈറ്റിസിന്

പശുക്കളെ അപേക്ഷിച്ച് ‘ഗാംഗ്രിനസ് മാസ്റ്റൈറ്റിസ്’ എന്നറിയപ്പെടുന്ന തീവ്ര രൂപത്തിലുള്ള അകിടുവീക്കത്തിനാണ് ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ള അകിടുവീക്ക രോഗത്തിൽ  അകിട് വീര്‍ത്ത് കല്ലിക്കുമെങ്കിലും വേദന അനുഭവപ്പെടില്ല. അകിടിന്റെ നിറം ക്രമേണ നീലനിറത്തില്‍ വ്യത്യാസപ്പെടുകയും അകിട് തണുത്ത് മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലർന്ന നിറത്തില്‍ സ്രവം വരുന്നതായി കാണാം. ക്രമേണ അകിട് വിണ്ടുകീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോവാനും മുലക്കാമ്പുകൾ സ്ഥിരമായി നഷ്ടമാവാനും  ഗാംഗ്രിനസ് അകിടുവീക്കത്തിൽ  സാധ്യതയേറെയാണ്. എലിപ്പനി പോലുള്ള ചില രോഗങ്ങളും ആടുകളിൽ അകിടുവീക്കം ഉണ്ടാവാൻ  കാരണമാവാറുണ്ട്.

goat-1
അകിടുവീക്കം ബാധിച്ച ആട്

പ്രതിരോധം ചികിത്സയേക്കാൾ ഉത്തമം  

പ്രതിരോധം ചികിത്സയേക്കാൾ ഉത്തമം എന്ന ആരോഗ്യസൂക്തം അകിടുവീക്കത്തെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നതാണ് അകിടുവീക്ക പ്രതിരോധത്തിൽ പ്രധാനം. വശങ്ങളിലെ തടസങ്ങൾ നീക്കിയും മേൽക്കൂരയുടെ ഉയരം കൂട്ടിയും കൂട്ടിൽ   മതിയായ വായുസഞ്ചാരം  ഉറപ്പാക്കണം. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. 

പശുക്കളില്‍ എന്നതുപോലെ തന്നെ കറവയുള്ള ആടുകളിൽ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി (5 ലീറ്റർ വെള്ളത്തിൽ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവക്കാരന്റെ കൈകളും ഇതേ രീതിയിൽ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. ആടുകളെ നമ്മുടെ ചൂണ്ടുവിരലും തള്ളവിരലും മാത്രം ഉപയോഗിച്ച് പിഴിഞ്ഞ് കറക്കുന്ന രീതി അകിടുവീക്കത്തിന് സാധ്യത കൂട്ടും. മുഴുകൈ കറവയാണ് ഏറ്റവും  അനുയോജ്യം. നാല് വിരലുകൾ ഒരു ഭാഗത്തും തള്ളവിരൽ മറുഭാഗത്തുമായി പിടിച്ച് മുകളിൽ നിന്നും ചുവടേക്ക് അമർത്തി കറക്കുന്ന രീതിയാണ് മുഴുകൈ ഉപയോഗിച്ചുള്ള കറവ.

കുട്ടികള്‍ കുടിച്ചതിനു ശേഷം അകിടില്‍ പാല്‍ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ഒട്ടും ബാക്കി നിര്‍ത്താതെ പാല്‍ പൂർണമായും കറന്നു കളയണം. പൂര്‍ണ കറവയ്ക്കു ശേഷവും കുട്ടികൾ കുടിച്ചതിനു ശേഷവും മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. മുലദ്വാരം വഴി രോഗാണുക്കൾ അകിടിനുള്ളിലേക്കു കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിൻ  സഹായിക്കും. മുലദ്വാരം  അടയുന്നത് വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും ആടുകൾ തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം കൈതീറ്റ നല്‍കണം. അകിടിനു ചുറ്റുമുള്ള നീണ്ട രോമങ്ങൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളിൽ ബോറിക് ആസിഡ് പൊടി ഗ്ലിസറിൻ ദ്രാവകത്തിലോ അയഡിൻ ലായനിയിലോ ചേർത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ്. അകിടിന്റെ ചർമ്മത്തെ  ബാധിക്കാൻ ഇടയുള്ള ഗോട്ട് പോക്സ്, ഫംഗസ് പോലുള്ള സാംക്രമിക രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം.

അകിടുവീക്കം പശുക്കളേക്കാള്‍ ആടുകളില്‍ മാരകമായതിനാല്‍ രോഗം തടയാന്‍ പ്രത്യേകം കരുതല്‍ പുലര്‍ത്തണം.  ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കാമ്പിൽ കെട്ടിനിൽക്കുന്ന  മുഴുവൻ പാലും പിഴിഞ്ഞു കളയുന്നതാണ് അകിടുവീക്കത്തിന് നൽകേണ്ട പ്രഥമ ശുശ്രുഷ. ഇത് രോഗാണുക്കളുടെ പെരുപ്പം തടയും. അകിടിൽ തണുത്തവെള്ളം തളിക്കുന്നതും ഐസ് ക്യൂബുകൾ ചേർത്തുവയ്ക്കുന്നതും ഫലപ്രദമാണ്. സ്വയം ചികിത്സയ്ക്ക് മുതിരാതെ വേഗത്തിൽ വിദഗ്‌ധ ചികിത്സ തേടണം.  ചികിത്സ വൈകുന്തോറും അകിടുവീക്കം രൂക്ഷമാകുമെന്ന് മാത്രമല്ല, പിന്നീട് പൂർണമായും ചികിൽസിച്ച് ഭേദമാക്കാൻ കഴിയാത്ത രൂപത്തിലാവാനും ഇടയുണ്ട്.   

അകിടുനീരും അകിടുവീക്കവും രണ്ടും രണ്ടാണ്  

പ്രസവത്തോടനുബന്ധിച്ച് ചില ആടുകളുടെ അകിടിനു ചുറ്റും നീര് വന്ന് വെള്ളം നിറച്ച ഒരു ബലൂൺ പോലെ വീർത്ത് വീങ്ങി വരുന്നത് കണ്ടുവരാറുണ്ട്. ഇത് അകിടുവീക്കമായി പലപ്പോഴും കർഷകർ തെറ്റിദ്ധരിക്കാറുണ്ട്.  എന്നാൽ ഇത് പ്രസവത്തോടനുബന്ധിച്ച് ഉണ്ടാവുന്ന അഡർ എഡിമ (Udder edema) എന്ന് വിളിക്കുന്ന സ്വാഭാവിക ശരീരാവസ്ഥയാണ്.  ഇത്  അകിടുവീക്കമാണെന്നു ഭയക്കേണ്ടതില്ല. എങ്കിലും   ഈ ലക്ഷണം കാണിക്കുന്ന ആടുകളിൽ അകിടുവീക്കത്തിന് ഉയർന്ന സാധ്യത ഉള്ളതിനാൽ അകിടിൽ കെട്ടിനിൽക്കുന്ന പാൽ കൃത്യമായി കറന്നെടുക്കാനും നീര് കുറയാനുള്ള ലേപനങ്ങൾ (ഉദാഹരണം -   മഗ്നീഷ്യം സൾഫേറ്റ്‌ / ഭേദി ഉപ്പ് , വിപണിയിൽ ലഭ്യമായ മാസ്റ്റിലെപ്പ്, വിസ്‌പ്രെക്ക് മുതലായ ഓയിന്മെറ്റുകൾ)  അകിടിന് പുറത്ത് പുരട്ടി നൽകാനും കർഷകർ ശ്രദ്ധിക്കണം. ഒപ്പം ധാരാളം തണുത്ത വെള്ളം അകിടിൽ ഒഴിച്ചുനൽകുന്നതും നല്ലതാണ്.

English summary: Mastitis in Goats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com