ADVERTISEMENT

‘നമ്മൾ പൊളിയാണ് ഭായ്...’ പറഞ്ഞു വരുന്നത് മറ്റാരെ പറ്റിയുമല്ല, നമ്മുടെ പന്നിക്കുട്ടന്മാരെക്കുറിച്ചാണ്. വളർത്തുപന്നികളിൽനിന്നു ലഭിക്കുന്ന മാംസമായ പോർക്ക്‌ പലരുടെയും ഇഷ്ട വിഭവമാണ്. ചില മതപരമായ വിലക്കുകൾ ഉണ്ടെങ്കിലും ലോകമാകമാനം ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷിക്കുന്ന മാംസവും  പന്നിയിറച്ചിയാണ്. എന്നാൽ, പൊതുവെ പന്നികൾ, പന്നി വളർത്തൽ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നമ്മളിൽ  പലരുടെയും മുഖം ചുളിയും. പന്നികളെക്കുറിച്ച് നമ്മൾ പല കാര്യങ്ങളും പൂർണമായും മനസിലാക്കിയിട്ടില്ല എന്നതാണ് ഇതിനു കാരണം.

പന്നികളെകുറിച്ച് പല തെറ്റിദ്ധാരണകളും നമുക്കൊക്കെയുണ്ട്. ഒന്നാമതായി 'പന്നിയെപ്പോലെ വിയർക്കുക' എന്നൊരു പ്രയോഗമുണ്ട്. എന്നാൽ, വിയർപ്പുഗ്രന്ഥികൾ വളരെ വിരളമായി മാത്രമുള്ള ജീവികളാണ് പന്നികൾ. അതുകൊണ്ടുതന്നെ ചൂടൊഴിവാക്കാനായി മണ്ണിലും ചെളിയിലും പുതയുന്ന ഒരു സ്വഭാവം ഇവയ്ക്കുണ്ട്. എന്നാൽ, യഥാർഥത്തിൽ ഇവ നല്ല വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതു ലഭിക്കാതെ വരുമ്പോൾ താപ നിയന്ത്രണത്തിനാണ് ഇവ ചെളിയിൽ പുതയുന്നത്. പന്നി വളർത്തുന്നവർ പൊതുവെ ഇവയ്ക്കു മുങ്ങിക്കുളിക്കാനായി ഒരു ചെറിയ ടാങ്ക് (wallowing tank) നിർമ്മിക്കാറുണ്ട്. അതിൽ യഥേഷ്ടം നീന്തി നടന്നാണ് ഇവ ശരീര താപം നിയന്ത്രിക്കുന്നതെന്നു കാണാം.

പന്നികളെക്കുറിച്ച് മറ്റൊരു ആരോപണം അവ വിസർജ്യം ഭക്ഷിക്കുന്നവരും,  വിസർജ്യത്തിൽ ജീവിക്കുന്നവരുമാണെന്നാണ്. എന്നാൽ ഇത് ഒട്ടും ശരിയല്ല. യഥാർഥത്തിൽ കിടക്കുന്നിടത്തും ഭക്ഷണം കഴിക്കുന്നിടത്തുമൊക്കെ വിസർജിക്കാൻ ഒട്ടും താൽപര്യം കാട്ടാത്ത ജീവികളിലൊന്നാണ് പന്നികൾ. എന്നാൽ, വ്യാവസായികാടിസ്ഥാനത്തിൽ ഇവയെ വളർത്തുമ്പോൾ കൃത്യമായ ഇടവേളകളിൽ  കൂടുകൾ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ മേൽപറഞ്ഞ ആരോപണം കേൾക്കേണ്ടി വരും. 

പന്നികൾ വളരെ ബുദ്ധിമാന്മാരും സമൂഹ ബന്ധങ്ങൾ സൂക്ഷിക്കുന്നവരുമാണ്.  ലോകമാകമാനം നടത്തിയിരിട്ടുള്ള പല ഐക്യു ടെസ്റ്റുകളിലും നായ്ക്കളേക്കാൾ മുന്നിൽ പന്നികൾ എത്തിയിട്ടുള്ളതായി കാണാം. ചുരുക്കി പറഞ്ഞാൽ ബുദ്ധിയുടെ കാര്യത്തിൽ ചിമ്പാൻസി, ഡോൾഫിൻ,  ഒറാങുട്ടാൻ, ആന എന്നിവയ്ക്കു ശേഷമാണ് പന്നികളുടെ സ്ഥാനം. മനുഷ്യരെപോലെ ഉറങ്ങുമ്പോൾ സ്വപ്നം കാണാൻ  പന്നികൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നം കാണൽ മാത്രമല്ല ജനിതകപരമായും മനുഷ്യരുമായി പന്നികൾക്ക് പല സാമ്യവുമുണ്ട്. അതിനാലാണ്  പന്നിഭ്രൂണങ്ങളിൽനിന്നും എടുക്കുന്ന വിത്ത് കോശങ്ങൾ  (stem cells) ഉപയോഗിച്ച് മനുഷ്യരിലെ അവയവമാറ്റം ഉൾപ്പടെയുള്ള പരീക്ഷണങ്ങൾ  ശാസ്ത്രജ്ഞർ നടത്തിപ്പോരുന്നത്. 

ശബ്ദങ്ങൾ ഉപയോഗിച്ച് ആശയ വിനിമയം നടത്താനും,  ശബ്ദങ്ങളോട്  പ്രതികരിക്കാനുള്ള ഇവയുടെ കഴിവും ഇവയെ പോറ്റിവളർത്തുന്നവർക്ക് എളുപ്പം മനസിലാകും. ഏതാണ്ട് രണ്ടാഴ്ച പ്രായത്തിൽ പേര് വിളിക്കുമ്പോൾ ഇവ അതിനോടു പ്രതികരിക്കുന്നതായി കാണാം. വിശക്കുമ്പോൾ ഉൾപ്പടെ ഏതാണ്ട് ഇരുപതോളം പ്രത്യേകതരം ശബ്ദങ്ങൾ ഇവ സാധാരണയായി പുറപ്പെടുവിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ശബ്ദ തീവ്രതയിലുള്ള ഇവയുടെ നിലവിളിയും ഒരു  പ്രത്യേകതയാണ്. ഇതിനൊക്കെ പുറമെ സ്നേഹം,  ദേഷ്യം, വിഷമം എന്നീ  വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ജീവികളാണ് പന്നികൾ. 

ഇത്തരത്തിൽ പല വിധ സവിശേഷതകളുള്ള പന്നികളെ ആരാധിക്കുന്നവരുമുണ്ട്. ചൈനയിൽ നവദമ്പതികളുടെ കിടപ്പുമുറിയിലും മറ്റും പന്നികളുടെ പ്രതിമകൾ വയ്ക്കുകയും, കുട്ടികളുണ്ടാകാനായി അവയെ ആരാധിക്കുകയും ചെയ്യുന്ന  പതിവുണ്ട്. ഇത്തരത്തിൽ അനവധി സവിശേഷതകളുള്ള പന്നിക്കുട്ടന്മാരെ അടുത്തറിഞ്ഞാൽ ഇവയോടുള്ള നമ്മുടെ മനോഭാവം തന്നെ മാറും.

അപ്പോൾ  ഇനി മുതൽ പന്നി വളർത്തൽ എന്ന് കേൾക്കുമ്പോൾ  നെറ്റി ചുളിക്കാൻ വരട്ടെ... ശാസ്ത്രീയമായ വളർത്തൽ രീതികളും, മലിനീകരണ നിയന്ത്രണ ചട്ടങ്ങളും പാലിച്ചു മുന്നോട്ട് പോയാൽ ഏറ്റവും ലാഭം തരുന്ന ഒരു സംരംഭം കൂടിയാണ് പന്നിവളർത്തൽ.

English summary: Surprising Facts About Pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com