ADVERTISEMENT

ലാഭകരമായ പശു വളർത്തലിൽ പശുവിന്റെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പശുക്കൾക്ക് വരുന്ന വിവിധ രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ ഉടമസ്ഥൻ വേണ്ട പരിഹാര നടപടികൾ/ചികിത്സ നടത്തിയാൽ രോഗം മൂലം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വളരെയേറെ കുറയ്ക്കാൻ സാധിക്കും. 

രോഗലക്ഷണങ്ങൾ തിരിച്ചറിയൽ 

ദിവസേന എല്ലാ പശുക്കളെയും ഏതെങ്കിലും രോഗലക്ഷങ്ങൾ കാണിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേകം നിരീക്ഷിക്കണം. ഇതു രോഗനിയന്ത്രണത്തിനും തക്ക സമയത്തു ആവശ്യമായ പരിചരണം നൽകാനും സഹായിക്കും. തല താഴ്ത്തിയും കൂട്ടം തെറ്റിയും നിൽക്കാനുള്ള പ്രവണത നല്ല ലക്ഷണമല്ല.

ആരോഗ്യമുള്ള പശുക്കൾ തീറ്റ ആർത്തിയോടെ തിന്നുന്നത് കാണാം. തീറ്റയെടുക്കാതെയും അയവിറക്കാതെയുമിരിക്കുന്നത് പല രോഗങ്ങളുടെയും പ്രാരംഭലക്ഷണങ്ങളാണ്. എന്നാൽ, അത് തീറ്റയിലുള്ള പ്രശ്നം കൊണ്ടോ രുചി വ്യത്യാസം കൊണ്ടോ അല്ല എന്ന് ഉറപ്പുവരുത്തണം.

ആരോഗ്യമുള്ള പശുക്കളുടെ തൊലി മൃദുലവും വലിച്ചാൽ പൂർവസ്ഥിതി പ്രാപിക്കുന്നതുമായിരിക്കും. ഉണങ്ങിയതും പരുപരുത്തതുമായ തൊലി രോഗലക്ഷണമാണ്. എഴുന്നു നിൽക്കുന്നതും കൊഴിയുന്നതും തിളക്കമില്ലാത്തതുമായ രോമം നല്ല ആരോഗ്യലക്ഷണമല്ല. അത് പരാദബാധയേയും (ആന്തരികവും/ ബാഹ്യവും), ശരീരം ക്ഷയിക്കലിനേയും സൂചിപ്പിക്കുന്നു.  

പശുവിന്റെ മൂക്കും അതിനു ചുറ്റുമുള്ളതുമായ ഭാഗം ഈർപ്പമുള്ളതും അതേ സമയം മൂക്കൊലിപ്പില്ലാത്തതുമായിരിക്കണം. ഈർപ്പരഹിതമായ മൂക്ക് പനിയെ സൂചിപ്പിക്കുന്നു. 

ശ്വാസതടസം, അസാധാരണ ശബ്ദം, ചുമ എന്നിവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യമുള്ള പശുക്കളുടെ കണ്ണുകൾ തിളക്കമുള്ളവയായിരിക്കും. എന്നാൽ, കുഴിഞ്ഞതും തൂങ്ങി നിൽക്കുന്നതുമായ കണ്ണുകൾ പനിയെ സൂചിപ്പിക്കുന്നു. കണ്ണിൽനിന്നും വെള്ളമൊലിക്കുന്നതും പഴുപ്പ് വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യമുള്ള പശുക്കളുടെ ചാണകം അധികം അയവില്ലാത്തതും നല്ല പച്ച നിറത്തിലുള്ളതും ആയിരിക്കും. വായു കുമിളകളോ കഫമോ രക്തത്തിന്റെ അംശമോ ചാണകത്തിൽ കണ്ടാൽ അത് വിരബാധ മൂലമാണെന്നു കരുതാം. അപ്പോൾ എത്രയും പെട്ടെന്ന് തന്നെ ചാണകം പരിശോധിച്ചു വേണ്ട ചികിത്സ തേടണം.

മൂത്രം തെളിഞ്ഞതും, ഇളം മഞ്ഞ നിറത്തോടുകൂടിയതും ആയിരിക്കും സാധാരണ ഗതിയിൽ. എന്നാൽ ഇരുണ്ടതും ചുവപ്പു നിറത്തിലോ കട്ടൻ കാപ്പിയുടെ നിറത്തിലോ ഉള്ളതായ മൂത്രം രോഗലക്ഷണമാണ്.

പാലിന്റെ അളവിലും ഗുണത്തിലുമുള്ള വ്യത്യാസം പല രോഗങ്ങളുടെയും പ്രാരംഭലക്ഷണമാണ്. അകിടുവീക്കം, കീറ്റോസിസ് മുതലായ പല രോഗങ്ങളിലും പാലിന്റെ അളവ് ഗണ്യമായി  കുറയും. ഉപ്പു രസം, മഞ്ഞ നിറം,  രക്തഅംശം, കട്ടകൾ, ചാര നിറം എന്നിവയുള്ള പാൽ അകിടുവീക്കത്തെ സൂചിപ്പിക്കുന്നു. 

English summary: Common Cattle Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com