മീൻകുളങ്ങളിൽ മാത്രമല്ല ആടുഫാമുകളിലും അമോണിയ വില്ലൻ

HIGHLIGHTS
  • അമോണിയ പ്രശ്നങ്ങൾ തടയാൻ കൂട്ടിൽ വേണം ശ്രദ്ധ
goat-1
SHARE

ആടുകളിൽ മഴക്കാലത്തു കാണുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ഏറ്റവും മുഖ്യമാണ് വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും ശ്വസനതടസവും പനിയുമെല്ലാം. ശ്വസനതടസ്സം ഗുരുതരമായാൽ ന്യുമോണിയയ്ക്കും (ശ്വാസകോശത്തിൽ നീർവീക്കം) സാധ്യതയേറെ. കൂടിന്റെ പ്ലാറ്റ്ഫോമിലും കൂട്ടിനടിയിലും കെട്ടിക്കിടക്കുന്ന കാഷ്ഠത്തിൽ നനവേൽക്കുമ്പോൾ അമോണിയ വാതകം പുറത്തുവരും. മതിയായ വായുസഞ്ചാരമില്ലാത്ത കൂട്ടിൽ തങ്ങിനിൽക്കുന്ന അമോണിയ വാതകം ആടുകളിലെ ശ്വാസനപ്രശ്നങ്ങളുടെ പ്രധാന കാരണമാണ്. ആടുകൾക്ക് മാത്രമല്ല ആടുകളെ പരിപാലിക്കുന്നവർക്കും അമോണിയ വാതകം ദോഷകരമാണ്. ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷവും ആടുകളിൽ ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. മഴ നനയുന്നതും ആടുകളിൽ ശ്വാസകോശരോഗങ്ങൾക്കു സാധ്യത കൂട്ടും. കുരലടപ്പൻ, സാംക്രമിക പ്ലൂറോ ന്യുമോണിയ, ആടുവസന്ത പോലുള്ള രോഗങ്ങളുടെയും പ്രധാന ലക്ഷണം കടുത്ത ചുമയും വായിൽനിന്നും മൂക്കിൽനിന്നുമുള്ള നീരൊലിപ്പും ശ്വസനപ്രയാസവും തന്നെയാണ്. ആരോഗ്യമുള്ള ആടുകളിൽ ശ്വസനനിരക്ക് മിനിറ്റിൽ 10 മുതൽ 15 വരെയാണെങ്കിൽ ഇത്തരം രോഗാവസ്ഥകളിൽ   ശ്വസനനിരക്ക് ഉയരും. ജമുനാപാരി, സിരോഹി, ബീറ്റൽ  തുടങ്ങിയ ഉത്തരേന്ത്യൻ ആടിനങ്ങളിൽ മഴക്കാലത്ത് ശ്വാസകോശരോഗങ്ങൾ പൊതുവെ കൂടുതലായി കാണപ്പെടുന്നു.

അമോണിയ പ്രശ്നങ്ങൾ തടയാൻ കൂട്ടിൽ വേണം ശ്രദ്ധ 

കൂടിന്റെ പ്ലാറ്റ്‌ഫോം  (ആടുകൾ നിൽക്കുന്ന തട്ട്)  നല്ല ബലമുള്ള മരതടികളോ ഹോളോബ്രിക്സോ  കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിച്ച് ഭൂനിരപ്പിൽനിന്ന് 5-6 അടി ഉയർത്തി നിർമിക്കുന്നത് അമോണിയ വാതകം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങൾ തടയാൻ ഒരു മാർഗമാണ്. മൂത്രവും കാഷ്ഠവും കെട്ടികിടക്കാതെ കൃത്യമായ ഇടവേളകളിൽ എളുപ്പത്തിൽ നീക്കം ചെയ്യാനും നല്ല വായുസഞ്ചാരം ഉറപ്പാക്കി അമോണിയ വാതകം കൂടിനടിയിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കാനും പ്ലാറ്റ്‌ഫോം ഉയർത്തി നിർമിക്കുന്നത് സഹായിക്കും. 

തട്ട് ഒരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1.25 -1.5  സെന്റി മീറ്റർ വിടവ് നൽകണം. ഈ അളവിൽ ഇടയകലം കാഷ്ഠം കൂടിന്റെ പ്ലാറ്റ്ഫോമിൽ തങ്ങിനിൽക്കാതെ തറയിൽ വീഴാൻ സഹായിക്കും. ആടുകൾ നിൽക്കുന്ന തട്ട് തറനിരപ്പിൽനിന്നും ഒരു മീറ്ററിലും കുറഞ്ഞ ഉയരത്തിലാണ് സ്‌ഥാപിച്ചിരിക്കുന്നതെങ്കിൽ ശ്വാസകോശ പ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം 10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത്   20–25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് 5-6 ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. കൂട്ടിനുള്ളിൽ ആടുകളെ തിങ്ങിപാർപ്പിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യത കൂട്ടും. കൂട്ടിനുള്ളിലെയും പുറത്തെയും തടസങ്ങൾ നീക്കി കൂട്ടിൽ  മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. 

മഴവെള്ളം ആട്ടിൻ കാഷ്ഠത്തിൽ വീണാൽ അമോണിയ വാതകം പുറന്തള്ളാൻ കാരണമാകും. മഴചാറ്റൽ കൂടിനുള്ളിലേക്ക് വീഴാതിരിക്കാൻ വശങ്ങളിൽ 1-1.5 മീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്. മേൽക്കൂരയിൽ ചോർച്ചയുണ്ടെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തി ചോർച്ചയടയ്ക്കേണ്ടത് പ്രധാനം. ശക്തമായ മഴയും കാറ്റുമുള്ള സമയങ്ങളിൽ കൂട്ടിലേക്ക് മഴച്ചാറ്റൽ അടിച്ചുവീശാതിരിക്കാൻ വശങ്ങളിൽ കർട്ടനുകൾ ഉപയോഗിക്കാമെങ്കിലും ബാക്കി സമയങ്ങളിൽ ഇവ നീക്കി വായുവിന്റെ സുഗമസഞ്ചാരം ഉറപ്പാക്കണം. പ്ലാറ്റ്‌ഫോമിൽനിന്നും മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് നാലു മീറ്റർ ഉയരം നൽകണം. ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള  ഉയരം 3 മീറ്റർ നൽകണം .  

ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ പ്രാഥമിക ചികിത്സ നൽകുന്നതിനായി വിപണിയിൽ ലഭ്യമായ നാറ്റ് കോഫ് ( Natcof) ലായനി,  കഫ്‌ലോൺ പൗഡർ (Caflon) തുടങ്ങിയവയിൽ ഏതെങ്കിലും കരുതിവയ്ക്കാം. മുതിർന്ന ഒരാടിന്  നാറ്റ് കോഫ് ലായനി 10  മില്ലി വീതം ദിവസം രണ്ട് തവണകളായി  നൽകാം. കഫ്‌ലോൺ പൗഡർ മുതിർന്ന ഒരാടിന് 10-12 ഗ്രാം വരെ ദിവസം നൽകാം.  ശ്വാസതടസവും, മൂക്കൊലിപ്പും ഒക്കെയുള്ള സമയങ്ങളില്‍ ശ്വസനം സുഗമമാക്കുന്നതിനായി   യൂക്കാലിപ്റ്റസ് തൈലം അല്ലെങ്കിൽ ടിങ്ചര്‍ ബെന്‍സോയിന്‍ 5-8 തുള്ളി വീതം അര ലീറ്റര്‍ തിളപ്പിച്ച ജലത്തില്‍ ചേര്‍ത്ത് ആടിനെ ആവിപിടിപ്പിക്കുകയും ചെയ്യാം. തുടർന്നും ഭേദമായില്ലെങ്കിൽ രോഗനിർണയത്തിനും ആന്റിബയോട്ടിക് അടക്കമുള്ള തുടർ ചികിത്സകൾക്കുമായി ഡോക്ടറുടെ സേവനം തേടണം.

ആടുകളുടെ സാധാരണ  ശരീരതാപനില 103  മുതൽ 104 ഡിഗ്രി ഫാരെൻ ഹീറ്റ് ( 39  -40  ഡിഗ്രി സെന്റീഗ്രേഡ് ) വരെയാണ്. ഇതിനേക്കാൾ ഉയർന്ന താപനില പനിയുടെ സൂചനയാണ്. ആടുകളിൽ അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ താപനില പരിശോധിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടാം. ആടുകളുടെ ശരീര താപനിലയളക്കുന്നതിനായി ഒരു തെര്‍മോ മീറ്റര്‍ ഫാമിൽ സൂക്ഷിക്കണം. തെർമോമീറ്ററിന്റെ അറ്റം മലദ്വാരത്തിൽ കടത്തി താപനില നിർണയിക്കുന്ന രീതി കർഷകർ അറിഞ്ഞിരിക്കണം.

English summary:  Goats and Ammonia: A Health Risk

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA