ADVERTISEMENT

ദുരന്തഭൂമിയിലും സ്നേഹത്തിന്റെ പ്രകാശം പരത്തുന്നവയായിരുന്നു രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു നാം കണ്ട നായ്ക്കളുടെ മൂന്നു ചിത്രങ്ങൾ. അചഞ്ചലമായ വിശ്വസ്തതയും, നിരുപാധിക സ്നേഹവും, അതുല്യമായ കഴിവുകളും ഒത്തുചേർന്ന മനുഷ്യന്റെ, പകരക്കാരനില്ലാത്ത സഹജീവിയാണ് നായയെന്നു തെളിയിക്കുന്നു  ജീവനുള്ള ഈ ദൃശ്യങ്ങള്‍. 

കുവിയും മായയും ഡോണയും പിന്നെ

മണ്ണിടിച്ചിലിൽ കാണാതായ, രണ്ടു വയസു മാത്രമുണ്ടായിരുന്ന ധനുവെന്ന കളിക്കൂട്ടുകാരിയെ തേടി എട്ടു ദിവസത്തോളം ദുരന്തഭൂമിയിലൂടെ ഓടിനടന്ന കുവിയെന്ന നായ  ഒടുവിൽ തന്റെ ചങ്ങാതിയുടെ ചിരപരിചിതമായ മണം പിടിച്ചെടുത്ത് അവളുടെ മൃതശരീരം കണ്ടെത്തി.  തിരിച്ചറിയാനാവാത്തവിധം മാറിപ്പോയിരുന്നിട്ടും മൃതദേഹം വീണ്ടെടുക്കുമ്പോൾ കുവി നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. 

ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട മായയും, ലാബ്രഡോർ ഇനമായ ഡോണയും ദുരന്തസ്ഥലത്തെത്തിയത് രക്ഷാപ്രവർത്തകരെ സഹായിക്കാനാണ്. മണ്ണിനടിയിലെ മൃതദേഹങ്ങളെയും ജീവനോടെ മണ്ണിൽ അകപ്പെട്ടവരെയും  കണ്ടെത്താൻ പരിശീലനം ലഭിച്ച സേർച്ച് ആൻഡ് റെസ്ക്യു (SAR) വിഭാഗത്തിൽപ്പെട്ടവരാണ് ഇരുവരും. കാറ്റും മഴയും വകവയ്ക്കാതെ ഭക്ഷണം പോലും ഉപേക്ഷിച്ചു ദുരന്തഭൂമിയിൽ തന്റെ യജമാനനെ  കാത്തിരിക്കുന്ന പേരറിയാത്ത നായയുടെ ചിത്രവും കണ്ടു നമ്മള്‍. 

kuvi

നായയുടെ ലോകം ഗന്ധങ്ങളുടേത്

പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ മനുഷ്യൻ തേടിയതു കാഴ്ചകളാണെങ്കിൽ നായ്ക്കൾ പിന്തുടർന്നത് മണമാണ്. അതുല്യമായ ഘ്രാണശക്തിയാലാണ് അവർ തങ്ങളുടെ കടമ നിര്‍വഹിച്ചത്. ഗന്ധത്തിന്റെ കാര്യത്തിൽ മനുഷ്യന്റെ നൂറിരട്ടി സംവേദന ക്ഷമതയാണ് നായ്ക്കൾക്ക്. മണം പിടിക്കുക (Sniffing) എന്ന പ്രത്യേക വിധത്തിലുള്ള ശ്വസനരീതിയെ സഹായിക്കുന്ന വിധമാണ് നായ്ക്കളുടെ മൂക്കിന്റെ ഘടന. നാസാദ്വാരങ്ങളിലുള്ള ഗന്ധവുമായി ബന്ധപ്പെട്ട ബാഹ്യകലകളുടെ വിസ്തീർണം മനുഷ്യന്റേതിന്റെ 30 ഇരട്ടി വരും. ഗന്ധകലകളിലെ കോശങ്ങളിൽ കാണുന്ന ചെറിയ മുടിപോലുള്ള സീലിയകളുടെ അറ്റത്തുള്ള ഗന്ധസ്വീകരണികളാണ് വായുവിലെ ഗന്ധതന്മാത്രകളെ വേർതിരിക്കുന്നതും തിരിച്ചറിയുന്നതും. ഗന്ധസ്വീകരണികളുടെ എണ്ണം മനുഷ്യരിൽ കേവലം അരക്കോടി ആണെങ്കില്‍ നായ്ക്കളിൽ അവ 22 കോടിയോളമുണ്ടാവും. സ്വീകരണികളുടെ എണ്ണത്തിൽ മാത്രമല്ല, സാന്ദ്രതയിലും നായ്ക്കൾ മുൻപിലാണ്. നാസാദ്വാരങ്ങളിലെ ഗന്ധകലകളെ തലച്ചോറുമായി ബന്ധപ്പെടുത്തുന്ന നാഡീവ്യൂഹതന്തുക്കളുടെ എണ്ണം നായ്ക്കളിൽ 22 കോടി മുതൽ 200 കോടിവരെ വരുമ്പോൾ മനുഷ്യനിലുള്ളത് ഇതിന്റെ നൂറിലൊന്നു മാത്രമാണ്. ഗന്ധവിശകലനം നടത്തുന്ന തലച്ചോറിലെ ഭാഗത്തിന് മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ 40 ഇരട്ടി വലുപ്പമാണ് നായ്ക്കളില്‍. തലച്ചോറിന്റെ വലുപ്പം കുറവാണെങ്കിലും അവയിലെ സെറിബ്രൽ കോശങ്ങളു ടെ 12 ശതമാനം ഭാഗവും ഗന്ധങ്ങളെ പഠിക്കാൻ നായ്ക്കൾ മാറ്റിവച്ചിരിക്കുന്നു. ഗന്ധങ്ങളുടെ അതിസൂക്ഷ്മ വിശകലനം നടക്കുന്ന ഭാഗത്തിന് മനുഷ്യനിൽ കേവലം ഒരു ചതുരശ്ര ഇഞ്ച് മാത്രം വിസ്തൃതിയുള്ളപ്പോൾ, നായ്ക്കളിൽ അത് 60 ചതുരശ്ര ഇഞ്ചോളം വരും. ഗന്ധങ്ങളെ ഒരു ലക്ഷം കോടി അംശമായി നേർപ്പിച്ചാൽപോലും നായ്ക്കൾ അവ തിരിച്ചറിയുമത്രെ.

നായ്ക്കളുടെ ജനിതകഘടന പരിശോധിക്കുമ്പോൾ ഗന്ധസ്വീകരണികൾക്കായി മാറ്റിവച്ചിരിക്കുന്ന 800 ജീനുകൾ കാണാം. ഓരോ ജീനുകളും വ്യത്യസ്ത സ്വഭാവവും വലുപ്പമുള്ള ഗന്ധതന്മാത്രകളെ തിരിച്ചറിയാൻ ശേഷിയുള്ള സ്വീകരണികളെ നിർമിക്കാൻ നിർദേശം നൽകുന്നു. ഗന്ധങ്ങളുടെ വിശദാംശങ്ങൾ തിരിച്ചറിയാനുള്ള മിടുക്കാണ് സ്വീകരണികളിലെ വൈവിധ്യം നായ്ക്കൾക്കു നല്‍കുന്നത്. വളരെ സാമ്യമുള്ള ഗന്ധങ്ങൾ തിരിച്ചറിയാൻ നായ്ക്കൾക്കു മിടുക്കുണ്ട്. ഉടമയുടെ ഗന്ധത്തിൽനിന്ന് രോഗാവസ്ഥ മുതൽ മാനസികനില വരെ മനസിലാക്കാൻ അവയ്ക്കു കഴിയും. മനുഷ്യരിലെ  കോവിഡ് രോഗബാധ അറിയാന്‍പോലും നായ്ക്കളുടെ ഘ്രാണശക്തിയെ ആശ്രയിച്ചതായി റിപ്പോർട്ടുകളുണ്ട്.

മണത്തറിഞ്ഞ് കണ്ടെത്തുന്നവർ

ഘ്രാണശക്തിയോടൊപ്പം നായ്ക്കൾക്കുള്ള മുഖ്യ ഗുണങ്ങളിലൊന്ന് അവയെ പരിശീലിപ്പിക്കാൻ കഴിയുമെന്നതാണ്. സവിശേഷമായ ഗന്ധമുള്ള എന്തും കണ്ടെത്താൻ പരിശീലനത്തിലൂടെ നായ്ക്കളെ ഒരുക്കിയെടുക്കാം. വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളിലും കാലാവസ്ഥകളിലും മനുഷ്യന്റെ ഗന്ധം തിരിച്ചറിയാൻ നായ്ക്കളെ പരിശീലിപ്പിക്കുന്നത് പ്രകൃതിദുരന്ത മുഖങ്ങളിലും മറ്റും ഏറെ സഹായകരമാകും. സേർച്ച് ആൻഡ് റെസ്ക്യു (SAR) നായ്ക്കൾ ഇങ്ങനെ മനുഷ്യഗന്ധം തിരിച്ചറിഞ്ഞാണ് രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നത്. മനുഷ്യഗന്ധം പേറുന്ന ചർമത്തിലെ കോശങ്ങൾ (ജീവനുള്ള ഒരു മനുഷ്യശരീരത്തിൽനിന്ന് ഒരു മിനിറ്റിൽ 40,000 കോശങ്ങൾ ചർമത്തിൽനിന്ന് ഉപേക്ഷിക്കപ്പെടുന്നു), വിയർപ്പിന്റെ ഗന്ധം, ശ്വസന വാതകങ്ങൾ, മനുഷ്യ കോശങ്ങൾ, ബാക്ടീരിയകളുടെ പ്രവർത്തനം മൂലം വിഘടിച്ചുണ്ടാകുന്ന വാതകങ്ങൾ ഇവയൊക്കെ വായുവിൽ കലർന്ന് സഞ്ചരിക്കുന്നത് നായ്ക്കൾക്കു മണത്തറിയാൻ കഴിയും. എങ്കിലും അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, വെയിൽ, കാറ്റ് ഇവയൊക്കെ ഗന്ധം തിരിച്ചറിയലിന്റെ വേഗതയെ ബാധിക്കാറുണ്ട്.

അരുമകൾക്കും വിരഹദുഃഖം

നായ തിരിച്ചറിയുന്ന ഒരു നിസാര ഗന്ധം പോലും അതിനു മാത്രം മനസ്സിലാക്കാൻ കഴിയുന്ന വികാരങ്ങളും അർഥങ്ങളും ഓർമകളും  നൽകുന്നു. പ്രിയപ്പെട്ടവരെ വേർപെടുന്നത് നായ്ക്കളിലും വിരഹവേദന  ഉണ്ടാക്കാറുണ്ട്. യജമാനനെ തേടി ഊണും ഉറക്കവും ഉപേക്ഷിച്ച്  കാത്തിരുന്ന നായയ്ക്കുള്ളതും  ഉറ്റ ബന്ധുക്കളുടെ ആകാംക്ഷ തന്നെ. എന്നും എപ്പോഴും മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്ന വിധത്തിൽ തലച്ചോറിന്റെ സംവേദനക്ഷമതകളിൽ മാറ്റം വന്ന നായയുടെ പരിണാമത്തെക്കുറിച്ചുള്ള പുത്തൻ അറിവുകളെ പെട്ടിമുടിയിലെ കാഴ്ചകൾ സാധൂകരിക്കുന്നു.

English summary: How Dogs Use Smell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com