രണ്ടു തലയുമായി പൂച്ചക്കുട്ടിയുടെ അപൂർവ ജനനം, ശസ്ത്രക്രിയ എറണാകുളത്ത്

HIGHLIGHTS
  • അഞ്ചു കുഞ്ഞുങ്ങൾ
  • അമ്മപ്പൂച്ചയുടേത് മൂന്നാം പ്രസവം
cat
പ്രസവശേഷം കുഞ്ഞുങ്ങളുടെയൊപ്പം ‘ഓടി’. രണ്ടു തലയുമായി ജനിച്ച കുട്ടി വൃത്തത്തിൽ
SHARE

രണ്ടു തലയും ഒരുടലുമായി പൂച്ചക്കുട്ടിയുടെ അപൂർവ ജനനം എറണാകുളത്ത്. എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലായിരുന്നു പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ച രണ്ടു തലയും ഒരുടലുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഏലൂർ സ്വദേശിയുടെ ‘ഓടി’ എന്ന പൂച്ചയുടെ മൂന്നാം പ്രസവമായിരുന്നു ഇത്. ആദ്യ രണ്ടു പ്രസവങ്ങളും സാധാരണ രീതിയിലായിരുന്നുവെങ്കിലും ഇത് വിഷമപ്രസവം പോലെ തോന്നിയതിനാൽ ഉടമ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

cat-2
രണ്ടു തലയുമായി ജനിച്ച പൂച്ചക്കുട്ടി

കേസ് പരിശോധിച്ച വെറ്ററിനറി സർജൻ ഡോ. അബ്ദുൽ ലത്തീഫ് പൂച്ചയെ സ്കാൻ ചെയ്തപ്പോൾ തലയുടെ ആകൃതിയിൽ വ്യത്യസ്തത കണ്ടെത്തി ഉടനടി സിസേറിയൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരം പ്രത്യേകതയുള്ള പൂച്ചക്കുട്ടികൾ നോർമൽ ആയി പ്രസവിക്കാൻ സാഹചര്യമില്ലാത്തതിനാലും മറ്റു കു​ഞ്ഞുങ്ങളുടെയും തള്ളയുടെയും ജീവന് ഭീഷണിയുള്ളതിനാലുമാണ് സിസേറിയൻ ചെയ്യാൻ തീരുമാനിച്ചത്. സിസേറിയനിലൂടെ 5 കുട്ടികളെ പുറത്തെടുത്തു. നാലു കുട്ടികൾക്ക് കുഴപ്പമില്ല. എന്നാൽ അഞ്ചാമന് രൂപത്തിലും നിറത്തിലും പ്രത്യേകതകളുണ്ടായിരുന്നു. രണ്ടു തലയും രണ്ടു മുഖവും നാല് കണ്ണുകളുമായിട്ടായിരുന്നു പൂച്ചക്കുട്ടിയുടെ അപൂർവ ജനനം. സിസേറിയനിലൂടെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും വൈകാതെതന്നെ ജീവൻ നഷ്ടപ്പെട്ടു. 

cat-frank-and-lucy
ഫ്രാങ്ക് ആൻഡ് ലൂയി

രണ്ടു തലയും രണ്ടു മുഖവുമുള്ള ‘ഡിസ്പ്രൊസോപ്പസ്’ (Disprosopus) എന്ന  അവസ്ഥ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പൂച്ചകളിൽ സംഭവിക്കാറുള്ളൂ എന്ന് ഡോ. അബ്ദുൽ ലത്തീഫ് കർഷകശ്രീയോടു പറഞ്ഞു. അപൂർവമായി സംഭവിക്കുന്ന ഇത്തരം ജന്മങ്ങളെ ‘ജാനസ് ക്യാറ്റ്’ എന്നാണ് വിളിക്കുക. ജന്മനാ ചുരുങ്ങിയ ശ്വാസനാളം മൂലം  ഇത്തരക്കാരിൽ ഏതാനും മണിക്കൂറുകൾ മാത്രമേ ജീവൻ നിലനിൽക്കാറുള്ളു. 1999ൽ അമേരിക്കയിലെ മസാച്ചുസെറ്റിൽ ജനിച്ച ‘ഫ്രാങ്ക് ആൻഡ് ലൂയി’ (രണ്ടു തലയുള്ളതുകൊണ്ടാണ് രണ്ടു പേരുകൾ - രണ്ടും ഒരാൾ തന്നെ) എന്ന ഇരുതലയുള്ള പൂച്ച അത്ഭുതകരമായി പതിനഞ്ചു വർഷങ്ങളോളം ജീവിക്കുകയും ഗിന്നസ് ബുക്കിൽ കയറിപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് ലോകത്തിൽ പല ഭാഗങ്ങളിലും അപൂർവമായി ഇത്തരം ജനനങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും ആരും ദീർഘകാലം അതിജീവിച്ചതായി റിപ്പോർട്ടുകളില്ല.

English summary: Two-Faced Cat

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA