പശുക്കൾക്ക് നൽകുന്ന ബിയർ വേസ്റ്റ് എന്താണ്? എന്തെങ്കിലും പോഷകമൂല്യം അതിനുണ്ടോ?

HIGHLIGHTS
  • കാലിത്തീറ്റമിശ്രിതത്തിൽ ഉണങ്ങിയ ബിയർ വേസ്റ്റ് 20-25% വരെ ചേർത്തു നൽകാം
cow-feed
SHARE

കേരളത്തിലെ കന്നുകാലി ഉടമകളിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. തീറ്റപ്പുൽ കൃഷിക്ക് തങ്ങളുടെ കൈവശമുള്ള യോഗ്യമായ ഭൂമി കുറവായതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന തീറ്റ വസ്തുക്കൾ, കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ, തീറ്റപ്പുല്ല് എന്നിവ നൽകിയാണ് കേരളത്തിലെ ഭൂരിഭാഗം ക്ഷീരകർഷകരും കന്നുകാലികളെ പരിപാലിക്കുന്നത്. എന്നാൽ തീറ്റപ്പുൽ ഉൽ‌പാദനത്തിനുള്ള ഭൂമി ലഭ്യത മൊത്തം കൃഷി ചെയ്യാവുന്ന ഭൂമിയുടെ 4.60 ശതമാനമായി കുറഞ്ഞതിനാൽ കന്നുകാലികൾക്ക് ദിവസേനയുള്ള തീറ്റപ്പുല്ലിന്റെ ആവശ്യം നിറവേറ്റപ്പെടുന്നില്ല. അതുപോലെ ഭാരതത്തിൽ പ്രതിവർഷം ഉൽപാദിക്കപ്പെടുന്ന 37.76 ദശലക്ഷം ടൺ നാടൻ ധാന്യങ്ങളായ ചോളം, സോർഗം, ബജ്ര, മറ്റ് മില്ലറ്റ് എന്നിവയിൽ 10 ശതമാനം മാത്രമാണ് മൃഗങ്ങളുടെ തീറ്റയ്ക്കായി ഉപയോഗിക്കുന്നത്.

ക്ഷീരകൃഷി സുസ്ഥിരമാക്കുന്നതിന്, പ്രാദേശികമായി ലഭ്യമായ പാരമ്പര്യേതര കാർഷിക വ്യാവസായിക ഉൽ‌പന്നങ്ങൾ കന്നുകാലികളുടെ തീറ്റയായി കൂടുതലായി ഉപയോഗിക്കുന്നു. റബർകുരുപ്പിണ്ണാക്ക്‌, തേയില വേസ്റ്റ്, സുഗന്ധവ്യഞ്ജന സംസ്കരണ യൂണിറ്റ് വേസ്റ്റ്, എണ്ണ നീക്കിയ അരിത്തവിട് (ചുവപ്പ്), ചക്ക വേസ്റ്റ്, പൈനാപ്പിൾ വ്യവസായ വേസ്റ്റ്, കശുവണ്ടി ആപ്പിൾ വേസ്റ്റ്, മദ്യവിൽപ്പന വ്യവസായ വേസ്റ്റ്, ആയൂർവേദ ഉൽപ്പന്ന വേസ്റ്റ് എന്നിവ സംസ്ഥാനത്ത് ലഭ്യമായ പാരമ്പര്യേതര കാർഷിക വ്യാവസായിക ഉൽ‌പന്നങ്ങളാണ്. ഇവയിൽ, മദ്യനിർമ്മാണ പ്രക്രിയയിലെ അവശിഷ്ടങ്ങളും (ബിയർ വേസ്റ്റ്), എണ്ണ നീക്കിയ അരിത്തവിട് (ചുവപ്പ്) ഇനങ്ങളും അവയുടെ തീറ്റ മൂല്യവും പെല്ലറ്റൈസിംഗ് സവിശേഷതകളും വിശദമായി പരിശോധിച്ചിട്ടില്ലെങ്കിലും വലിയ അളവിൽ കേരളത്തിൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നു.

നനവുള്ള ബിയർ വേസ്റ്റ്, ബിയർ നിർമ്മാണ വ്യവസായത്തിന്റെ ഉപോൽപ്പന്നമാണ്. ഇതിനായി നനച്ചു മുളപ്പിച്ച ബാർലി ബീജ ധാന്യങ്ങളായി ഉപയോഗിക്കുന്നു. ഈ വസ്തുക്കൾ നനഞ്ഞ രൂപത്തിൽ അല്ലെങ്കിൽ ഉണങ്ങിയ രൂപത്തിൽ നൽകാം. ഉപയോഗിച്ച ധാന്യത്തിന്റെ തരം (ബാർലി, ഗോതമ്പ്, സോർഗം) അനുസരിച്ച് പോഷകത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു. ബിയർ ഉൽ‌പാദിപ്പിക്കാൻ ധാന്യം പുളിപ്പിക്കുമ്പോൾ, പ്രാഥമികമായി അന്നജം ഉപയോഗപ്പെടുത്തുന്നു. ഇതിൽ നിന്നും അവശേഷിക്കുന്ന മാംസ്യം (പ്രോട്ടീൻ) അടങ്ങിയ അവശിഷ്ടങ്ങൾ കന്നുകാലികളുടെ ഭക്ഷണക്രമത്തിൽ ഉപയോഗിക്കുകയും പ്രാദേശികമായി ‘ബിയർ വേസ്റ്റ്’ എന്നറിയപ്പെടുകയും ചെയ്യുന്നു.

കേരളത്തിൽ, പൊതുമേഖല കമ്പനികളുടെ ഉടമസ്ഥതയിലുള്ള രണ്ട് മദ്യവിൽപ്പന യൂണിറ്റുകൾ പ്രതിദിനം 20-25 ടൺ നനഞ്ഞ ബിയർ വേസ്റ്റ് ഉൽപാദിപ്പിക്കുന്നു. ബിയർ ഉൽപാദന വ്യവസായം വളരുന്നതിനനുസരിച്ച്, ബിയർ വേസ്റ്റ് വലിയ അളവിൽ വർഷം മുഴുവനും ചെലവ് കുറയ്ക്കുന്ന കാലിത്തീറ്റയായി ഉപയോഗിക്കാൻ ലഭ്യമാകും. ഓരോ 100 ലീറ്റർ ബിയർ ഉൽപാദനത്തിനും 14-15.6 കിലോഗ്രാം ബിയർ വേസ്റ്റ് ഉൽ‌പാദിപ്പിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയമായ കണക്കുകൾ സൂചിപ്പിക്കുന്നത്.

പോഷക മൂല്യം

നനഞ്ഞ ബിയർ വേസ്റ്റിൽ 73.7% ഈർപ്പവും 23.4% മാംസ്യവും (CP), 17.6% നാരും (CF), 7.7% കൊഴുപ്പും (EE), 18.5% ദഹ്യ മാംസ്യവും(DCP) അടങ്ങിയിരിക്കുന്നു. ഉണങ്ങിയ ബിയർ വേസ്റ്റിൽ 27-30% മാംസ്യവും 65% മൊത്തം ദഹ്യമായ ഊർജവും (TDN) അടങ്ങിയിരിക്കുന്നു. ഉയർന്ന നിലവാരമുള്ള ബൈപ്പാസ് മാംസ്യത്തിന്റെയും ദഹ്യമായ നാരിന്റെയും നല്ല ഉറവിടമാണിത്. ഉണങ്ങിയ ബിയർവേസ്റ്റിലെ ബൈപ്പാസ് മാംസ്യത്തിന്റെ മൂല്യം, ബിയർ വേസ്റ്റ് ഉണക്കൽ പ്രക്രിയയിൽ നേരിടുന്ന ഉയർന്ന താപത്തിന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉണങ്ങിയ ബിയർ വേസ്റ്റിൽ നല്ല അളവിൽ ഭക്ഷണക്രമത്തിൽ അത്യാവശ്യമായ അമിനോ ആസിഡുകൾ, ധാതുലവണങ്ങൾ, ബി-വിറ്റാമിനുകൾ, എന്നിവ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരിന്റെ അംശമുള്ളതിനാൽ (24% ADF) ഉണങ്ങിയ ബിയർ വേസ്റ്റ് തീറ്റയായി നൽകുന്നത് കറവപ്പശുക്കളുടെ പാലുൽപാദനക്ഷമത വർധിപ്പിക്കുന്നു.

ഉൾപ്പെടുത്തൽ നില

കറവപ്പശുക്കൾക്ക് നനഞ്ഞ ബിയർ വേസ്റ്റ് തീറ്റയായി നൽകുന്ന അളവ് ദിവസേന നൽകുന്ന മൊത്തം തീറ്റയുടെ 30-40% ആണ്. കാലിത്തീറ്റമിശ്രിതത്തിൽ ഉണങ്ങിയ ബിയർ വേസ്റ്റ് 20-25% വരെ ചേർത്തു നൽകാം. എന്നാൽ ഈ അളവ് ദിവസേന പശുക്കൾ കഴിക്കുന്ന മൊത്തം ശുഷ്‌കപദാർഥത്തിന്റെ (ഡ്രൈ മാറ്റർ) 15 ശതമാനത്തിൽ കൂടുതൽ ആവാൻ പാടില്ല. ഒരു പശുവിന്റെ മൊത്തം ശരീരഭാരത്തിന്റെ 2-3 ശതമാനം തൂക്കമാണ് ദിവസേന നൽകുന്ന തീറ്റയുടെ ശുഷ്‌കപദാർഥമായി (ഡ്രൈ മാറ്റർ) ആയി കണക്കാക്കുന്നത്. അതായത് 350 kg ഭാരമുള്ള സങ്കരയിനം പശുവിനു ദിവസേന 8.75kg ശുഷ്ക പദാർഥമാണ് (ഡ്രൈ മാറ്റർ) മൊത്തം തീറ്റയിലൂടെ നൽകേണ്ടത്. 

നനഞ്ഞ ബിയർ വേസ്റ്റ് തീറ്റയായി നൽകുകയാണെങ്കിൽ, അവ നൽകുന്നതിന് മുമ്പ് അത് കേടുവന്നിട്ടില്ലെന്ന്  ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നനഞ്ഞ ബിയർ വേസ്റ്റ് സൂക്ഷ്മജീവികളായ യീസ്റ്റിന്റെയും പൂപ്പലിന്റെയും വളർച്ചയെ പിന്തുണയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ ബിയർ വേസ്റ്റ് തീറ്റ, ഫാക്ടറിയിൽ നിന്ന് തൊഴുത്തിലേക്കു കൊണ്ടുവന്ന ശേഷം എത്രയും വേഗം കാലിത്തീറ്റയായി നൽകുന്നതാണ് അഭികാമ്യം. ബിയർ വേസ്റ്റ് തീറ്റയായി നൽകുന്നതിന് ഒരാഴ്ച മുതൽ പത്തു ദിവസത്തിൽ കൂടുതൽ സമയം സൂക്ഷിക്കാത്തതാണ് നല്ലത്. നനഞ്ഞ ബിയർ വേസ്റ്റ് വസന്തകാലത്ത് പത്തു ദിവസവും, വേനൽക്കാലത്ത് അഞ്ച് ദിവസവും, ശൈത്യകാലത്ത് മുപ്പത് ദിവസവും സൂക്ഷിക്കാം. 

പുതുതായി കൊണ്ടുവന്ന നനഞ്ഞ ബിയർ വേസ്റ്റ് സാധാരണയായി അപ്പോൾത്തന്നെ തീറ്റയായി നൽകാറുണ്ടെങ്കിലും അവയിൽ ജലാംശം കൂടുതലുള്ളതിനാൽ എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്. ബിയർ വേസ്റ്റ് സൈലേജ് ഉണ്ടാക്കുന്നത് വഴിയും സൈലേജ് ഉൽപാദനപ്രക്രിയയിൽ ഊർജസ്രോതസുകളായ ശർക്കരപ്പാനി, ധാന്യത്തവിട്, മഞ്ഞച്ചോളപ്പൊടി മുതലായവ ചേർ‌ക്കുന്നതിലൂടെയും സൈലേജിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ‌ കഴിയും. ഇതുവഴി പുളിപ്പിക്കൽ നിരക്ക് ത്വരിതപ്പെടുത്തുകയും കൂടുതൽ ലാക്റ്റിക് ആസിഡുകൾ‌ ഉൽ‌പാദിപ്പിക്കപ്പെടുകയും കൂടുതൽ സ്ഥിരതയുള്ള സൈലേജ് ഉണ്ടാക്കുകയും ചെയ്യും. ഉണങ്ങിയ തീറ്റപ്പുല്ല്, ധാന്യത്തവിട്, തോട് മുതലായവ ഉപയോഗിച്ച് നനഞ്ഞ ബിയർ വേസ്റ്റ് മിശ്രിതമാക്കിയാൽ പാക്കിംഗ്, എൻ‌സൈലിംഗ് സവിശേഷതകൾ മെച്ചപ്പെടുത്താൻ കഴിയും. നനഞ്ഞ ബിയർ വേസ്റ്റ് മാത്രം സൈലേജ്  ഉണ്ടാക്കാനായി ഉപയോഗിച്ചാൽ അമിതമായ മലിനജലം നിർഗമിച്ചേക്കാം, അതിനാൽ ശരിയായ മലിനജലം നിർഗമനസൗകര്യമുള്ള സൈലോകളിൽ സൈലേജ് ഉണ്ടാക്കുന്നതാണ് നല്ലത്. തണലുള്ളതും സുരക്ഷിതവുമായ സ്ഥലത്ത് സൂക്ഷിക്കുന്നത് നനഞ്ഞ ബിയർ വേസ്റ്റ് കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കും. സംഭരിച്ച ബിയർ വേസ്റ്റിന്റെ ഉപരിതലത്തിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടുന്നത് വഴി കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും.

കറവപ്പശുക്കൾക്ക് ബിയർ വേസ്റ്റ് തീറ്റയായി നൽകുമ്പോൾ പാലിന്റെ സ്വാദു കുറയ്ക്കുന്ന രാസവസ്തുക്കൾ പാലിൽ കലരാൻ സാധ്യതയുള്ളതിനാൽ കറവയ്ക്കു ശേഷം ബിയർ വേസ്റ്റ് തീറ്റയായി നൽകിയാൽ മതിയാകും. പുതിയതായി കൊണ്ടുവന്ന നനഞ്ഞ ബിയർ വേസ്റ്റ് കുറച്ച് ദിവസത്തേക്ക് സൂക്ഷിച്ചതിനുശേഷം പുളിക്കുകയും അവ കഴിക്കുന്ന കന്നുകാലികളുടെ റൂമനിലെയും രക്തത്തിലെയും അമ്ല-ക്ഷാരാവസ്ഥകളുടെ സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. കേടായ ബിയർ വേസ്റ്റ് നൽകിയാൽ തീറ്റ ഉപഭോഗം കുറയും. അപ്പക്കാരം (സോഡിയം ബൈ കാർബണേറ്റ്) ദിവസവും (150 ഗ്രാം) ബിയർ വേസ്റ്റ് തീറ്റയിൽ ചേർത്തു നൽകുകയാണെങ്കിൽ, ഈ അമിത അമ്ല അവസ്ഥയെ ലഘൂകരിക്കും.

പാൽ ഉൽ‌പാദനത്തിൽ വർധനയുണ്ടാകുന്നത് ബിയർ വേസ്റ്റിൽ ബൈപ്പാസ്  മാംസ്യത്തിന്റെയും ദഹ്യമാംസ്യത്തിന്റെയും അളവ് 60:40 അനുപാതത്തിൽ ഉള്ളതുകൊണ്ടാണ്. ദഹ്യമാംസ്യം റൂമനിൽ (കന്നുകാലികളിലെ പുല്ലുപുളിപ്പിക്കൽ അഥവാ കിണ്വനപ്രക്രിയ നടക്കുന്ന മേലുദരത്തിൽ) വെച്ച് സൂക്ഷ്മാണുക്കളാൽ ആഗിരണം ചെയ്യപ്പെടുകയും തൽഫലമായി സൂക്ഷ്മാണുസംബന്ധിയായ മാംസ്യം സൃഷ്ടിക്കപ്പെടുകയും ചെയ്യപ്പെടുന്നു. സൂക്ഷ്മമാണു സംബന്ധിയായ മാംസ്യവും ബൈപ്പാസ് മാംസ്യവും കന്നുകാലികളുടെ ആമാശയത്തിൽ ദഹിക്കപ്പെടുകയും ചെറുകുടലിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് വഴി പാൽ ഉൽപാദനത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ലഭിക്കുകയും പാലുൽപാദനം വർധിക്കുകയും ചെയ്യുന്നു.

English summary: Beer Waste Cattle Feed

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA