മഴ കനത്തു, കോഴിഫാമുകളിൽ ശ്രദ്ധിക്കണം

HIGHLIGHTS
  • അസുഖം വരാതിരിക്കാനും ഉൽപാദനം വർധിപ്പിക്കാനും ശ്രദ്ധ
  • മഴക്കാലത്തു വെള്ളം കുടിക്കുന്നത് കുറയും
poultry
SHARE

മഴക്കാലത്ത്  കോഴിഫാമുകളിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അസുഖം വരാതിരിക്കാനും ഉൽപാദനം വർധിപ്പിക്കാനും ഈ ശ്രദ്ധ സഹായിക്കും.‌

1. മഴക്കാലത്തു തോടുകളും പുഴകളും മറ്റു ജലസ്രോതസുകളും നിറയുന്നതിനൊപ്പം മാലിന്യം കലരാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നാം വെള്ളം അണുവിമുക്തമാക്കി തിളപ്പിച്ച്‌ കുടിക്കുന്നതുപോലെതന്നെ കോഴികൾക്കും അണുവിമുക്തമായ വെള്ളം നൽകാൻ ശ്രദ്ധിക്കണം. സാധാരണ ഗതിയിൽ 1000 ലീറ്റർ വെള്ളത്തിന് ഒരു ക്ലോറിൻ ഗുളിക എന്നത്, ആയിരത്തിന് 2 എന്ന തോതിൽ വർധിപ്പിക്കണം. വെള്ളത്തിലെ ബാക്റ്റീരിയകളുടെ അളവ് കൂടുന്നതു തന്നെ കാരണം. പ്രത്ത്യേകിച്ചും ഇ കോളി ബാക്റ്റീരിയകൾ. 

2. മഴവെള്ളം ഷെഡ്ഡിനുള്ളിലെ ലിറ്ററിൽ പതിക്കാതെ നോക്കണം. നനഞ്ഞ ലിറ്റർ കോക്‌സീഡിയ അസുഖത്തിനു കാരണമാകും.  കോഴികളുടെ  അന്നനാളത്തിൽ മുറിവുകളുണ്ടാക്കുന്നതും തുടർന്ന് കാഷ്ഠത്തിൽ രക്തം വരുന്നതുമാണ് ഈ അസുഖം. നനഞ്ഞ ലിറ്റർ ഉടനെ മാറ്റി ഉണങ്ങിയ അറക്കപ്പൊടി വിരിക്കുക. മഴവെള്ളം ഷെ‍ഡ്ഡിനുള്ളിൽ വരാതിരിക്കാൻ മേൽക്കൂര 2.5 അടിയെങ്കിലും പുറത്തേക്ക് ഉണ്ടായിരിക്കണം. കൂടാതെ ശക്തമായ കാറ്റും മഴയും പ്രതിരോധിക്കാൻ കർട്ടൺ സംവിധാനവും വേണം.

3. കോഴികുഞ്ഞുങ്ങൾ മഴക്കാലത്തു വെള്ളം കുടിക്കുന്നത് കുറയും. വെള്ളത്തിന്റെ തണുപ്പും അന്തരീക്ഷത്തിലെ തണുപ്പും തന്നെ കാരണം. ഇതു ഗൗട്ട്‌ എന്ന അസുഖത്തിനും വലിയ മരണനിരക്കിനും കാരണമാകുന്നു. അതുകൊണ്ട് ബ്രൂഡിങ് ചൂട് നൽകുന്ന ബൽബുകൾ കൃത്യമാണോ എന്ന് പരിശോധിക്കുക. കൂടാതെ ചൂടുള്ള വെള്ളം 1000 ലീറ്ററിന്  20 ലീറ്റർ എന്ന തോതിൽ ടാങ്കിൽ ചേർക്കവുന്നതാണ്. 

4. മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ തീറ്റയിൽ പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്. തീറ്റച്ചാക്കുകൾ തറയിൽ തട്ടാതെ സൂക്ഷിക്കണം. 

5. ലിറ്റർ നനയുന്നത് കോഴിക്കുഞ്ഞുങ്ങളിൽ ഫംഗസ്   അണുബാധയ്ക്കും കാരണമാകും (അസ്‌പേർജില്ലോസിസ്).

6. മഴക്കാലത്ത് അന്തരീക്ഷതാപം വളരെ കുറവായതിനാൽ ബ്രൂഡിങ്ങിന് (കൃത്രിമ ചൂട്) നൽകാൻ ഒരു കോഴിക്ക് 2 വാട്ട്‌ എന്ന നിരക്കിൽ ബൾബ് അത്യാവശ്യമായി വരും. അല്ലാത്തപക്ഷം 35 ഡിഗ്രി ചൂട് ലഭിക്കില്ല. ഇത് പല അസുഖങ്ങൾക്കും, കോഴിക്കുഞ്ഞുങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കയറി നിൽക്കാനും, കൂടിയ മരണ നിരക്കിനും കാരണമാകും. കൃത്യമായ ബൾബിനു പുറമെ കർട്ടൻ അടച്ചുവയ്ക്കുകയും വേണം.‌

7. മുട്ടക്കോഴി ഫാമുകളിലും കാട ഫാമുകളിലും വെളിച്ചത്തിന്റെ അപര്യാപ്തത മുട്ട ഉൽപാദനം കുറയ്ക്കും. അതിനാൽ വെളിച്ചം കുറവുള്ള പകൽ സമയത്ത് മുഴുവനായും CFL/ട്യൂബ് ലൈറ്റ് ഓൺ ചെയ്തുവയ്ക്കുക. രാത്രിയും പകലും ചേർത്ത് 16 മണിക്കൂർ തീവ്രത (lux) ഉള്ള വെളിച്ചം മുട്ടയുൽപാദനത്തിന് അവശ്യമാണ്.

8. മഴക്കാലത്തു തീറ്റയുടെ ഒരു ഭാഗം ശരീരത്തിൽ ചൂട് ഉൽപാദിക്കാൻ വേണ്ടി ശരീരം ഉപയോഗിക്കുന്നു. അതിനാൽ 5 ഗ്രാം തീറ്റ അധികം നൽകുന്നത് മുട്ടയുൽപാദനം കുറയാതെ കാക്കും. 

വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശം പ്രകാരം മാത്രം തീരുമാനങ്ങൾ എടുക്കുക.

English summary: care of poultry during rainy season, Poultry Farmin, Monsoon 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA