ADVERTISEMENT

ഏറെ സാധ്യതകളുള്ള മേഖലയാണ് ആടുവളർത്തൽ. ആട് ഏതിനമായാലും ആദായം കിട്ടണം. എന്നാൽ മോഹവില കൊടുത്ത് കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നുമൊക്കെ ആടുകളെ കൊണ്ടുവന്നു വളർത്തുന്നത് നല്ല പ്രവണതയല്ല. കേരളത്തിന്റെ സ്വന്തം ജനുസായ മലബാറിയാണ് നമ്മുടെ നാടിനു യോജിച്ചത്. ഉയർന്ന രോഗപ്രതിരോധശേഷി, ഒരു പ്രസവത്തിൽ രണ്ടിലധികം കുഞ്ഞുങ്ങൾ. വളർച്ചനിരക്കിലും പാൽ ഉൽപാദനശേഷിയിലും മലബാറി ഇനം മറ്റിനങ്ങളെക്കാൾ മികവു പുലർത്തുന്നുണ്ട്. മലബാറി ഇനത്തിൽപ്പെടുന്ന മുട്ടനാടുകൾക്ക് 50 കിലോയും പെണ്ണാടിന് 30 കിലോയും ശരാശരി ശരീരതൂക്കമുണ്ട്. മലബാറി ഇനം ഒമ്പതു മാസം പ്രായമുള്ളപ്പോൾ മദിലക്ഷണം കാണിക്കുന്നു.

വയറിളക്കം, രക്താതിസാരം, വിരബാധ, അകിടുവീക്കം, ടെറ്റനസ്, പോളിയോ എൻസഫലോ മലേഷ്യ എന്ന തളർച്ചരോഗം, ആടുവസന്ത, എന്റോടോക്സീമിയ എന്നിവയാണ് ഇവയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ഗർഭകാലത്ത് ടെറ്റനസിന് കുത്തിവയ്പ് എടുത്തും, പകർച്ചവ്യാധികളായ എന്ററോക്സീമിയ, ആടുവസന്ത എന്നിവയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തും നിയന്ത്രിക്കാം. വിരയ്ക്കെതിരെ യഥാസമയം മരുന്നു നൽകുന്നതിനോടൊപ്പം ധാതുലവണമിശ്രിതവും ജീവകങ്ങളും പതിവായി നൽകിയും സമീകൃത തീറ്റ നൽകിയും പരിപാലിച്ചാൽ ആടിനു രോഗബാധ ഒഴിവാക്കാം.

നല്ല വായുസഞ്ചാരവും ആവശ്യത്തിന് സ്ഥലവും കിട്ടത്തക്കവിധം ആടുകൾക്ക് കൂട് ഒരുക്കുന്നതുവഴി ശ്വാസകോശ രോഗങ്ങൾ തടയാം. കൂട്ടിലെ ശുചിത്വം ഉറപ്പാക്കിയാൽ അകിടുവീക്കവും ഒഴിവാക്കാം.

ആട്ടിൻകുട്ടികൾക്ക് ജനിച്ച് അരമണിക്കൂറിനകം കന്നിപ്പാൽ നൽകണം. രോഗപ്രതിരോധശേഷി ലഭിക്കുന്നതിന് ഇതുപകരിക്കും.

കൂട് ചെലവു കുറഞ്ഞ രീതിയിൽ നിർമിക്കാം. ആടു വളർത്തുന്നതിൽ പരിശീലനം മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളിൽനിന്നു നേടുക. സർക്കാർ വക ആടുവളർത്തൽ കേന്ദ്രങ്ങളിൽ ആടുകളെ ലഭിക്കും. സ്വകാര്യ ആടു ഫാമുകളും ആടുകളെ വിൽക്കുന്നുണ്ട്. ചന്തകളിൽനിന്നും ആടുകളെ ലഭിക്കും. ഫാമുകളിൽ നിന്നും വീടുകളിൽനിന്നും ആടുകളെ വാങ്ങുമ്പോൾ നല്ലതിനെ മാത്രം നോക്കിയെടുക്കണം. വയറുന്തി വിരബാധയുള്ളവയെ ഒഴിവാക്കണം.

English summary: Goat Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com