ADVERTISEMENT

രണ്ടു ജീവനുകൾ രക്ഷിക്കാനുള്ള രണ്ടര മണിക്കൂർ നീണ്ട പ്രയത്‌നം അവസാനിച്ചത് ഒരു ഉപജീവന മാർഗത്തെ സംരക്ഷിച്ചു കൊണ്ടാണ്. ഇന്നലെ രാവിലെ ഫോൺ റിങ് ചെയ്തത് കേട്ടാണ് ഉണർന്നത്. സുഹൃത്തായ ഡോ. അഖിൽ ആയിരുന്നു വിളിച്ചത്. നീണ്ടകരയിൽ ഒരു കടിഞ്ഞൂൽ പശു പ്രസവവേദനയുമായി മണിക്കൂറുകളായി പ്രയാസപ്പെടുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു തളർന്നതിനാൽ എന്തായാലും ഒറ്റയ്ക്ക് പോകാൻ ആകില്ല. ഞാൻ കൂടി ചെല്ലണം എന്നായിരുന്നു ഡോ. അഖിലിന്റെ ആവശ്യം.

അങ്ങനെ ഏതാണ്ട് ഇരുപത്തഞ്ചോളം കിലോമീറ്റർ, കഴിയുന്ന വേഗത്തിൽ പാഞ്ഞ് സ്ഥലത്തെത്തി. സഹായത്തിനായി വെറ്ററിനറി വിദ്യാർഥിയായ അഭിജിത്തിനെയും കൂടെ കൂട്ടി. ഡോ. അഖിലും ഞങ്ങൾക്കൊപ്പം തന്നെ സ്ഥലത്തെത്തി. 

cow-delivery
കുഞ്ഞിനെ പുറത്തെടുത്തപ്പോൾ

പശുവിനെ തൊഴുത്തിനരികിലെ ഒരു തെങ്ങിൽ കെട്ടിയിരിക്കുകയാണ്. ഇന്നലത്തെ മഴയിൽ കുഴഞ്ഞു കിടക്കുന്ന മണ്ണ് വേദനകൊണ്ട് ഉഴുതുമറിച്ച് നിൽക്കുകയായിരുന്നു അവൾ. വാട്ടർ ബാഗ് റപ്ച്ചർ ആയി ഏകദേശം നാലു മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോഴേക്കും. എത്രയൊക്കെ പശു പരിശ്രമിച്ചിട്ടും കുട്ടി ബർത്ത് കനാലിലേക്ക് പ്രവേശിച്ചിട്ടില്ല എന്ന് പരിശോധനയിൽ മനസിലായി.  കുട്ടിക്ക് ജീവനുണ്ട് എന്നതും നോർമൽ പ്രസന്റേഷൻ ആണെന്നും മനസിലായപ്പോൾ മനസിൽ പ്രതീക്ഷയുടെ പ്രോത്സാഹനം അലയിളകി. 

കഴിയും വിധം കുട്ടിയെ എന്റെ കൈകൾ ഉപയോഗിച്ച് ബർത്ത് കനാലിൽ എത്തിച്ചു. ഞാൻ കയർ നൽകാനാവശ്യപ്പെട്ടപ്പോൾ അതുവരെ നിസഹായകനായിനിന്ന കർഷകന്റെ മുഖത്ത് പ്രതീക്ഷ നിറഞ്ഞു. 

cow-delivery-2
കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം

കയറുകൾ ഉപയോഗിച്ച് ഞങ്ങൾ കുടുക്ക് ഒക്കെ ഇട്ടു പതിയെ ട്രാക്ഷൻ കൊടുത്തു. ഒടുവിൽ മുൻകാലുകളും തലയുടെ കൂടുതൽ ഭാഗവും പുറത്തേക്ക് വന്നു. പക്ഷേ, പശുവിന്റെ ബർത്ത് കനാലിന്റെ വലുപ്പം കുറവായതിയനാൽ, കുട്ടിയെ സുഗമമായി പുറംതള്ളുന്നതിനു ഒട്ടും തന്നെ കഴിയുമായിരുന്നില്ല. പിന്നെ വലുപ്പക്കുറവിനെ കണക്കിലെടുത്തുകൊണ്ട് കുട്ടിയെ പുറത്തേക്കെടുക്കാനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നപ്പോളേക്കും ഞങ്ങളെ സഹായിക്കാനായി ഡോ. സാബു സേവ്യറും സ്ഥലത്തെത്തി. 

ഒടുവിൽ ആയാസകരമായ ശ്രമങ്ങളിലൂടെ കുട്ടിയെ പുറത്തെടുത്തു. പക്ഷേ, വളരെ നീണ്ട പ്രസവ സമയവും ആയാസങ്ങളും പിന്നെ ശ്വാസകോശത്തിലേക്ക് പ്രസവ ദ്രാവകങ്ങൾ പ്രവേശിച്ചതിനാലുമൊക്കെ പ്രസവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ പശുക്കുട്ടി ജീവൻ വെടിഞ്ഞു.

പെൺകിടാവായിരുന്നു. കർഷകന്റെ കണ്ണുകളെ വീണ്ടും കാർമേഘങ്ങളാൽ മൂടി. കുട്ടി ഇല്ലാതായത് ഞങ്ങളെയും വിഷമിപ്പിച്ചു. പക്ഷേ, ഉപജീവനമായ തന്റെ പശുവിനെ ആരോഗ്യത്തോടെ കർഷകന് തിരികെ നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം ആ വിഷമത്തിന്റെ ആയുസ് കുറച്ചു. 

പശുക്കളിലെ ഡിസ്റ്റോക്കിയകൾക്ക് അഥവാ പ്രസവതടസങ്ങൾക് സാധാരണയായി ഉണ്ടാകുന്ന കാരണമാണ് കുട്ടിയുടെയും തള്ളയുടെയും വലുപ്പം തമ്മിലുള്ള അനുപാതാന്തരം. ഇവിടെയും അതാണ് കാരണം എന്നാണു കരുതുന്നത്. കുട്ടിയുടെ വലുപ്പം വളരെ വലുതാകുകയോ, പശുവിന്റെ ബർത്ത് കനാലിനു വലുപ്പക്കുറവ് സംഭവിക്കുമ്പോഴോ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം.

അതുകൊണ്ടുതന്നെ കർഷകർ എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾകൂടി ഉൾപ്പെടുത്തുന്നു. പൂർണ വളർച്ചയെത്തിയ ഉരുക്കളെ മാത്രമേ പ്രജനനത്തിനായി തിരഞ്ഞെടുക്കാവൂ, ശരിയായ തീറ്റ ക്രമം, ഉചിതവും യോജിച്ചതുമായ ബീജം ഉപയോഗിക്കുക (അതായത് പശുക്കളുടെ വലുപ്പവും ഇനവും അനുസരിച്ച് ബീജം തിരഞ്ഞെടുക്കുക. ചെറിയ ഇനങ്ങൾക്ക് വലിയ ഇനം കാളകളുടെ ബീജം കുത്തിവയ്ക്കരുത്), വ്യായാമം എന്നിവയിൽ ശ്രദ്ധിക്കണം.

English summary: Calving Problems (Dystocia) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com