‘നായ്ക്കളിൽ ഹൃദയവിര, മനുഷ്യർ പേടിക്കണം’, സമൂഹമാധ്യമ സന്ദേശങ്ങളിലെ സത്യമെന്ത്?

HIGHLIGHTS
  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഹൃദയവിരയുടെ സാന്നിധ്യമുള്ളത്
  • ശാസ്ത്രീയാടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ ഭയപ്പെട്ട് അകറ്റി നിര്‍ത്തേണ്ടത് നായ്ക്കളെയല്ല
dog-worm
SHARE

വൈവിധ്യ സമ്പന്നമായ പരാദലോകത്തിലെ ഉരുളന്‍ വിര സമൂഹത്തില്‍പ്പെടുന്ന ‘ഡൈറോഫൈലേറിയ’ വിരകളെ ആസ്പദമാക്കി ചില ചെറിയ വലിയ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. നമ്മുടെ നാട്ടിലെ നായ്ക്കളില്‍ കാണപ്പെടുന്ന ഏകദേശം 10-15 സെന്റിമീറ്റര്‍ വരെ നീളമുള്ള വെളുത്ത വിരകളാണിവ. സൂക്ഷ്മഘടനയിലും, ശരീരത്തിനകത്ത് വളരാന്‍ തിരഞ്ഞെടുക്കുന്ന അവയവങ്ങളിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന പലതരം വിരകള്‍ ഈ ജനുസിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഡൈറോഫൈലേറിയ റിപ്പെന്‍സും (D.repens), ‘ഹൃദയവിര’യായ Dirofilaria immitisഉം. 

ഇന്ത്യയുടെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഹൃദയവിരയുടെ സാന്നിധ്യമുള്ളത്. കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി  ഈ പരാദത്തെ  ആസ്പദമാക്കി വെറ്ററിനറി സർവകലാശാലയിൽ നടന്നുവരുന്ന പഠനത്തില്‍ കേരളത്തിലെ നായ്ക്കളില്‍ ‘ഹൃദയവിര’ ഇല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്നത് തൊലിക്കടിയിലെ  മുഴകളില്‍ ജീവിക്കുന്ന D.repens ആണ്. താരതമ്യേന പ്രശ്നക്കാരനല്ലെങ്കിലും ഇവ പ്രസവിക്കുന്ന  ലാര്‍വകള്‍ രക്തത്തില്‍ എത്തിപ്പെടുകയും, ശേഷം പനി, കാലുകളില്‍ നീര്, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നായ്ക്കളില്‍ ഉണ്ടാക്കാറുമുണ്ട്. രക്തം കുടിക്കുമ്പോള്‍ ഈ ലാര്‍വകളെ അകത്താക്കുന്ന കൊതുകുകള്‍ വഴിയാണ് രോഗവ്യാപനം. ഇത്തരം ലാര്‍വകളെ വഹിക്കുന്ന കൊതുക് കടിക്കുമ്പോള്‍ നായ്ക്കളിലെന്നപോലെ  മനുഷ്യരിലും Dirofilaria രോഗബാധ ഉണ്ടായിക്കൂടേയെന്ന സംശയം ന്യായം! തീര്‍ച്ചയായും ഉണ്ടാവാം എന്നതാണ് സത്യം. എന്നാല്‍ പ്രകടമായ വ്യത്യസ്തതയോടെയാണ് മനുഷ്യരിലും നായ്ക്കളിലും Dirofilaria വളരുന്നത്. കൊതുക് കടിയിലൂടെ മനുഷ്യശരീരത്തില്‍ എത്തിപ്പെടുന്ന ലാര്‍വകള്‍ വിരയായി മാറുമെങ്കിലും ഒരിക്കലും പൂര്‍ണ്ണ വളര്‍ച്ച എത്താറില്ല. അതിനാല്‍ തന്നെ അവ പിന്നീട് ലാര്‍വകളെ  ജനിപ്പിക്കാറുമില്ല. അപ്പോള്‍  മനുഷ്യരില്‍ നിന്നും മറ്റുള്ളവരിലേക്ക് ഈ രോഗം പടരില്ല എന്ന് സാരം. മനുഷ്യരിലെ തൊലിക്കടിയിലെ മുഴകളിലും. ചിലപ്പോള്‍ കണ്ണുകളിലും കാണുന്ന വെളുത്ത് നീളമുള്ള വിരകള്‍ ചില നിസാര ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും മാരക ഭവിഷ്യത്തുകള്‍ ഒന്നുംതന്നെയില്ല. മനുഷ്യരിലെ ഡൈറോഫൈലേറിയയുടെ ജനിതകപഠനങ്ങളെ അടിസ്ഥാന മാക്കി D.repens ആണ് കേരളത്തില്‍ ഉള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഇവിടെ കേട്ടുകേള്‍വി മാത്രമുള്ള ‘ഹൃദയവിര’ കേരളത്തിലെ നായ്ക്കള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയല്ല എന്ന് ചുരുക്കം. 

ശാസ്ത്രീയാടിസ്ഥാനമില്ലാത്ത വാര്‍ത്തകളില്‍ ഭയപ്പെട്ട് അകറ്റി നിര്‍ത്തേണ്ടത് നായ്ക്കളെയല്ല, മറിച്ച് രോഗങ്ങളെയാണ്. നായ്ക്കളിലെ D.repens പരാദബാധ വളരെ എളുപ്പത്തില്‍ രക്തപരിശോധനയിലൂടെ നിര്‍ണയിക്കാമെന്നതും ഫലപ്രദമായ ചികിത്സ ചുരുങ്ങിയ ചെലവില്‍ എല്ലായിടത്തും ലഭ്യമാണെന്നതും ഈ ജന്തുജന്യരോഗനിയന്ത്രണത്തിന്റെ അനുകൂല ഘടകങ്ങളാണ്. ഇതിനെല്ലാമുപരി നാം ശ്രദ്ധ ചെലുത്തേണ്ടത് കൊതുക് നശീകരണത്തിനു തന്നെ. കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായി നാം സൃഷ്ടിക്കുന്ന ചുറ്റുപാടുകള്‍ D.repensന്റെ മാത്രമല്ല മറ്റൊരുപാട് രോഗാണുക്കളുടെ പുനരുജ്ജീവനത്തിനും വ്യാപനത്തിനും ഹേതുവാകുന്നു എന്നതിനാല്‍ തന്നെ പരിസ്ഥിതി സംരക്ഷണം രോഗനിയന്ത്രണത്തിന്റെ പ്രധാന സൂചികയാവുന്നു.

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പരാദശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക.

English summary: Human and Animal Dirofilariasis

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA