ADVERTISEMENT

കോഴികൾക്ക് എപ്പോഴൊക്കെ വിരമരുന്നുകൾ നൽകണമെന്ന് കർഷകർ പലപ്പോഴായി ചോദിക്കാറുണ്ട്. എന്നാൽ, വാക്‌സിനേഷൻ നൽകുന്നത് പോലെ  കൃത്യമായ ഒരുത്തരം പറയാൻ പലപ്പോഴും  ബുദ്ധിമുട്ടാണ്. പൊതുവെ മുട്ടക്കോഴികളിൽ ഏഴാമത്തെയും പതിനഞ്ചാമത്തെയും ആഴ്ച വിരമരുന്ന് നൽകാം. ചിക് സ്റ്റേജ്, ഗ്രോവർ സ്റ്റേജ് എന്നിവ തീരുന്നതിനു മുൻപ് എന്നാണ് ഈ പ്രായം കൊണ്ട് ഉദ്ദേശിക്കുന്നത്. വിരയിളക്കിയതിനു ശേഷം ഏതാണ്ട് ഒരാഴ്ചയ്ക്കപ്പുറം കോഴികളെ പുതിയ കൂട്ടിലേക്ക് മാറ്റുന്നത് അഭികാമ്യമാണ്. 

അഴിച്ചു വിട്ടു വളർത്തുന്ന കോഴികളിൽ വിരശല്യം കൂട്ടിലിട്ടു വളർത്തുന്നതിനേക്കാൾ രൂക്ഷമായിരിക്കും. വിരകളുടെ മുട്ട, ലാർവ എന്നിവ കോഴികൾ ഭക്ഷിക്കുന്നതിലൂടെയാണ് വിരബാധ പ്രധാനമായും ഉണ്ടാകുന്നത്. മണ്ണിര,  ഒച്ച് എന്നിവ ചില വിരകളുടെ ഇൻഡർമീഡിയറ്റ് ഹോസ്റ്റാണ്. ആതുകൊണ്ട് അവയെ  ഭക്ഷിക്കുന്ന കോഴികളിലും വിരബാധയ്ക്ക് സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ തീറ്റച്ചാക്ക്, ഉപകരണങ്ങൾ, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവയിലൂടെയും വിരകളുടെ മുട്ട, ലാർവ എന്നിവ ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്കെത്താം. നല്ല രീതിയിൽ വിരബാധയുള്ള ഒരു കോഴി ദിവസേന ആയിരത്തോളം വിരയുടെ മുട്ടകൾ കാഷ്ഠത്തിലൂടെ പുറന്തള്ളും. ഇവ ആഴ്ചകളോളം കേടൊന്നും സംഭവിക്കാതെ മണ്ണിൽ കിടക്കാൻ കെൽപുള്ളവയാണ്. അതിനാൽ അഴിച്ചുവിട്ടു വളർത്തുന്ന മുട്ടക്കോഴികളിൽ മൂന്നു മാസത്തിലൊരിക്കലും, മുഴുവൻ സമയവും കൂടുകളിൽ വളർത്തുന്ന മുട്ടക്കോഴികൾക്ക് ആറു മാസത്തിലൊരിക്കലും വിരമരുന്ന് നൽകിയാൽ മതിയാകും. കേവലം ആറാഴ്ച കൊണ്ട് വിപണിയിലെത്തിക്കുന്നതുകൊണ്ടും അവയെ കൂടിന് പുറത്തേക്ക് വിടാത്തത് കൊണ്ടും ഇറച്ചിക്കോഴികളിൽ വിരമരുന്ന് ആവശ്യമായി വരുന്നില്ല. എന്നാൽ, വിരബാധ സംശയിക്കുന്ന സാഹചര്യത്തിൽ വിരമരുന്ന് നൽകി ഒരാഴ്ചയ്ക്കു ശേഷം ഇറച്ചിക്കായി വിൽക്കാം.

വിശപ്പില്ലായ്മ, തൂക്കക്കുറവ്, പൂവിനും ആടയ്ക്കും നീല നിറം, അടിക്കടിയുള്ള വയറിളക്കം, മുട്ട കുറയൽ, മുട്ടയുടെ വലുപ്പക്കുറവ് എന്നിവയെല്ലാം വിരബാധയുടെ ലക്ഷണങ്ങളാണ്. ഉരുണ്ട വിരകളിൽ ഏറ്റവും നീളം കൂടിയ അസ്‌കാരിയ, സീക്കൽ വിര എന്നറിയപ്പെടുന്ന ഹെട്രാകിസ്, തൊണ്ട വിരയായ സിങ്കാമസ്, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ബുദ്ധിമുട്ടുള്ള ക്യാപിലേറിയ എന്നിവയാണ് കോഴികളെ ബാധിക്കുന്ന  പ്രധാന വിരകൾ. ഇതിന് പുറമെ നാട വിരകളായ ദവയ്നിയ, റെയ്‌ലെറ്റിന എന്നിവയും അപകടകാരികൾ തന്നെ. ഈ വിരകൾക്കെല്ലാം പൊതുവായി നൽകാവുന്ന മരുന്നാണ് ആൽബന്റസോൾ. 

വിരമരുന്ന് നൽകാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. വിരമരുന്ന് നൽകുന്നതിനു മൂന്നു മണിക്കൂർ മുൻപ് കുടിവെള്ളം മാറ്റി വയ്ക്കുന്നത് എല്ലാ പക്ഷികളും ഒരേ സമയം മരുന്ന് കുടിച്ചു തീർക്കാൻ സഹായകമാകും. വിരമരുന്ന് കൊടുക്കുമ്പോൾ വീട്ടിലുള്ള എല്ലാ കോഴികൾക്കും ഒരേ സമയം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മരുന്നിനനുസരിച്ച് ഡോസിൽ വ്യത്യാസം വരുന്നതിനാൽ മരുന്നിന്റെ  പുറംചട്ടയിൽ തന്നെ അത് നൽകേണ്ട അളവ് സൂചിപ്പിച്ചിട്ടുണ്ടാകും. അതനുസരിച്ച് കൃത്യമായ ഡോസിൽ തന്നെ മരുന്ന് നൽകേണ്ടത് പരമ പ്രധാനമാണ്. ആൽബന്റസോളിന് പുറമെ ഫെൻബൻഡസോൾ, ലിവമിസോൾ, പൈപ്പരാസിൻ, പ്രാസിക്വിന്റൽ എന്നീ മരുന്നുകളും ഒരു വെറ്റിനറി ഡോക്ടറുടെ നിർദേശം കൂടി കണക്കിലെടുത്ത്  മാറി  ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. 

മരുന്നിന്റെ ഘടകങ്ങൾ ശരീരം പുറംതള്ളുന്നതിനനുസരിച്ച് മുട്ട,  ഇറച്ചി എന്നിവയ്ക്കായി വിത്‌ഡ്രോവൽ പീരിയഡ് പാലിക്കേണ്ടതാണ്. ഉദാഹരണത്തിന് ആൽബന്റസോൾ മരുന്നുപയോഗിക്കുമ്പോൾ ഒരാഴ്ച വരെ മുട്ടകൾ ഉപയോഗിക്കരുതെന്ന് മരുന്നിന്റെ ലേബലിൽ കാണാം. എന്നാൽ, ലെവമിസോൾ പെട്ടെന്ന് പ്രവർത്തിക്കുന്നതിനാൽ അതിനു വിത്‌ഡ്രോവൽ പീരിയഡ് ആവശ്യമായി വരുന്നില്ല. ഇത്തരത്തിൽ വെറ്റിനറി ഡോക്ടറുടെ ഉപദേശ പ്രകാരം മരുന്നറിഞ്ഞ്, കൃത്യമായ ഇടവേളകളിൽ വിരയിളക്കിയാൽ കോഴികളുടെ ആരോഗ്യം സംരക്ഷിക്കാനും ഉൽപാദനം കൂട്ടാനും സഹായിക്കും.

English summary: Treatment of Intestinal Worms In Poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com